Pramod Pisharady, Imaging Scientist
ഡോ. പ്രമോദ് പിഷാരടി

കോഴിക്കോട്: ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗും ഭാര്യ ഡോ.പ്രിസില്ല ചാനും ചേര്‍ന്ന് രൂപംനല്‍കിയ ചാരിറ്റിയുടെ ഈ വര്‍ഷത്തെ 'ഇമേജിങ് സയന്റിസ്റ്റ് ഗ്രാന്റ്' ലഭിച്ചവരില്‍ കോട്ടയം സ്വദേശി ഡോ.പ്രമോദ് പിഷാരടിയും. നൂതന ഇമേജിങ് വിദ്യകള്‍ രൂപപ്പെടുത്താനുള്ളതാണ് ഗ്രാന്‍ഡ്. 6.86 ലക്ഷം ഡോളര്‍ (5 കോടി രൂപ) ആണ് ഗ്രാന്‍ഡ് തുക, കാലാവധി അഞ്ചുവര്‍ഷം. 

ചാനും സക്കര്‍ബര്‍ഗും ചേര്‍ന്ന് രൂപംനല്‍കിയ 'ചാന്‍ സക്കര്‍ബര്‍ഗ് ഇനിഷ്യേറ്റീവി'ന്റെ (CZI) ഗ്രാന്‍ഡ് ലഭിക്കുന്ന ആദ്യ മലയാളി ശാസ്ത്രജ്ഞനാണ് ഡോ.പിഷാരടി. യു.എസില്‍ മിനസോട്ട സര്‍വകലാശാലയ്ക്ക് കീഴിലെ 'മാഗ്നറ്റിക് റെസണന്‍സ് റിസര്‍ച്ച് സെന്ററി'ല്‍ (CMRR) ഗവേഷകനാണ് അദ്ദേഹം. 

ഡോ.പിഷാരടി ഉള്‍പ്പടെ, ഇമേജിങ് വിദ്യകള്‍ രൂപപ്പെടുത്തുന്ന 22 ശാസ്ത്രജ്ഞര്‍ക്ക് ഇത്തവണ സി.സെഡ്.ഐ.ഗ്രാന്‍ഡ് ലഭിച്ചു. എഞ്ചിനിയര്‍മാര്‍, ഭൗതികശാസ്ത്രജ്ഞര്‍, ഗണിതവിദഗ്ധര്‍, കമ്പ്യൂട്ടര്‍ ഗവേഷകര്‍, ജീവശാസ്ത്രജ്ഞര്‍-അങ്ങനെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്രയും പേര്‍ക്ക് മൊത്തം 1.75 കോടി ഡോളര്‍ (130 കോടി രൂപ) ആണ് ഗ്രാന്‍ഡ് അനുവദിച്ചിട്ടുള്ളത്. 

2015 ഡിസംബറിലാണ് ഈ ഇനിഷ്യേറ്റീവ് ആരംഭിച്ചത്. ചാനും സക്കര്‍ബര്‍ഗ്ഗും തങ്ങളുടെ ഫെയ്‌സ്ബുക്ക് ഓഹരികളുടെ 99 ശതമാനം വരുമാനം ഇതിലേക്ക് സംഭാവന ചെയ്യുന്നു. രോഗങ്ങള്‍ ഇല്ലാതാക്കുക, വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, കുറ്റകൃത്യ നീതിനിര്‍വഹണം പരിഷ്‌ക്കരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സി.സെഡ്.ഐ. പ്രവര്‍ത്തിക്കുന്നത്. 

ഇമേജിങ് വിദ്യകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന നവീന കമ്പ്യൂട്ടേഷണല്‍ ആല്‍ഗരിതങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വിദഗ്ധനാണ് ഡോ.പിഷാരടിയെന്ന്, സി.സെഡ്.ഐ. അറിയിപ്പില്‍ പറഞ്ഞു. 'അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലിറോസിസ്' (ALS), പാര്‍ക്കിന്‍സണ്‍സ് രോഗം, അല്‍ഷൈമേഴ്‌സ് എന്നിങ്ങനെയുള്ള മസ്തിഷ്‌ക അപചയ രോഗങ്ങളെ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഇമേജിങ് വിദ്യകള്‍ രൂപപ്പെടുത്താനുള്ള പദ്ധതിയാണ് ഗ്രാന്റിനായി ഡോ. പിഷാരടി സമര്‍പ്പിച്ചത്. നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഭാഗമായ ഡീപ് ലേണിങിന്റെ സാധ്യതകളും ഈ പ്രോജക്ടിനായി പ്രയോജനപ്പെടുത്തും. 

മസ്തിഷ്‌ക്കത്തിലെ ന്യൂറല്‍ കണക്ഷനുകള്‍ മാപ്പ് ചെയ്യാനുപയോഗിക്കുന്ന നൂതന വിദ്യയാണ് 'പ്രസരണ എം.ആര്‍.ഐ.' (diffusion MRI). അതിനെ പുതിയ സാധ്യതകളിലേക്ക് നയിക്കാനുള്ള ശ്രമത്തിലാണ് ഡോ. പിഷാരടി. ഇതുസംബന്ധിച്ച് പ്രധാനപ്പെട്ട ഒരു പഠനറിപ്പോര്‍ട്ട് 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ബയോളജി' ജേര്‍ണലില്‍ കഴിഞ്ഞ ജൂലായില്‍ ഡോ.പിഷാരടിയും സംഘവും പ്രസിദ്ധീകരിച്ചിരുന്നു. ഈ ദിശയിലുള്ള ഗവേഷണം അടുത്ത അഞ്ചുവര്‍ഷത്തേക്ക് തുടരാന്‍ ഡോ.പിഷാരടിക്ക് സി.സെഡ്.ഐ.ഗ്രാന്‍ഡ് സഹായകമാകും. 

കോട്ടയം കടുത്തുരുത്തി കൈലാസപുരത്ത് പിഷാരത്ത് പരേതരായ ത്രിവിക്രമ പിഷാരടിയുടെയും പ്രേമ പിഷാരസ്യാരുടെയും മകനാണ് ഡോ.പിഷാരടി. ഭാര്യ രാധിക, മകള്‍ പാര്‍വതി. 

പാലക്കാട് എന്‍.എസ്.എസ്. എഞ്ചിനിയറിങ് കോളേജിലെ പഠനത്തിന് ശേഷം, സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലാണ് പിഷാരടി പി.എച്ച്.ഡി. ചെയ്തത്. തുടര്‍ന്ന് രണ്ടുവര്‍ഷം സിങ്കപ്പൂരില്‍ സയന്റിസ്റ്റായി പ്രവര്‍ത്തിച്ചു. അതിനു ശേഷം യു.എസില്‍ 'മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി' (MIT) യില്‍ പോസ്റ്റ് ഡോക്ടറല്‍ പഠനത്തിന് എത്തി. അവിടെ വെച്ചാണ് മെഡിക്കല്‍ ഇമേജിങ് വിദ്യകളില്‍ അദ്ദേഹം ഗവേഷണം തുടങ്ങുന്നത്. 

മുന്‍ യു.എസ്.പ്രസിഡന്റ് ബാരക് ഒബാമ തുടങ്ങിവെച്ച 'ഒബാമ ബ്രെയിന്‍ ഇനിഷ്യേറ്റീവി'വില്‍ (Obama BRAIN Initiative) പ്രവര്‍ത്തിച്ച ഡോ.പിഷാരടി, നിലവില്‍ മിനസോട്ട സര്‍വകലാശാലയില്‍ റിസര്‍ച്ച് അസോസിയേറ്റ് ആണ്. 

* കാണുക: മസ്തിഷ്‌ക അപചയരോഗങ്ങള്‍ നേരത്തെ നിര്‍ണയിക്കാന്‍ നൂതന സ്‌കാനിങ് വിദ്യയുമായി മലയാളി ഗവേഷകന്‍ 

Content Highlights: CZI Awards, Chan Zuckerberg Initiative, Pramod Pisharady, diffusion MRI, Imaging Scientist