അന്യഗ്രഹങ്ങളെ പറ്റി പഠിക്കാന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ESA) വിക്ഷേപിച്ച 'കാരക്ടറൈസിങ് എക്സോ പ്ലാനറ്റ് സാറ്റലൈറ്റ്' അഥവാ (കെയോപ്സ്-CHEOPS) കണ്ണു തുറന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ അതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
2019 ഡിസംബര്‍ 18 ന് വിക്ഷേപിച്ച ഈ ബഹിരാകാശ പേടകം, സൗരയൂഥത്തിന് പുറത്ത് തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങളുടെ വലുപ്പം നിര്‍ണയിക്കുകയാണ് ചെയ്യുക. പേടകത്തിന്റെ മുഖ്യഭാഗമായ ദൂരദര്‍ശിനി സംരക്ഷിക്കാന്‍ സ്ഥാപിച്ചിരുന്ന മൂടുപടം ഈ ജനുവരി 29 ന് നീക്കി.
പേടകം ഇതുവരെ ഭൂമിയില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലായിരുന്നു. ഇതിനിടെ കെയോപ്സിന്റെ ഭാഗങ്ങളെല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഗവേഷകര്‍ വിലയിരുത്തി. ഏറ്റവും ഒടുവിലാണ് ദൂരദര്‍ശിനിയുടെ മറ നീക്കിയത്. ഇതോടെ ടെലിസ്‌കോപ്പ് പ്രവര്‍ത്തന സജ്ജമായി.
അന്യഗ്രഹങ്ങളെ കുറിച്ച് പഠിക്കാനയച്ച മറ്റ് പേടകങ്ങളെപ്പോലെ തന്നെ, സൗരയൂഥത്തിന് വെളിയില്‍ എവിടെയെങ്കിലും ജീവന്റെ സാന്നിധ്യം ഉണ്ടോ എന്ന് തിരക്കുകയാണ് കെയോസ്പിന്റെയും ആത്യന്തിക ലക്ഷ്യം. പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങുംമുമ്പ് ടെലിസ്‌കോപ്പിന്റെ പ്രവര്‍ത്തനം ഒന്നുകൂടി ഗവേഷകര്‍ വിലയിരുത്തും.
ഇതിനോടകം നൂറുകണക്കിന് ചിത്രങ്ങള്‍ കെയോപ്സ് പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ടെലിസ്‌കോപിന് മുന്നിലെ മറ നീക്കാതിരുന്നിതിനാല്‍ ചിത്രങ്ങളൊന്നും പതിഞ്ഞിട്ടില്ല. മറ നീക്കിയതോടെ, ഇനിയെടുക്കുന്ന ദൃശ്യങ്ങള്‍ ഭൂമിയിലേക്ക് ലഭിക്കും.
Content Highlights: ESA CHEOPS satellite opened the cover of the space telescope