വിദൂര പ്രപഞ്ചത്തില്‍ ഉന്നതോര്‍ജ ന്യൂട്രിനോകളുടെയും കോസ്മിക് കിരണങ്ങളുടെയും ഒരു ഉറവിടം കണ്ടെത്തുന്നതില്‍ ആദ്യമായി വിജയിച്ചിരിക്കുന്നു. ഇതിനായി ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി നടത്തിയ നിരീക്ഷണം 'ന്യൂട്രിനോ അസ്‌ട്രോണമി'ക്ക് തുടക്കം കുറിക്കുകയാണെന്ന് ഗവേഷകര്‍

IceCube neutrino observatory
അന്റാര്‍ട്ടിക്കയിലെ ഐസ്‌ക്യൂബ് ലബോറട്ടറി. Credit: Icecube/NSF

 

ഭൂമിയില്‍ നിന്ന് 370 കോടി പ്രകാശവര്‍ഷം അകലെ നിന്നാണ് ആ ന്യൂട്രിനോ പുറപ്പെട്ടത്. പ്രപഞ്ചത്തിലെ അതിശക്തമായ കന്തികമണ്ഡങ്ങളും ഗുരുത്വബലകേന്ദ്രങ്ങളും മറ്റ് തടസ്സങ്ങളും അത് അതിജീവിച്ചു. ഒരുതരം പ്രലോഭനങ്ങളിലും വീഴാതെ നേര്‍രേഖയില്‍ സഞ്ചരിച്ചു. 'പ്രേതകണം' എന്നു വിളിപ്പേരുള്ള ന്യൂട്രിനോ, ഒടുവില്‍ ഭൂമിക്കുള്ളിലൂടെ ദക്ഷിണധ്രുവത്തിലെ ഹിമപാളി കടന്നു പോകുമ്പോള്‍ ഒരു ആറ്റത്തിന്റെ ന്യൂക്ലിയസുമായി കൂട്ടിയിടിച്ചു. 

2017 സെപ്റ്റംബര്‍ 22 നുണ്ടായ ആ കൂട്ടിയിടിയില്‍ പ്രത്യക്ഷപ്പെട്ട മ്യുവോണ്‍ കണം ന്യൂട്രിനോയുടെ അതേ ദിശയില്‍ മഞ്ഞിലൂടെ നീങ്ങി. അക്കാര്യം, അവിടെ പ്രവര്‍ത്തിക്കുന്ന 'ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി' കൃത്യമായി രേഖപ്പെടുത്തുകയും, ഇന്ന ദിശയില്‍ ഒരു ഉന്നതോര്‍ജ ന്യൂട്രിനോ എത്തിയിരിക്കുന്നു എന്ന സന്ദേശം ഭൂമിയിലും സ്‌പേസിലും പ്രവര്‍ത്തിക്കുന്ന ടെലസ്‌കോപ്പുകള്‍ക്ക് 43 സെക്കന്‍ഡിനകം കൈമാറുകയും ചെയ്തു. 

ഐസ്‌ക്യൂബിന്റെ സന്ദേശം സ്വീകരിച്ച് 18 ടെലസ്‌കോപ്പുകള്‍ ന്യൂട്രിനോയുടെ സഞ്ചാരദിശയിലേക്ക് നോട്ടം തിരിച്ചു. ആ നിരീക്ഷണങ്ങള്‍ 370 കോടി പ്രകാശവര്‍ഷമകലെയുള്ള ഒരു ഗാലക്‌സിയിലേക്ക് എത്തി. പത്തുകോടി സൂര്യന്‍മാര്‍ക്ക് സമാനമായ തമോഗര്‍ത്തം കേന്ദ്രത്തിലുള്ള ഒരു വാര്‍ത്തുള ഗാലക്‌സി. ഗാലക്‌സീകേന്ദ്രത്തിലെ തമോഗര്‍ത്തം അതിവേഗം കറങ്ങുന്നതിനാല്‍, വന്‍തോതിലുള്ള ഊര്‍ജപ്രവാഹം അതില്‍ നിന്നുണ്ടാകുന്നു. ഇത്തരം ഗാലക്‌സികള്‍ക്ക് 'ബ്ലേസറുകള്‍' (blazars) എന്നാണ് പേര്. TXS 0506+056 എന്ന് സാങ്കേതികനാമമുള്ള ആ ബ്ലേസറാണ്, ഉന്നതോര്‍ജമുള്ള ആ 'പ്രാപഞ്ചിക ന്യൂട്രിനോ' (cosmic neutrino) യുടെ ഉത്ഭവസ്ഥാനം എന്ന് ടെലസ്‌കോപ്പുകള്‍ തുടര്‍നിരീക്ഷണം വഴി സ്ഥിരീകരിച്ചു. 'വേട്ടക്കാരന്‍' എന്ന് മലയാളികള്‍ വിളിക്കുന്ന 'ഒറായണ്‍' (Orion) നക്ഷത്രഗണത്തില്‍ ഇടതുതോളിന്റെ ഭാഗത്താണ് ആ ബ്ലേസറിന്റെ സ്ഥാനം. 

ഉന്നതോര്‍ജമുള്ള 'പ്രാപഞ്ചിക ന്യൂട്രിനോ'കളുടെ ഒരു ഉറവിടം ആദ്യമായി കണ്ടെത്താന്‍ അങ്ങനെ ശാസ്ത്രലോകത്തിന് കഴിഞ്ഞു! വര്‍ഷംതോറും 50,000 ലേറെ ന്യൂട്രിനോകള്‍ ഐസ്‌ക്യൂബില്‍ കുടുങ്ങാറുണ്ടെങ്കിലും, അവയില്‍ ഏതാണ്ട് പത്തെണ്ണം മാത്രമേ ആകാശഗംഗയ്ക്ക് പുറത്തു നിന്നെത്തുന്ന ഉന്നതോര്‍ജ ന്യൂട്രിനോകളുള്ളൂ. അത്തരമൊരു ഉന്നതോര്‍ജ ന്യൂട്രിനോയുടെ ഉറവിടം തിരിച്ചറിയുന്നത് ഇപ്പോള്‍ ആദ്യമായാണ്. 

Neutrino, Ghost Particle
2017 സെപ്റ്റംബര്‍ 22 ന് ഐസ്‌ക്യൂബ് നടത്തിയ ന്യൂട്രിനോ നിരീക്ഷണം. ഉന്നതോര്‍ജ ന്യൂട്രിനോ മഞ്ഞില്‍ പതിച്ചുണ്ടാകുന്ന മ്യുവോണ്‍ ആണ് ചിത്രത്തില്‍. ന്യൂട്രിനോ ഡിറ്റെക്റ്ററിലെ ഓരോ സെന്‍സറും ശേഖരിച്ച പ്രകാശമാണ് വിവിധ നിറങ്ങളില്‍ ഗോളരൂപത്തില്‍ കാണപ്പെടുന്നത്. ചിത്രം കടപ്പാട്: IceCube Collaboration.

 

ഒരു ഹോളിവുഡ് ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന ഈ സംഭവപരമ്പരകള്‍ക്കും കണ്ടെത്തലിനും അനേകം മാനങ്ങളുള്ളതായി ഗവേഷകര്‍ പറയുന്നു. ഐസ്‌ക്യൂബിന്റെ പിടിയിലായ ഉന്നതോര്‍ജ ന്യൂട്രിനോ പുറപ്പെടുന്ന, പ്രപഞ്ചത്തിലെ സംഘര്‍ഷഭരിതമായ ഇടങ്ങളില്‍ നിന്നു തന്നെയാണ് 'കോസ്മിക് കിരണങ്ങളും' (cosmic rays) ഉത്ഭവിക്കുന്നത്. ഇപ്പോള്‍ നിരീക്ഷിച്ച ബ്ലേസറില്‍ നിന്ന് ഗാമാകിരണങ്ങള്‍ വലിയ ജ്വാലയായി ഉയരുന്നത് ടെലസ്‌കോപ്പുകള്‍ കണ്ടു. അതിനര്‍ഥം, കോസ്മിക് കിരണങ്ങളുടെ ഒരു ഉറവിടം കൂടിയാണ് അതെന്നാണ്. അങ്ങനെയെങ്കില്‍, ഒരു നൂറ്റാണ്ടിലേറെയായി ശാസ്ത്രലോകത്തിന് നിഗൂഢതയായി തുടരുന്ന കോസ്മിക് കിരണങ്ങളുടെ ഒരു ഉറവിടം കൂടിയാണ് ഐസ്‌ക്യൂബിന്റെ സഹായത്തോടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്! 

പ്രപഞ്ചനിരീക്ഷണത്തിനുള്ള ഉപാധിയായി ന്യൂട്രിനോകളെ ഉപയോഗിക്കാം എന്നതാണ് പുതിയ കണ്ടെത്തല്‍ മുന്നോട്ടു വെയ്ക്കുന്ന സാധ്യത. 'ന്യൂട്രിനോ അസ്‌ട്രോണമി' (Neutrino Astronomy) എന്ന പുത്തന്‍ പഠനശാഖയുടെ ഉത്ഘാടനമാണ് ഐസ്‌ക്യൂബ് നടത്തിയിരിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു.

ഐസ്‌ക്യൂബിന്റെ സന്ദേശം സ്വീകരിച്ച് തുടര്‍നിരീക്ഷണം നടത്തിയ 18 ടെലസ്‌കോപ്പുകളില്‍ രണ്ടെണ്ണം-നാസയുടെ 'ഫെര്‍മി ഗാമാ-റേ സ്‌പേസ് ടെലസ്‌കോപ്പ്', കാനറി ദ്വീപുകളില്‍ സ്ഥാപിച്ചിട്ടുള്ള ടെലസ്‌കോപ്പായ 'മാജിക്' (Major Atmospheric Gamma Imaging Cherenkov Telescope - MAGIC) എന്നിവയാണ് ആ വിദൂര ബ്ലേസറില്‍ നിന്ന് ഗാമാകിരണങ്ങളുടെ ജ്വാല ഉയരുന്നത് വ്യക്തമായി നിരീക്ഷിച്ചത്. തുടര്‍ ദിവസങ്ങളില്‍ മറ്റ് ടെലസ്‌കോപ്പുകളും ആ ബ്ലേസറില്‍ നിന്ന് വന്‍തോതില്‍ ഊര്‍ജകണങ്ങള്‍ പ്രവഹിക്കുന്നത് വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ രേഖപ്പെടുത്തി. 

ഐസ്‌ക്യൂബിന്റെ ന്യൂട്രിനോ നിരീക്ഷണവുമായി ചേര്‍ന്നു പോകുന്ന ആ നിരീക്ഷണങ്ങള്‍ വഴിയാണ്, കോസ്മിക് കിരണങ്ങളുടെ ഉറവിടങ്ങളില്‍ ഒന്നാണ് ആ ബ്ലേസര്‍ എന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്. ഐസ്‌ക്യൂബിന്റെ സഹായത്തോടെ ഉന്നതോര്‍ജ ന്യൂട്രിനോയുടെയും കോസ്മിക് കിരണങ്ങളുടെയും ഉറവിടം ആദ്യമായി കണ്ടെത്താന്‍ കഴിഞ്ഞ കാര്യം രണ്ട് പ്രബന്ധങ്ങളായി  'സയന്‍സ് ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ചു. 

വൈദ്യുതചാര്‍ജോ, കാര്യമായ ദ്രവ്യമാനമോ ഇല്ലാത്ത ഉപആറ്റോമിക കണമാണ് ന്യൂട്രിനോ. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ പോലെ സര്‍വ്വവ്യാപിയാണ് ന്യൂട്രിനോകളും. എന്നാല്‍, ഫോട്ടോണുകളില്‍ നിന്ന് വ്യത്യസ്തമായി ഏത് പദാര്‍ഥരൂപത്തിലൂടെയും ഒരു തടസ്സവും കൂടാതെ കടന്നുപോകാന്‍ ന്യൂട്രിനോകള്‍ക്ക് കഴിയും. അത്യപൂര്‍വമായി മാത്രമേ പദാര്‍ഥവുമായി ന്യൂട്രിനോകള്‍ ഇടപഴകൂ. എത്ര ശക്തിയേറിയ കാന്തികമണ്ഡലത്തിനും ന്യൂട്രിനോയെ ആകര്‍ഷിക്കാന്‍ കഴിയില്ല. ഈ സവിശേഷതകള്‍ കൊണ്ടാണ് അവയ്ക്ക് 'പ്രേതകണങ്ങള്‍' എന്ന വിളിപ്പേര് കിട്ടിയത്.

Blazer
ന്യൂട്രിനോയും കോസ്മിക് കിരണങ്ങളും പുറപ്പെടുന്ന ബ്ലേസര്‍, ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: IceCube/NASA.

 

ന്യൂട്രിനോകള്‍ മൂന്നിനമുണ്ട്; ഇലക്ട്രോണ്‍-ന്യൂട്രിനോ, മ്യുവോണ്‍-ന്യൂട്രിനോ, താവു-ന്യൂട്രിനോ എന്നിങ്ങനെ (മൂന്ന് വ്യത്യസ്ത 'ഫ്‌ളേവര്‍' (flavour) എന്നാണിത് പറയുക). ഭൂമിയിലെത്തുന്ന ന്യൂട്രിനോകളില്‍ വലിയൊരു പങ്ക് സൂര്യനില്‍ നിന്നുള്ളതാണ്. വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള ഏതാണ്ട് നൂറ് ലക്ഷം കോടി ന്യൂട്രിനോകള്‍ ഒരോ സെക്കന്‍ഡിലും നമ്മുടെ ശരീരത്തില്‍ കൂടി കടന്നുപോകുന്നു എന്നാണ് കണക്ക്. എന്നിട്ടും നമ്മളത് അറിയുന്നില്ല! 

ഒന്നിനും സ്വാധീനിക്കാന്‍ പറ്റാത്തതുകൊണ്ട്, കോടിക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ക്കകലെ രൂപപ്പെടുന്ന ഉന്നതോര്‍ജ ന്യൂട്രിനോകള്‍ക്ക് നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ കഴിയുന്നു. ഏതെങ്കിലും ആറ്റങ്ങളുടെ ന്യൂക്ലിയസുമായി കൂട്ടിയിടിക്കുമ്പോള്‍ മാത്രമാണ്, ന്യൂട്രിനോയുടെ സാന്നിധ്യം മനസിലാക്കാനാവുക. ന്യൂട്രിനോയും ആറ്റവുമായുള്ള കൂട്ടിയിടിയില്‍ മ്യുവോണ്‍ പോലെ ചാര്‍ജുള്ള കണം പുറത്തുവരും. വെള്ളമോ ഹിമപാളിയോ ഉള്ളിടത്ത് ന്യൂട്രിനോ സഞ്ചരിക്കുമായിരുന്ന അതേ പാതയില്‍ ആ സെക്കന്ററി കണം നീങ്ങുമ്പോള്‍, അതിന് ചാര്‍ജുള്ളതിനാല്‍ ഒരു നേര്‍ത്ത പ്രകാശപാത അവശേഷിപ്പിക്കും ('ചെരങ്കോവ് റേഡിയേഷന്‍' എന്നാണിതിന്റെ പേര്). ഐസ്‌ക്യൂബില്‍ സംഭവിച്ചത് ഇതാണ്. 2017 സെപ്റ്റംബര്‍ 22 ന് വിദൂരപ്രപഞ്ചത്തില്‍ നിന്നെത്തിയ ഉന്നതോര്‍ജ ന്യൂട്രിനോയെ നിരീക്ഷിക്കാനായത് ഇങ്ങനെയാണ്.

ന്യൂട്രിനോകളില്‍ നിന്ന് വ്യത്യസ്തമാണ് കോസ്മിക് കിരണങ്ങളുടെ കാര്യം. ചാര്‍ജുള്ള ഉന്നതോര്‍ജ കണങ്ങളാണ് അവ. ചാര്‍ജുള്ള കണങ്ങളായതിനാല്‍, പ്രപഞ്ചത്തിലെ ശക്തമായ കാന്തികമണ്ഡലങ്ങളുടെയും മാറ്റും സ്വാധീനത്താല്‍ അവയുടെ സഞ്ചാരപഥങ്ങള്‍ തുടരെ മാറിക്കൊണ്ടിരിക്കും. ബാഹ്യപ്രപഞ്ചത്തില്‍ ഏല്ലാ ദിക്കില്‍നിന്നും ഏതാണ്ട് പ്രകാശവേഗത്തില്‍ ഭൗമാന്തരീക്ഷത്തില്‍ ഇത്തരം കണങ്ങള്‍ പതിക്കുന്നതായി കാണപ്പെടുന്നത് അതുകൊണ്ടാണ്. ഇതു മൂലം, ന്യൂട്രിനോയെപ്പോലെ സഞ്ചാരപഥത്തിലൂടെ പിന്നോട്ടുപോയി കോസ്മിക് കണങ്ങളുടെ ഉത്ഭവസ്ഥാനം കണ്ടെത്തുക സാധ്യമല്ല. 1912 ല്‍ ഓസ്ട്രിയന്‍ ഗവേഷകനായ വിക്ടര്‍ ഹെസ്സ് ആണ് ബാഹ്യപ്രപഞ്ചത്തില്‍ എല്ലാ ദിക്കില്‍ നിന്നും കോസ്മിക് കിരണങ്ങള്‍ ഭൂമിയില്‍ പതിക്കുന്ന കാര്യം കണ്ടെത്തിയത്. ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും അവയുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആ നിഗൂഢതയാണ് ഇപ്പോള്‍ ഐസ്‌ക്യൂബിന്റെ ന്യൂട്രിനോ നിരീക്ഷണം വഴി ഭാഗികമായി അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്!
 
'ഐസ്‌ക്യൂബ് പോലെ ബൃഹത്തായ ഒരു ഡിറ്റക്ടിന് മാത്രമേ ഇത്തരമൊരു കണ്ടെത്തല്‍ നടത്താനാകൂ'-ഐസ്‌ക്യൂബ് കൂട്ടായ്മയില്‍ അംഗവും, അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ പ്രൊഫസറുമായ ജാനറ്റ് കോണ്‍റാഡ് പറഞ്ഞു. '2005 ലാണ് ഐസ്‌ക്യൂബ് സ്ഥാപിക്കാന്‍ ആരംഭിച്ചത്. അഞ്ചുവര്‍ഷം വേണ്ടിവന്നു പൂര്‍ത്തിയാക്കാന്‍. എങ്ങനെ ധൃതഗതിയില്‍ ഡേറ്റാ വിശകലനം ചെയ്ത് മറ്റ് ടെലസ്‌കോപ്പുകള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കാമെന്ന് പഠിക്കാന്‍ പിന്നെയും വേണ്ടിവന്നു അഞ്ചുവര്‍ഷം!'-അവര്‍ ചൂണ്ടിക്കാട്ടുന്നു. 

Orion costallation
ഒറായണ്‍ നക്ഷത്രഗണത്തിന്റെ ഇടതുതോളിന്റെ ഭാഗത്താണ്, കോസ്മിക് കിരണങ്ങളുടെ ഉറവിടമായ ബ്ലാസര്‍ TXS 0506+056. ചിത്രം കടപ്പാട്: IceCube/NASA.

 

വലുപ്പം വെച്ച് നോക്കിയാല്‍ ലോകത്തെ ഏറ്റവും വലിയ കണികാഡിറ്റെക്ടറാണ് ഐസ്‌ക്യൂബ്. ദക്ഷിണധ്രുവത്തിലെ 'അമന്‍ഡ്‌സെന്‍-സ്‌കോട്ട് സൗത്ത് പോള്‍ സ്‌റ്റേഷനി'ല്‍ (Amundsen–Scott South Pole Station) സ്ഥാപിച്ചിട്ടുള്ള ഐസ്‌ക്യൂബ് 2010 ഡിസംബര്‍ 18 നാണ് പ്രവര്‍ത്തനം തുടങ്ങിയത്. ദക്ഷിണധ്രുവത്തിലെ സംശുദ്ധമായ ഹിമപാളികള്‍ക്കുള്ളില്‍ രണ്ടു കിലോമീറ്റര്‍ താഴ്ചയില്‍ ഒരു ഘനകിലോമീറ്റര്‍ വലുപ്പത്തിലാണ് ഐസ്‌ക്യൂബ് സ്ഥിതിചെയ്യുന്നത്. ഒറ്റ ചട്ടക്കൂട്ടില്‍ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ള 5000 പ്രകാശ സെന്‍സറുകളുടെ ശൃംഖല ഐസ്‌ക്യൂബിലുണ്ട്. 

മഞ്ഞിനുള്ളില്‍ ഏതെങ്കിലുമൊരു ആറ്റത്തിന്റെ ന്യൂക്ലിയസില്‍ ന്യൂട്രിനോ വന്നിടിച്ച് മ്യുവോണ്‍ പോലുള്ള സെക്കന്‍ഡറി കണം രൂപപ്പെട്ട് നീങ്ങുമ്പോള്‍ മഞ്ഞില്‍ അത് അവശേഷിക്കുന്ന തിളക്കമാര്‍ന്ന അടയാളം ഐസ്‌ക്യൂബിലെ സെന്‍സറുകള്‍ മാപ്പുചെയ്‌തെടുക്കുകയാണ് ചെയ്യുക. അതുപയോഗിച്ചാണ് ന്യൂട്രിനോയുടെ ഉറവിടം നിര്‍ണയിക്കുക.

ഐസ്‌ക്യൂബ് ആകാശനിരീക്ഷണം നടത്തുന്നത് ഭൂമിയുടെ വടക്കന്‍ അര്‍ധഗോളത്തിലൂടെയാണ്. ഏതാനും മിനുറ്റുകളില്‍ ഒന്ന് എന്ന കണക്കിന് ഐസ്‌ക്യൂബ് ന്യൂട്രിനോകളെ രേഖപ്പെടുത്താറുണ്ട്. അന്തരീക്ഷത്തില്‍ കോസ്മിക് കിരണങ്ങള്‍ പതിച്ചുണ്ടാകുന്ന ന്യൂട്രിനോകളാണ് അവ. എന്നാല്‍, സെപ്റ്റംബര്‍ 22 ന് നിരീക്ഷിച്ച ന്യൂട്രിനോ ഏതാണ്ട് 300 TeV (Tera Electron Volt) ഊര്‍ജനിലയുള്ളതായിരുന്നു. മനുഷ്യന്‍ ഇതുവരെ സൃഷ്ടിച്ച ഏറ്റവും ശക്തിയേറിയ കണികാത്വരകമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളഡൈറിലെ (LHC) കണങ്ങളുടെ ഊര്‍ജനില 6.5 TeV മാത്രമാണെന്നറിയുക! എല്‍.എച്ച്.സി.യിലെ കണികകളെ അപേക്ഷിച്ച് 45 മടങ്ങ് കൂടുതല്‍ ഊര്‍ജമുള്ളതായിരുന്നു ഐസ്‌ക്യൂബ് രേഖപ്പെടുത്തിയ ന്യൂട്രിനോ! 

യു.എസില്‍ മാഡിസണിലെ വിസ്‌കോന്‍സിന്‍ യൂണിവേഴ്‌സിറ്റി നേതൃത്വം നല്‍കുന്ന ഐസ്‌ക്യൂബ് കൂട്ടായ്മയില്‍ 12 രാജ്യങ്ങളിലെ 49 ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നായി 300 ഗവേഷകര്‍ പ്രവര്‍ത്തിക്കുന്നു. 

ഉന്നതോര്‍ജ ന്യൂട്രിനോ നിരീക്ഷിച്ചതുകൊണ്ട് ഐസ്‌ക്യൂബിന്റെ ലക്ഷ്യങ്ങള്‍ അവസാനിക്കുന്നില്ല. സാക്ഷാല്‍ ഐന്‍സ്‌റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം പോലും സൂക്ഷ്മതലത്തില്‍ പരീക്ഷിക്കാനുള്ള സാധ്യത അത് തുറന്നിടുന്നു. അതെപ്പറ്റി അടുത്ത ലക്കത്തില്‍. 

അധിക വായനയ്ക്ക് -

* 'Multimessenger observations of a flaring blazar coincident with high-energy neutrino IceCube-170922A'. Science,13 Jul 2018.
* 'Neutrino emission from the direction of the blazar TXS 0506+056 prior to the IceCube-170922A alert'. Science,13 Jul 2018.
* 'IceCube neutrinos point to long-sought cosmic ray accelerator'. By the IceCube Collaboration, 12 Jul 2018 10:00 AM.
* '3Q: Janet Conrad on the first detection of a neutrino's cosmic source'. By JENNIFER CHU, MIT NEWS OFFICE JULY 13, 2018. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Neutrino, Cosmic Rays, Ghost Particle, Neutrino Astronomy, cosmic neutrinos, IceCube neutrino observatory, cosmic ray source