അമ്പരപ്പിക്കുന്ന കണ്ടെത്തലായിരുന്നു ഓസ്‌ട്രേലിയയിലെ 'തീപ്പരുന്തുകളെ'ക്കുറിച്ചുള്ളത്. എളുപ്പത്തില്‍ ഇരപിടിക്കാന്‍ അവ കാടിനു മനപ്പൂര്‍വ്വം തീയിടുന്നു!

ഡാര്‍വിന്‍ പറഞ്ഞ സംഗതി ഡാര്‍വിനില്‍ നിന്നുള്ള ഒരാള്‍ തിരുത്തുക! കേള്‍ക്കുമ്പോള്‍ കൗതുകം തോന്നും. ആദ്യത്തേത് സാക്ഷാല്‍ ചാള്‍സ് ഡാര്‍വിനാണ്, അടുത്തത് വടക്കന്‍ ഓസ്‌ട്രേലിയയിലെ മുഖ്യപട്ടണമായ ഡാര്‍വിനും! തീ ഉപയോഗിക്കുന്ന ഏക ജീവിവര്‍ഗ്ഗം ഹോമോ സാപ്പിയന്‍സ് ആണെന്ന ഡാര്‍വിന്റെ നിരീക്ഷണമാണ്, ഡാര്‍വിനില്‍ താമസിക്കുന്ന ഓസ്‌ട്രേലിയന്‍ ഗവേഷകന്‍ ബോബ് ഗോസ്ഫഡ് തിരുത്തുന്നത്. 

എത്‌നോബയോളജി (വംശീയജീവശാസ്ത്രം) ആണ് ഗോസ്ഫഡിന്റെ പഠനമേഖല. ഓസ്‌ട്രേലിയന്‍ ആദിമനിവാസികളുടെ പരമ്പരാഗത അറിവുകളുടെ സഹായത്തോടെ പക്ഷികളെക്കുറിച്ച് പഠിക്കുകയാണ് അദ്ദേഹം. ഗോസ്ഫഡും സംഘവും വര്‍ഷങ്ങളോളം നടത്തിയ പഠനത്തിന്റെ ഫലം കഴിഞ്ഞ വര്‍ഷം പുറത്തുവന്നപ്പോള്‍, അത് അമ്പരപ്പുണ്ടാക്കി. വടക്കന്‍ ഓസ്‌ട്രേലിയയില്‍ ചിലയിനം പരുന്തുകള്‍ ഇരകളെ എളുപ്പത്തില്‍ കിട്ടാന്‍ കാടിനും പുല്‍മേടുകള്‍ക്കും മനപ്പൂര്‍വ്വം തീവെയ്ക്കാറുണ്ട് എന്നായിരുന്നു കണ്ടെത്തല്‍! 

മനുഷ്യന്റെ കാര്യത്തില്‍, തീയുണ്ടാക്കാനും ഉപയോഗിക്കാനും കഴിഞ്ഞത് ചരിത്രത്തിലെ നാഴികക്കല്ലായിട്ടാണ് കരുതുന്നത്. പ്രാകൃതരായി വേട്ടയാടിയും പെറുക്കിയും വന്യജീവിതം നയിച്ചിരുന്നവര്‍ക്ക് എന്തെല്ലാം സാധ്യതകളാണ് തീ നല്‍കിയതെന്ന് നോക്കുക-തണുപ്പകറ്റാം, ഭക്ഷണം പാകംചെയ്യാം, ആക്രമിക്കാന്‍ വരുന്ന മറ്റ് മൃഗങ്ങളെ ആട്ടിയകറ്റാം. ചൂടും സുരക്ഷയും മുന്തിയ ഭക്ഷണവും മാത്രമല്ല, സാമൂഹിക ജീവിതവും തീ വഴി പുനര്‍നിര്‍വ്വചിക്കപ്പെട്ടു. തീയുടെ ചുറ്റും ഒരുമിച്ചിരിക്കുമ്പോള്‍, ആശയവിനിമയം ഫലപ്രദമാകും! പരദൂഷണത്തിനൊപ്പം ചുറ്റുപാടുകളെക്കുറിച്ചുള്ള വിവരങ്ങളും കൂടുതലായി പങ്കുവെയ്ക്കപ്പെടും. 

പുതിയ പഠനങ്ങള്‍ പ്രകാരം, ആധുനിക മനുഷ്യവര്‍ഗ്ഗം (ഹോമോ സാപ്പിയന്‍സ്) ഭൂമുഖത്ത് പ്രത്യക്ഷപ്പെടുന്നതിനും വളരെ മുമ്പുതന്നെ പ്രാചീന നരവംശങ്ങള്‍ തീ ഉണ്ടാക്കാനും ഉപയോഗിക്കാനും തുടങ്ങിയിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ കുറഞ്ഞത് പത്തുലക്ഷം വര്‍ഷം മുമ്പ് തീ ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവ്, ദക്ഷിണാഫ്രിക്കയിലെ 'വണ്ടര്‍വെര്‍ക്ക് ഗുഹ' (Wonderwerk Cave) യില്‍ നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്  (PNAS, May 15, 2012). 

Birds start Forest Fire in Australia
ബ്ലാക്ക് കൈറ്റ് പരുന്ത്, പുല്ലിന്റെ തണ്ടുമായി. Pic Credit: Bob Gosford.

അങ്ങനെയെങ്കില്‍, പത്തുലക്ഷം വര്‍ഷത്തിനിടെ നരവംശമല്ലാതെ മറ്റൊരു ജീവിവര്‍ഗ്ഗം സ്വന്തം നേട്ടത്തിനായി തീ ഉപയോഗിക്കുന്നതിന്റെ ആദ്യ തെളിവാണ്, ഗോസ്ഫഡും സംഘവും കണ്ടെത്തിയത് (Journal of Ethnobiology, Dec 2017). യു.എസില്‍ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ എര്‍ത്ത് സയന്‍സസ് വകുപ്പിലെ മാര്‍ക്ക് ബോന്റ (Mark Bonta) ആയിരുന്നു പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവ്.

ചെറുജീവികളെയും ഇഴജന്തുക്കളെയും വലിയ പ്രാണികളെയുമൊക്കെ വേട്ടയാടുന്ന ഇരപിടിയന്‍മാരായ പക്ഷികളെ 'റാപ്റ്ററുകള്‍' (raptors) എന്നാണ് വിളിക്കുക. നീണ്ടുവളഞ്ഞ കൊക്കും കൂര്‍ത്ത നഖങ്ങളുമുള്ളവ. പരുന്തുകളും മൂങ്ങകളുമൊക്കെ റാപ്റ്ററുകളാണ്. അസാധാരണമായ കാഴ്ചശക്തിയാണ് ഇത്തരം ഇരപിടിയന്‍മാരുടെ സവിശേഷത. ഉയരത്തില്‍ പറക്കുമ്പോള്‍ തന്നെ, താഴെയുള്ള ചെറുജീവികളെ പോലും കാണാനും, ഒറ്റയടിക്ക് താഴ്ന്നുപറന്ന് അവയെ റാഞ്ചിയെടുക്കാനും അവയ്ക്ക് കഴിയും. 

തീയുടെ സാന്നിധ്യം ഇഷ്ടപ്പെടുന്ന ചില ജീവികള്‍ (pyrophiles) ഉണ്ട്. അവയില്‍ ചില റാപ്റ്ററുകളും ഉള്‍പ്പെടുന്നു. പുല്‍മേടുകളിലും കുറ്റിക്കാട്ടിലും തീ പടരുമ്പോള്‍, രക്ഷപ്പെടാന്‍ വെപ്രാളപ്പെട്ടോടുന്ന ചെറുജീവികളെ എളുപ്പത്തില്‍ പടിക്കാം! തീയില്‍ കുടുങ്ങി ചത്ത ജീവികളെയും കിട്ടും. തീയണഞ്ഞ ശേഷം, ചാരംമൂടിയ പ്രദേശത്ത് ഒട്ടേറെ ജീവികളുടെ വെന്തശരീരം കാണും. എന്നുവെച്ചാല്‍, ഇത്തരം റാപ്റ്ററുകള്‍ തീപ്പിടുത്തം ഒരു അവസരമായി കാണുന്നു. രുചികരമായ ഭക്ഷണം എളുപ്പത്തില്‍ ലഭിക്കാനുള്ള അവസരം! പടിഞ്ഞാറന്‍ ആഫ്രിക്ക, പാപ്പുവ ന്യൂഗിനി, ബ്രസീല്‍, യു.എസിലെ ടെക്‌സാസ്, ഫ്‌ളോറിഡ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റാപ്റ്ററുകളുടെ ഈ സ്വഭാവം 1941 മുതല്‍ ഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

എന്നാല്‍, ഇതിനെ കടത്തിവെട്ടുന്ന സംഗതിയാണ്, വടക്കന്‍ ഓസ്‌ട്രേലിയയിലെ പുല്‍മേടുകളില്‍ (സാവന്ന പ്രദേശത്ത്) അരങ്ങേറുന്നത്. അവിടെ കാണപ്പെടുന്ന പരുന്തുവര്‍ഗ്ഗത്തില്‍ മൂന്നിനങ്ങള്‍ (Black Kites (Milvus migrans), Whistling Kites (Haliastur sphenurus), Brown Falcons (Falco berigora)) കാട്ടുതീ പടരുന്ന സ്ഥലത്തുനിന്ന് കത്തുന്ന കമ്പുകളും പുല്‍ക്കൊടികളും കൊത്തിയെടുത്ത് ദൂരെ മറ്റൊരിടത്ത് കൊണ്ടിട്ട് തീപ്പിടിപ്പിക്കുന്നു! എന്നിട്ട്, തീ പടരുന്നതും നോക്കി അടുത്തുള്ള മരക്കൊമ്പില്‍ സ്ഥാനം പിടിക്കുന്നു, തീയില്‍ നിന്ന് രക്ഷപ്പെട്ടോടി വരുന്ന ചെറുജീവികളെയും വലിയ പ്രാണികളെയും ഉരഗങ്ങളെയും പിടിക്കാന്‍! 

Firehawks
വടക്കന്‍ ഓസ്‌ട്രേലിയന്‍ പുല്‍മേടുകളില്‍ തീയിടുന്ന പരുന്ത്. Pic Credit: Bob Gosford

ഊഷരമായ പ്രദേശമാണ് വടക്കന്‍ ഓസ്‌ട്രേലിയയിലെ ട്രോപ്പിക്കല്‍ സാവന്ന മേഖല. അവിടെ പുല്‍മേടുകള്‍ക്ക് നിയന്ത്രിതമായ നിലയില്‍ ആദിമനിവാസികള്‍ മനപ്പൂര്‍വ്വം തീയിടാറുണ്ട്. ഉപകാരമില്ലാത്ത ചെടികളെ ഒഴിവാക്കി, ഭക്ഷ്യയോഗ്യമായ വളര്‍ത്തുകയാണ് ലക്ഷ്യം. കൂടാതെ, ഇറച്ചിക്ക് അവര്‍ പിടിക്കുന്ന കാംഗരു, എമു തുടങ്ങിയ ജീവികളെ ആകര്‍ഷിക്കാന്‍ അവ ഇഷ്ടപ്പെടുന്ന സസ്യങ്ങള്‍ വളര്‍ത്താനും തീയിടാറുണ്ട്. 65,000 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയില്‍ മനുഷ്യന്‍ എത്തിയതു മുതല്‍ ഈ പ്രവര്‍ത്തനം നടന്നിട്ടുണ്ട്. 

ആ പ്രദേശത്ത് തങ്ങള്‍ മാത്രമല്ല, ചിലയിനം പരുന്തുകളും കാട്ടുതീയുണ്ടാക്കുന്ന കാര്യം തദ്ദേശവാസികള്‍ക്ക് അറിയാം. 'തീപ്പരുന്തുകള്‍' (firehawks) എന്നാണവയെ വിളിക്കുന്നത്. അവിടുത്തെ ആദിമനിവാസികളുടെ പല അനുഷ്ഠാനങ്ങളിലും തീപ്പരുന്തുകള്‍ കടന്നുവരുന്നുണ്ട്. 

വൈപ്പുല്‍ദന്യ (Waipuldanya) എന്നൊരു ആദിമനിവാസി 1962-ല്‍ പ്രസിദ്ധീകരിച്ച 'ഐ, ദി അബോറിജിനല്‍' ('I, the Aboriginal) എന്ന ആത്മകഥയില്‍ തീപ്പരുന്തുകളെപ്പറ്റി എഴുതിയിട്ടുണ്ട്. 'കത്തിപ്പുകയുന്ന മരക്കമ്പ് കൂര്‍ത്ത നഖങ്ങളിലെടുത്ത് ഒരു പരുന്ത്, അര മൈല്‍ അകലെ ഉണങ്ങിയ പുല്‍മേട്ടില്‍ കൊണ്ടിടുന്നത് ഞാന്‍ കണ്ടു. എന്നിട്ട്, തീ കത്തിപടരുമ്പോള്‍ അവിടുന്ന് ജീവന്‍ രക്ഷിക്കാന്‍ പലായനം ചെയ്യുന്ന ചെറുമൃഗങ്ങളെയും ഇഴജന്തുക്കളെയും പിടിക്കാന്‍ ഇണയോടൊപ്പം അതവിടെ കാത്തിരുന്നു. അവിടം കത്തിതീര്‍ന്നപ്പോള്‍, പുതിയൊരിടത്ത് ഇക്കാര്യം ആവര്‍ത്തിച്ചു. പരുന്തുകളുണ്ടാക്കുന്ന ആ തീയെ ഞങ്ങള്‍ 'ജാറുലാന്‍' (Jarulan) എന്നാണ് വിളിക്കുക.........ഞങ്ങളുടെ പൂര്‍വികര്‍ ഈ വിദ്യ പക്ഷികളില്‍ നിന്ന് പഠിച്ചിരിക്കാനും സാധ്യതയുണ്ട്'-ഗോഡ്ഫഡും സംഘവും പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ വൈപ്പുല്‍ദന്യയുടെ വാക്യങ്ങള്‍ ഉദ്ധരിക്കുന്നു. 

വടക്കന്‍ ഓസ്‌ട്രേലിയയില്‍ ഏതാണ്ട് 2400 കിലോമീറ്റര്‍ നീളവും ആയിരം കിലോമീറ്റര്‍ വീതിയും കണക്കാക്കാവുന്ന പ്രദേശത്താണ് തീപ്പരുന്തുകള്‍ കാണപ്പെടുന്നതെന്ന് പഠനം പറയുന്നു. ലോകത്ത് വിവിധ പ്രദേശങ്ങളിലെ ഇത്തരം ട്രോപ്പിക്കല്‍ പുല്‍മേടുകളിലെ തീപ്പിടുത്തം, പക്ഷികളും മനുഷ്യരും അതിനോട് നടത്തുന്ന പ്രതികരണങ്ങള്‍, തുടങ്ങിയവയുമായി ബന്ധപ്പെട്ട നരവംശശാസ്ത്ര പഠനങ്ങളും പക്ഷിഗവേഷണങ്ങളുമെല്ലാം ഗോസ്ഫഡും സംഘവും പുനപ്പരിശോധിച്ചു. ഒപ്പം, വര്‍ഷങ്ങളോളം തീപ്പരുന്തുകളുടെ പ്രവര്‍ത്തനം നേരിട്ടു നിരീക്ഷിച്ചവരുടെ സാക്ഷ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ചു. 

Firehawks
വടക്കന്‍ ഓസ്‌ട്രേലിയയിലെ 'തീപ്പരുന്തു'കളില്‍പെട്ട ബ്ലാക്ക് കൈറ്റുകള്‍. Pic Credit: Bob Gosford

തീ പടരുന്ന സ്ഥലത്തുനിന്ന് കത്തുന്ന കമ്പുകളോ പുല്‍ശാഖകളോ അടത്തിയെടുത്തു പറന്ന് തീപ്പരുന്തുകള്‍ വേറൊരിടത്ത് തീയിടുന്നത് നേരിട്ടു കണ്ടതായി, വടക്കന്‍ ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ 12 വ്യത്യസ്ത ഗ്രൂപ്പുകള്‍ നടത്തിയ സാക്ഷ്യപ്പെടുത്തലുകള്‍ പഠനറിപ്പോര്‍ട്ടിലുണ്ട്. അതിനു പുറമേ, പതിറ്റാണ്ടുകളായി മേഖലയില്‍ കാട്ടുതീ ചെറുക്കാനും നിയന്ത്രിക്കാനും പ്രവര്‍ത്തിക്കുന്ന പുറമേ നിന്നുള്ള രണ്ടു ഗവേഷകരുടെ സാക്ഷ്യങ്ങളും.

പരുന്തുകള്‍ കാടിന് തീയിടുന്നതിനെപ്പറ്റി ആദ്യം സൂചന ലഭിച്ചപ്പോള്‍, അത് ആ പക്ഷികള്‍ കരുതിക്കൂട്ടി ചെയ്യുന്നതാവാന്‍ വഴിയില്ലെന്ന് പല ഗവേഷകരും അഭിപ്രായപ്പെട്ടു. എന്നാല്‍, ഗോസ്ഫഡിന്റെ നേതൃത്വത്തില്‍ നടന്ന പഠനം അത്തരം തര്‍ക്കങ്ങള്‍ക്ക് തിരശ്ശീലയിടുന്നു. പഠനം അസന്നിഗ്ധമായി പറയുന്നത് ഇതാണ്: തീപ്പരുന്തുകള്‍ അത് മനപ്പൂര്‍വ്വം ചെയ്യുന്നതാണ്! ഒരുപക്ഷേ, വൈപ്പുല്‍ദന്യ കുറിച്ചതുപോലെ, അവരുടെ പൂര്‍വ്വികര്‍ പക്ഷികളില്‍ നിന്നാകാം ഈ വിദ്യ പഠിച്ചത്. അങ്ങനെയെങ്കില്‍, ശാസ്ത്രഗ്രന്ഥകാരന്‍ ആദം റൂഥര്‍ഫോര്‍ഡിന്റെ അഭിപ്രായത്തില്‍, ജീവിവര്‍ഗ്ഗങ്ങളുടെ മതിലുകള്‍ കടന്നുള്ള സാംസ്‌കാരിക കൈമാറ്റമാണ് ഇതില്‍ പ്രകടമാകുന്നത്. 

പക്ഷികളായാലും മനുഷ്യരായാലും തീ കൊണ്ട് കളിക്കുമ്പോള്‍ അതില്‍ ഗൗരവമായ റിസ്‌കുണ്ട്. ആ റിസ്‌ക് വിലയിരുത്താന്‍ ശേഷിയില്ലെങ്കില്‍, തീക്കളിക്ക് ആരും നില്‍ക്കില്ല. തീപ്പരുന്തുകള്‍ക്ക് അതിന് കഴിയും എന്നാണ് മനസിലാക്കേണ്ടത്. തീ അവയെ സംബന്ധിച്ചിടത്തോളം ഒരു ആയുധമാണെന്ന് ആദം റൂഥര്‍ഫോര്‍ഡ് നിരീക്ഷിക്കുന്നു. മറ്റൊരു രീതിയില്‍ ലഭ്യമല്ലാത്ത രുചികരമായ ഭക്ഷണം കിട്ടാന്‍ സഹായിക്കുന്ന ആയുധം!  

അവലംബം -

* Intentional Fire-Spreading by 'Firehawk' Raptors in Northern Australia. By Mark Bonta, et al. Journal of Ethnobiology, Vol.3. No.4| December 2017.
* The Book of Humans: The Story of how we become Us (2018). By Adam Rutherford. Weidenfeld & Mocolson, London. p. 60-65. 
* Australian 'Firehawk' Raptors Intentionally Spread Wildfires. By Justine E. Hausheer. blog.nature.org, Jan 21, 2018.
* Microstratigraphic evidence of in situ fire in the Acheulean strata of Wonderwerk Cave, Northern Cape province, South Africa. By Francesco Berna, et al. Proceedings of the National Academy of Sciences (PNAS), May 15, 2012.  

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Firehawks, Raptors, Grassland fire, Taming of fire, Birds start Forest Fire in Australia, Ornithology