നാസികള്‍ വംശഉന്‍മൂലനത്തിനുപയോഗിച്ച ആയുധമാണ് യുജെനിക്‌സ്. ബ്രിട്ടനിലെ ഏറ്റവും പ്രസിദ്ധമായ കോളേജുകളിലൊന്നില്‍ വംശീയവാദികള്‍ യുജെനിക്‌സ് സമ്മേളനം രഹസ്യമായി സംഘടിപ്പിക്കുന്നു എന്നകാര്യം ആശങ്കയുണര്‍ത്തുന്നതാണ്

University College London as London, protest
യുജെനിക്‌സിനെതിരെ പ്രതിഷേധിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ വിദ്യാര്‍ഥികളും അധ്യാപകരും. കടപ്പാട്: ഗാര്‍ഡിയന്‍ 

 

ശാസ്ത്രചരിത്രത്തില്‍ ഒരുപക്ഷേ, ഏറ്റവും വെറുക്കപ്പെട്ട പദങ്ങളിലൊന്നാണ് 'യുജെനിക്‌സ്'. 'ആരോഗ്യവും ബുദ്ധിയും കൂടുതലുള്ള സന്തതികളെ ഉത്പാദിപ്പിക്കുന്നതിനുള്ള ശാസ്ത്ര'മെന്ന നിലയ്ക്ക് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ രംഗത്തെത്തിയ പഠനശാഖയാണിത്. നാസികളുടെ കൈയില്‍ വംശഹത്യയ്ക്കുള്ള മികച്ച ആയുധങ്ങളിലൊന്നായി യുജെനിക്‌സ് മാറി. നാസി ഭീകരതയ്ക്ക് ശേഷം മിക്കവരും ഭീതിയോടെ മാത്രമേ 'യുജെനിക്‌സി'നെക്കുറിച്ച് ഓര്‍മിക്കാറുള്ളൂ. 

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍ വംശീയവാദികള്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി രഹസ്യമായി യുജെനിക്‌സ് സമ്മേളനം സംഘടിപ്പിക്കുന്നു എന്ന വാര്‍ത്ത അധികൃതരിലും പൊതുസമൂഹത്തിലും നടുക്കമുളവാക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. നവനാസികളും, വെളുത്തവരായ വംശശുദ്ധതാവാദികളും പങ്കെടുക്കുന്ന സമ്മേളനം 'ലണ്ടന്‍ കോണ്‍ഫറന്‍സ് ഓണ്‍ ഇന്റലിജന്‍സ്' (LCI) എന്ന പേരിലാണ് അറിയപ്പെടുന്നത്. ജെയിംസ് തോംപ്‌സണ്‍ എന്ന സീനിയര്‍ അധ്യാപകനാണ് മുഖ്യസംഘാടകന്‍. 

ക്ഷണിക്കപ്പെട്ട 24 പേരാണ് യുജെനിക്‌സ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്. ബ്രിട്ടീഷ്, യുഎസ് സര്‍വകലാശാലകളില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന 'ഫുള്‍ബ്രൈറ്റ് കമ്മീഷനി'ലെ ടോബി യങ് ആ 24 പേരില്‍ ഒരാളാണ്. ബ്രിട്ടീഷ് വിദ്യാഭ്യാസമേഖലയില്‍ വലിയ സ്വാധീനമുള്ള ഇയാള്‍, സമ്മേളന വിവരം പുറത്തുവന്നതോടെ സ്ഥാനങ്ങള്‍ രാജിവെച്ചു. 'ബാലപീഢനത്തെ അനുകൂലിക്കുക വഴി കുപ്രസിദ്ധി നേടിയ ബ്ലോഗര്‍ എമില്‍ കിര്‍ക്കഗാര്‍ഡ്, യൂജനിസിസ്റ്റ് ആശയങ്ങളുടെ ഇപ്പോഴത്തെ മുഖ്യവക്താവായ റിച്ചാര്‍ഡ് ലിന്‍ ഒക്കെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 

'ലണ്ടന്‍ സ്റ്റുഡന്റ്' എന്ന പ്രസിദ്ധീകരണമാണ് ഈ രഹസ്യസമ്മേളനത്തെപ്പറ്റിയുള്ള വിവരം അടുത്തയിടെ വെളിപ്പെടുത്തിയത്. വിവരം പുറത്തു വന്നതോടെ അത് വലിയ വിവാദത്തിനും പ്രതിഷേധത്തിനും തിരികൊളുത്തി. ഇത്തരമൊരു വംശീയ സമ്മേളനത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പ്രസ്താവിച്ചു. മാത്രമല്ല, ഇനി സമ്മേളനം നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തുകയും തോംപ്‌സണോട് വിശദീകരണം തേടുകയും ചെയ്തു

വെറും 24 പേര്‍ പങ്കെടുത്ത ഒരു സമ്മേളനം എന്തുകൊണ്ട് ഇത്രയ്ക്ക് ആശങ്കയുണര്‍ത്തുന്നു എന്നറിയാന്‍ യുജെനിക്‌സിന്റെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി. ശാസ്ത്രം ദുരുപയോഗം ചെയ്യുന്നതിന്റെ യഥാര്‍ഥ ഉദാഹരണം ആറ്റംബോംബൊന്നുമല്ല, യുജെനിക്‌സ് ആണെന്ന് മനസിലാകും! ശാസ്ത്രം അതിന്റെ യഥാര്‍ഥ ലക്ഷ്യങ്ങളില്‍ നിന്നകന്നാല്‍, അതിന് എത്രമാത്രം മനുഷ്യത്വവിരുദ്ധമാകാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യുജെനിക്‌സ്. 

Francis Galton, Eugenics
ഫ്രാന്‍സിസ് ഗാല്‍ട്ടന്‍;
യുജെനിക്‌സ് പഠനങ്ങള്‍ക്ക്
തുടക്കമിട്ടയാള്‍

ചാള്‍സ് ഡാര്‍വിന്‍ മുന്നോട്ടുവെച്ച 'പ്രകൃതിപരമായ തിരഞ്ഞെടുക്കല്‍ (പ്രകൃതിനിര്‍ധാരണം) വഴിയുള്ള ജീവപരിണാമം' എന്ന സുപ്രധാന ആശയത്തെ വക്രീകരിച്ചും, ജനിതശാസ്ത്രത്തിന്റെ മറപിടിച്ചുമാണ് ആധുനികശാസ്ത്രത്തിന്റെ വിശാല ലോകത്തേക്ക് യുജെനിക്‌സ് ഒളിച്ചു കടന്നത്. 1883ല്‍ പ്രസിദ്ധീകരിച്ച 'Inquiries into Human Faculty and Its Development' എന്ന ഗ്രന്ഥത്തില്‍, ഡാര്‍വിന്റെ ബന്ധുവായ ഫ്രാന്‍സിസ് ഗാല്‍ട്ടന്‍, യുജെനിക്‌സ് എന്ന ആശയം ആദ്യം അവതരിപ്പിച്ചു. മനുഷ്യകുലത്തിലെ മുന്തിയ വര്‍ഗ്ഗങ്ങള്‍ക്ക് മാത്രം അതിജീവിക്കാന്‍ സൗകര്യമൊരുക്കുന്ന തന്ത്രങ്ങളാണ് യുജെനിക്‌സ് മുന്നോട്ടുവെച്ചത്. ഡാര്‍വിന്റെ സിദ്ധാന്തത്തിലെ 'പ്രകൃതിപരമായ തിരഞ്ഞെടുക്കലി'ന് പകരം, മനുഷ്യവര്‍ഗത്തിന്റെ കാര്യത്തില്‍ മനുഷ്യന്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തുക എന്നതായിരുന്നു ഈ ആശയത്തിന്റെ കാതല്‍. 

യുജെനിക്‌സ് വിഭാവനം ചെയ്യുന്ന ഉട്ടോപ്യയില്‍, ജനിതകരോഗങ്ങള്‍ ബാധിച്ചവര്‍ക്കും ജന്മവൈകര്യമുള്ളവര്‍ക്കും ബൗദ്ധികനിലവാരവും ആരോഗ്യവും കുറഞ്ഞവര്‍ക്കും മികച്ച നിറവും ശരീരശേഷിയുമില്ലാത്തവര്‍ക്കും സ്ഥാനമില്ല. എന്നുവെച്ചാല്‍, എല്ലാത്തരം ജനാധിപത്യ, മനുഷ്യവകാശ ആശയങ്ങള്‍ക്കും എതിരായിട്ടുള്ള ഒന്നാണ് യുജെനിക്‌സ് (Eugenics). 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജനിതകശാസ്ത്രത്തിന്റെ (Genetics) വരവോടെ പാരമ്പര്യം ഒരു പ്രധാന ചര്‍ച്ചാവിഷയമായി. അതിന്റെ ചുവടുപിടിച്ച് പാശ്ചാത്യലോകത്ത് ഗാല്‍ട്ടന്റെ ആശയം വേരുറപ്പിക്കാന്‍ തുടങ്ങി. ശാസ്ത്രമേഖലയിലും പുറത്തുമുള്ള പല പ്രമുഖന്‍മാരും യുജെനിക്‌സിന് പിന്തുണയേകി രംഗത്തെത്തി. 1912ല്‍, ഗാല്‍ട്ടന്‍ മരിച്ചതിന് പിറ്റേ വര്‍ഷം, ആദ്യ അന്താരാഷ്ട്ര യുജെനിക്‌സ് സമ്മേളനം ലണ്ടനിലെ സെസില്‍ ഹോട്ടലില്‍ നടന്നു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ഇംഗ്ലണ്ടിലെ ചീഫ് ജസ്റ്റിസ് ബാല്‍ഫോര്‍ പ്രഭു, അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ എന്നിവര്‍ ഉള്‍പ്പടെ 12 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

യുജെനിക്‌സുമായി ബന്ധപ്പെട്ട ഗവേഷണം അതിനകം അമേരിക്കയില്‍ ഔദ്യോഗികമായി തുടങ്ങിക്കഴിഞ്ഞിരുന്നു. അമേരിക്കന്‍ ജന്തുശാസ്ത്രജ്ഞന്‍ ചാള്‍സ് ഡെവന്‍പോര്‍ട്ട്, യൂജനിക്‌സ് ഗവേഷണത്തിനായി 'യുജെനിക്‌സ് റിക്കോര്‍ഡ് ഓഫീസ്' ('Eugenics Ricord Office') 1910ല്‍ ആരംഭിച്ചു. 1911ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'Heredity in Relation to Eugenics' എന്ന ഗ്രന്ഥം, ആ മേഖലയിലെ ബൈബിളായി മാറി. അമേരിക്കയില്‍ വലിയൊരു പങ്ക് വിദ്യാലയങ്ങളില്‍ ജനറ്റിക്‌സ് പഠിക്കാനുള്ള പാഠപുസ്തകമായി അതുപയോഗിച്ചു. 1920കള്‍ ആയപ്പോഴേക്കും, മാനസികരോഗികള്‍ അടക്കം പാരമ്പര്യരോഗങ്ങളുള്ളവര്‍ക്ക് വന്ധ്യംകരണം നടത്തണം എന്ന് യൂജനിക്‌സ് വക്താക്കള്‍ ആവശ്യപ്പെട്ടു. അത്തരത്തിലുള്ള ആദ്യ വന്ധ്യംകാരണം അമേരിക്കയില്‍ നടന്നത് 1927 ഒക്ടോബര്‍ 19 നാണ്. കാരി ബക്ക് എന്ന സ്ത്രീയാണ് അതിന് ഇരയായത്. കാരിയുടെ അമ്മയ്ക്കും മാനസികപ്രശ്‌നമുണ്ടായിരുന്നു. അമേരിക്കയില്‍ മുഴുവന്‍ യുജെനിക്‌സ് പ്രോഗ്രാം വ്യാപിച്ചു. 

ഇതൊക്കെയായാലും, യുജെനിക്‌സിന്റെ യഥാര്‍ഥ മുഖം ലോകം കണ്ടത് ജര്‍മനിയില്‍ നാസികളുടെ പക്കല്‍ നിന്നായിരുന്നു. നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ഫ്യൂരറായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍, 1933 ജനുവരിയില്‍ ജര്‍മന്‍ ചാന്‍സലറായി ചുമതലയേറ്റു. ആ മാര്‍ച്ചില്‍ 'എനേബ്ലിങ് ആക്ട്' (Enabling Act) എന്ന നിയമം ജര്‍മന്‍ പാര്‍ലമെന്റ് പാസാക്കി. പാര്‍ലമെന്റിന്റെ ഇടപെടലില്ലാതെ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഹിറ്റ്‌ലര്‍ക്ക് അധികാരം നല്‍കുന്നതായിരുന്നു അത്! നാസികള്‍ വിജയം ആഘോഷിച്ചു. 

Eugenics Nazi Poster
കഴിവു കുറഞ്ഞവര്‍ രാജ്യത്തിന് ഭാരമാണെന്ന
സന്ദേശമുള്ള നാസി പ്രചാരണ പോസ്റ്റര്‍.
Pic credit: U.S. Holocaust Memorial Museum

ജനിതകശാസ്ത്രം യഥാര്‍ഥത്തില്‍ 'വംശശുദ്ധീകരണം' (racial hygiene) നടത്താനുള്ള മാര്‍ഗമാണെന്ന് നാസികള്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ യുജെനിക്‌സ് പ്രോഗ്രാമാണ് നാസി പദ്ധിയുടെ ചട്ടക്കൂടായി മാറിയത്.  'ജനിതക തകരാറുള്ള' ആളുകളെ തടവിലാക്കി വന്ധ്യംകരിക്കാനോ, ഉന്‍മൂലനം ചെയ്യാനോ ഉള്ള പദ്ധതികളാണ് അവര്‍ നടപ്പിലാക്കിയത്. എനേബ്ലിങ് ആക്ട് നടപ്പാക്കി അഞ്ചുമാസം തികയുംമുമ്പ് 'ജനിതകരോഗമുള്ള കുഞ്ഞുങ്ങള്‍ പിറക്കുന്നത് തടയാനുള്ള നിയമം' ('Law for the Prevention of Genetically Diseased Offspring') കൊണ്ടുവന്നു. 'പാരമ്പര്യ രോഗം ബാധിച്ച ആരെയും ബലമായി ശസ്ത്രക്രിയ വഴി വന്ധ്യംകരിക്കുക' എന്നതായിരുന്നു നിയമത്തിന്റെ കാതല്‍. അധികം വൈകാതെ, പാരമ്പര്യരോഗമുള്ളവരെ മാത്രമല്ല, 'കൊടുംകുറ്റവാളികളെ'യും (രാഷ്ട്രീയ പ്രതിയോഗികള്‍, എഴുത്തുകാര്‍, ജേര്‍ണലിസ്റ്റുകള്‍ ഒക്കെ അതില്‍ ഉള്‍പ്പെട്ടിരുന്നു) ബലമായി വന്ധ്യംകരിക്കാന്‍ നിയമം പാസാക്കി. 1934 ആയപ്പോഴേക്കും വന്ധ്യംകരണ പരിപാടി വലിയതോതില്‍ വളര്‍ന്ന്, പ്രതിമാസം 5000 പേരെ വന്ധ്യംകരിക്കുന്ന സ്ഥിതിയിലെത്തി! അതിനായി 200 ജനിതക കോടതികള്‍ (Hereditary Health Courts) മുഴുവന്‍ സമയം പ്രവര്‍ത്തിച്ചു. 

വംശശുദ്ധീകരണത്തിന്റെ അടുത്ത ഘട്ടം കൂടുതല്‍ ഭയാനകമായിരുന്നു. വൈകല്യങ്ങള്‍ ബാധിച്ച മൂന്ന് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ മുഴുവന്‍ ഉന്‍മൂലനം ചെയ്യുക എന്നതായിരുന്നു അത്. 1939 സെപ്റ്റംബറോടെ ഈ കിരാത നടപടിക്ക് ജര്‍മനിയില്‍ തുടക്കമായി. ജൂതകുഞ്ഞുങ്ങളെയാണ് ഇതില്‍ പ്രധാനമായി ലക്ഷ്യമിട്ടത്. 'ജനിതകരോഗം ബാധിച്ചത്' എന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റായിരുന്നു കുഞ്ഞുങ്ങളുടെ മരണപത്രം! 

'ആക്ഷന്‍ ടി4' ('Aktion T4') എന്ന പേരിലാണ് നാസികളുടെ ജനിതകശുദ്ധീകരണ പരിപാടി അറിയപ്പെട്ടത്. 1941 ആയപ്പോഴേക്കും യുജെനിക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി രണ്ടര ലക്ഷം പേരെ ഉന്‍മൂലനം ചെയ്തു. 1933 മുതല്‍ 1943 വരെയുള്ള പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് നാലുലക്ഷത്തിലേറെപ്പേരെ നിര്‍ബന്ധിത വന്ധ്യംകരണത്തിനും വിധേയമാക്കി. വംശഹത്യയുടെ ഭാഗമായി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലും ഗ്യാസ് ചേംബറുകളിലും 60 ലക്ഷം ജൂതരെ ഇല്ലായ്മ ചെയ്ത നാസി ക്രൂരതയുടെ സാമ്പിള്‍ വെടിക്കെട്ടായിരുന്നു വംശശുദ്ധീകരണ പരിപാടി. 

നാസികളുടെ പതനത്തോടെ ജര്‍മന്‍ യുജെനിക്‌സിനും അന്ത്യമായി. ലോകമെങ്ങും യുജെനിക്‌സിന്റെ വക്താക്കള്‍ ഒറ്റപ്പെട്ടു. മിക്കവരും അക്കാര്യത്തില്‍ തങ്ങള്‍ വഹിച്ച പങ്ക് പുറത്തു പറയുന്നത് നിര്‍ത്തി. മറവിരോഗം ബാധിച്ചതുപോലെ ആയിരുന്നു പലരുടെയും സ്ഥിതി! അമേരിക്കയില്‍ 1939 ഓടെ 'യുജെനിക്‌സ് റിക്കോര്‍ജ് ഓഫീസി'ന് ഫണ്ടിങ് കാര്യമായി കുറഞ്ഞു. 1945 ആയപ്പോഴേക്കും യുജെനിക്‌സ് ഗവേഷണവും നിലച്ചു.

Eugenics in America
യുജെനിക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി വാഷിങ്ടണ്‍ ഡിസിയില്‍ 1931ല്‍ നടന്ന മികച്ച ശിശുക്കളെ കണ്ടെത്താനുള്ള മത്സരം. Pic Credit: Public Library | News Dog Media 

 

വംശീയതയുടെ ക്രൂരമുഖമാണ് യുജെനിക്‌സ് എന്ന് കാലം തെളിയിച്ചെങ്കിലും, അതിനെ പിന്തുണയ്ക്കുന്നവര്‍ അവശേഷിച്ചു. അവര്‍ എണ്ണത്തില്‍ കുറവായിരുന്നു എന്നുമാത്രം. ഇത്തരക്കാരുടെ ആശയങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മുഖ്യധാരയിലെ ശാസ്ത്രജേര്‍ണലുകള്‍ വിസമ്മതിക്കുന്നതു കൊണ്ട്, 'മാന്‍കൈന്‍ഡ് ക്വാര്‍ട്ടര്‍ലി' (Mankind Quarterly) എന്ന പ്രസിദ്ധീകരണം അവര്‍ ആരംഭിച്ചു. അധികമാരും ശ്രദ്ധിക്കാത്ത ആ പ്രസിദ്ധീകരണത്തിലാണ് 1960കള്‍ മുതല്‍ യുജെനിക്‌സ് പഠനങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. പ്രകൃതിനിര്‍ധാരണത്തിന്റെ ഉപോത്പന്നമായി വംശീയസംഘര്‍ഷമുണ്ടാകുമെന്നൊക്ക പ്രവചിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇതില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 1994ല്‍ റിച്ചാര്‍ഡ് ഹേറസ്റ്റീനും ചാള്‍സ് മറേയും ചേര്‍ന്ന് പ്രസിദ്ധീകരിച്ച 'ദി ബെല്‍ കര്‍വ്' (The Bell Curve) എന്ന കുപ്രസിദ്ധ ഗ്രന്ഥത്തിന് അവലംബമായത് മേല്‍സൂചിപ്പിച്ച പ്രസിദ്ധീകരണവും, അതില്‍ എഴുതുന്ന ആളുകളുമാണ്. വിവിധ മനുഷ്യവംശങ്ങളും ബുദ്ധിനിലവാര സ്‌കോറും (IQ) തമ്മില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ഈ ഗ്രന്ഥം ശ്രമിച്ചത്. 

'മാന്‍കൈന്‍ഡ് ക്വാര്‍ട്ടര്‍ലി'യുടെ എഡിറ്റര്‍ ജെറാഡ് മീസെന്‍ബര്‍ഗ്, അസിസ്റ്റന്റ് എഡിറ്റര്‍ റിച്ചാര്‍ഡ് ലിന്‍ തുടങ്ങിയവര്‍ക്ക് മുഖ്യധാരാ ശാസ്ത്രരംഗത്ത് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത ആശങ്കയുണര്‍ത്തുന്നതാണെന്ന്, യൂജനിക്‌സിനെക്കുറിച്ച് ഗ്രന്ഥമെഴുതുന്ന ഇന്ത്യന്‍ വംശജയായ ആഞ്ജല സൈനി പറയുന്നു. ലോകത്തെ ഏറ്റവും ആധികാരിക ജേര്‍ണലുകളില്‍ ചിലത് (ലാന്‍സെറ്റ്, സെല്‍ പോലുള്ളവ) പുറത്തിറക്കുന്ന പ്രസാധകഗ്രൂപ്പാണ് എല്‍സവിയര്‍ (Elsevier). എല്‍സവിയറിന്റെ 'പേഴ്‌സണാലിറ്റി ആന്‍ഡ് ഇന്‍ഡിവിജ്വല്‍ ഡിഫറന്‍സസ്' എന്ന ജേര്‍ണലിന്റെ എഡിറ്റോറിയല്‍ ഉപദേശക സമിതിയില്‍ ഒരാള്‍ റിച്ചാര്‍ഡ് ലിന്‍ ആണെന്ന കാര്യം സൈനി ചൂണ്ടിക്കാട്ടുന്നു. ഇതേ കമ്പനി പ്രസിദ്ധീകരിക്കുന്ന മനശാസ്ത്ര ജേര്‍ണലായ 'ഇന്റലിജന്‍സി'ന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ മീസെന്‍ബര്‍ഗും ലിന്നും ഉണ്ട്. 

യുജെനിക്‌സ് പ്രചാരകര്‍ക്ക് ഇത്തരത്തില്‍ പൊതുഇടങ്ങളില്‍ ലഭിക്കുന്ന സ്വീകാര്യതയും, യുണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍ നടന്ന യുജെനിക്‌സ് സമ്മേളനവും സൂചിപ്പിക്കുന്നത്, ചരിത്രത്തില്‍ നിന്ന് നാമൊന്നും പഠിക്കുന്നില്ല എന്നാണ്. 'വംശീയത സംബന്ധിച്ച് തീവ്ര ആശയങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ശാസ്ത്രജ്ഞര്‍ എണ്ണത്തില്‍ കുറവാണെങ്കിലും, അവരിപ്പോള്‍ മുഖ്യധാരയിലേക്ക് തങ്ങളുടെ ആശയങ്ങളെത്തിക്കുന്നതില്‍ വിജയിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനെതിരെ ശാസ്ത്രസമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. യുജെനിക്‌സ് ഭീകരത ഇനി ആവര്‍ത്തിക്കില്ലെന്ന് നമ്മള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്'-സൈനി ഓര്‍മിപ്പിക്കുന്നു. 

അവലംബം -

1. Exposed: London's eugenics conference and its neo-Nazi links. London Student.  
2. UCL to investigate eugenics conference secretly held on campus, by Kevin Rawlinson and Richard Adams.  The Guardian, Jan 11, 2018
3. The Gene - An Intimate History (2016), by Siddartha Mukherjee. Penguin  Allen Lane. 
4. Racism is creeping back into mainstream science – we have to stop it, by Angela Saini. The Gurdian, Jan 22, 2018  

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്