ചൈനയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധിയായ ചാങ്അ-5 ഭൂമിയിലേക്ക് തിരിച്ചിറങ്ങാന്‍ തയ്യാറെടുക്കുന്നു. ചന്ദ്രനില്‍നിന്ന് ശേഖരിച്ച സാമ്പിളുകളുമായി പുറപ്പെട്ട അസന്റര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള ഓര്‍ബിറ്റര്‍ റിട്ടേണറില്‍ വിജയകരമായി ബന്ധിപ്പിക്കപ്പെട്ടുവെന്ന് ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഓര്‍ബിറ്റര്‍ റിട്ടേണര്‍ ഇനി അനുയോജ്യമായ സമയത്ത് ഭൂമിയിലേക്ക് പുറപ്പെടും. 

ഓര്‍ബിറ്റര്‍, ലാന്റര്‍, അസന്റര്‍, റിട്ടേണര്‍ എന്നിവയാണ് ചാങ്അ-5-നുള്ളത്. വിക്ഷേപണശേഷം റോക്കറ്റില്‍നിന്നു വേര്‍പെട്ട് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ചാങ്അ-5 പേടകം ഓര്‍ബിറ്റര്‍-റിട്ടേണര്‍, ലാന്റര്‍-അസന്റര്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെടുന്നു. 

പിന്നീട് ലാന്റര്‍-അസന്റര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന് ശേഷം ചന്ദ്രോപരിതലം രണ്ട് മീറ്റര്‍ തുരന്ന് മണ്ണും കല്ലും ഉള്‍പ്പെടുന്ന സാമ്പിളുകള്‍ ശേഖരിച്ച് പ്രത്യേക അറയിലാക്കി ശേഖരിക്കുന്നു. 

യന്ത്ര കൈ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് സാമ്പിളുകള്‍ ശേഖരിക്കുന്ന അസന്റര്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് ചന്ദ്രനില്‍ നിന്ന് ഉയരുകയും ഭ്രമണ പഥത്തില്‍ ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്റര്‍-റിട്ടേണറുമായി ഡോക്ക് ചെയ്യുകയും ചെയ്യുന്നു. 

സങ്കീര്‍ണമായ ഈ പ്രക്രിയ പൂര്‍ത്തിയായതായാണ് ചൈന അറിയിച്ചിരിക്കുന്നത്. ഇനിയുള്ളത് ഭൂമിയിലേക്കുള്ള തിരിച്ചിറങ്ങലാണ്. ഡിസംബര്‍ 16-17 തീയ്യതികളിലായി പേടകം ചൈനയിലെ മംഗോളിയയില്‍ തിരിച്ചിറക്കാനാവുമെന്നാണ് സിഎന്‍എസ്എ പ്രതീക്ഷിക്കുന്നത്. 

ചന്ദ്രനില്‍നിന്നുള്ള സാമ്പിളുകള്‍ വിജയകരമായി ഭൂമിയിലെത്തിക്കാനായാല്‍ അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനും ശേഷം ആ നേട്ടം കൈവരിക്കുന്ന രാജ്യമായി ചൈന മാറും. മാത്രവുമല്ല, 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രനില്‍നിന്നുള്ള സാമ്പിളുകള്‍ ഭൂമിയിലേക്ക് കൊണ്ടുവരുന്നത്. 

Content Highlights: chang-e 5 set to launch docking completed successfully