കാലിഫോര്‍ണിയ: കോവിഡ് മഹാമാരിയെ തുടര്‍ന്നാണ്  പലയിടങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപകമായത്. പഠനങ്ങള്‍ ഓണ്‍ലൈനായി നടത്തുന്നതില്‍ നിലവിലെ സാങ്കേതിവിദ്യകൾ  മുഖ്യ പങ്ക് വഹിച്ചു. എന്നാല്‍ മറ്റിടങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാകുകയാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി. പതിവ് ഓൺലൈൻ ക്ലാസ് രീതികളിൽ നിന്ന് മാറി വിദ്യാർത്ഥികളുടെ പഠനത്തിനായി പ്രതീതി യാഥാർത്ഥ്യം അഥവാ വിർച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുകയാണ് സ്റ്റാൻഫോർഡ് സർവകലാശാല. സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ പഠനസൗകര്യമൊരുങ്ങുന്നത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ആവശ്യമായ സാങ്കേതികവിദ്യാ മികവോടെയുള്ള സോഫ്റ്റ് വെയര്‍ തയ്യാറാകുമോയെന്ന് കമ്മ്യൂണിക്കേഷന്‍ പ്രൊഫസര്‍ ജെറിമി ബെയിലിന്‍സണ്ണിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ആശങ്കകള്‍ക്ക് വിട നല്‍കി മേയ് മാസം ആദ്യത്തോടെ സോഫ്ട്‌വെയര്‍ സജ്ജമായി. 20 വര്‍ഷമായി കമ്മ്യൂണിക്കേഷന്‍ വിഷയം പഠിപ്പിക്കുന്ന ജെറിമിക്ക് പൂര്‍ണ സംതൃപ്തി നല്‍കുന്നതായിരുന്നു സോഫ്ട്‌വെയര്‍. സോഫ്ട്‌വെയര്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വെര്‍ച്വലായി സംവദിക്കാന്‍ സാധിക്കും. 

പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും വെര്‍ച്വല്‍ അസൈന്‍മെന്റുകളുമുണ്ട്. പലതും കുട്ടികളുടെ ഭാവനയെ ആശ്രയിച്ചുള്ള രീതിയിലാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. സീന്‍ ബില്‍ഡിങ് അസൈന്‍മെന്റിന്റെ പരിധി കുട്ടികളുടെ ഭാവന മാത്രമാണെന്ന് മറ്റൊരു അധ്യാപകനായ സിയാന്‍ പറഞ്ഞു. കുട്ടികള്‍ക്ക് സ്റ്റിമുലേറ്റര്‍ സിക്‌നെസ്സ് ഉണ്ടാകാത്ത തരത്തിലാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

ഒരു ക്ലാസിന് 30 മിനിട്ട് ദൈര്‍ഘ്യം മാത്രമാണുള്ളത്. മറ്റൊരു പ്രധാന പ്രശ്‌നം കുട്ടികളുടെ സ്വകാര്യതയായിരുന്നു. കുട്ടികള്‍ക്ക് വ്യാജ അക്കൗണ്ടുകള്‍ നല്‍കുവാന്‍ സിയാന്‍ ഫെയ്‌സ്ബുക്കിനോട് അഭ്യര്‍ത്ഥിച്ചു. അതിന് പകരമായി ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ നേതൃത്വത്തിലുള്ള സഹസ്ഥാപനമായ ഒക്കുലസിന്റെ ഹെഡ്‌സെറ്റ് ഉപയോഗിക്കാമെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: first virtual reality class have been conducted in standford university