ടെലിസ്‌കോപ്പിലൂടെ ഒരു തവണയെങ്കിലും ശനിഗ്രഹത്തെ കണ്ടിട്ടുള്ള ഒരാള്‍ വീണ്ടും ശനിയെ കാണാനാഗ്രഹിക്കും. 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' എന്നൊക്കെ പറയുംപോലെയാണത്. 'കണ്ടകശനി കൊണ്ടേ പോകൂ' എന്ന ജ്യോതിഷ ഭീഷണിയൊക്കെ ശനിയെ ഒന്ന് കണ്‍കുളിര്‍ക്കെ കാണ്ടാല്‍ അവസാനിക്കുമെന്ന് അപ്പോഴാണ് നമുക്ക് മനസ്സിലാവുക.
ഒരു വ്യാഴവട്ടത്തിലേയെയായി ശനിയെ പിന്തുടര്‍ന്ന് ഗ്രഹത്തിന്റെ സവിശേഷതകള്‍ നിരീക്ഷിക്കുന്ന കസ്സീനി പേടകം കഥാവശേഷമാകാന്‍ ഇനി നാളേറെയില്ല. 2017 സെപ്റ്റംബര്‍ പകുതിയോടെ കസ്സീനി ദൗത്യം അവസാനിക്കുകയാണ്.
1997 ഒക്‌ടോബര്‍ 15ന് അമേരിക്കയിലെ കേപ് കനാവറല്‍ വിക്ഷേപണകേന്ദ്രത്തില്‍ നിന്നാണ് കസ്സീനി പേടകം പുറപ്പെട്ടത്. 2004 ജൂലൈ ഒന്നിന് ശനിയുടെ ഭ്രമഥപഥത്തില്‍ എത്തിയ കസ്സീനി അന്നു മുതല്‍ നിരീക്ഷണം തുടരുകയാണ്.
പുറപ്പെടുമ്പോള്‍ ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റനില്‍ ഇറങ്ങാന്‍ നിയോഗിക്കപ്പെട്ട 'ഹൈജന്‍സ് പ്രോബും' ദൗത്യത്തിന്റെ ഭാഗമായിരുന്നതിനാല്‍ 'കസ്സീനി-ഹൈജന്‍സ് മിഷന്‍' എന്നാണ് ദൗത്യം അറിയപ്പെട്ടത്. 2004 ഡിസംബര്‍ 24 ന് ഹൈജന്‍സ് വേര്‍പിരിഞ്ഞ് നൈട്രജന്‍ സമ്പുഷ്ടമായ ടൈറ്റന്റെ അന്തരീക്ഷത്തിലൂടെ അതിന്റെ ഉപരിതലത്തിലറങ്ങി. സൗരയൂഥത്തിലെ ബാഹ്യഗ്രങ്ങളിലൊന്നിന്റെ ഉപഗ്രഹത്തില്‍ ആദ്യമായിറങ്ങുന്ന പേടകമായി ഹൈജന്‍സ്.
പയനിയര്‍-11 ആണ് ശനിയെ ആദ്യമായി സന്ദര്‍ശിച്ച പേടകം. 1979 സെപ്റ്റംബറിലായിരുന്നു അത്. പയനിയര്‍-11 ശനിയില്‍ നിന്ന് 20,000 കിലോമീറ്റര്‍ അകലെക്കൂടി പറന്ന് ഗ്രഹത്തിന്റെ രൂപം കവര്‍ന്നു. പിന്നീട് 1988 ല്‍ വോയേജര്‍-1 പേടകം ഗ്രഹത്തിനടുത്തുകൂടി പറന്ന് ഒട്ടേറെ ചിത്രങ്ങള്‍ പകര്‍ത്തി. ഒരു വര്‍ഷത്തിനുശേഷം വോയേജര്‍-2 പേടകവും ശനിഗ്രഹത്തിന്റെ വളയങ്ങളും ഉപഗ്രഹങ്ങളുമൊക്കെ പഠനവിധേയമാക്കി.
വോയേജറിന് ശേഷം ശനിയെ സംബന്ധിച്ച് വലിയൊരിടവേളയായിരുന്നു. ദീര്‍ഘമായ ആ ഇടവേളയ്ക്ക് വിരാമമിട്ടാണ് കസ്സീനി പേടകം ശനിയുടെ ഭ്രമണപഥത്തിലേക്ക് പറന്നെത്തിയത്. ശനിയുടെ ആദ്യകാലനിരിക്ഷകരില്‍ പ്രമുഖനായിരുന്ന ജിയോവനി കസ്സീനി (1625-1712) എന്ന ഇറ്റാലിയന്‍ ജ്യേതിശാസ്ത്രജ്ഞനോടുള്ള ആദരസൂചകമായാണ് പേടകത്തിന് കസ്സീനി എന്ന പേര് ലഭിച്ചത്.
'ഗ്രാന്റ് ഫിനാലെ'
ശനിയുടെ സവിശേഷതകളിലേയ്ക്ക് ഇത്രമേല്‍ വെളിച്ചം പകര്‍ന്ന മറ്റൊരു ദൗത്യവും ഉണ്ടായിട്ടില്ല. ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് ആരംഭിച്ച കസ്സീനിയുടെ യാത്ര അവസാന അധ്യായത്തിലേക്ക് കടക്കുയാണ്. ശനിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങള്‍ക്ക് മീതെയുള്ള ഭ്രമണപഥത്തിലൂടെയാണ് കഴിഞ്ഞ നവംബര്‍ മുതല്‍ കസ്സീനി ഗ്രഹനിരീക്ഷണം നടത്തുന്നത്. ശനിയുടെ വടക്കന്‍ ധ്രുവത്തിലെ അത്ഭുത പ്രതിഭാസമായ 'ഷഡ്ഭുജ കൊടുങ്കാറ്റി'നെ (Hexagon Hurricane) സൂക്ഷ്മമായി നിരീക്ഷിക്കാനും ശനിയുടെ ബാഹ്യവലയത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യാനും ഇതവസരമൊരുക്കുന്നു.

ഈ ധ്രുവീയ ഭ്രമണപഥങ്ങളിലൂടെയുള്ള കയറ്റിറക്കം കസ്സീനിയുടെ അന്തിമയാത്രയ്ക്കും നിരീക്ഷണങ്ങള്‍ക്കുമുള്ള പരിശീലനമായി മാറുകയാണ്. 'ഗ്രാന്റ് ഫിനാലെ' (Grand finale) എന്ന് ശാസ്ത്രലോകം പേരിട്ട് വിളിക്കുന്ന ഈ അവസാനഘട്ടം (2017 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ) കസ്സീനിയെ സംബന്ധിച്ചിടത്തോളം വേറിട്ടൊരു ഭൗത്യം തന്നെയാണെന്ന് പറയാം.
ശനിഗ്രഹത്തോട് കൂടുതല്‍ സമീപത്തുള്ള ഭ്രമണപഥത്തിലേക്ക് കടന്നുകൊണ്ടാണ് ഗ്രാന്റ് ഫിനാലെയ്ക്ക് തുടക്കമിടുന്നത്. ഏപ്രില്‍ 22 ന് ശനിയുടെ ഉപഗ്രഹമായി ടൈറ്റന് സമീപത്തുകൂടി കസ്സീനി കടന്നുപോകുമ്പോള്‍ ടൈറ്റന്റെ ആകര്‍ഷണ ശക്തി ഉപയോഗപ്പെടുത്തിയാണ് പേടകം പുതിയ ഭ്രമണപഥങ്ങളിലേക്കുള്ള കുതിപ്പിന് ആക്കം കൂട്ടുന്നത്. ശനിക്കും അതിന്റെ വളയങ്ങള്‍ക്കുമിടയിലൂടെ സങ്കീര്‍ണ്ണമായ 22 ദീര്‍ഘഭ്രമണപഥങ്ങളാണ് കസ്സീനിയുടെ അന്തിമതാണ്ഡവത്തിനായി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ശനിയുടെ അന്തരീക്ഷത്തിലേക്കൂളിയിട്ട് അതിന്റെ ഘടനയേയും സവിശേഷതകളേയും സംബന്ധിച്ച് അമൂല്യമായ അറിവുകള്‍ അവസാന നിമിഷം വരെ പേടകം പങ്കുവെയ്ക്കും. ക്രമേണ അത് ഒരു ഉല്‍ക്ക കണക്കെ എരിഞ്ഞടങ്ങി ശനിഗ്രഹത്തിന്റെ ഭാഗമായി പരിണമിക്കും.
അറിയപ്പെടാത്ത അകത്തളം
ശനിയുടെ ആന്തരിക ഘടനയെ സംബന്ധിച്ച് ഇന്ന് നമുക്ക് പരിമിതായ അറിവേയുള്ളു. ഗ്രഹത്തിന്റെ ഭ്രമണവേഗത്തിന്റെ തോത് കണക്കാക്കുക ശ്രമകരമാണ്. ഒരു ശനിദിവസത്തിന്റെ ദൈര്‍ഘ്യം കൃത്യമായി കണക്കാക്കുകയെന്നത് ഒരു ദശാബ്ദത്തിലേറെയായി ശാസ്ത്രജ്ഞരെ കുഴക്കുന്ന സംഗതിയാണ്. എന്തുകൊണ്ടെന്നാല്‍, ഈ വാതകഭീമന്റെ ഉപരിതല പാളികള്‍ വ്യത്യസ്ത വേഗങ്ങളിലാണ് നീങ്ങുന്നത്.

എണ്‍പതുകളില്‍ ശാസ്ത്രജ്ഞര്‍ ശനിയുടെ ഒരു ദിവസം അഥവാ ഭ്രമണവേഗം 10.66 മണിക്കൂര്‍ ആണെന്ന് തിട്ടപ്പെടുത്തിയിരുന്നു. ഇത് കണ്ടെത്തിയത് ശനിയുടെ അകത്തളങ്ങളില്‍ നിന്നും ഇടവിട്ട് നിര്‍ഗമിക്കുന്ന റേഡിയോ പ്രസരണത്തെ കണക്കിലെടുത്തായിരുന്നു. 'സാറ്റേണ്‍ കിലോമെട്രിക് റേഡിയേഷന്‍' (Saturn kilometric radiaton) എന്നാണ് ഈ പ്രസരണം അറിയപ്പെടുന്നത്.
എന്നാല്‍ ഇത് സംബന്ധിച്ച് കസ്സീനി പറയുന്നത് കൂടുതല്‍ സങ്കീര്‍ണ്ണമാണ്. വോയേജര്‍ മുഖേന ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ശനിയുടെ ഭ്രമണവേഗം തിട്ടപ്പെടുത്തിയതിന് ചില പ്രധാനതിരുത്തലുകള്‍ കസ്സീനിയുടെ നിരീക്ഷണങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു. കസ്സീനിയുടെ നാളിതുവരെയുള്ള നിരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നത്, ഈ റേഡിയോ സിഗ്‌നലുകള്‍ ശനിയുടെ ആന്തരിക ഭാഗത്തുനിന്നല്ല മറിച്ച് ധ്രുവമേഖലയില്‍ നിന്നുത്ഭവിക്കുന്നവയാണെന്നാണ്. അതായത്, 'സാറ്റേണ്‍ കിലോമെട്രിക് റേഡിയേഷന്‍' ശനിയുടെ ഇരുധ്രുവങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന രണ്ട് വ്യത്യസ്ത പ്രസരണങ്ങളാണ്. ഇത് രണ്ട് ധ്രുവങ്ങളിലും കൂടിയും കുറഞ്ഞും ചിലയവസരങ്ങളില്‍ സമാനമായും രേഖപ്പെടുത്തുന്നു. ഈ വ്യതിയാനം ശനിയുടെ കാന്തികമണ്ഡലത്തില്‍ സൂര്യന്‍ ചെലുത്തുന്ന സ്വാധീനം മൂലമാണ്. ഇപ്പോള്‍ ഉത്തരാര്‍ധഗോളത്തിന്റെ ഭ്രമണകാലയളവ് ദക്ഷിണാര്‍ധഗോളത്തിന്റേതിനേക്കാള്‍ ദൈര്‍ഘ്യമേറിയതാണ്.

ഭൂമിയുടേതില്‍നിന്ന് വ്യത്യസ്തമായി ശനിയുടെ ഭ്രമണാക്ഷം അതിന്റെ കാന്തികധ്രുവത്തിന് നേരെയാണ്. 'ഗ്രാന്‍ഡ് ഫിനാലെ'യുടെ ഭ്രമണപഥങ്ങളില്‍ കസ്സീനിയെത്തുമ്പോള്‍ ശനിയുടെ കാന്തികമണ്ഡലത്തെയും ഗുരുത്വമണ്ഡലത്തേയും കൂടുതല്‍ താഴ്ന്ന് നിരീക്ഷിക്കാനും ശനിയുടെ ഭ്രമണവേഗത്തിന്റെ രഹസ്യങ്ങള്‍ തിരയാനും അതിനുപരിയായി ഗ്രഹത്തിന്റെ ആന്തരിക ചേരുവകളെ തിരിച്ചറിയാനും അവസരമൊരുങ്ങും.
വലയങ്ങളിലേയ്ക്ക് പുതിയവെളിച്ചം
കസ്സീനി ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ശനിയുടെ സവിശേഷതയാര്‍ന്ന വലയങ്ങളെ അടുത്തറിയുകയാണ്. ഇതുവരെയുള്ള നമ്മുടെ അറിവനുസരിച്ച് വിസ്തൃതമായ വിടവുകള്‍ നിലനിര്‍ത്തുന്ന ഏഴ് പ്രധാന വലയങ്ങളാണ് ശനിക്കുള്ളത്. ഓരോ വലയങ്ങളും അനേകം ചെറുവലയങ്ങള്‍ ചേര്‍ന്നതാണ്. ഇതിലേറ്റവും വലിയ വിടവായ 'കസ്സീനി വിടവ്' (Cassini Division) പേടകത്തിന്റെ പേരുകാരനായ ജിയോവനി കസ്സീനിയാണ് കണ്ടെത്തിയതെന്നുള്ളതും എടുത്തുപറയേണ്ടതാണ്. ഈ വിടവിന് ഏകദേശം 4800 കിലോമീറ്റര്‍ വീതിയുണ്ട്.

കസ്സീനി പേടകത്തിലെ 'കോസ്മിക് ഡസ്റ്റ് അനലൈസര്‍' (Cosmic Dust Analyser) ശനിയുടെ വലയങ്ങളിലെ അതിസൂക്ഷ്മകണങ്ങളെ ശേഖരിച്ച് വലയങ്ങളിലെ ഘടകങ്ങളെ തിരിച്ചറിയാന്‍ സഹായിക്കും.
വലയങ്ങളുടെ ഉല്‍പത്തി, ഗ്രഹത്തിലും ഉപഗ്രഹങ്ങളിലും അത് ചെലുത്തുന്ന സ്വാധീനം, അവയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍, അവയുടെ രസതന്ത്രം, വലയങ്ങളുടെ പ്രായം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങള്‍ അഭിമുഖീകരിക്കാന്‍ പ്രാപ്തി നല്‍കുന്നതാവും കസ്സീനിയുടെ അന്ത്യഘട്ടത്തിലെ സൂക്ഷ്മനിരീക്ഷണങ്ങള്‍.
മരണം വരെ വിവരങ്ങള്‍
2017 സപ്റ്റംബര്‍ 15ന് കസ്സീനി പേടകം ശനിയുടെ അന്തരീക്ഷത്തിലേക്ക് കടക്കും. കസ്സീനി ശനിയുടെ വലയത്തിലായിട്ട് ഏകദേശം 13 വര്‍ഷങ്ങളാകാറായി. അങ്ങോട്ടെത്താന്‍ ഏഴ് വര്‍ഷങ്ങള്‍ വേറെയും. ദീര്‍ഘമായ ഈ യാത്ര ഒട്ടേറെ ചോദ്യങ്ങള്‍ക്കുത്തരം നല്‍കുന്നതായിരുന്നു. ഓരോ നിമിഷത്തിലും പുതിയ ഡാറ്റ പേടകം എത്തിച്ചുതന്നുകൊണ്ടേയിരിക്കുന്നു. ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റനും എന്‍സലഡസും ജീവന്റെ രൂപങ്ങളെയോ കണങ്ങളേയോ ഉള്‍ക്കൊള്ളാന്‍ സാധ്യതയുള്ളതാണെന്ന കസ്സീനിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.

ശനിയിലെ ധ്രുവദീപ്തികള്‍, തെര്‍മോസ്ഫിയറിന്റെ സവിശേഷതകള്‍, കൃത്യമായ ഇടവേളകളില്‍ പ്രത്യക്ഷമാകുന്ന കൊടുങ്കാറ്റുകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം വിലപ്പെട്ട വിവരങ്ങള്‍ കസ്സീനി ലഭ്യമാക്കിയിട്ടുണ്ട്. കസ്സീനി നല്‍കിയ വിവരങ്ങള്‍ ശനിയേയും അതിന്റെ വലയങ്ങളെയും ഉപഗ്രഹങ്ങളെയും സംബന്ധിച്ച പല മുന്‍ധാരണകളെയും മാറ്റിമറിക്കാന്‍ പോന്നതായിരുന്നു.
വരുംദിനങ്ങളിലെ സൂക്ഷ്മനിരീക്ഷണങ്ങളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ദൗത്യം പൂര്‍ത്തിയാകുമ്പോഴേക്കും കസ്സീനി പേടകം ഈ വാതകഭീമനെ 294 തവണ വലംവെച്ചുകഴിഞ്ഞിരിക്കും.
സെപ്റ്റംബര്‍ 15ന് കാസ്സിനി ശനിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് ഗ്രഹത്തിന്റെ ഉപരിതലത്തിലേക്കുള്ള യാത്രയാരംഭിക്കും. അന്തരീക്ഷകണങ്ങളെ തൊട്ടറിഞ്ഞുള്ള യാത്രയില്‍ സിഗ്‌നലുകള്‍ അവ്യക്തതയില്‍ ലയിക്കുംവരെ ഡേറ്റ നമുക്ക് ലഭിച്ചുകൊണ്ടേയിരിക്കും. സൗരയൂഥത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചംവീശുന്ന വിളക്കുകളായി പുതിയകാലത്ത് ആ ഡേറ്റ നമ്മെ തേടിയെത്തും.