ലാവാപ്രവാഹം നിലയ്ക്കാതെ ഐസ്‌ലാന്റിലെ ഫാഗ്രദാള്‍സ്ഫിയാല്‍ അഗ്നിപര്‍വതം. 700 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി മാര്‍ച്ചിലാണ് ഫാഗ്രദാള്‍സ്ഫിയാല്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. അന്ന് മുതല്‍ ഇവിടെ നിലയ്ക്കാതെ ലാവ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്. അഗ്നിപര്‍വതത്തില്‍നിന്ന് പുറത്തുവരുന്ന ലാവ നേരിട്ട് ലാവാ ട്യൂബിനുള്ളിലൂടെ ഒഴുകി നീങ്ങുകയാണ്. 

നത്താഗി താഴ് വരയുടെ തെക്കേ അറ്റത്താണ് ലാവാപ്രവാഹം കൂടുതലുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പ് ഗെലിംഗടലൂരില്‍നിന്ന് ഇടുങ്ങിയ താഴ്വരയിലൂടെ ലാവ നതാഗിയിലേക്ക് നിറഞ്ഞൊഴുകുകയായിരുന്നു. നതാഗിയില്‍ ലാവ കൂടുതല്‍ ഇടത്തിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 

അതിനിടെ ഏത് വഴിക്കും ലാവാപ്രവാഹം സംഭവിച്ചേക്കാവുന്ന നത്താഗക്രിക് മേഖലയിലേക്കുള്ള ലാവാപ്രവാഹത്തിന് കാലതാമസം വരുത്തുവാനും ഒഴുക്കിന്റെ ഗതി മാറ്റുവാനുമായി മതില്‍ നിര്‍മിക്കാനാണ് ഗ്രിന്റാവിക് സിവില്‍ ഡിഫന്‍സിന്റെ തീരുമാനം. 

ഇവിടെനിന്നുള്ള ദൃശ്യങ്ങള്‍ കുറേ ദിവസങ്ങളായി, യുട്യൂബില്‍ വിവിധ ആംഗിളുകളിലായി ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.

700 വര്‍ഷങ്ങള്‍ക്കിപ്പുറം സംഭവിച്ച അഗ്നിപര്‍വത സ്‌ഫോടനം എന്ന നിലയില്‍ ഈ പ്രതിഭാസം കാണാന്‍ നിരവധി ആളുകള്‍ ഇവിടേക്ക് എത്തിയിരുന്നു. മാര്‍ച്ച് മുതല്‍ നിലയ്ക്കാതെ ലാവ ഒഴുകിക്കൊണ്ടിരിക്കുകയാണെങ്കിലും അടുത്തൊന്നും വലിയ ജനവാസ മേഖലയില്ലാത്തതിനാല്‍ ഇതുവരെ അപകടങ്ങളുണ്ടാക്കിയിട്ടില്ല. എങ്കിലും ലാവാപ്രവാഹത്തിന്റെ വേഗത്തില്‍ മാറ്റമില്ലാത്തത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

Content Highlights: