കേളകം : വയലുകളിലെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കാരണമുള്ള വായുമലിനീകരണം, കല്‍ക്കരിയുടെ ലഭ്യതക്കുറവ്... ഇവ രണ്ടിനും പരിഹാരമാകുന്ന നൂതന സാങ്കേതിതകവിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ഐ.ഐ.ടി. ഭുവനേശ്വറിലെ കണ്ണൂര്‍ സ്വദേശിയായ അധ്യാപികയടങ്ങുന്ന സംഘം. കാര്‍ഷികാവശിഷ്ടങ്ങളെ കല്‍ക്കരിക്ക് സമാനമായ കരി (ബയോ ചാര്‍ക്കോള്‍) ആക്കി മാറ്റാന്‍ കഴിയുന്ന ടോരിഫാക്ഷന്‍ റിയാക്ടറാണ് ഇവര്‍ രൂപകല്പന ചെയ്തത്. ഭുവനേശ്വര്‍ ഐ.ഐ.ടി.യിലെ അസി. പ്രൊഫസര്‍ കൊട്ടിയൂര്‍ സ്വദേശിനി ഡോ. രമ്യ നീലഞ്ചേരി, ഗവേഷണവിദ്യാര്‍ഥികളായ ഷര്‍ദുള്‍ നര്‍ദേ, നേഹ ശുക്ല എന്നിവരടങ്ങിയ സംഘമാണ് മൈക്രോവേവ് ടോരിഫാക്ഷന്‍ റിയാക്ടര്‍ നിര്‍മിച്ചത്.

remya neelanchery
ഡോ. രമ്യ നീലഞ്ചേരി

ഓക്‌സിജന്റെ അഭാവത്തില്‍ 200-350 ഡിഗ്രി സെല്‍ഷ്യസില്‍ താപരാസപ്രക്രിയവഴി നടത്തുന്ന കാര്‍ബണീകരണമാണ് ചുരുക്കത്തില്‍ ടോരിഫാക്ഷന്‍. വൈക്കോലിനെ ടോരിഫാക്ഷന് വിധേയമാക്കിയാണ് ടോരിഫൈഡ് ബയോമാസ് നിര്‍മിച്ചത്. ഇതിന് കല്‍ക്കരിയുടേതിന് സമാനമായ ഗുണങ്ങളുണ്ട്. പരമ്പരാഗതരീതികളില്‍ ടോരിഫാക്ഷന് അഞ്ചുമണിക്കൂര്‍വരെ ആവശ്യമാണ്. എന്നാല്‍ മൈക്രോവേവ് ടോരിഫാക്ഷന്‍ റിയാക്ടര്‍ വഴി 15-20 മിനിറ്റിനുള്ളില്‍ ടോരിഫൈഡ് ബയോമാസ് നിര്‍മിക്കാനാകും. താപമൂല്യം 19 ശതമാനത്തോളം ഉയര്‍ന്ന കരിയാണ് ഇതില്‍നിന്ന് ലഭിക്കുക. ഇതിനെ പെല്ലെറ്റാക്കി കല്‍ക്കരിക്ക് പകരം ഉപയോഗിക്കാനാവും.

അഞ്ച് കിലോഗ്രാം വൈക്കോല്‍ ഉപയോഗിക്കാവുന്ന റിയാക്ടറാണ് ഇവര്‍ ലബോറട്ടറിയില്‍ നിര്‍മിച്ചെടുത്തത്. അഞ്ചുലക്ഷത്തോളം രൂപയാണ് ചെലവ്. പരീക്ഷണം വിജയമായതോടെ രൂപകല്പന ചെയ്ത റിയാക്ടറിന്റെ പ്രോട്ടോടൈപ്പ് വികസനത്തിനുള്ള സാമ്പത്തികസഹായവും ഇവര്‍ സ്വന്തമാക്കി. 100 കിലാഗ്രാം ഉപയോഗിക്കാവുന്ന റിയാക്ടര്‍ നിര്‍മാണത്തിലാണിവര്‍. ഒരുകോടിയോളം രൂപയാണ് ചെലവ്. നിര്‍മാണം ഒരുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

ദേശീയ താപോര്‍ജനിലയവും എനര്‍ജി എഫിഷ്യന്റ് സര്‍വീസസും ചേര്‍ന്ന് സംഘടിപ്പിച്ച ഗ്രീന്‍ ചാര്‍ക്കോള്‍ ഹാക്കത്തണില്‍ പ്രോജക്ടിന് ഇന്നവേഷന്‍ അവാര്‍ഡ് ലഭിച്ചു. മൂന്നുലക്ഷം രൂപ ക്യാഷ് അവാര്‍ഡുമുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് 100-ലേറെ ടീമുകള്‍ ചലഞ്ചില്‍ പങ്കെടുത്തിരുന്നു. സാങ്കേതികവിദ്യ ദേശീയ താപോര്‍ജനിലയത്തിന് കൈമാറാനാണ് ആലോചനയെന്ന് ഡോ. രമ്യ റഞ്ഞു. മദ്രാസ് ഐ.ഐ.ടി. പ്രൊഫസര്‍ ഡോ. മാധവ് കുമാറിന്റെ ഭാര്യയും കൊട്ടിയൂര്‍ തെക്കേടത്ത് മാധവ വാര്യരുടെയും ഓമനയുടെയും മകളുമാണ് രമ്യ.