രണ്ട് ഗാലക്‌സികള്‍. ഒരെണ്ണം ആയിരം കോടി പ്രകാശവര്‍ഷമകലെ, അടുത്തത് 600 കോടി പ്രകാശവര്‍ഷം അകലെയും. ഇവ രണ്ടും ഭൂമിയെ അപേക്ഷിച്ച് സവിശേഷസ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ അപൂര്‍വ്വമായ ഒരു ആകാശദൃശ്യം പ്രത്യക്ഷപ്പെട്ടു-'ഐന്‍സ്റ്റൈന്‍ വലയം' ( Einstein ring ).

രണ്ട് ഗാലക്‌സികളും കുറ്റമറ്റ നിലയ്ക്ക് അനുക്രമമായി വിന്യസിക്കപ്പെട്ടപ്പോള്‍, അകലെയുള്ള ഗാലക്‌സിയില്‍ നിന്നുള്ള പ്രകാശം രണ്ടാമത്തെ ഗാലക്‌സിയുടെ ഗുരുത്വബലത്തിന്റെ സ്വാധീനത്താല്‍ വക്രീകരിക്കപ്പെടുന്നു. അതിന്റെ ഫലമായി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ അകലെയുള്ള ഗാലക്‌സി ഒരു വലയം പോലെ കാണപ്പെടുന്നു. 

ഇത്രകാലവും ഗവേഷകര്‍ നിരീക്ഷിച്ചതില്‍ ഏറ്റവും കുറ്റമറ്റ ഐന്‍സ്‌റ്റൈന്‍ വലയമാണ് ഇപ്പോള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കാനറി ദ്വീപുകളിലെ 'ഇന്‍സ്റ്റിട്ട്യൂട്ടോ ഡി അസ്‌ട്രോഫിസിക്ക ഡി കാനറീസി'ലെ ( IAC ) ഗവേഷക മാര്‍ഗരിത ബറ്റിനെല്ലിയും സംഘവും യാദൃശ്ചികമായാണ് ഈ വലയം കണ്ടെത്തിയത്. ചിലിയിലെ 'ബ്ലാന്‍കോ ടെലിസ്‌കോപ്പി'ലെ 'ഡാര്‍ക്ക് എനര്‍ജി ക്യാമറ' ഉപയോഗിച്ച് നിരീക്ഷണം നടത്തുമ്പോഴായിരുന്നു അത്.

നൂറുവര്‍ഷം മുമ്പ് പ്രവചിക്കപ്പെട്ടത്

ഒരു നൂറ്റാണ്ട് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ച 'സാമാന്യ ആപേക്ഷികതാ സിദ്ധാന്ത'ത്തില്‍ 'ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്' ( gravitational lensing ) എന്നൊരു പ്രതിഭാസത്തെക്കുറിച്ച് പറയുന്നുണ്ട്. ആ പ്രതിഭാസത്തിന്റെ ഫലമായാണ് 'ഐന്‍സ്റ്റൈന്‍ വലയം' പ്രത്യക്ഷപ്പെടുക. 

Albert Einstein
ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍

വലിയ ദ്രവ്യമാനമുള്ള വസ്തുക്കള്‍ അവയ്ക്കരികിലെ സ്ഥലകാലങ്ങളെ ( spacetime ) വക്രീകരിക്കുമെന്ന് സാമാന്യ ആപേക്ഷികതാ സിദ്ധാന്തം പറയുന്നു. അതിനാല്‍, അത്തരം വസ്തുക്കള്‍ക്കരികിലൂടെ കടന്നുവരുമ്പോള്‍, സ്ഥലകാലത്തിന്റെ വക്രത മൂലം പ്രകാശകിരണങ്ങള്‍ക്ക് ദിശാവ്യതിയാനം സംഭവിക്കും. 

ഗാലക്‌സികളുടെയും മറ്റും അതിഭീമമായ ഗുരുത്വമണ്ഡലം പ്രകാശകിരണങ്ങളുടെ ദിശാവ്യതിയാനം വര്‍ധിപ്പിക്കുന്നു. അതിനാല്‍ അത്തരം ഗുരുത്വമണ്ഡലം ഒരു പ്രാപഞ്ചിക ലെന്‍സ് പോലെ പ്രവര്‍ത്തിക്കും. 'ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്' പ്രതിഭാസം ഇങ്ങനെയാണുണ്ടാകുന്നത്. 

രണ്ട് ഗാലക്‌സികള്‍ അനുക്രമമായി വിന്യസിക്കപ്പെട്ടതാണെങ്കില്‍, ഭൂമിയില്‍ നിന്നുള്ള നിരീക്ഷണത്തില്‍ അകലെയുള്ള ഗാലക്‌സി ശരിക്കുമൊരു വലയമായി കാണപ്പെടും. വക്രീകരിക്കപ്പെടുന്ന പ്രകാശത്തിന്റെ ഉറവിടം എന്ന നിലയ്ക്ക് 'സോഴ്‌സ്' ( source ) എന്നാണ് അകലെയുള്ള ഗാലക്‌സി അറിയപ്പെടുന്നത്.

മായക്കാഴ്ച   

യഥാര്‍ഥത്തില്‍ ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോഴുണ്ടാകുന്ന മായക്കാഴ്ച മാത്രമാണ് 'ഐന്‍സ്റ്റൈന്‍ വലയം'. അടുത്തുള്ള ഗാലക്‌സിയുടെ ഗുരുത്വമണ്ഡലം അകലെ നിന്നുള്ള ഗാലക്‌സിയുടെ പ്രകാശത്തെ വക്രീകരിക്കുന്നത് കൊണ്ടുണ്ടാകുന്ന തോന്നല്‍. 

'കാനറിയസ് ഐന്‍സ്റ്റൈന്‍ റിങ്' ( Canarias Einstein ring ) എന്നാണ്, ബറ്റിനെല്ലിയും സംഘവും കണ്ടെത്തിയ ഐന്‍സ്‌റ്റൈന്‍ വലയത്തിന് നല്‍കിയ പേര്. പ്രതിസാമ്യതയുടെ ( symmetry ) കാര്യത്തില്‍, ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കുറ്റമറ്റ 'ഐന്‍സ്റ്റൈന്‍ വലയ'മാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു.

Canarias Einstein ring
'കാനറിയസ് ഐന്‍സ്റ്റൈന്‍ റിങി'ന്റെ ഒരു ദൃശ്യം

 

'സോഴ്‌സ്' ആയ ഗാലക്‌സി നമ്മളില്‍ നിന്ന് ആയിരം കോടി പ്രകാശവര്‍ഷമകലെ ആണെങ്കിലും (ഒരു പ്രകാശവര്‍ഷം = പ്രകാശം ഒരു വര്‍ഷം സഞ്ചരിക്കുന്ന ദൂരം. ഇത് ഏതാണ്ട് 9 ലക്ഷം കോടി കിലോമീറ്റര്‍ വരും), പ്രപഞ്ചവികാസത്തിന്റെ തോത് വെച്ച് നോക്കുമ്പോള്‍ അവിടുന്ന് പ്രകാശത്തിന് ഇവിടെയെത്താന്‍ 850 കോടി വര്‍ഷം മതി. 

കുറ്റമറ്റ ഒരു 'ഐന്‍സ്‌റ്റൈന്‍ വലയം' നിരീക്ഷിച്ചതില്‍ അവസാനിക്കുന്നില്ല 'കാനറിയസ് വലയ'ത്തിന്റെ കണ്ടെത്തലിന്റെ പ്രസക്തി. സോഴ്‌സ് ഗാലക്‌സിയുടെ രാസഘടനയും, ഗ്രാവിറ്റേഷണല്‍ ലെന്‍സായി പ്രവര്‍ത്തിക്കുന്ന ഗാലക്‌സിയുടെ ഗുരുത്വമണ്ഡലവും അതിലെ തമോദ്രവ്യവും ഒക്കെ വിശദമായി പഠിക്കാന്‍ ഇത് അവസരം നല്‍കുന്നതായി, പഠനസംഘത്തിന് നേതൃത്വം നല്‍കിയ അന്റോണിയ അപാരിസിയോ പറയുന്നു. 

പുതിയ ലക്കം 'മന്ത്‌ലി നോട്ടീസസ് ഓഫ് ദി റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി'യിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.