ഇരുട്ടിലും പ്രകാശിക്കുന്ന ഫ്ളൂറസെന്റ് നിറങ്ങളും സൂചനാ ബോര്‍ഡുകളുമെല്ലാം നാം കണ്ടിട്ടുണ്ട്. ഫ്ളൂറസെന്റ് വിളക്കുകളും നാം ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പ്രകാശിക്കുന്ന തവളകളെ ആദ്യമായി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.

അര്‍ജന്റീനയിലെ ആമസോണ്‍ മഴക്കാടുകളില്‍നിന്നാണ് ഫ്‌ളൂറസെന്റ് തവളകളെ കണ്ടെത്തിയത്. ബര്‍ണാര്‍ഡിനോ റിവാഡവിയ നാച്ചുറല്‍ സയന്‍സ് മ്യൂസിയത്തിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. ഇവിടങ്ങളില്‍ സാധാരണ കാണാറുള്ള ഒരിനം പുള്ളിയുള്ള തവളകളിലെ (പോള്‍ക്കാ-ഡോട്ട് ട്രീ ഫ്രോഗ്) പ്രത്യേക വര്‍ണഘടകത്തെക്കുറിച്ച് നടത്തിയ പഠനത്തിനിടെ യാദൃശ്ചികമായി ഗവേഷകര്‍ ഈ തവളകളുടെ ഇരുട്ടില്‍ തിളങ്ങുന്ന സവിശേഷത കണ്ടെത്തുകയായിരുന്നു.

പ്രകാശത്തെയോ മറ്റ് വൈദ്യുതകാന്തിക തരംഗങ്ങളെയോ ആഗിരണം ചെയ്ത ശേഷം, കൂടുതല്‍ തരംഗദൈര്‍ഘ്യമുള്ള പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ഫ്‌ളൂറസെന്‍സ് (Fluorescence). കരയിലെ ജീവികളില്‍ ഈ സവിശേഷത അപൂര്‍വ്വമായി മാത്രമേ കാണപ്പെടുന്നുള്ളൂ.

സാധാരണ പ്രകാശത്തില്‍ മങ്ങിയ തവിട്ടു നിറവും ചുവന്ന പുള്ളികളുമുള്ള ത്വക്കോടു കൂടിയ ഈ തവളകള്‍ അള്‍ട്രാവയലറ്റ് ലൈറ്റില്‍ തിളക്കമുള്ള പച്ചനിറത്തില്‍ കാണപ്പെടും. ഈ തവളകള്‍ പുറത്തുവിടുന്ന ചില പ്രത്യേക സ്രവങ്ങളാണ് ഫ്ളൂറസെന്റ് പ്രതിഭാസത്തിനു കാരണമെന്ന് ഗവേഷകര്‍ കണ്ടെത്തി. പ്രൊസീഡിങ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് ജേര്‍ണലിന്റെ പുതിയ ലക്കത്തിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്.

നട്ടെല്ലുള്ള ജീവികളില്‍ ഈ പ്രത്യേക തരത്തിലുളള ഫ്ളൂറസെന്റ് ഘടകങ്ങള്‍ മുന്‍പ് കണ്ടെത്തിയിട്ടില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു ജീവികളില്‍ കണ്ടെത്തിയിട്ടുള്ളവയില്‍നിന്ന് വളരെ വ്യത്യസ്തമാണ് തവളകളില്‍ കണ്ടെത്തിയ ഫ്ളൂറസെന്റ് ഘടകങ്ങളെന്ന് ഗവേഷകരിലൊരാളായ മരിയ ഗബ്രിയേല വ്യക്തമാക്കി.