ടലില്‍ സ്ഥാപിച്ച രണ്ട് ഓയില്‍ റിഗ്ഗുകള്‍ വാങ്ങിയിരിക്കുകയാണ് സ്‌പേസ് എക്‌സ്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ബഹിരാകാശ വാഹന വിക്ഷേപണങ്ങള്‍ക്കായി ഇവിടം ഒരുക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ്. 

സ്‌പേസ് എക്‌സിന്റെ അണിയറയില്‍ നിര്‍മാണത്തിലിരിക്കുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനും തിരിച്ചിറക്കുന്നതിനുമാവും ഈ 'സ്‌പേസ് പോര്‍ട്ടുകള്‍' ഉപയോഗിക്കുക. ഈ വര്‍ഷം തന്നെ ആദ്യ സ്‌പേസ്ഷിപ്പ് വിക്ഷേപണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കടക്കെണിയിലായ വലരിസ് എന്ന ഓഫ്‌ഷോര്‍ റിഗ് കമ്പനിയില്‍നിന്നു 35 ലക്ഷം ഡോളറിനാണ് ഓരോ റിഗ്ഗും സ്‌പേസ് എക്‌സ് വാങ്ങിയത്. ചൊവ്വയുടെ രണ്ട് ഉപഗ്രഹങ്ങളായ ഫോബോസിന്റേയും ഡെയ്‌മോസിന്റേയും പേരാണ് ഈ റിഗ്ഗുകള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് സ്‌പേസ് എക്‌സ് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. കടലില്‍ സ്ഥാപിച്ച വിക്ഷേപണത്തറകള്‍ വിക്ഷേപണങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ ഏറെ കാലമായി സ്‌പേസ് എക്‌സ് ശ്രമിക്കുന്നുണ്ട്. ഫാല്‍ക്കണ്‍ റോക്കറ്റിന്റെ എഞ്ചിനുകള്‍ തിരിച്ചിറങ്ങുന്നതിന് തീരത്തും കടലിലും സ്‌പേസ് എക്‌സ് സൗകര്യം ഒരുക്കിയിരുന്നു. 

നേരത്തെ ഭൂഖണ്ഡാന്തരയാത്ര എന്ന ആശയം അവതരിപ്പിക്കുമ്പോഴും കടലിലെ വിക്ഷേപണത്തറയുടെ ഉപയോഗം സ്‌പേസ് എക്‌സ് അവതരിപ്പിക്കുന്നുണ്ട്. ഒഴുകുന്ന സൂപ്പര്‍ ഹൈവേ ക്ലാസ് സ്‌പേസ് പോര്‍ട്ടുകള്‍ സ്ഥാപിക്കാന്‍ സ്‌പേസ് എക്‌സ് പദ്ധതിയിടുന്നതായി മസ്‌ക് കഴിഞ്ഞ വര്‍ഷം ട്വീറ്റ് ചെയ്തിരുന്നു. ചൊവ്വ, ചാന്ദ്ര ദൗത്യങ്ങള്‍ക്കായി ഇവിടം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി. 

സ്‌പേസ് എക്‌സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ വാഹനമാണ് സ്റ്റാര്‍ഷിപ്പ്. ചൊവ്വയിലും ചന്ദ്രനിലും മനുഷ്യന്റെ സ്ഥിരസാന്നിധ്യമുറപ്പിക്കാനുള്ള പദ്ധതികള്‍ക്കായാണ് ഇത് രൂപകല്‍പന ചെയ്തുവരുന്നത്. ദൈര്‍ഘ്യമേറിയ യാത്രകള്‍ ഇതുപയോഗിച്ച് ലക്ഷ്യമിടുന്നു. വര്‍ഷങ്ങള്‍ നീണ്ട പദ്ധതിയാണ് സ്റ്റാര്‍ഷിപ്പുമായി ബന്ധപ്പെട്ട് സ്‌പേസ് എക്‌സ് ആസൂത്രണം ചെയ്യുന്നത്. സ്റ്റാര്‍ഷിപ്പ് ഇപ്പോഴും അതിന്റെ ശൈശവ ഘട്ടത്തിലാണ്. 

Content Highlights: Elon Musk's space x is turning oil rigs into floating spaceports for startships