ബെയ്ജിങ്: ചൈനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശദൗത്യം പൂര്‍ത്തിയാക്കി മൂന്നുയാത്രികര്‍ വെള്ളിയാഴ്ച തിരിച്ചെത്തി. ഭൂമിയില്‍നിന്ന് 380 കിലോമീറ്റര്‍ ദൂരെയുള്ള ചൈനയുടെ ബഹിരാകാശനിലയത്തിലെ ടിയാന്‍ഹി മൊഡ്യൂളിലാണ് യാത്രികര്‍ 90 ദിവസം ചെലവഴിച്ചത്.

ഷെന്‍സോ-12 എന്ന ബഹിരാകാശവാഹനത്തില്‍ ജൂണ്‍ 17-നാണ് നീ ഹെയ്ഷെങ്, ലിയു ബോമിങ്, ടാങ് ഹോണ്‍ബോ എന്നിവര്‍ പോയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് ഇവര്‍ മംഗോളിയയിലെ ഗോബി മരുഭൂമിയില്‍ ക്യാപ്‌സൂളിലാണ് ഇവര്‍ തിരിച്ചിറങ്ങി.

സ്ഥിരമായ ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള വലിയ ദൗത്യത്തിന്റെ ആദ്യഘട്ടമായിരുന്നു ഷെന്‍സോ-12 ദൗത്യം.  സ്റ്റേഷന്റെ മൂന്ന് മൊഡ്യൂളുകളുടെ ലോഞ്ച് ഉള്‍പ്പെടെ 11 ഘട്ടങ്ങളുള്ള ദൗത്യമാണിത്.

ഏപ്രിലിലെ ടിയാന്‍ഹെ മൊഡ്യൂളിന്റെ വിക്ഷേപണത്തോടെയാണ് ബഹിരാകാശ നിലയത്തിന്റെ നിര്‍മ്മാണ പ്രക്രിയ ആരംഭിച്ചത്. ഒരു സിറ്റി ബസിനേക്കാള്‍ അല്‍പ്പം കൂടി വലുപ്പമുള്ള, ടിയാന്‍ഹെയില്‍ ജൂണ്‍ പകുതി മുതലാണ്  നീ, ലിയു, ടാങ് എന്നീ യാത്രികർ കഴിഞ്ഞത്. ചൈനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ യാത്ര ദൗത്യമായിരുന്നു ഷെന്‍സോ-12.

ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ദൗത്യത്തിന്റെ അടുത്ത ഘട്ടമായ ഷെന്‍സോ 13 മിഷന്‍ ഒക്ടോബറിലാണ്. അതിനു മുമ്പായി അടുത്ത ക്രൂവിലെ യാത്രികര്‍ക്ക് ആവശ്യമുള്ള വസ്തുക്കളടങ്ങിയ ഓട്ടോമേറ്റഡ് കാര്‍ഗോ സ്‌പേസ്‌ക്രാഫ്റ്റ് ചൈന ബഹിരാകാശത്തേക്ക് അയക്കും.  

2022 ഓടെ ബഹിരാകാശ നിലയനിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. 20 വര്‍ഷം പഴക്കമുള്ള അമേരിക്കയുടെ ഐഎസ്എസ് ബഹിരാകാശ നിലയത്തിനുള്ള ഏക ബദലാണ് ചൈനയുടെ പണിപൂർത്തിയാവാത്ത ബഹിരാകാശ നിലയം. 2024ല്‍ ഐഎസ്എസ്സിന്റെ കാലാവധി പൂര്‍ത്തിയാകും.