2018 മാര്‍ച്ച് 14 ബുധനാഴ്ച, വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് വിടപറഞ്ഞു. 76 വയസായിരുന്നു മരിക്കുമ്പോള്‍ അദ്ദേഹത്തിന്. 1942 ജനുവരി എട്ടിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആ ജനനതീയതിയ്ക്ക് മറ്റൊരു പ്രത്യേകതയുമുണ്ട്.
ആധുനിക ശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി മരിച്ച് കൃത്യം 300ാം വര്‍ഷമാണ് സ്റ്റീഫന്‍ ഹോക്കിങിന്റെ ജനനം. 1642 ജനുവരി എട്ടിനാണ് ഗലീലിയോ അന്തരിച്ചത്.
പ്രപഞ്ചത്തെ കുറിച്ചും ബഹിരാകാശത്തെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചുമെല്ലാമുള്ള പഠനങ്ങള്‍ക്ക് പുതുവഴി കാണിച്ചുകൊടുത്ത ശാസ്ത്രജ്ഞനാണ് ഗലീലിയോ. ഐസക് ന്യൂട്ടണ്‍ പോലും ഗലീലിയോയുടെ പാതപിന്തുടര്‍ന്നുകൊണ്ടാണ് ശാസ്ത്രത്തെ കെട്ടിപ്പൊക്കിയത്.
അക്കാലത്തുണ്ടായിരുന്ന വസ്തുതകളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്തും തിരുത്തിയും മാത്രമേ ശാസ്ത്രത്തിന് മുന്നേറാന്‍ കഴിയൂ എന്ന് ഗലീലിയോ തന്റെ ജീവിതംകൊണ്ട് തെളിയിച്ചു.
കോപ്പര്‍ നിക്കസിന്റെ സൂര്യകേന്ദ്ര സിദ്ധാന്തങ്ങള്‍ ശരിയാണെന്ന് ദൂരദര്‍ശിനി വഴിയുള്ള നിരന്തരമായ വാന നിരീക്ഷണത്തിലൂടെ അദ്ദേഹം തിരിച്ചറിഞ്ഞു. ഭൂമി കേന്ദ്ര സിദ്ധാന്തങ്ങള്‍ വിശ്വസിച്ചു പോന്ന മതവിശ്വാസ സമൂഹം അദ്ദേഹത്തെ നിരന്തരമായി വിചാരണ ചെയ്യുകയുമുണ്ടായി.
അന്നത്തെ സാമൂഹിക വ്യവസ്ഥിതികളാണ് ഗലീലിയോയ്ക്ക് മുന്നില്‍ വെല്ലുവിളികളായുണ്ടായിരുന്നതെങ്കില്‍ ശരീരത്തെ തളര്‍ത്തിയ രോഗമാണ് സ്റ്റീഫന്‍ ഹോക്കിങിന് മുന്നില്‍ വെല്ലുവിളിയായെത്തിയത്. എന്നാല്‍ ശാരീരിക വൈകല്യത്തെ തന്റെ ചിന്തകള്‍കൊണ്ടും ആര്‍ജിച്ചെടുത്ത വിജ്ഞാനം കൊണ്ടും സ്റ്റീഫന്‍ ഹോക്കിങ് മറികടക്കുകയായിരുന്നു.
ഗലീലിയോയെ പോലെ തന്നെ ഭൗതിക ശാസ്ത്രം തന്നെയാണ് സ്റ്റീഫന്‍ ഹോക്കിങിന്റെയും മേഖല. ഭൗതിക ശാസ്ത്ര ലോകത്തെ പ്രപഞ്ചത്തെകുറിച്ചുള്ള ചിന്താരീതിയെ അടിമുടി മാറ്റി മറിക്കുന്ന ഒരു കൂട്ടം പഠനങ്ങളാണ് ചക്രകസേരയിലിരുന്നുകൊണ്ട് സ്റ്റീഫന്‍ ഹോക്കിങ് നടത്തിയത്. എന്നാല്‍ ഒരു കാലത്ത് നിലനിന്നുപോന്ന മതചിന്തകളെ മറികടക്കുന്ന ശാസ്ത്രതത്വങ്ങള്‍ക്ക് ആധികാരികത നല്‍കുകയും ചിന്തകളെയും പഠനങ്ങളെയും ആ വഴിക്ക് തിരിച്ചുവിടുകയുമാണ് ഗലീലിയോ ചെയ്തത്.
ഒരു ഭൗതികശാസ്ത്ര ലോകത്തിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ ഒരു ശാസ്ത്ര പ്രതിഭ വിട പറഞ്ഞ് കൃത്യം 300 വര്‍ഷങ്ങള്‍ക്ക് ശേഷം പിന്തുടര്‍ച്ചയെന്നോണം മറ്റൊരു പ്രതിഭ ജന്മമെടുത്തുന്ന യാദൃശ്ചികത നിര്‍വചിക്കാന്‍ ഒരു പക്ഷെ ശാസ്ത്ര ലോകത്തിന് സാധിക്കുമോ എന്ന് അറിയില്ല. ഭൗതിക ശാസ്ത്ര രംഗത്തെ മറ്റൊരു വിഖ്യാത ശാസ്ത്രപ്രതിഭയായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്റെ ജനന തീയതിയില്‍ തന്നെയാണ് സ്റ്റീഫന്‍ ഹോക്കിങ് വിടപറയുന്നത് എന്നതും മറ്റൊരു കൗതുകമാണ്.