ഴിഞ്ഞ വര്‍ഷം സൗരയൂഥത്തിലൂടെ കടന്നുപോയ ഔമുവാമുവ എന്ന വാല്‍നക്ഷത്രം അന്യഗ്രഹങ്ങളില്‍ എവിടെയോ നിന്നെത്തിയ ഒരു കൃത്രിമ ബഹിരാകാശ പേടകമായിരിക്കാം എന്ന ഗവേഷകരുടെ നിരീക്ഷണം മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. ഔമുവാമുവ അകന്നുപോയതോടെ അന്യഗ്രഹ ജീവികളെ തേടി നടക്കുന്ന ശാസ്ത്രലോകത്തിന് അതിനുള്ള ഒരു അവസരമാണ് നഷ്ടമായതെന്ന് ഗവേഷകര്‍ പറയുന്നു.

സൗരയൂഥത്തിലൂടെ കടന്നുപോവുന്നതായി കണ്ടെത്തിയ ആദ്യ ബഹിരാകാശ വസ്തുവാണ് 1/2017 U1. 'സന്ദേശവാഹകന്‍' എന്ന് അര്‍ത്ഥം വരുന്ന 'ഔമുവാമുവ' എന്ന വിളിപ്പോരാണ് ഈ വസ്തുവിന് നല്‍കിയത്. ബഹിരാകാശത്തിന്റെ ആഴങ്ങളിലേക്ക് അകന്നുപോവുന്ന ഈ വസ്തുവിന്റെ വിചിത്രമായ സവിശേഷതകള്‍ ഗവേഷകരെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചിരിക്കുകയാണ്. 

ഔമുവാമുവയുടെ സഞ്ചാര പാതയാണ് ഗവേഷകരില്‍ ആദ്യം സംശയം ജനപ്പിച്ചത്. സിഗരറ്റിന്റെ ആകൃതിയിലുള്ള ഔമുവാമുവയുടെ വേഗം അപ്രതീക്ഷിതമായി കൂടിയതും ദിശ പെട്ടെന്നു മാറിയതും ഗവേഷകര്‍ സംശയത്തോടെയാണ് കാണുന്നത്. 

Oumuamua
ഔമുവാമുവയുടെ സഞ്ചാരപാത ചിത്രം: NASA

സൗര വികിരണം ഇതിന്റെ ചലനത്തിന് സഹായിക്കുന്നുണ്ടെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. ഔമുവാമുവയുടെ വേഗം പെട്ടെന്നു കൂടിയത് ഒരുപക്ഷേ, സൗര വികിരണം അതിനെ തള്ളിയതുകൊണ്ടായിരിക്കാം. സൗരയൂഥത്തിനു പുറത്തുനിന്ന് ഇവിടേക്കെത്തിയ ആദ്യ പേടകമായിരിക്കാമിത്.

READ MORE: സൗരയൂഥത്തിലൂടെ കടന്നുപോയ ആ 'ആകാശനൗക'യെ അയച്ചതാര്?......

ഔമുവാമുവ 1837 ല്‍ സൗരയൂഥത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടാവാമെന്നാണ് കരുതുന്നത്. എന്നാല്‍ 2017 ല്‍ വലിയ അളവില്‍ സൗരോര്‍ജം പ്രതിഫലിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ഇത് ഗവേഷകരുടെ ശ്രദ്ധയില്‍ പെടുന്നത്. 

ഇത് അന്യഗ്രഹ ജീവികളുടെ സഞ്ചാരമായിരിക്കാം എന്ന് ചില ഗവേഷകര്‍ പറയുന്നുണ്ടെങ്കിലും, ഭൂമിയില്‍ നിന്നും അകന്ന് പോയിക്കൊണ്ടിരിക്കുന്നതിനാല്‍ ഇനി അത് കണ്ടെത്താനാവില്ലെന്ന് നാസ പറയുന്നു. 

സാധാരണ സൗരയൂഥത്തില്‍ കണ്ടുവരുന്ന വാല്‍നക്ഷത്രങ്ങളേക്കാള്‍ പത്തിരട്ടി പ്രതിബിംബാത്മകമാണ് ഔമുവാമുവയെന്നാണ് നാസയുടെ പഠനം. അതില്‍നിന്നുള്ള വാതക വികിരണങ്ങള്‍ മണലിന് പകരം പ്രതിബിംബശേഷി കൂടുതലുള്ള കട്ടിയേറിയ മഞ്ഞുകൊണ്ട് അതിന്റെ പ്രതലത്തെ പൊതിഞ്ഞതാവാം എന്നും നാസ നിരീക്ഷിക്കുന്നു.

ഇത് മൂലമുണ്ടാവുന്ന തിളക്കമായിരിക്കാം ഔമുവാമുവയ്ക്ക് യഥാര്‍ത്ഥ രൂപത്തേക്കാള്‍ വലിപ്പം തോന്നിക്കുന്നത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ കണക്കാക്കുന്ന വലിപ്പത്തേക്കാള്‍ കുറവായിരിക്കാം ഔമുവാമുവയുടെ യഥാര്‍ത്ഥ വലിപ്പമെന്ന് നാസ കരുതുന്നു.

ഇതിനിടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ സൂര്യനും വ്യാഴത്തിനും ഇടയിലുള്ള  2011 SP25, 2017 RR2, 2017 SV13,2018 TL6 എന്നീ നാല് വസ്തുക്കളെ കുറിച്ച് പഠിക്കുകയുണ്ടായി. ഈ നാല് വസ്തുക്കളുടേയും ഉറവിടം സൗരയൂഥത്തിന് പുറത്തുനിന്നായിരിക്കാം എന്ന് കരുതുന്നു. സൂര്യനും വ്യാഴത്തിനും ഇടയിലുള്ള ഇവ സൂര്യനോട് അടുക്കുന്ന സമയത്ത് ഭൂമിയെ കടന്നുപോയിട്ടുണ്ടെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു. 

Oumuamua
ഔമുവാമുവ ചിത്രകാരന്റെ ഭാവനയിൽ

ഈ പഠനങ്ങള്‍ സൗരയൂഥത്തിലെ ഉല്‍ക്കകളുടേയും വാല്‍നക്ഷത്രങ്ങളുടെയും സവിശേഷതകളില്‍ നിന്നും വേറിട്ടുനില്‍ക്കുന്നവയാണെന്നും ഇവയ്ക്ക് ഒരു കൃത്രിമ ഉത്ഭവം തികച്ചും അനുയോജ്യമാണ് എന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗോളോര്‍ജ്ജതന്ത്രം (astrophysics) പ്രൊഫസര്‍ അബ്രഹാം ലോയെബ് പറഞ്ഞു. 

ഒരു അന്യഗ്രഹ ലോകത്ത് നിന്നും ഭൂമിയെകുറിച്ച് പഠിക്കുന്നതിനായി അയച്ചതായിരിക്കാം ഔമുവാമുവയെന്നും അദ്ദേഹം പറയുന്നു. 

എന്നാല്‍ അല്ലെന്‍ ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് ഔമുവാമുവയെ ആഴ്ചകളോളം നിരീക്ഷിച്ചുവെങ്കിലും ഒരു വിധത്തിലുമുള്ള റഡാര്‍ തരംഗങ്ങളോ മറ്റെന്തെങ്കിലും സിഗ്നകളോ ലഭിച്ചില്ല. ഇപ്പോള്‍ ഗായിയ ബഹിരാകാശ ടെലിസ്‌കോപ് (Gaia Space telescope) ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. 

Content Highlights: First human contact with aliens may have been missed