തേനീച്ചയുടെ മനോഹരമായ കൂട് കണ്ടിട്ടുണ്ടാകുമല്ലോ. അതിലെ ഓരോ അറയും ഷഡ്ഭുജ ( hexagonal ) ആകൃതിയില്‍ മനോഹരമായും കൃത്യതയോടെയും ഉണ്ടാക്കിയതാണ്. ആരാണ് തേനീച്ചയെ ഈ വിദ്യ പഠിപ്പിച്ചത്? ഒരു ചിലന്തി എങ്ങനെയാണ് അവയുടെ മനോഹരമായ വല ഉണ്ടാക്കുന്നത്? പക്ഷികളെ ആരാണ് കൂടുകള്‍ ഉണ്ടാക്കാന്‍ പഠിപ്പിച്ചത്? എലികള്‍ എങ്ങനെയാണ് മാളം ഉണ്ടാക്കാന്‍ പഠിച്ചത്? മുട്ടയിടാന്‍ കരയിലേക്ക് കയറിവരണമെന്ന് ആമകളെ പഠിപ്പിച്ചതാരാണ്? 

സത്യത്തില്‍ ഇതെല്ലാം ഇവയ്ക്ക് ജന്മനാ ഉള്ള കഴിവുകളാണ്. ജീവികള്‍ക്ക് ജന്മനാ തന്നെയുള്ള സ്വഭാവഗുണങ്ങള്‍ ലഭിക്കുന്നത് എങ്ങനെയാണ്? ഇത് മനസിലാക്കിയാല്‍ തേനീച്ച അറകള്‍ ഉണ്ടാക്കാന്‍ പഠിച്ചത് എങ്ങനെയാണെന്ന് മനസിലാകും. ഇതാണ് ഈ ലേഖനത്തിന്റെ വിഷയം. 

ജീവികള്‍ പല കാര്യങ്ങളും മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ടാണ് പഠിക്കുന്നത്. പ്രത്യേകിച്ചും മസ്തിഷ്‌കവികാസമുള്ള ജീവികള്‍. ഉദാഹരണത്തിന് ഒരു വന്യമൃഗം ഇരപിടിക്കാന്‍ പഠിക്കുന്നത്. മൃഗശാലയില്‍ ജനിച്ച് വളര്‍ന്ന ഒരു പുലിയെ കാട്ടില്‍ കൊണ്ടുപോയി വിട്ടാല്‍ അത് ഇര പിടിക്കാന്‍ ഒരല്പം കഷ്ടപ്പെടും. കാരണം അതിന്റെ സൂത്രവിദ്യകള്‍ അതിന്റെ അമ്മ അതിനെ പഠിപ്പിച്ചിട്ടുണ്ടാവില്ല. ഇങ്ങനെ നാം അടക്കം പ്രത്യേകിച്ചും മസ്തിഷ്‌കവികാസമുള്ള ജീവികള്‍ അനേകം കാര്യങ്ങള്‍ ജനിച്ചശേഷം പുതുതായി പഠിക്കുന്നുണ്ട്. 

എന്നാല്‍ അമ്മച്ചിലന്തി പഠിപ്പിച്ചത് കൊണ്ടല്ല ചിലന്തി വല കെട്ടാന്‍ പഠിച്ചത്. തേനീച്ചയെ ഡാന്‍സ് ചെയ്തു ഭക്ഷണത്തിന്റെ സാന്നിധ്യം അറിയിക്കാന്‍ അമ്മത്തേനീച്ച പഠിപ്പിച്ചതല്ല. ഇതെല്ലാം ആ ജീവികളുടെ സഹജവാസനകള്‍ ( instincts ) ആണ്. ജന്മനാ അവയ്ക്ക് ഇതൊക്കെ ചെയ്യാനറിയാം. ഇങ്ങനെ അറിഞ്ഞില്ലെങ്കില്‍ കുഴപ്പമാണ്. ഉദാഹരണത്തിന് കുഞ്ഞിന് മുലകുടിക്കാന്‍ അറിയില്ലെങ്കിലുള്ള അവസ്ഥ ആലോചിച്ചുനോക്കൂ. ജനിക്കുമ്പോഴേ അത്യാവശ്യം വേണ്ട സോഫ്റ്റ്വെയര്‍ എല്ലാം ഇന്‍സ്റ്റാള്‍ ചെയ്ത ശേഷമാണ് മനുഷ്യനടക്കമുള്ള എല്ലാ ജീവികളും വരുന്നത്. പക്ഷെ ആരാണ് ഇത് ഇന്‍സ്ടാള്‍ ചെയ്തത്?

ജീവികളില്‍ സഹജവാസനകള്‍ എങ്ങനെ വരുന്നു, അവ എങ്ങനെ അടുത്ത തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്നത് വലിയ കുഴപ്പിക്കുന്ന കാര്യമാണ്. അനേകം ഗവേഷണങ്ങള്‍ ഇക്കാര്യത്തില്‍ നടന്നിട്ടുണ്ട്. അതുപോലെ ഇപ്പോഴും നടക്കുന്നുമുണ്ട് (http://science.sciencemag.org/content/356/6333/26). ഒരു ജീവി ജീവിക്കുന്ന ആവാസവ്യവസ്ഥയിലെ ചില പ്രേരകങ്ങള്‍ കാരണം പ്രത്യേക സ്വഭാവങ്ങള്‍ നല്‍കുന്ന ജീനുകള്‍ അവയില്‍ ഉണ്ടാകാം. ഈ പ്രേരകങ്ങള്‍ ഇല്ലാതെ തന്നെ പ്രകടമാകുന്ന ജീനുകളും ഉണ്ട്. അതുപോലെ മസ്തിഷ്‌കത്തിലെ നാഡികളുടെ ശൃംഖലകളുടെ ഘടന നിര്‍ണ്ണയിക്കുന്ന ജീനുകളും പ്രധാനമാണ്. ഇവയെല്ലാം ചേര്‍ന്നാണ് സഹജവാസന നിര്‍ണ്ണയിക്കുന്നത്.

ഒരു ഉദാഹരണം പറയാം. ബാക്റ്റീരിയകള്‍ (അല്ലെങ്കില്‍ മറ്റുള്ള ഏകകോശ ജീവികള്‍) അവ സ്ഥിതിചെയ്യുന്ന സ്ഥലത്തെ രാസവ്യതിയാനങ്ങള്‍ അനുസരിച്ച് അവയില്‍നിന്നും മാറിപ്പോകുകയോ അല്ലെങ്കില്‍ അതിന്റെ അടുത്തേക്ക് പോകുകയോ ചെയ്യാം. ഈ ജീവിക്കൊന്നും മസ്തിഷ്‌കം ഇല്ല. അതുകൊണ്ട് ആ രാസവസ്തു തനിക്ക് ദോഷകരമാണ് എന്ന് ചിന്തിച്ചശേഷമൊന്നുമല്ല അവ നീങ്ങി പോകുന്നത്. ആ രാസവസ്തുവിന്റെ സാന്നിധ്യം അവയില്‍ രാസപരമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. അവ ആ ജീവികളെ ചലിക്കാന്‍ സഹായിക്കുന്ന ഫ്‌ലാജെല്ലാം എന്ന വാലിന്റെ ചലനരീതി മാറ്റുന്നു. അത്ര തന്നെ. ഇതിനെ സഹജവാസനയുടെ ലളിതമായ ഒരു ഉദാഹരണമായി കണക്കാക്കാം. 

കുറച്ചുകൂടി വലിയ ജീവികളില്‍ മസ്തിഷ്‌കവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉദാഹരണത്തിന് ഭക്ഷണത്തിന്റെ സാന്നിധ്യം അല്ലെങ്കില്‍ മണം ഇവകൊണ്ട് തേനീച്ചയില്‍ ഉണ്ടാകുന്ന രാസമാറ്റങ്ങള്‍ ഡാന്‍സ് ചെയ്യാനുള്ള മസ്തിഷസന്ദേശങ്ങള്‍ ഉണ്ടാക്കുന്നു. ഇതിനുള്ള രാസസന്ദേശങ്ങള്‍ ഉണ്ടാക്കുന്ന ജീനുകള്‍ അവയിലുണ്ട്. ഇതുപോലെ കുരച്ചുകൊണ്ട് നില്‍ക്കുന്ന നായയുടെ മുന്നില്‍ ഓടിയാല്‍ അത് പുറകെ ഓടും. അതിന്റെ ജീനുകള്‍ ഉണ്ടാക്കിയ മസ്തിഷ്‌കഘടന അങ്ങനെയാണ്. ഇതെല്ലാ വന്യജീവികളുടെയും സഹജവാസനയാണ്. ഇവിടെ ഭക്ഷണം എന്ന ഉത്‌പ്രേരകം തേനീച്ചയിലും അതുപോലെ ശത്രു ഓടുന്നത് കാണുന്നത് നായയിലും സഹജസ്വഭാവങ്ങള്‍ ഉണര്‍ത്തും.

ഇനി നമുക്ക് സഹജസ്വഭാവങ്ങള്‍ എങ്ങനെ ഉരുത്തിരിഞ്ഞുവരുന്നു എന്നുനോക്കാം. ഇതിന് നമുക്ക് തേനീച്ചയെ ഉദാഹരണമായെടുക്കാം. കൃത്യമായ ഷഡ്ഭുജ ആകൃതിയിലുള്ള അറകള്‍ ഉണ്ടാക്കാനുള്ള സഹജവാസന തേനീച്ചകളില്‍ എങ്ങനെ ഉണ്ടായി? ആദ്യത്തെ തേനീച്ചകള്‍ പല ആകൃതിയിലുള്ള അറകള്‍ ഉണ്ടാക്കിയിരിക്കാം. പക്ഷെ വൃത്താകൃതിയിലുള്ള അറകള്‍ ഉണ്ടാക്കിയ തേനീച്ചകള്‍ക്ക് കൂടുതല്‍ അതിജീവിക്കാന്‍ സാധിച്ചു. കാരണം വൃത്താകൃതിയിലുള്ള അറകള്‍ ഉണ്ടാക്കാന്‍ കുറച്ചു മെഴുക് മാത്രം മതി. ഇത് വൃത്തത്തിന്റെ പ്രത്യേകതയാണ്. കുറഞ്ഞ ചുറ്റളവില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉണ്ടാക്കാന്‍ അവയ്ക്ക് കഴിയും. അതുപോലെ വൃത്തത്തെ താഴോട്ടു വലിച്ചുനീട്ടിയാല്‍ നിങ്ങള്‍ക്ക് സിലിണ്ടര്‍ ലഭിക്കും. ഇതിനും ഒരു പ്രത്യേകതയുണ്ട്. കുറഞ്ഞ പ്രതലവിസ്തീര്‍ണ്ണത്തില്‍ കൂടുതല്‍ വ്യാപ്തം ഉള്‍ക്കൊള്ളാന്‍ സിലിണ്ടറിന് കഴിയും.

കുറച്ച് മെഴുക് ഉപയോഗിച്ച് കൂടുതല്‍ തേന്‍ ശേഖരിക്കാന്‍ സാധിക്കുന്നത് തേനീച്ചകളെ സംബന്ധിച്ച് വളരെ നല്ല കാര്യമാണ്. കാരണം മെഴുക് ഉണ്ടാക്കാനും അവയ്ക്ക് ഊര്‍ജ്ജം ചിലവുണ്ട്. മെഴുക് തേനീച്ചകള്‍ അവയുടെ ശരീരത്തില്‍ നിന്നും പുറപ്പെടുവിക്കുന്നതാണ്. 

പക്ഷെ വൃത്താകൃതിയില്‍ ഉള്ള അറകള്‍ക്ക് ഒരു പ്രശ്‌നമുണ്ട്. വൃത്തങ്ങള്‍ അടുക്കി വക്കുമ്പോള്‍ അവക്കിടയില്‍ കുറച്ച് സ്ഥലം നഷടപ്പെടും. മൂന്ന് വളകള്‍ എടുത്ത് മൂന്നും തൊട്ടുതൊട്ടു വരുന്നതുപോലെ വച്ചാല്‍ അവക്കിടയില്‍ ത്രികോണം പോലെ ഒരല്പം സ്ഥലം വരുന്നത് കാണാം. ഇത് സ്ഥലവിനിയോഗത്തെ സംബന്ധിച്ച് നല്ല ഡിസൈന്‍ അല്ല. വൃത്തങ്ങള്‍ക്ക് ഇടയില്‍ വരുന്ന സ്ഥലം തെനീച്ചയെക്കാന്‍ ചെറുതായതിനാല്‍ അവയില്‍ കയറാന്‍ കഴില്ല. അതുകൊണ്ട് ആ സ്ഥലം ഉപയോഗശൂന്യമാണ്. കഷ്ടപ്പെട്ട് മെഴുകു ഉണ്ടാക്കിയിട്ട് അതുപയോഗിച്ചു ഉപയോഗമില്ലാത്ത സ്ഥലം ഉണ്ടാക്കുന്നത് ഊര്‍ജ്ജനഷ്ടമാണ് എന്ന് പറയേണ്ടതില്ലല്ലോ.

Circles
വൃത്തങ്ങള്‍ കൂട്ടി വക്കുമ്പോള്‍ അവക്കിടയില്‍
സ്ഥലം നഷ്ടപ്പെടുന്നു (പച്ചനിറമുള്ള ഭാഗം).
ഷഡ്ഭുജ ആകൃതിയില്‍ ഇത് സംഭവിക്കുന്നില്ല

എന്നാല്‍ ഈ വൃത്തത്തെ ചെറുതായി മാറ്റിയാല്‍ നമുക്ക് ഷഡ്ഭുജ ആകൃതി ലഭിക്കും. ഇത് വൃത്തത്തെ അപേക്ഷിച്ച് കുറച്ചധികം മെഴുക് ഉപയോഗിക്കും. പക്ഷെ മറ്റുള്ള ആകൃതികളെ അപേക്ഷിച്ച് തീരെ കുറച്ചു മാത്രമേ ഉപയോഗിക്കൂ. മാത്രമല്ല ഷഡ്ഭുജ ആകൃതി കൂടുതല്‍ സ്ഥലം നല്‍കുന്ന രൂപമാണ്. അതായത് വൃത്താകൃതിയില്‍ അറകള്‍ ഉണ്ടാക്കിയപ്പോള്‍ അവക്കിടയില്‍ നഷ്ടപ്പെട്ട സ്ഥലം കൂടി ഇവിടെ ഉപയോഗിക്കാന്‍ കഴിയുന്നു. മെഴുകിന്റെ അളവും സ്ഥലവിനിയോഗവും നോക്കിയാല്‍ ഷഡ്ഭുജ ആകൃതിയാണ് ഏറ്റവും അനുയോജ്യമായത്. ഇത്തരം അറകള്‍ ഉണ്ടാക്കിയ തേനീച്ചകള്‍ക്ക് കുറഞ്ഞ ഊര്‍ജ്ജം ചിലവാക്കി കൂടുതല്‍ തേന്‍ ശേഖരിക്കാന്‍ അവയ്ക്ക് കഴിഞ്ഞു. അതുകൊണ്ട് അവ കൂടുതലായി അതിജീവിച്ചു. എന്നുവച്ചാല്‍ കാലക്രമേണ ഈ സഹജസ്വഭാവമുള്ള തേനീച്ചകള്‍ പെരുകി. 

ഷഡ്ഭുജ ആകൃതിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ ആകൃതി കൂടിന്റെ മൊത്തത്തിലുള്ള ബലം കൂട്ടുന്നു. മനുഷ്യന്‍ നടത്തുന്ന എഞ്ചിനീയറിങ്ങിലും മറ്റും ഈ ആശയം മുതലെടുക്കാറുണ്ട്. പൊള്ളയായ ഭാഗങ്ങളുടെ ബലം കൂട്ടാന്‍ അവക്കുള്ളില്‍ ഷഡ്ഭുജ ആകൃതിയിലുള്ള അറകള്‍ ഉണ്ടാക്കും. ഉദാഹരണത്തിന് വിമാനത്തിന്റെ ചിറകിന്റെ ഭാഗങ്ങളില്‍. ഇത് ഭാരം അധികം കൂട്ടാതെ നല്ല ബലം നല്‍കും.

ചില ഗവേഷണങ്ങള്‍ കാണിക്കുന്നത് തേനീച്ചകള്‍ ആദ്യമേ വളരെ കൃത്യമായ ഷഡ്ഭുജ ആകൃതിയിലല്ല അറകള്‍ ഉണ്ടാക്കുന്നത് എന്നാണ് (https://www.nature.com/articles/srep28341). ഉണ്ടാക്കിയ ഉടനെ അറകളുടെ ഉള്‍ഭാഗം ഒരല്പം വൃത്താകൃതിയില്‍ ആയിരിക്കും. എന്നാല്‍ തേനീച്ചകളുടെ ശരീരത്തിലെ ചൂടേറ്റ് ഈ മെഴുക് ഒരല്പം അയഞ്ഞ് എല്ലാ ഭാഗത്തേക്കും വലിക്കപ്പെടുന്നു. ഈ പ്രക്രിയയാണ് കൃത്യമായ ഷഡ്ഭുജ ആകൃതി നല്‍കുന്നത് (https://www.ncbi.nlm.nih.gov/pmc/articles/PMC3730681/). തേനീച്ചകള്‍ മെഴുക് ഇങ്ങനെ 40 ഡിഗ്രി വരെ ചൂടാക്കുമത്രേ. 
 

Beehives
(a) ഉണ്ടാക്കിയ ഉടനേയും (b) രണ്ട് ദിവസം കഴിഞ്ഞുമുള്ള തേനീച്ചയുടെ അറകളുടെ ആകൃതി. ഉണ്ടാക്കിയ ഉടനെ ഉള്‍ഭാഗം വൃത്താകൃതിയിലാണ്.
Courtesy: https://www.ncbi.nlm.nih.gov/pmc/articles/PMC3730681

 

 

എങ്ങനെയാണ് തേനീച്ചകള്‍ ഇത്തരം മനോഹരമായ കൂടുകള്‍ ഉണ്ടാക്കാന്‍ 'പഠിച്ചത്' എന്ന് മനസിലായല്ലോ. അവ പരിണാമത്തിലൂടെ ആര്‍ജിച്ച സഹജസ്വഭാവത്തിന്റെ ഭാഗം മാത്രമാണ്. ഇവിടെ സംഭവിച്ചിരിക്കുന്നത് വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിന്റെ പരിണാമമാണ്.

മറ്റൊരു ഉദാഹരണം കൂടി പറയാം. നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയാണ് പക്ഷികള്‍ പ്രത്യേക ആകൃതിയില്‍ കൂട്ടമായി പറക്കുന്നത്. ഇതുപോലെ മത്സ്യങ്ങളും ഇങ്ങനെ വലിയ കൂട്ടമായി നീങ്ങാറുണ്ട്. ഇവയൊന്നും പരസ്പരം കൂട്ടിയിടിക്കാറില്ല. അതുകൊണ്ടുതന്നെ ഉദാഹരണത്തിന് പക്ഷികള്‍ കൂട്ടമായി പ്രത്യേക ആകൃതികളില്‍ പറക്കുന്നതില്‍ ഓരോ പക്ഷിയും പ്രത്യേക നിയമങ്ങള്‍ പിന്തുടരുന്നുണ്ട്. പക്ഷികളെ പഠിച്ചതില്‍ നിന്നും മനസിലാകുന്നത് അവ മൂന്ന് കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്നതാണ്. 

(1) തൊട്ടടുത്ത പക്ഷി(കളില്‍) നിന്നും ഒരു ചെറിയ അകലം പാലിക്കുന്നു.
(2) തൊട്ടടുത്ത പക്ഷി(കള്‍) പറക്കുന്ന ശരാശരി ദിശയിലേക്ക് പറക്കുന്നു.
(3) തൊട്ടടുത്ത പക്ഷികള്‍ക്ക് ഇടയിലുള്ള സ്ഥലത്തേക്ക് നീങ്ങുന്നു.  

ഈ മൂന്ന് കാര്യങ്ങളാണ് ഓരോ പക്ഷികളും ചെയ്യുന്നത്. മറ്റുള്ള പക്ഷികള്‍ എന്ത് ചെയ്യുന്നു എന്നതല്ല, താന്‍ എന്താണ് ചെയ്യേണ്ടതെന്നാണ് ഓരോ പക്ഷിയും നോക്കുന്നത്. ഇങ്ങനെ സംഭവിക്കുമ്പോള്‍ മുഴുവന്‍ പക്ഷികളെയും നോക്കിയാല്‍ അവയില്‍ ചില ആകൃതികള്‍ കാണുവാന്‍ സാധിക്കുന്നു. മത്സ്യങ്ങള്‍ കൂട്ടമായി നീങ്ങുന്നതും ഇങ്ങനെയാണ്. തങ്ങളുടെ മൊത്തത്തില്‍ ഉള്ള ആകൃതിയെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടോ എന്നത് സംശയമാണ്. ഉണ്ടാകാന്‍ വഴിയില്ല. 

Bird Migration
സഹജസ്വഭാവത്തിന്റെ പ്രതിഫലനമാണ്, പ്രത്യേക ആകൃതിയില്‍ പറക്കുന്ന പക്ഷിക്കൂട്ടങ്ങളിലും കാണാനാവുക. Courtesy: Huffington Post.

 

എന്തുകൊണ്ടാണ് പക്ഷികളും മത്സ്യങ്ങളും ഇങ്ങനെ കൂട്ടമായി നീങ്ങുന്നത്? ഒരുപക്ഷെ കൂട്ടമായി നീങ്ങുമ്പോള്‍ വളരെ വലിപ്പം തോന്നിക്കുകയും ശത്രുക്കളെ പേടിപ്പിക്കാന്‍ കഴിയുകയും ചെയ്യും. പക്ഷികളുടെ V ആകൃതിയിലുള്ള പറക്കലിന് വേറെയും കാര്യങ്ങള്‍ ഉണ്ട്. അവ കൂട്ടമായി പറക്കുമ്പോള്‍ അവ പരസ്പരം ചിറകുകള്‍ വീശുന്നതിലുള്ള താളം വായുപ്രവാഹത്തിന്റെ ഗതിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഇതവയെ എളുപ്പത്തില്‍ പറക്കാന്‍ സഹായിക്കുന്നു (https://www.scientificamerican.com/article/why-do-migratory-birds-fl/). ഇങ്ങനെ അവ കുറഞ്ഞത് 20 ശതമാനം വരെ ഊര്‍ജ്ജം ലാഭിക്കാറുണ്ട്. 

അങ്ങനെ പ്രത്യേക ആകൃതിയില്‍ പറക്കുന്നത് അവയുടെ സഹജവാസനയുടെ ഭാഗമായി. ജീനുകളിലൂടെ കൈമാറി വന്ന സഹജവാസന പരിണാമത്തിലൂടെ ഏറ്റവും അനുയോജ്യം ആയിത്തീരുകയായിരുന്നു. തേനീച്ച അതിന് യോജിച്ച ഏറ്റവും നല്ല അറയുടെ ആകൃതി കണ്ടുപിടിച്ചു; ചിലന്തി കാര്യക്ഷമമായി വല കെട്ടാന്‍ പഠിച്ചു. പക്ഷികള്‍ പറക്കുന്ന ആകൃതി ഊര്‍ജ്ജവിനിയോഗത്തില്‍ മികച്ചതായി. ഇങ്ങനെ എല്ലാ ജീവികളിലേയും സഹജവാസനകള്‍ പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ്.  

മനുഷ്യനിലും ഇത്തരം സഹജവാസനകള്‍ ഉണ്ടോ? തീര്‍ച്ചയായും ഉണ്ട്. നമ്മുടെ പൊതുസ്വഭാവം ധാരാളം സഹജവാസനകള്‍ നിറഞ്ഞതാണ്. അവയെക്കുറിച്ച് മറ്റൊരിക്കലാകാം.