exoplanet

നാസയുടെ കെപ്ലര്‍ ദൗത്യം ശേഖരിച്ച ഡേറ്റയുപയോഗിച്ച് നൂറിലേറെ അന്യഗ്രഹങ്ങളെക്കൂടി തിരിച്ചറിയുന്നതില്‍ ജ്യോതിശാസ്ത്രജ്ഞര്‍ വിജയിച്ചു. ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള വിവിധ ടെലസ്‌കോപ്പുകളുടെ സഹായോത്തോടെയാണ് ഇത്രയും അന്യഗ്രഹങ്ങളുടെ സാന്നിധ്യം ഗവേഷകര്‍ സ്ഥിരീകരിച്ചത്.

പുതിയതായി തിരിച്ചറിഞ്ഞ ഗ്രഹങ്ങളില്‍ ഭൂമിയെക്കാള്‍ വലുപ്പം കുറഞ്ഞവയും വ്യാഴത്തെക്കാള്‍ വലുപ്പമുള്ളവയും ഉള്‍പ്പെടുന്നതായി, ഹാവായ് സര്‍വ്വകലാശാല പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പറയുന്നു. ഏഴ് രാജ്യങ്ങളില്‍ നിന്നായി 44 ഗവേഷകര്‍ സഹകരിച്ച് നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തലുണ്ടായത്. അതില്‍ ആറം ഹാവായ് ഗവേഷകരും ഉള്‍പ്പെടുന്നു.

മാതൃനക്ഷത്രങ്ങളോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്നവയാണ് പുതിയതായി തിരിച്ചറിഞ്ഞ മിക്ക ഗ്രഹങ്ങളും. പല നക്ഷത്രങ്ങളെയും ഒന്നിലേറെ ഗ്രഹങ്ങള്‍ ചുറ്റുന്നുണ്ട്. അതില്‍ ഒരു നക്ഷത്രത്തിന് നാല് ഗ്രഹങ്ങളുള്ളതില്‍ രണ്ടെണ്ണത്തിന് ഭൂമിയിലെ താപനിലയാണുള്ളതെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു.

exoplanets

'ഗ്രഹങ്ങളുടെ വൈവിധ്യം അത്ഭുതകരമാണ്', പഠനസംഘത്തില്‍ പെട്ട ഹാവായ് സര്‍വ്വകലാശാലയിലെ ഇവാന്‍ സിനുക്കോഫ് പറഞ്ഞു. 'ഉദാഹരണത്തിന്, ഭൂമിയുടെ രണ്ടുമടങ്ങ് വലുപ്പമുള്ള പല ഗ്രഹങ്ങളും മാതൃനക്ഷത്തിന് വളരെ അടുത്ത് സ്ഥിതിചെയ്യുന്നതായി ഞങ്ങള്‍ കണ്ടെത്തി. അതിനാല്‍ 1000 ഡിഗ്രിയിലും അധികമാണ് അവയിലെ താപനില'. 

കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പ് ( Kepler space telescope ) അതിന്റെ ആദ്യ നാലുവര്‍ഷ സര്‍വ്വേയില്‍ രണ്ടായിരത്തിലേറെ അന്യഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. സ്‌പേസില്‍ ആ ടെലസ്‌കോപ്പിനെ നേരെ നിര്‍ത്തുന്ന അതിന്റെ ചക്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ദൗത്യം നാസ പരിഷ്‌ക്കരിച്ചിരുന്നു. 

പരിഷ്‌ക്കരിച്ച കെ2 ദൗത്യം ( K2 mission ) ആകാശത്തെ ഏതെങ്കിലും ചെറിയൊരു ഭാഗം കേന്ദ്രീകരിച്ചല്ല നിരീക്ഷണം നടത്തുന്നത്. ആകാശഗംഗയുടെ കൂടുതല്‍ പ്രദേശം അത് സര്‍വ്വെ ചെയ്യുന്നു. വിദൂരനക്ഷത്രങ്ങള്‍ക്ക് മുന്നിലൂടെ ഗ്രഹങ്ങള്‍ കടന്നുപോകുമ്പോള്‍ നക്ഷത്രവെളിച്ചത്തിലുണ്ടാകുന്ന മങ്ങല്‍ നിരീക്ഷിച്ചാണ് ഗ്രഹങ്ങളുടെ സാന്നിധ്യം മനസിലാക്കുന്നത്. 

കെ2 ദൗത്യം ശേഖരിച്ച നിരീക്ഷണ വിവരങ്ങളുപയോഗിച്ച് അന്യഗ്രഹങ്ങളെ സ്ഥിരീകരിക്കാന്‍ ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ദൂരദരശനികള്‍ സഹായിച്ചു. കെക്ക് ഒബ്‌സര്‍വേറ്ററി, ജെമിനി നോര്‍ത്ത് ടെലസ്‌കോപ്പ്, നാസയുടെ ഇന്‍ഫ്രാറെഡ് ടെലസ്‌കോപ്പ് തുടങ്ങിയവ ഇക്കാര്യത്തിന് ഉപയോഗിച്ചു. 

പുതിയ കണ്ടെത്തലോടെ ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങളുടെ എണ്ണം 3500 കടന്നു.