സ്റ്റോക്ക്ഹോം: ലോകത്തെ പഴക്കമേറിയ സസ്യഫോസില്‍ ഇന്ത്യയില്‍നിന്നു ലഭിച്ചതായി സ്വീഡിഷ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ഗവേഷകര്‍. 

വിന്ധ്യമലനിരകളില്‍പ്പെട്ട മധ്യപ്രദേശിലെ ചിത്രകൂടില്‍ കണ്ടെത്തിയ ചുവന്ന ആല്‍ഗയുടെ ഫോസിലിന് 160 കോടി വര്‍ഷം പഴക്കമുണ്ടെന്ന് പ്ലോസ് ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 

ബഹുകോശ സങ്കീര്‍ണജീവന്‍ ഉടലെടുത്തത് നേരത്തേ കരുതിയതിലും മുമ്പേയാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍.

ചിത്രകൂടിലെ അവസാദശിലകളില്‍നിന്നാണ് ഗവേഷകസംഘത്തിന് ഫോസില്‍ ലഭിച്ചത്. നാരുപോലുള്ള രൂപങ്ങളാണ് ആദ്യം കിട്ടിയത്. 

പിന്നീട് കൂടുതല്‍ അന്വേഷണത്തിലാണ് കൂടുതല്‍ സങ്കീര്‍ണഘടനയുള്ള ചുവന്ന ആല്‍ഗകളോടു സാമ്യമുള്ള സസ്യവര്‍ഗത്തിന്റെ ഫോസിലുകള്‍ കണ്ടെത്തിയതെന്ന് സ്വീഡിഷ് നാഷണല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ജിയോബയോളജിസ്റ്റ് തെരേസാ സാല്‍സ്റ്റെഡ് പറഞ്ഞു. 

ഇന്ത്യയില്‍നിന്ന് ലഭിച്ച കൂടുതല്‍ ഫോസിലുകള്‍ പരിശോധനയിലാണെന്നും അവര്‍ വെളിപ്പെടുത്തി.

മുമ്പു കണ്ടെത്തിയ പഴക്കമേറിയ സസ്യഫോസിലിന് 120 കോടി വര്‍ഷമായിരുന്നു പ്രായം. 

ഭൂമിയില്‍ ജീവന്‍ ഉദ്ഭവിച്ച് വികസിച്ചതിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഇത്തരം കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 

അടുത്തിടെ 400 കോടി വര്‍ഷത്തിലേറെ പഴക്കമുള്ള ഏകകോശജീവിയുടെ ഫോസില്‍ കാനഡയില്‍ കണ്ടെത്തിയിരുന്നു. ഭൂമി പിറവിയെടുത്ത് ഏറെക്കഴിയുന്നതിനുമുമ്പേ ജീവനും ഉടലെടുത്തെന്ന വാദത്തിന് ശക്തിപകരുന്നതായിരുന്നു ആ കണ്ടെത്തല്‍.