ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 ശേഖരിച്ച ആദ്യ വിവരങ്ങള്‍ ഐഎസ്ആര്‍ഒ വ്യാഴാഴ്ച പുറത്തുവിട്ടു. എല്ലാ പരീക്ഷണങ്ങളും നല്ലരീതിയില്‍ നടക്കുന്നുണ്ടെന്നും ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള കഴിവ് വ്യക്തമാക്കുന്നതാണെന്നും ഐഎസ്ആര്‍ഒ പറഞ്ഞു.
2019 ജൂലായ് 22ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച ചന്ദ്രയാന്‍-2 സെപ്റ്റംബര്‍ രണ്ടിനാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. ചന്ദ്രനെ കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള എട്ടോളം പരീക്ഷണങ്ങള് ചന്ദ്രയാന്‍-2 നടത്തുന്നത്.
പുറത്തുവിട്ട വിവരങ്ങള്‍ ബെംഗളുരുവിനടുത്തുള്ള ബ്യാലലുവിലെ ഇന്ത്യന്‍ സ്‌പേസ് സയന്‍സ് ഡാറ്റാ സെന്ററിലാണ് (ഐ.എസ്.എസ്.ഡി.സി.) ആര്‍ക്കൈവ് ചെയ്തിരിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ഗ്രഹങ്ങളെ കുറിച്ചുള്ള പഠനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള നോഡല്‍ സെന്ററാണ് ഇന്ത്യന്‍ സ്‌പേസ് സയന്‍സ് ഡാറ്റാ സെന്റര്‍.
ഇപ്പോള്‍ ആഗോള ശാസ്ത്ര സമൂഹത്തിനായി ഈ വിവരങ്ങള്‍ പൊതുവില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഐ.എസ്.എസ്.ഡി.സിയുടെ പ്രധാന്‍ (PRADAN) പോര്‍ട്ടലില്‍ ഈ വിവരങ്ങള്‍ ലഭ്യമാണ്.
ചന്ദ്രനില്‍ പേടകമിറക്കി വിവര ശേഖരണം നടത്താനായിരുന്നു ചന്ദ്രയാന്‍ രണ്ടിലൂടെ ഐഎസ്ആര്‍ഓ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ലാന്റര്‍ സുരക്ഷിതമായി ഇറക്കുന്നതില്‍ പരാജയപ്പടുകയായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ രണ്ടിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്. ഇതില്‍ നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlights: chandrayaan 2 first set of data released by isro