നുഷ്യരുടെ ആകാശയാത്ര സാധ്യമാക്കുന്നതിനായി സ്‌പേയ്‌സ് എക്‌സ് വിഭാവനം ചെയ്ത സ്റ്റാര്‍ഷിപ്പ് വാഹനത്തിന്റെ നിര്‍മാണശാലയില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ കമ്പനി മേധാവി ഇലോണ്‍ മസ്‌ക് പുറത്തുവിട്ടു. ടെക്‌സാസിലെ നിര്‍മാണ ശാലയില്‍ നിന്നുള്ള സ്റ്റാര്‍ഷിപ്പിന്റെ പൂര്‍വമാതൃകയുടെ നിര്‍മാണ ചിത്രങ്ങളാണ് മസ്‌ക് ട്വിറ്ററില്‍ പങ്കുവെച്ചത്. 

സ്റ്റാര്‍ഷിപ്പിന്റെ ഒമ്പത് മീറ്റര്‍ വ്യാസത്തില്‍ അര്‍ധഗോളാകൃതിയിലുള്ള മുകള്‍ ഭാഗവും അതിന്റെ എയര്‍ ഫ്രെയിമുമാണ് മസ്‌ക് പങ്കുവെച്ച ചിത്രത്തിലുള്ളത്. 

ജൂലായില്‍ ഫ്‌ളോറിഡയിലെ നിര്‍മാണ ശാലയില്‍ നിര്‍മിക്കുന്ന സ്റ്റാര്‍ഷിപ്പിന്റെ മറ്റൊരു പൂര്‍വമാതൃകയുടെ ചിത്രങ്ങള്‍ മസ്‌ക് പങ്കുവെച്ചിരുന്നു. രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ഇത് പറക്കാന്‍ തയ്യാറാവുമെന്ന് അദ്ദേഹം പറഞ്ഞു. അതായത് ഓഗസ്റ്റ് മാസത്തോടെ സ്റ്റാര്‍ഷിപ്പിന്റെ രണ്ട് മാതൃകകള്‍ ആദ്യ പറക്കലിന് തയ്യാറാവും. 

സ്റ്റാര്‍ഷിപ്പിന്റെ ടേക്ക് ഓഫ്, ലാന്റിങ് പരീക്ഷണങ്ങള്‍ക്കായി തയ്യാറാക്കിയ സ്റ്റാര്‍ഹോപ്പര്‍ എന്ന പൂര്‍വമാതൃക ജൂലായില്‍ സ്‌പേസ് എക്‌സ് വിജയകരമായി പരീക്ഷിച്ചിരുന്നു. 

നേരത്തെ ബിഗ് ഫാല്‍ക്കണ്‍ റോക്കറ്റ് അഥവാ ബിഎഫ്ആര്‍ എന്ന് അറിയപ്പെട്ടിരുന്ന ഈ സ്റ്റാര്‍ഷിപ്പ് വാഹനം ചൊവ്വയിലേക്ക് മനുഷ്യരെ കൊണ്ടുപോവാനും ബഹിരാകാശത്തുള്ള ഗവേഷകരെ ഭൂമിയില്‍ തിരികെയെത്തിക്കാനുള്ള നാസയുടെ പദ്ധതികള്‍ക്കും വേണ്ടി ഉപയോഗിക്കുക എന്ന ലക്ഷ്യങ്ങളാണ് സ്റ്റാര്‍ഷിപ്പിനുള്ളത്. ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേക്ക് ബഹിരാകാശം വഴി മനുഷ്യ സഞ്ചാരം സാധ്യമാക്കുകയെന്ന സ്വപ്‌ന പദ്ധതിയും സ്റ്റാര്‍ഷിപ്പിലൂടെ സ്‌പേയ്‌സ് എക്‌സിനുണ്ട്. 2024-ഓടെ സ്റ്റാര്‍ഷിപ്പ് സാധ്യമാക്കാന്‍ സ്‌പേയ്‌സ് എക്‌സ് പദ്ധതിയിടുന്നു. 

സ്‌പേസ് എക്‌സ് വികസിപ്പിച്ച പുനരുപയോഗിക്കാന്‍ സാധിക്കുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റുകളുടെ ചുവടുപിടിച്ചാണ് ഇലോണ്‍ മസ്‌ക് സ്റ്റാര്‍ഷിപ്പ് എന്നൊരു പദ്ധതി ആവിഷ്‌കരിച്ചത്. 

Content Highlights: elon musk space x shared photos of starship prototype from texas