Darwin
ചാള്‍സ് ഡാര്‍വിന്‍

രിണാമം എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് ചാള്‍സ് ഡാര്‍വിനെ ആണല്ലോ. പക്ഷെ ഇന്ന് ഡാര്‍വിന്‍ തിരിച്ചുവന്ന് പരിണാമസിദ്ധാന്തത്തെക്കുറിച്ചു ഒരു പരീക്ഷ എഴുതിയാല്‍ അദേഹത്തിനു പരീക്ഷയില്‍ പകുതി മാര്‍ക്ക് കിട്ടിയാലായി.  കാരണം, പരിണാമ സിദ്ധാന്തം ഇന്ന് അത്രയധികം വളര്‍ന്നു കഴിഞ്ഞു. ഇന്ന് ശാസ്ത്രജ്ഞര്‍ അതിന്റെ തെളിവുകള്‍ അന്വേഷിക്കാറില്ല. കാരണം അത് പണ്ടേ തെളിഞ്ഞ കാര്യമാണ്. 

റിച്ചാര്‍ഡ് ഡോക്കിന്‍സ് പറഞ്ഞതു പോലെ, പരിണാമത്തിന്റെ തെളിവുകള്‍ അന്വേഷിക്കുന്നത് ഒരു കുറ്റകൃത്യം നടന്നതിനു ശേഷം അതിനു തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് പോലെയാണ്. ഡാര്‍വിന്റെ കാലത്ത് ഫോസ്സിലുകള്‍ ആയിരുന്നു പ്രധാന തെളിവുകളെങ്കില്‍, ഇന്ന് ജനിതകശാസ്ത്രവും, ലാബിലെ പരീക്ഷണങ്ങളും പരിണാമം പൂര്‍ണ്ണമായും തെളിയിച്ചുകഴിഞ്ഞു. കൂടാതെ പരിണാമത്തിന്റെ അവശിഷ്ടങ്ങള്‍ ഓരോ ജീവിയുടെയും ശരീരത്തില്‍ മുഴുവനും ചിതറിക്കിടപ്പുണ്ട്. 

തല്‍ക്കാലം, പരിണാമം എന്താണെന്ന് നോക്കാം: 

പരിണാമം വിശദമാക്കാന്‍ ഒരു ഉദാഹരണം പറയാം. നിങ്ങള്‍ ഉറുമ്പുകളെ അല്ലെങ്കില്‍ കീടങ്ങളെ കൊല്ലാനായി DDT ഒരു സ്ഥലത്ത് ദീര്‍ഘകാലം ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. കുറെ കാലം കഴിയുമ്പോള്‍ DDT പ്രയോഗിച്ചാലും ഈ ഉറുമ്പുകള്‍ അധികം ചാവില്ല. കീടനാശിനിയിലും മായമോ? നാട്ടുനടപ്പ് അനുസരിച്ച്, ഇതായിരിക്കും നിങ്ങളുടെ മനസ്സില്‍ ആദ്യം വരുന്നത്. ഇത് മായവുമല്ല മന്ത്രവുമല്ല, പരിണാമമാണ്. കീടനാശിനിയെ പ്രതിരോധിക്കാന്‍ ഉള്ള കഴിവ് ഉറുമ്പുകളില്‍ പരിണമിച്ചുവന്നിരിക്കുന്നു.

Evolution
ചിത്രം കടപ്പാട്: ഗെറ്റി ഇമേജസ് 

നിങ്ങള്‍ ആദ്യം കീടനാശിനി പ്രയോഗിക്കുമ്പോള്‍ മിക്കവാറും എല്ലാ ഉറുമ്പുകളും ചാകുന്നു. പക്ഷെ എല്ലാം ചാകുന്നില്ല. കാരണം കീടനാശിനിയെ കുറച്ചെങ്കിലും പ്രതിരോധിക്കാന്‍ കഴിവുള്ള ചില ഉറുമ്പുകള്‍ അവിടെ ഉണ്ടായിരുന്നു. ഇതിനു കാരണം അവയുടെ ജീനുകളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ട് എന്നതാണ്. പ്രതിരോധശേഷിയുള്ള ആ ഉറുമ്പുകള്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ ലഭിക്കുന്നതിനാല്‍ അവയുടെ എണ്ണം കാലക്രമേണ കൂടുകയും ചെയ്യും. അങ്ങനെ കുറെ കാലം കഴിയുമ്പോള്‍ കീടനാശിനിയെ നന്നായി പ്രതിരോധിക്കാന്‍ കഴിവുള്ള ഉറുമ്പുകള്‍ മാത്രം അവശേഷിക്കുന്നു. ഇവിടെ പരിണാമത്തിന്റെ വേഗം ഉറുമ്പുകള്‍ എത്ര പെട്ടന്ന് പുതിയ തലമുറകളെ സൃഷ്ടിക്കുന്നു എന്നതിന് അനുസരിച്ചിരിക്കും.  

മുകളിലെ ഉദാഹരണത്തില്‍ നാം മനസിലാക്കേണ്ടത്, അവിടെ ഏതെങ്കിലും 'ഒരു ഉറുമ്പിന്' കീടനാശിനിയെ പ്രതിരോധിക്കാനുള്ള കഴിവ് അതിന്റെ ജീവിതകാലത്ത് കൈവന്നു എന്നല്ല. ആദ്യമേ ഈ ഗുണം ഉണ്ടായിരുന്നവയ്ക്ക് കൂടുതല്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കാനുള്ള അവസരം ലഭിച്ചു എന്നതാണ്. ഏതെങ്കിലും ഒരു ഉറുമ്പിനോട് നിങ്ങള്‍ പരിണാമത്തെക്കുറിച്ച് ചോദിച്ചാല്‍ തനിക്ക്  ഒരു മാറ്റവും വന്നിട്ടില്ലെന്നും, അതുകൊണ്ട് പരിണാമം സത്യമല്ലെന്നും അതു പറയും. പക്ഷെ നമ്മള്‍ അവയുടെ അനേകം തലമുറകള്‍ നോക്കുമ്പോള്‍, കാലക്രമേണ ആ ഭാഗത്ത് ജീവിക്കുന്ന ഉറുമ്പ് എന്ന വര്‍ഗ്ഗത്തിന് DDT യെ പ്രതിരോധിക്കാനുള്ള കഴിവ് ലഭിച്ചു എന്ന് മനസിലാക്കാം. അതായത് അവ പരിണാമത്തിന് വിധേയമായി, പക്ഷേ ഉറുമ്പുകള്‍ ഇതൊന്നും അറിയുന്നില്ല!

ഇവിടെ ഞാന്‍ പറഞ്ഞ ഉദാഹരണത്തില്‍ ഒരു ജീവിക്ക് പുതിയ ഗുണം ലഭിക്കുകയാണ്. പക്ഷെ എങ്ങനെയാണ് പുതിയ ജീവിവര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്നത്? പരിണാമത്തിലൂടെ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ ദീര്‍ഘകാലം അടിഞ്ഞുകൂടുമ്പോള്‍, ഒരു വര്‍ഗ്ഗം മറ്റൊന്നാകാം. പക്ഷെ ഇതിനു മറ്റൊരു നിബന്ധന കൂടിയുണ്ട്. ഒരു വര്‍ഗ്ഗത്തിലെ തന്നെ കുറെ ജീവികള്‍ രണ്ടു വിഭാഗങ്ങളായി വേര്‍പിരിയണം. അവ തമ്മില്‍ പ്രതുല്‍പ്പാദനപരമായ വിടവ് ഉണ്ടാകണം. 

Evolution
ചിമ്പാന്‍സി. ചിത്രം കടപ്പാട്:
 നാഷണല്‍ ജ്യോഗ്രഫിക് 

ഇതിനു കാരണം, ഒരു വിഭാഗം ജീവികള്‍ ദൂരെയുള്ള പ്രദേശത്തേക്ക് പാലായനം ചെയ്തതാവാം,  ഭൂപ്രകൃതിയില്‍ വന്ന മാറ്റങ്ങളാകാം, അതുമല്ലെങ്കില്‍ ജനിതകപരമായ കാര്യങ്ങളാകാം. അതുകൊണ്ട് ഇരുവിഭാഗം ജീവികള്‍ തമ്മില്‍ ഇണചേരാന്‍ സാധിക്കുന്നില്ല. അവയുടെ ജീനുകള്‍ കൂടി കലരില്ല. ഇനി രണ്ടു വിഭാഗങ്ങള്‍ക്കും വളരെ വ്യത്യസ്തമായ ആവാസവ്യവസ്ഥ ആണെങ്കില്‍ മാത്രം അവ പരിണമിച്ച് സ്വഭാവഗുണങ്ങളിലും, ആകൃതിയിലും എല്ലാം മാറ്റമുള്ളവയായി തീരും. കുറെ കാലം കഴിഞ്ഞാല്‍, ഉദാഹരണത്തിന് ഒരു ലക്ഷം വര്‍ഷം കഴിഞ്ഞാല്‍, അവ അടുത്തുവന്നാല്‍ പോലും പരസ്പരം ഇണചേരാന്‍ കഴിയില്ല. അങ്ങനെ ഇവിടെ പുതിയൊരു വര്‍ഗ്ഗം ഉണ്ടാകുകയാണ്.  

evolution
ബോണോബോ കുരങ്ങന്‍മാര്‍.
ചിത്രം കടപ്പാട്: ബിബിസി 

ഉദാഹരണത്തിന് ചിമ്പാന്‍സിയില്‍ ബോണോബോ എന്ന പുതിയ ഉപവര്‍ഗ്ഗം ഉണ്ടായത്, കോംഗോ നദിയുടെ അക്കരെയും ഇക്കരെയും പെട്ടുപോയ ചിമ്പാന്‍സികള്‍ക്ക് വളരെ വ്യത്യസ്തമായ ആവാസവ്യവസ്ഥ ഉണ്ടായതിനാല്‍ ആയിരുന്നു. ഗോറില്ലകളുമായി ഭക്ഷണത്തിനു വേണ്ടി മത്സരിക്കെണ്ടിവന്ന ചിമ്പാന്‍സികള്‍ ഇന്നത്തെ അക്രമവാസനയുള്ള ചിമ്പാന്‍സികളായി പരിണമിച്ചു. എന്നാല്‍ മറുകരെ, ഭക്ഷണം ധാരാളമായി ഉണ്ടായിരുന്ന ചിമ്പാന്‍സികള്‍, സമാധാനപ്രിയരും, പെണ്ണുങ്ങള്‍ക്ക് മേല്‍കൈയുള്ള സാമൂഹ്യവ്യവസ്ഥ ഉള്ളവരുമായി മാറി. ഇവരാണ് ബോണോബോ ചിമ്പാന്‍സികള്‍. ഈ മാറ്റങ്ങള്‍ വരാന്‍ ലക്ഷക്കണക്കിന് വര്‍ഷമെടുത്തു. ഇങ്ങനെ പ്രത്യുല്‍പ്പാദനം നടത്തി ജീനുകള്‍ കൂട്ടിക്കലര്‍ത്താന്‍ കഴിയാത്ത വിടവുകള്‍ വരുമ്പോഴാണ് വിവിധങ്ങളായ പുതിയ ജീവി വര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്നത്.   

അപ്പോള്‍ ചിമ്പാന്‍സി പരിണമിച്ചല്ലേ ബോണോബോ ഉണ്ടായത്? അതെ. പക്ഷെ ഇപ്പോഴുള്ള ചിമ്പാന്‍സി അല്ല. പത്തുലക്ഷം വര്‍ഷങ്ങള്‍ മുന്‍പുള്ള ചിമ്പാന്‍സി പരിണമിച്ചാണ്. ഇപ്പോഴുള്ള ചിമ്പാന്‍സിക്കും ബോണോബോക്കും ഒരു പൊതു പൂര്‍വ്വികന്‍ ഉണ്ടായിരുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ശരി. അവ കാഴ്ചയില്‍ മിക്കവാറും ഇന്നത്തെ ചിമ്പാന്‍സികളെ പോലെ ആയിരുന്നിരിക്കും. പക്ഷെ 'മനുഷ്യന്റെ കണ്ണുകള്‍' അല്ല ഒരു ജീവിയെ നിര്‍വ്വചിക്കുന്നത്, ആ ജീവികളുടെ ജീനുകളാണ്.

കുരങ്ങു പരിണമിച്ച് മനുഷ്യനാകും എന്നാണോ പരിണാമസിദ്ധാന്തം പറയുന്നത്? 

മുകളിലത്തെ ഉദാഹരണം ശരിക്കും മനസിലായെങ്കില്‍ ഇതിനുത്തരവും നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടാകും. പരിണാമ ചരിത്രത്തെ ഒരു മരമായി എടുക്കാം. മരത്തിന്റെ ഉയരം കാലഘട്ടമാണ്. ഇന്ന് ജീവിക്കുന്ന എല്ലാ ജീവികളും പരിണാമ മരത്തിന്റെ ശിഖരങ്ങളുടെ തുമ്പില്‍ നില്‍ക്കുന്നവയാണ്. ഇന്നുള്ള ഒരു ജീവിയില്‍ നിന്നല്ല മറ്റൊന്ന് ഉണ്ടായത്. രണ്ട് ശാഖകള്‍ കൂട്ടിമുട്ടുന്ന ഭാഗത്ത് ഉണ്ടായിരുന്ന ജീവികളാണ് പൊതുപൂര്‍വ്വികര്‍. എല്ലാ ജീവിവര്‍ഗ്ഗത്തിനും പൊതുപൂര്‍വ്വികര്‍ ഉണ്ട്. മരത്തിന്റെ രണ്ട് ശാഖകള്‍ വളരെ അകലെ ഉള്ളവയാണെങ്കില്‍ അത് കൂട്ടി മുട്ടുന്ന പോയന്റ് മരത്തിന്റെ വളരെ താഴെ ആയിരിക്കും. എന്നുവച്ചാല്‍ ഇന്ന് സാമ്യത കുറഞ്ഞ രണ്ടു ജീവികള്‍ തമ്മിലുള്ള പൊതുപൂര്‍വ്വികര്‍ ജീവിച്ചിരുന്നത് വളരെ കാലം മുന്‍പേ ആയിരിക്കും. അപ്പോള്‍ പൊതുപൂര്‍വ്വികര്‍ എവിടെ പോയി? അവര്‍ പരിണമിച്ചു പോയി!

പരിണാമം തലമുറകളായി വളരെ പതുക്കെയാണ് സംഭവിക്കുന്നതെന്ന് ചിലര്‍ സമ്മതിക്കും. പക്ഷെ അവര്‍ ചോദിക്കുന്നത് വളരെ കാലമായി പരിണമിക്കുമ്പോള്‍ ഇന്ന് ഓരോ പുതിയ ജീവികള്‍ ഉണ്ടാകുന്നത് നാം കാണേണ്ടേ? പരിണാമത്തിന്റെ അവസാനമായി, ഓരോ ദിവസവും ഓരോ ജീവി. ഇതാണ് അവരുടെ ആവശ്യം. ഇവര്‍ കരുതുന്നത്, പരിണാമം ബ്രെഡ് കമ്പനിയില്‍ ബ്രെഡ് ഉണ്ടാക്കുന്നത് പോലെയാണ് എന്നാണ്. കുഴയ്ക്കാനും, പുളിപ്പിക്കാനും ഒക്കെ കുറെ സമയം എടുക്കും. പക്ഷെ അവസാനം 'ടപ്പ്' എന്ന് ഒരു ബ്രെഡ് പാക്കറ്റ് വന്നു ചാടും! ഇതുപോലെയല്ല പരിണാമം!

human evolution

വീണ്ടും ഒരു ഉദാഹരണം പറയാം.  A എന്ന വര്‍ഗ്ഗം B ആയി മാറുന്നു എന്നിരിക്കട്ടെ. അതിനെടുക്കുന്ന കാലത്തെ നിങ്ങളുടെ ജീവിതദൈര്‍ഘ്യമായി ചുരുക്കി താരതമ്യം ചെയ്യാം. നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും ആ ജീവികളുടെ ഓരോ തലമുറക്ക് തുല്യമാണ്. നിങ്ങള്‍ ഇന്നും നാളെയും നിങ്ങളുടെ ഓരോ ഫോട്ടോ എടുക്കുക. അവ തമ്മില്‍ പ്രായക്കൂടുതല്‍ കാണാന്‍ കഴിയുമോ? തീര്‍ച്ചയായും ഇല്ല. ഇതിനര്‍ത്ഥം നിങ്ങള്ക്ക് പ്രായമാകുന്നില്ല എന്നാണോ? നിങ്ങള്‍ ഒരു ദിവസം കൂടുതല്‍ വയസായി. അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ സംഭവിച്ചു കഴിഞ്ഞു. പക്ഷെ അവ കാണുവാനോ, അളക്കുവാനോ പാകത്തിന് വലുതല്ല. ഇനി നിങ്ങള്‍ ഇന്നത്തെ ഫോട്ടോ ഒരു ഇരുപത് വര്‍ഷം മുന്‍പുള്ള നിങ്ങളുടെ ഫോട്ടോയുമായി താരതമ്യം ചെയ്തു നോക്കുക. ഇപ്പോള്‍ മാറ്റങ്ങള്‍ കാണുന്നുണ്ടോ? 

ഇങ്ങനെയാണ് പരിണാമത്തിലെ മാറ്റങ്ങളും. ഒരു വര്‍ഗ്ഗത്തില്‍ സംഭവിച്ച വ്യത്യാസം കാണണമെങ്കില്‍ നിങ്ങള്‍ കുറെ തലമുറകള്‍ പിന്നിലുള്ളവയുമായി താരതമ്യം ചെയ്യണം. ഒരു ദിവസം പെട്ടന്ന് നിങ്ങള്‍ വയസാകുകയല്ല. ഇത് തുടര്‍ച്ചയായി മെല്ലെ സംഭവിക്കുന്നതാണ്. അത് ഇന്നും ഇപ്പോഴും തുടര്‍ന്നു പോകുന്നു. ദിവസങ്ങള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ വയസാകുന്നത് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയാത്തത് പോലെ, ഏതാനും തലമുറകള്‍ കൊണ്ടുള്ള പരിണാമം നമുക്ക് കാണാനോ, അളക്കാനോ കഴിയില്ല.   

ചുരുക്കത്തില്‍, പരിണാമത്തെക്കുറിച്ചു ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട് -

1. ഒരു ജീവിയുടെ എല്ലാ ഗുണങ്ങളും നിര്‍ണ്ണയിക്കുന്നത് അതിന്റെ ജീനുകളാണ്. ജീനുകളില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ ജീവിയിലും മാറ്റങ്ങള്‍ വരും. ജീനുകളില്‍ ആകസ്മികമായി, ക്രമമില്ലാതെ മാറ്റങ്ങള്‍ വരാം. ഇതാണ് മ്യൂട്ടേഷന്‍. ഈ മാറ്റങ്ങള്‍ ജീവിക്ക് ഗുണപ്രദം ആണെങ്കില്‍ ആ ജീവികള്‍ കൂടുതല്‍ അതിജീവിക്കും. എന്നുവച്ചാല്‍, ആ മാറ്റങ്ങള്‍ക്കു കാരണമായ ജീനുകള്‍ അതിജീവിക്കും. 

2. അതിജീവിച്ച് കൂടുതല്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നവരാണ് അര്‍ഹതയുള്ളവര്‍. അര്‍ഹതയുള്ളവരെ ആരും തിരെഞ്ഞെടുക്കുന്നില്ല. ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതുകൊണ്ടാണ് 'natural selection' എന്ന് വിളിക്കുന്നത്. ഇവിടെ natural എന്നതിന് nature (പ്രകൃതി) എന്നല്ല അര്‍ഥം. കൃത്യമായി പറഞ്ഞാല്‍ 'പ്രകൃതി നിര്‍ദ്ധാരണം ' എന്ന പ്രയോഗം തന്നെ തെറ്റാണ്.

3. സ്വഭാവികമായ തിരഞ്ഞെടുപ്പു കൂടാതെയും പരിണാമം സംഭവിക്കാം. ഇതാണ് Genetic Drift. പക്ഷെ ഇത് വളരെ ചെറിയ കൂട്ടങ്ങളായി ജീവിക്കുന്ന ജീവികളില്‍ സംഭവിക്കുന്നതാണ്. നിങ്ങള്‍ ഒരു നാണയം പത്ത് പ്രാവശ്യം ടോസ് ചെയ്താല്‍ തലയും വാലും വരാനുള്ള സാധ്യത 50 ശതിമാനം വീതം ആയിരിക്കില്ല. ചിലപ്പോള്‍ ഭാഗ്യത്തിന് എട്ടു പ്രാവശ്യവും തല വരാം. പക്ഷെ ആയിരം പ്രാവശ്യം  (അനേകം തവണ) ചെയ്താല്‍ സാധ്യത 50 ശതമാനം തന്നെ ആകുന്നതു കാണാം. അതുപോലെ ജീവികളുടെ എണ്ണം കുറവായതിനാല്‍ ചില ജീനുകള്‍ അപ്രത്യക്ഷമാകുകയും (ഒരു ജീവി മരിച്ചുപോയാല്‍) അതുപോലെ ഏതെങ്കിലും ജീന്‍ 'ഭാഗ്യത്തിന്' കൂടുതലായി പടരുകയും ചെയ്യുന്നു. ഇവിടെ അതിജീവനത്തെ സഹായിക്കാത്ത ജീനുകളും പടരാം. ഉദാഹരണത്തിന് ഒറ്റപ്പെട്ട് ജീവിക്കുന്ന മനുഷ്യ വിഭാഗങ്ങളില്‍ ജനിതക രോഗങ്ങള്‍ ഇങ്ങനെ പടരാം.

4. പരിണാമം ഒരു ജീവിയില്‍ ഉണ്ടാകുന്ന മാറ്റമല്ല. മറിച്ച് ഒരു ജീവിവര്‍ഗ്ഗത്തില്‍ അനേകം തലമുറകള്‍ കൊണ്ട് ഉണ്ടാകുന്ന മാറ്റമാണ്. പല പരിണാമ വിരുദ്ധരും ആദ്യം മനസിലാക്കേണ്ടത് ഇക്കാര്യമാണ്. ഒരു വര്‍ഗ്ഗത്തില്‍ ഗുണങ്ങളുള്ള ജീനുകള്‍ (ജീവികള്‍) പടരുന്ന പ്രക്രിയയാണ് പരിണാമം. 

5. മനുഷ്യന്റെ കണ്ണുകള്‍ അല്ല പരിണാമം അളക്കുന്ന ഉപകരണം. പരിണമിച്ച് ഉണ്ടായ മാറ്റങ്ങള്‍ എപ്പോഴും പുറമേ കാണാന്‍ സാധിക്കണമെന്നില്ല. എന്നാല്‍ ജീനുകള്‍ പരിശോധിച്ചാല്‍ അറിയാന്‍ സാധിക്കും.

6. പരിണാമം സംഭവിച്ചാല്‍ എപ്പോഴും ഒരു ജീവി വര്‍ഗ്ഗം മറ്റൊന്നാകണമെന്നില്ല. അതൊക്കെ നിര്‍ണ്ണയിക്കുന്നത് ആവാസവ്യവസ്ഥയാണ്.

7. ആവാസവ്യവസ്ഥ എന്നാല്‍ ഒരു ജീവി കഴിയുന്ന സ്ഥലം, കാലാവസ്ഥ, ആ ജീവികളുടെ സ്വഭാവ ഗുണങ്ങള്‍, മറ്റു ജീവികളുമായുള്ള ബന്ധം ഇങ്ങനെ അനേക കാര്യങ്ങള്‍ ഉള്‍പ്പെട്ടതാണ്. ഒരേ സ്ഥലത്ത് ജീവിക്കുന്ന രണ്ടു ജീവിവര്‍ഗ്ഗങ്ങള്‍ രണ്ടു വ്യത്യസ്ത ആവാസവ്യവസ്ഥയിലാകാം ജീവിക്കുന്നത്. 

8. പരിണാമത്തിനു പ്രത്യേക ദിശയോ മുന്‍വിധിയോ ഇല്ല. ആവാസവ്യവസ്ഥയിലെ മാറ്റങ്ങളാണ് എല്ലാം തീരുമാനിക്കുക. കുരങ്ങ് മനുഷ്യനാകുമോ എന്ന് ചോദിക്കുന്നതിനു തുല്യം തന്നെയാണ് കുരങ്ങ് പൂച്ചയാകുമോ എന്ന് ചോദിക്കുന്നത്!

9. പരിണാമത്തിനു അവസാനം ഇല്ല. നിങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം നിങ്ങള്‍ക്ക് വയസായിക്കൊണ്ടേയിരിക്കും. അതുപോലെ ഒരു വര്‍ഗ്ഗം വംശനാശം വന്നു പോകാത്തിടത്തോളം കാലം അവയില്‍ എന്തെങ്കിലുമൊക്കെ പരിണാമം സംഭവിക്കും.  

പരിണാമം ഇങ്ങനെയാണ്. അപ്പോള്‍ കുരങ്ങന്മാര്‍ നമ്മുടെ ആരാണ്? നിങ്ങളുടെ ചുറ്റുമുള്ള കുരങ്ങുകള്‍ നിങ്ങളുടെ പൂര്‍വ്വികര്‍ അല്ല. അവര്‍ നിങ്ങളുടെ അകന്ന ബന്ധത്തിലുള്ള സഹോദരീ സഹോദരന്മാര്‍ ആണ്.