കൊല്‍ക്കത്ത:  ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍-2 വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ ദൗത്യത്തിന് പിന്നിലെ സംഘത്തിലെ പ്രധാന ശാസ്ത്രജ്ഞനെ കുറിച്ചറിയാന്‍ കൗതുകകരമായ ചില വിശേഷങ്ങളുണ്ട്. 

ചന്ദ്രകാന്ത എന്ന പേരില്‍ തുടങ്ങുന്നു ഇദ്ദേഹത്തെ കുറിച്ചുള്ള കൗതുകം. മാതാപിതാക്കളുടെ ആഗ്രഹം മകന് സൂര്യകാന്ത എന്ന പേരിടാനായിരുന്നു. എന്നാല്‍ സ്‌കൂളില്‍ ചേര്‍ക്കാനെത്തിയപ്പോള്‍ പേര് ചന്ദ്രകാന്ത എന്നാവട്ടെ എന്ന അധ്യാപകന്റെ നിര്‍ദേശം അവര്‍ സ്വീകരിച്ചു, മകന് ചന്ദ്രകാന്ത എന്ന പേരും നല്‍കി. പേരില്‍ തുടങ്ങി ചന്ദ്രകാന്തയ്ക്ക് ചന്ദ്രനുമായുള്ള ബന്ധം.

കര്‍ഷകനായ പിതാവ് മധുസൂദന്‍ കുമാറിന് മിടുക്കനായ മകനെ കുറിച്ച് പറയാന്‍ ഏറെയുണ്ട്. കൃഷിയുടെ തിരക്കുകളില്‍ മകന്റെ പഠനകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും  സ്വപരിശ്രമം കൊണ്ട് മാത്രമാണ് ശാസ്ത്രജ്ഞനായിത്തീര്‍ന്നതെന്നും മധുസൂദന്‍ കുമാര്‍ അഭിമാനത്തോടെ പറയുന്നു. രാജ്യത്തിന്റെ അഭിമാനദൗത്യത്തില്‍ മകന് നിര്‍ണായകസ്ഥാനം ലഭിച്ചതില്‍ ഏറെ സന്തുഷ്ടനാണ് ചന്ദ്രകാന്തിന്റെ മാതാപിതാക്കള്‍.

ചന്ദ്രയാന്‍-1 ദൗത്യത്തിനൊപ്പവും ചന്ദ്രകാന്ത പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യയുടെ കൃത്രിമോപഗ്രഹങ്ങള്‍ക്കും ഗ്രൗണ്ട് സ്റ്റേഷനുകള്‍ക്കുമുള്ള ആന്റിനകള്‍ രൂപകല്‍പന ചെയ്തത് ഈ ബഹിരാകാശ ശാസ്ത്രജ്ഞനാണ്. ചന്ദ്രയാന്‍-1, ജി സാറ്റ് -12, ആസ്‌ട്രോസാറ്റ് എന്നിവയുടെ ആന്റിന സിസ്റ്റത്തിന്റെ പ്രോജക്ട് മാനേജറായിരുന്നു ചന്ദ്രകാന്ത. യു ആര്‍ റാവു സാറ്റലൈറ്റ് സെന്ററിന്റെ ഇലക്ട്രോമാഗ്നറ്റിക്‌സ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായി പ്രവര്‍ത്തിച്ചു വരുന്നു. 

Content Highlights: Chandrakanta Key Scientist In Chandrayaan-2 Mission