ഹൈഡ്രജനില്‍നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച ശേഷം ഹൈഡ്രജന്‍ തന്നെ പുറത്തു വിടുന്ന ഫ്യുവല്‍ സെല്ലുകള്‍ ഭാവിയുടെ പ്രതീക്ഷയായി മാറുന്നു. ഇങ്ങനെ പുറത്തു വരുന്ന ഹൈഡ്രജന്‍ ഒരു ശൃംഖലയായി ഒട്ടേറെ ഫ്യുവല്‍ സെല്ലുകള്‍ക്ക് ഊര്‍ജമായി വന്‍തോതില്‍ ഊര്‍ജ്ജം സൃഷ്ടിക്കുന്ന പ്രക്രിയയ്ക്ക് മലയാളി ഗവേഷകര്‍ അടങ്ങുന്ന സംഘം രൂപം നല്‍കി. 

ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ ഭാവിസാധ്യത എന്നു കരുതുന്ന 'ഫ്യുവല്‍ സെല്ലുകളു'ടെ പഠനത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുകയാണ് ഇവര്‍.

ഹൈഡ്രജന്‍ ഇന്ധനം ആഗിരണം ചെയ്ത് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം ഹൈഡ്രജന്‍ തന്നെ പുറത്തുവിടുന്ന ഫ്യുവല്‍ സെല്ലുകളാണ് ലോകത്താദ്യമായി ഇവര്‍ നിര്‍മ്മിച്ചത്.

പൂണെ 'ഐസറി'ലെ ( IISER ) അസിസ്റ്റന്റ് പ്രൊഫസറും വയനാട്ടില്‍ മീനങ്ങാടി സ്വദേശിയായ ഡോ. മുഹമ്മദ് മുസ്തഫയുടെയും, കോഴിക്കോട് സ്വദേശി ഡോ. ഷാഹിദ് പി.ഷാഫിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ബാറ്ററികളുടെ കാര്യത്തില്‍ നിര്‍ണായക മുന്നേറ്റം നടത്തിയത്.

കശ്മീര്‍ സ്വദേശി സാഹിദ് മന്‍സൂര്‍ ഭട്ട്, കര്‍ണാടകയില്‍ നിന്നുള്ള രവികുമാര്‍ തിമ്മപ്പ എന്നിവര്‍ ഉള്‍പ്പടെ എട്ടുപേര്‍ അടങ്ങിയതാണ് ഗവേഷണസംഘം.

Fuel Exhaling Fuel Cell, Battery Technology
ഡോ.മുസ്തഫയുടെ ലാബില്‍ നിന്നുള്ള ദൃശ്യം

 

ലോകമെങ്ങും വന്‍തോതില്‍ ഗവേഷണം നടക്കുന്ന മേഖലയാണ് ഫ്യുവല്‍ സെല്ലുകളുടേത്. പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ഇത്തരം ബാറ്ററികള്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ നിലവില്‍ വലിയ ചെലവ് വരും.

ഫ്യുവല്‍ സെല്ലുകളില്‍ ഉപയോഗിക്കുന്ന ഹൈഡ്രജന്‍ അന്തരീക്ഷത്തില്‍ പല രൂപങ്ങളില്‍ ഉണ്ടെങ്കിലും, ഇന്ധനമായി അതിനെ നേരിട്ട് ഉപയോഗിക്കുക എന്നത് ഏറെ ചെലവേറിയ പ്രക്രിയയാണ്. 

സാധാരണ ഫ്യുവല്‍ സെല്ലുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ ഫലമായി ലഭിക്കുന്നത് വെള്ളമാണ്. എന്നാല്‍, ഡോ.മുസ്തഫയുടെ ഗ്രൂപ്പ് രൂപപ്പെടുത്തിയ വിദ്യയില്‍ വെള്ളത്തിന് പകരം ഹൈഡ്രജനാണ് പുറത്തുവരികയെന്ന്, അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ 'ദി ജേര്‍ണല്‍ ഓഫ് ഫിസിക്കല്‍ കെമിസ്ട്രി ലെറ്റേഴ്സി'ല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ഒരുപ്രാവശ്യം ഹൈഡ്രജന്‍ നിറച്ചാല്‍, വൈദ്യുതിക്കൊപ്പം അതേ അളവ് ഹൈഡ്രജന്‍ തന്നെ ഈ ബാറ്ററി പുറത്തുവിടും. അതിനാല്‍,അതുപയോഗിച്ച് മറ്റൊരു ഫ്യുവല്‍ സെല്‍ പ്രവര്‍ത്തിപ്പിക്കാനാവും. അങ്ങനെ ഒരുപാടു ഫ്യുവല്‍ സെല്ലുകളെ ഒന്നിച്ചു പ്രവര്‍ത്തിപ്പിച്ചു വൈദ്യുതി ഉണ്ടാക്കാന്‍ കഴിയുമെന്നതാണ് പുതിയ പ്രക്രിയയുടെ മേന്മ-ഡോ. മുസ്തഫ പറയുന്നു.

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിലവിലുള്ള ഫ്യുവല്‍ സെല്ലുകളുടെ ചെലവ് പരമാവധി കുറയ്ക്കാമെന്ന് ഗവേഷകര്‍ പറയുന്നു. 

'വളരെ ലളിതമായ ഒരു രാസപ്രക്രിയയാണ് ഞങ്ങളുടെ കണ്ടെത്തലിന്റെ കാതല്‍', ഡോ.മുസ്തഫ 'മാതൃഭൂമി'യോട് പറഞ്ഞു.

Fuel Exhaling Fuel Cell, Battery Technology
ആസിഡും ആല്‍ക്കലിയും തമ്മില്‍ പ്രതിപ്രവര്‍ത്തനം നടക്കുമ്പോള്‍ പുറത്തുവരുന്ന താപോര്‍ജമാണ് വൈദ്യുതിയും ഹൈഡ്രജനും ഉത്പാദിപ്പിക്കുക. 

 

'ആസിഡും ആല്‍ക്കലിയും തമ്മില്‍ പ്രതിപ്രവര്‍ത്തനം നടക്കുമ്പോള്‍ വലിയ അളവ് താപോര്‍ജം പുറത്തുവരും. ഈ താപോര്‍ജമാണ് വൈദ്യുതി ഉത്പാദിപ്പിക്കാനും ഹൈഡ്രജന്‍ പുറത്തുവരാനും ഉപയോഗിക്കുന്നത്'. പുതിയൊരു പഠനമേഖലയ്ക്ക് തന്നെ തുടക്കമിടുന്ന മുന്നേറ്റമാണിതെന്ന് അദ്ദേഹം പറയുന്നു. 

ഈ സാങ്കേതികവിദ്യ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഐസര്‍ സംഘം. സമീപഭാവിയില്‍ തന്നെ ഈ വിദ്യക്ക് പ്രായോഗിക ഉപയോഗം ഉണ്ടാകും. തങ്ങളുടെ ലാബില്‍ ഹൈഡ്രജന്‍ സ്റ്റൗവ് പ്രവര്‍ത്തിപ്പിക്കാനും, ടെബിള്‍ ഫാന്‍ കറക്കാനുമൊക്കെ ഈ സെല്ലുകൊണ്ട് സാധിക്കുന്നതായി ഡോ.മുസ്തഫ അറിയിക്കുന്നു (ചിത്രങ്ങള്‍ക്ക് കടപ്പാട്: IISCR).