ഐന്‍സ്‌റ്റൈന്‍ തിരസ്‌ക്കരിക്കാന്‍ ആഗ്രഹിച്ച ആശയമാണ് 'ബ്ലാക്ക്‌ഹോള്‍' എന്നത്. പക്ഷേ, അദ്ദേഹത്തെ കടന്ന് സിദ്ധാന്തം മുന്നോട്ടുപോയി. സാമാന്യ ആപേക്ഷികാത സിദ്ധാന്തം എങ്ങനെയാണോ തമോഗര്‍ത്തങ്ങളെ വിവരിച്ചത്, അത് ശരിവെയ്ക്കുകയാണ് തമോഗര്‍ത്തത്തിന്റെ ആദ്യ ഫോട്ടോ

ല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ 1915-ല്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിന് ആദ്യതെളിവ് ലഭിച്ചത് നാലുവര്‍ഷം കഴിഞ്ഞ് 1919-ലാണ്. ആ വര്‍ഷം സൂര്യഗ്രഹണ വേളയില്‍, ഐന്‍സ്‌റ്റൈന്‍ പ്രവചിച്ചതു പോലെ ആകാശത്ത് നക്ഷത്രങ്ങളില്‍ നിന്നുള്ള പ്രകാശകിരണങ്ങള്‍ സൂര്യന്റെ ഗുരുത്വാകര്‍ഷണത്താല്‍ വളയുന്ന കാര്യം ശാസ്ത്രലോകം സ്ഥിരീകരിച്ചു. അതുവരെ ശാസ്ത്രസദസ്സുകളില്‍ മാത്രം അറിയപ്പെട്ടിരുന്ന ഐന്‍സ്റ്റൈന്‍ അതോടെ ലോകപ്രശസ്തനായി, സൂപ്പര്‍സ്റ്റാറായി!

ആ സൂര്യഗ്രഹണം കഴിഞ്ഞിട്ട് ഇപ്പോള്‍ 100 വര്‍ഷം തികയുന്നു. ഇക്കാലത്തിനിടെ ഐന്‍സ്റ്റൈന്റെ സിദ്ധാന്തത്തിന് പലതരത്തില്‍ സ്ഥിരീകരണം ലഭിക്കുകയുണ്ടായി. അതില്‍ പ്രധാനപ്പെട്ടതായിരുന്നു 2016-ലെ ഗുരുത്വതരംഗങ്ങളുടെ (gravitational waves) കണ്ടെത്തല്‍. അതിനെയും കടത്തിവെട്ടുന്ന മറ്റൊരു തെളിവ് ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്, ഒരു ഫോട്ടോയുടെ രൂപത്തില്‍. അതെ, ആദ്യമായി ശാസ്ത്രലോകം പകര്‍ത്തിയ തമോഗര്‍ത്ത ചിത്രം ശരിവെയ്ക്കുന്നത് മറ്റൊന്നുമല്ല, ഐന്‍സ്‌റ്റൈന്റെ സിദ്ധാന്തത്തെ തന്നെ. കഴിഞ്ഞ ഏപ്രില്‍ 10-നാണ് ആ ഫോട്ടോ പുറത്തുവന്നത്. 

ഐന്‍സ്റ്റൈന്റെ സിദ്ധാന്തം തമോഗര്‍ത്തങ്ങളെ  എങ്ങനെയാണോ വിവരിച്ചത്, അത് ശരിവെയ്ക്കുകയാണ് 'മെസ്സിയര്‍ 87' (Messier 87-M87) എന്ന ഗാലക്‌സിയുടെ കേന്ദ്രത്തിലെ അതിഭീമന്‍ തമോഗര്‍ത്തത്തിന്റെ ചിത്രം. ഉള്‍വശം ഇരുണ്ട പ്രകാശചക്രം പോലെയുള്ള ദശ്യമാണ് ഫോട്ടോയിലുള്ളത്. സൂര്യന്റെ 650 കോടി മടങ്ങ് ദ്രവ്യമാനം അഥവാ പിണ്ഡമുള്ള ആ തമോഗര്‍ത്തം, ഭൂമിയില്‍ നിന്ന് അഞ്ചര കോടി പ്രകാശവര്‍ഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. അതിന്റെ ചിത്രമെടുക്കാന്‍, 'ഭൂമിയോളം വലിയ' ഒരു ടെലസ്‌കോപ്പും ഇരുന്നൂറിലേറെ റേഡിയോ അസ്‌ട്രോണമി വിദഗ്ധരുടെ രണ്ടുവര്‍ഷത്തെ അധ്വാനവും വേണ്ടിവന്നു! 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍ ലറ്റേഴ്‌സി'ല്‍ ആറു പ്രബന്ധങ്ങളായി തമോഗര്‍ത്ത നിരീക്ഷണഫലം ഗവേഷകര്‍ പ്രസിദ്ധീകരിച്ചു.

Atacama radio telescope
ആദ്യ തമോഗര്‍ത്ത ചിത്രം പകര്‍ത്തിയ ഇവന്റ് ഹൊറൈസണ്‍ ടെലസ്‌കോപ്പ് ശൃംഖലയുടെ ഭാഗമായ 'അറ്റാകാമ ലാര്‍ജ് മില്ലിമീറ്റര്‍ അറേ' (ചിലി). Pic Credit: Beletsky (LCO)/ESO

തമോഗര്‍ത്തത്തിന്റെ ആദ്യ ഫോട്ടോഷൂട്ട് നമ്മള്‍ ആഘോഷിക്കുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത ഒരു ഗവേഷകനുണ്ട്-കാള്‍ ഷിവാസ്ചില്‍ഡ് (Karl Schwarzschild) എന്ന ജര്‍മന്‍ ജ്യോതിശാസ്ത്രജ്ഞന്‍. സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലെ ഫീല്‍ഡ് സമവാക്യങ്ങളുടെ ഫലം ആദ്യം കണക്കുകൂട്ടിയതും, അതില്‍ ബ്ലാക്ക് ഹോളുകളുടെ (ഈ പേര് അന്നില്ല) സാധ്യത ആദ്യം കണ്ടെത്തിയതും ഷിവാസ്ചില്‍ഡ് ആയിരുന്നു. 

ജര്‍മനിയില്‍ 1873-ല്‍ ജനിച്ച ഷിവാസ്ചില്‍ഡ്, സ്‌കൂളില്‍ വെച്ചുതന്നെ ജ്യോതിശ്ശാസ്ത്രത്തില്‍ മികവ് കാട്ടിയ പ്രതിഭയാണ്. പതിനാറാം വയസ്സില്‍ നക്ഷത്രങ്ങളുടെ ദിന്ദ്വഭ്രമണപഥങ്ങളെപ്പറ്റി പ്രബന്ധം പ്രസിദ്ധീകരിച്ച് അധ്യാപകരെ നടുക്കിയ ആ മിടുക്കന്‍, ജര്‍മനിയില്‍ പോട്ട്‌സ്ഡാം ഒബ്‌സര്‍വേറ്ററിയുടെ ഡയറക്ടറായി 1909-ല്‍ ചുമതലയേറ്റു. അഞ്ചുവര്‍ഷം കഴിഞ്ഞ് ഒന്നാംലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ സൈനിക സേവനത്തിനായി ഡയറക്ടര്‍പദം ഒഴിഞ്ഞു. 

1915 അവസാനം റഷ്യന്‍ മുന്നണിയില്‍വെച്ച്, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട ഐന്‍സ്റ്റൈന്റെ സമാന്യ ആപേക്ഷികതാ സിദ്ധാന്തം ഷിവാസ്ചില്‍ഡ് വായിച്ചു. അതില്‍ സ്ഥലകാല ജ്യാമിതിയെ സംബന്ധിച്ച ഫീല്‍ഡ് സമവാക്യങ്ങള്‍ അതീവസങ്കീര്‍ണമായിരുന്നു. എന്നിട്ടും അവയുടെ ശരിയായ ആദ്യഫലം ഉടന്‍ കണക്കുകൂട്ടി ഷിവാസ്ചില്‍ഡ് അയച്ചുകൊടുത്തത് ഐന്‍സ്റ്റൈനെ അത്ഭുതപ്പെടുത്തി. യുദ്ധമുന്നണിയില്‍വെച്ച് പകര്‍ന്ന ഒരു അപൂര്‍വ ത്വക്ക്‌രോഗത്താല്‍ 1916 മാര്‍ച്ചില്‍ ഷിവാസ്ചില്‍ഡ് അന്തരിച്ചു.

Karl Schwarzschild, Black Hole
കാള്‍ ഷിവാസ്ചില്‍ഡ്.
Pic Credit: alchetron.com.

ഗോളാകൃതിയിലുള്ള ഒരു വസ്തുവിനുമേല്‍ സ്ഥലകാലങ്ങള്‍ (space-time) എന്ത് സ്വാധീനമാണ് ചെലുത്തുക എന്നകാര്യമാണ് ഷിവാസ്ചില്‍ഡ് പരിശോധിച്ചത്. അതിന് ലഭിച്ച ഫലം പില്‍ക്കാലത്ത് 'ഷിവാസ്ചില്‍ഡ് വ്യാസാര്‍ധം' (Schwarzschild radius) എന്ന് അറിയപ്പെട്ടു. 'ഷിവാസ്ചില്‍ഡ് വ്യാസാര്‍ധം' എന്ന പരിധിക്കുള്ളില്‍ ഗുരുത്വബലത്തിന്റെ തോത് അതിഭീമമാവുകയും, പ്രകാശത്തിനുപോലും രക്ഷപ്പെടാന്‍ കഴിയാതെ വരികയും ചെയ്യും. ഒരു നക്ഷത്രം ഷിവാസ്ചില്‍ഡ് വ്യാസാര്‍ധത്തിനുള്ളിലേക്ക് ചുരുങ്ങിയാല്‍, അത് ചുറ്റുമുള്ള സ്‌പേസിനെ വക്രീകരിച്ച് വലിച്ചടുപ്പിച്ച് ഒരു പ്രാപഞ്ചിക കെണിയായി പരിണമിക്കും. പില്‍ക്കാലത്ത് 'തമോഗര്‍ത്തം' (black hole) എന്നറിയപ്പെട്ടത് ഇതാണ്. 

പ്രപഞ്ചത്തിലെ സര്‍വ വസ്തുക്കള്‍ക്കും-അത് നക്ഷത്രമാകട്ടെ, മനുഷ്യനാകട്ടെ, പ്രോട്ടോണ്‍ ആകട്ടെ-ഓരോ 'ഷിവാസ്ചില്‍ഡ് വ്യാസാര്‍ധം' ഉണ്ട്. സൂര്യന്റെ കാര്യത്തില്‍ ഇത് 2.5 കിലോമീറ്ററാണ്. സൂര്യന്റെ യഥാര്‍ഥ വ്യാസാര്‍ധം 695,500 കിലോമീറ്ററാണെന്നോര്‍ക്കുക. എന്നുവെച്ചാല്‍, 2.5 കിലോമീറ്റര്‍ വ്യാസാര്‍ധത്തിലേക്ക് ചുരുങ്ങിയാല്‍ സൂര്യന്‍ തമോഗര്‍ത്തമാകും. 

സൈദ്ധാന്തികമായി നോക്കിയാല്‍ നിങ്ങള്‍ക്കും തമോഗര്‍ത്തമാകാം! നിങ്ങളുടെ ഷിവാസ്ചില്‍ഡ് വ്യാസാര്‍ധത്തിലേക്ക് ചുരുങ്ങണമെന്നു മാത്രം. മനുഷ്യന്റെ ഷിവാസ്ചില്‍ഡ് വ്യാസാര്‍ധം ഏതാണ്ട് ഒരു പ്രോട്ടോണിന്റേതിന് തുല്യമാണ്. ഈ വാക്യത്തിനൊടുവില്‍ കൊടുത്തിരിക്കുന്ന കുത്ത് (ഫുള്‍സ്റ്റോപ്പ്) പരിഗണിക്കുക. അവിടെ ഏതാണ്ട് പതിനായിരം കോടി പ്രോട്ടോണുകള്‍ക്ക് സുഖമായിരിക്കാം. അത്തരമൊരു പ്രോട്ടോണിന്റെ വലുപ്പത്തിലേക്ക് എത്തുമ്പോഴാണ്, ഷിവാസ്ചില്‍ഡിന്റെ കണക്കുകൂട്ടല്‍ പ്രകാരം മനുഷ്യന്‍ തമോഗര്‍ത്തമായി മാറുക! അങ്ങനെയെങ്കില്‍, ഒരു പ്രോട്ടോണിന്റെ ഷിവാസ്ചില്‍ഡ് വ്യാസാര്‍ധം എന്തായിരിക്കും. സങ്കല്‍പ്പിക്കാന്‍ പോലുമാകാത്തത്ര ചെറുതായിരിക്കും എന്നു മാത്രമേ പറയാന്‍ കഴിയൂ. 

ഷിവാസ്ചില്‍ഡ് കണ്ടെത്തിയ ആ ഫലത്തിന് ഗണിതപരമായ കൗതുകം എന്നതില്‍ കവിഞ്ഞ പ്രധാന്യം ആദ്യകാലത്ത് ആരും നല്‍കിയില്ല. ഇന്ധനം തീര്‍ന്ന് ജ്വലനശേഷി അവസാനിക്കുമ്പോള്‍ നക്ഷത്രങ്ങള്‍ക്ക് എന്തുസംഭവിക്കും എന്നതിനെപ്പറ്റി ഇന്ത്യന്‍ വംശജനായ സുബ്രഹ്മണ്യന്‍ ചന്ദ്രശേഖര്‍ 1930-ല്‍ നടത്തിയ കണ്ടെത്തലാണ്, നക്ഷത്രങ്ങളുടെ അന്ത്യം പല വിധത്തിലാകാമെന്ന സൂചന ആദ്യമായി നല്‍കിയത്. സൂര്യന്റെ 1.4 മടങ്ങ് ദ്രവ്യമാനമുള്ള നക്ഷത്രങ്ങളുടെ അന്ത്യം വെള്ളക്കുള്ളന്‍ (white dwarf) ആയിട്ടാകും എന്നായിരുന്നു ചന്ദ്രശേഖറിന്റെ കണ്ടെത്തല്‍. 'ചന്ദ്രശേഖര്‍ പരിധി' എന്ന് പ്രശസ്തമാകാന്‍ പോകുന്ന ആ കണ്ടെത്തലിന് 1983-ല്‍ ചന്ദ്രശേഖര്‍ക്ക് നൊബേല്‍ പുരസ്‌കാരം ലഭിച്ചു.

Subrahmanyan Chandrasekhar
സുബ്രഹ്മണ്യന്‍ ചന്ദ്രശേഖര്‍. Pic Credit:Chandra X-ray Observatory

ഇന്ധനം തീരുമ്പോള്‍ വലിയ നക്ഷത്രങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നറിയാന്‍, 1930-കളുടെ അവസാനം ജെ.റോബര്‍ട്ട് ഓപ്പണ്‍ഹൈമറുടെ നേതൃത്വത്തില്‍ നടന്ന സൈദ്ധാന്തിക അന്വേഷണങ്ങളാണ്, ഷിവാസ്ചില്‍ഡിന്റെ ഫലം വീണ്ടും ശാസ്ത്രശ്രദ്ധയിലെത്തിച്ചത്. വിചിത്രമെന്ന് പറയട്ടെ, സ്വന്തം ഫീല്‍ഡ് സമവാക്യങ്ങളുടെ ഫലം ഐന്‍സ്റ്റൈന്‍ പോലും അവിശ്വസിച്ചു. 1939-ല്‍ ഓപ്പണ്‍ഹൈമര്‍ ആ ഫലം പരിശോധിക്കുന്ന സമയത്ത്, 'ഷിവാസ്ചില്‍ഡ് വ്യാസാര്‍ധം' എന്നൊരു സംഗതിയേ ഇല്ലെന്ന് കാണിക്കാന്‍ ഐന്‍സ്‌റ്റൈന്‍ പ്രബന്ധം രചിക്കുകയായിരുന്നു. അതുവഴി തമോഗര്‍ത്തങ്ങളുടെ സാധ്യത തള്ളിക്കളയുകയാണ് അദ്ദേഹം ചെയ്തത്!

ഐന്‍സ്റ്റൈന് അവിശ്വസനീയമായി തോന്നിയെങ്കിലും, തമോഗര്‍ത്തങ്ങള്‍ ശാസ്ത്രലോകത്തെ വിട്ടുപോയില്ല. ഭ്രമണം ചെയ്യുന്ന തമോഗര്‍ത്തങ്ങളെ വിശദീകരിക്കാനുള്ള ഗണിതസങ്കേതം ന്യൂസിലന്‍ഡുകാരനായ റോയി കെര്‍ 1963-ല്‍ കണ്ടെത്തി. കെര്‍ കണ്ടെത്തിയ ഗണിതസങ്കേതം അനുസരിക്കുന്നവ 'കെര്‍ തമോഗര്‍ത്തങ്ങള്‍' എന്നറിയപ്പെട്ടു; ഭ്രമണം ചെയ്യാത്തവ 'ഷിവാസ്ചില്‍ഡ് തമോഗര്‍ത്തങ്ങള്‍' എന്നും. 

Albert Einstein
ഐന്‍സ്റ്റൈന്‍, 1920-കളിലെ
ചിത്രം. Pic Credit: E O Hoppe/Life

ഇത്രകാലവും തമോഗര്‍ത്തങ്ങളുടെ സാന്നിധ്യം പരോക്ഷ നിരീക്ഷണ മാര്‍ഗ്ഗങ്ങളിലൂടെയും ചിത്രകാരന്‍മാരുടെ ഭാവന വഴിയും മാത്രമാണ് അറിയാന്‍ കഴിഞ്ഞിരുന്നത്. അതില്‍ അത്ഭുതമില്ല. അതിഭീമമായ ഗുരുത്വബലത്താല്‍ അനന്തമായി ഉള്ളിലേക്ക് ചുരുങ്ങി സമീപത്തെ സ്‌പേസിനെപ്പോലും വക്രീകരിച്ച് വലിച്ചടുപ്പിച്ച് ദൃശ്യപ്രപഞ്ചത്തില്‍നിന്ന് അപ്രത്യക്ഷമാകുന്ന വസ്തുക്കളാണ് തമോഗര്‍ത്തങ്ങള്‍. പ്രകാശം പോലും അവയില്‍ നിന്ന് പുറത്തുവരാത്തത് മൂലം നേരിട്ട് നിരീക്ഷിക്കുക അസാധ്യമാണ്.

ആ കടമ്പയാണ്, 'ഇവന്റ് ഹൊറൈസണ്‍ ടെലസ്‌കോപ്പ്' (EHT) എന്ന ടെലസ്‌കോപ്പ് സംവിധാനം വഴി ഇപ്പോള്‍ ശാസ്ത്രലോകം മറികടന്നിരിക്കുന്നത്. 

സൂര്യന്റെ 650 കോടി മടങ്ങ് ദ്രവ്യമാനം എം 87 തമോഗര്‍ത്തത്തിനുണ്ടെന്ന് സൂചിപ്പിച്ചല്ലോ. ദ്രവ്യമാനം കൂടുതലുണ്ട് എന്നതിനര്‍ഥം അതിന് വലുപ്പം ഏറെയുണ്ട് എന്നല്ല. തമോഗര്‍ത്തവക്കിന് 'സംഭവ ചക്രവാളം' (Event Horizon) എന്നാണ് പേര്. ആ വക്കിനുള്ളില്‍ പതിക്കുന്ന പ്രകാശമടക്കം ഒന്നിനും പുറത്തുകടക്കാനാവില്ല. അത്രയും ശക്തമായ ഗുരുത്വബലമാണ് തമോഗര്‍ത്തത്തെ ഭരിക്കുന്നത്. എം 87 തമോഗര്‍ത്തത്തിന് ഒരു പ്രകാശദിവസം ആണ് വിസ്താരം (പ്രകാശം ഒരു ദിവസം കൊണ്ട് സഞ്ചരിക്കുന്ന ദൂരം, ഏതാണ്ട് 2590 കോടി കിലോമീറ്റര്‍). നമ്മുടെ സൗരയൂഥത്തിന്റെ ഏതാണ്ട് വിസ്താരം വരുമിത്. പ്രാപഞ്ചിക തോതുകള്‍ വെച്ചുനോക്കിയാല്‍ ഇതത്ര വലിയ സംഗതിയൊന്നുമല്ല. ഈ വിസ്താരമുള്ള എം 87 തമോഗര്‍ത്തത്തെ അഞ്ചര കോടി പ്രകാശവര്‍ഷം അകലെ നിന്ന് നിരീക്ഷിക്കുന്നത്, ചന്ദ്രനില്‍ കിടക്കുന്ന ഒരു നാണയം ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുന്നത്ര ശ്രമകരമാണ്.

ആകാശത്ത് എത്ര ചെറിയ വസ്തുവിനെയും നമുക്ക് നിരീക്ഷിക്കാം. ടെലസ്‌കോപ്പിന്റെ അപ്പര്‍ച്ചറിന് (aperture) അത്രയും വലുപ്പം വേണമെന്നു മാത്രം. എം 87 തമോഗര്‍ത്തം നിരീക്ഷിക്കാന്‍ രൂപംനല്‍കിയ ഇ.എച്ച്.റ്റിയുടെ അപ്പര്‍ച്ചറിന് ഭൂമിയുടെ വലുപ്പമാണുള്ളത്. ഇത് അതിശയോക്തിയല്ല. നാലു വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ എട്ട് റേഡിയോ ഒബ്‌സര്‍വേറ്ററികളെ നൂതനസങ്കേതമുപയോഗിച്ച് ബന്ധിപ്പിച്ച്, അവയെല്ലാം സ്വീകരിക്കുന്ന സിഗ്നലുകള്‍ ഒറ്റ ടെലസ്‌കോപ്പില്‍ നിന്നെന്ന വണ്ണം ചേര്‍ത്തിണക്കിയാണ് ഇത് സാധ്യമാക്കിയത്.

Event Horizon Telescope Network
ഇവന്റ് ഹൊറൈസണ്‍ ടെലസ്‌കോപ്പ് ശൃംഖല. Pic Crdit: EHT team

ഇ.എച്ച്.റ്റി.ശൃംഖലയിലെ മുഴുവന്‍ റേഡിയോ ടെലസ്‌കോപ്പുകളുടെയും ഡിഷുകള്‍ ശരിയായി കോണ്‍ഫിഗര്‍ ചെയ്ത ശേഷം നടത്തിയ കണക്കുകൂട്ടലില്‍ കണ്ടത്, തെളിഞ്ഞ ആകാശത്ത് 10 ദിവസത്തെ നിരീക്ഷണം വേണം എം 87 തമോഗര്‍ത്തത്തിന്റെ ശരിയായ ഫോട്ടോ കിട്ടാന്‍ എന്നാണ്. 2017 ഏപ്രിലില്‍ പത്തു ദിവസത്തെ നിരീക്ഷണം നടന്നു. അര ടണ്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവുകള്‍ നിറയുന്നത്ര ഡേറ്റ ലഭിച്ചു. യു.എസില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (MIT) യിലെ 'ഹെയ്സ്റ്റാക്ക് ഒബ്‌സര്‍വേറ്ററി', ജര്‍മനിയില്‍ ബോണിലെ 'മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് റേഡിയോ അസ്‌ട്രോണമി' എന്നിവിടങ്ങളില്‍ സൂക്ഷിച്ച ഡേറ്റ, വിവധ രാജ്യങ്ങളിലെ 200 റേഡിയോ അസ്‌ട്രോണമി വിദഗ്ധര്‍ രണ്ടുവര്‍ഷം കൊണ്ട് വിശകലനം ചെയ്താണ് തമോഗര്‍ത്ത ചിത്രം തയ്യാറാക്കിയത്. 

ഇതുകൊണ്ട് കഥ അവസാനിക്കുന്നില്ല. നമ്മുടെ മാതൃഗാലക്‌സിയായ ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലുള്ള സജിറ്റാരിയസ് എ* (Sagittarius A Star) എന്ന തമോഗര്‍ത്തത്തിന്റെ ഫോട്ടോ പകര്‍ത്തുകയാണ് ഇ.എച്ച്.റ്റി ടീമിന്റെ അടുത്ത ലക്ഷ്യം. ഭൂമിയില്‍ നിന്ന് 26,000 പ്രകാശവര്‍ഷമകലെ കട്ടിയായ ധൂളീപടലങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ആ തമോഗര്‍ത്തം, സൂര്യന്റെ 41 ലക്ഷം മടങ്ങ് ദ്രവ്യമാനമുള്ള വസ്തുവാണ്.  

അധിക വായനയ്ക്ക് -

* First M87 Event Horizon Telescope Results published by EHT team in The Astrophysical Journal Letters, 2019 April 10: I. The Shadow of the Supermassive Black Hole.  II. Array and Instrumentation. III. Data Processing and Calibration.  IV. Imaging the Central Supermassive Black Hole.  V. Physical Origin of the Asymmetric Ring.  VI. The Shadow and Mass of the Central Black Hole.
* Astronomers Capture First Image of a Black Hole. Event Horizon Telescope.
* First black hole photo confirms Einstein's theory of relativity. By Kevin Pimbblet. The Conversation, April 11, 2019.
* തമോഗര്‍ത്തത്തിന്റെ ചിത്രമെടുക്കാന്‍ ഭൂമിയോളം പോന്ന ടെലിസ്‌കോപ്പ്. കെ കെ ബാലരാമന്‍. മാതൃഭൂമി ഡോട്ട് കോം, മെയ് 1, 2017.
* Black Holes  & Time Warps: Einstein's Outrageous Legacy (1994). By Kip S. Thorne. W. W. Norton & Companty, New York. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: First Black Hole Picture, Messier 87 galaxy, Event Horizon Telescope, EHT, Radio Astronomy, Supermassive Black Hole, Einstein, Karl Schwarzschild