28,000 വര്‍ഷം മുമ്പ് ചത്ത വൂളി മാമത്ത്, ജപ്പാനിലെ ലബോറട്ടറിയില്‍ എലിയുടെ കോശത്തിനുള്ളില്‍ ഒന്നു 'മൂരിനിവര്‍ന്നു!' ഭൂമിയില്‍ മാമത്തുകള്‍ വീണ്ടും മേഞ്ഞുനടക്കുന്നത് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം 

പ്പോഴത്തെ ആനപ്രേമികളെ പോലെ, ശിലായുഗത്തില്‍ 'മാമത്ത് പ്രേമികളും' ഉണ്ടായിരുന്നോ? ഫ്രാന്‍സിലെ പ്രസിദ്ധമായ റൂഫിനാക് (Roufignac) ഗുഹയിലൊക്കെ പ്രാചീനമനുഷ്യന്‍ വരച്ചിട്ട വൂളി മാമത്തുകളുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ഇങ്ങനെ സംശയം തോന്നാം. അത്രയ്ക്ക് മിഴിവാര്‍ന്ന വരകളാണത്! 

ഇപ്പോള്‍ നമ്മുടെ നാട്ടിലുള്ളവ 'ഏഷ്യാറ്റിക് ആനകളാ'ണ്. ജനിതകം നോക്കിയാല്‍ ഏഷ്യാറ്റിക് ആനകള്‍ വൂളി മാമത്തിന്റെ 'മച്ചമ്പി'മാരായി വരും! ആയിരക്കണക്കിന് വര്‍ഷം മുമ്പ് ഭൂമുഖത്തുനിന്ന് ഇല്ലാതായ വൂളി മാമത്തുകളുടെ ഏറ്റവും അടുത്ത ജനിതകബന്ധു ഏഷ്യാറ്റിക് ആനകളാണ്. 

കിഴക്കന്‍ ഏഷ്യന്‍ പ്രദേശത്ത് ഏതാണ്ട് നാലുലക്ഷം വര്‍ഷം മുമ്പ് സ്റ്റെപ്പി മാമത്തുകളില്‍ നിന്ന് വേര്‍പിരിഞ്ഞ്, ഏറ്റവും ഒടുവിലത്തെ ഹിമയുഗത്തില്‍ ലോകം മുഴുവന്‍ വ്യാപിക്കുകയായിരുന്നു വൂളി മാമത്തുകള്‍ (ശാസ്ത്രീയനാമം: Mammuthus primigenius). 

പേര് കേള്‍ക്കുമ്പോഴും, ചിത്രങ്ങള്‍ കാണുമ്പോഴും വൂളി മാമത്ത് അതിഭീമന്‍ ജീവിയാണെന്ന് തോന്നാം. യഥാര്‍ഥത്തില്‍, ആഫ്രിക്കന്‍ ആനയുടെ ശരീര വലുപ്പമേ അവയ്ക്കുണ്ടായിരുന്നുള്ളൂ. പുല്ലുതിന്ന് ജീവിച്ച അവയുടെ കൊമ്പുകളും രോമക്കെട്ടുകളുമായിരുന്നു ശ്രദ്ധേയം. അഞ്ചുമീറ്റര്‍ വരെ നീളമുള്ള കൊമ്പ്, ഹിമയുഗത്തിലെ കടുത്ത തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ വലിയ രോമക്കെട്ടുകള്‍.

മനുഷ്യവര്‍ഗ്ഗത്തെ വലിയ തോതില്‍ സ്വാധീനിച്ച ജീവിവര്‍ഗമാണ് വൂളി മാമത്തുകള്‍. ആധുനിക നരവംശമായ ഹോമോ സാപ്പിയന്‍സ് അറുപതിനായിരം വര്‍ഷംമുമ്പ് ആഫ്രിക്ക വിട്ട് പുറത്തെത്തി ലോകംമുഴുവന്‍ വ്യാപിക്കാന്‍ ഹിമയുഗം സാഹചര്യമൊരുക്കി. സമുദ്രജലത്തില്‍ നല്ലൊരു പങ്ക് കൊടുംതണുപ്പില്‍ ഹിമപാളികളായി ഭൂമുഖത്ത് പലഭാഗത്തും നിലയുറപ്പിച്ചപ്പോള്‍, ലോകമാകെ കടല്‍നിരപ്പ് 100 മീറ്റര്‍ വരെ താണു. ഭൂഖണ്ഡങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തിട്ടകള്‍ വെള്ളം താണ് കരയായി മാറി. മനുഷ്യന്‍ ഉള്‍പ്പടെയുള്ള ജീവികള്‍ക്ക് നടന്ന് പുതിയ പ്രദേശങ്ങളിലെത്താം എന്നായി സ്ഥിതി. 

അതേ ഹിമയുഗം തന്നെയാണ് വൂളി മാമത്തുകളുടെയും കാലം. വേട്ടയാടിയും പെറുക്കിയും ജീവിച്ച പ്രാചീന മനുഷ്യന് വിശപ്പടക്കാന്‍ മാംസമായും, തണുപ്പകറ്റാന്‍ തുകലായും, കുടിലുകള്‍ കെട്ടാന്‍ നിര്‍മാണവസ്തുക്കളായും, ആയുധങ്ങള്‍ നിര്‍മിക്കാന്‍ അസ്ഥിതുണ്ടുകളായും വൂളി മാമത്ത് മാറി! അതിനായി, ഹിമയുഗത്തിന്റെ അവസാനകാലത്ത് (ഇരുപതിനായിരം വര്‍ഷം മുമ്പു മുതല്‍ പതിനായിരം വര്‍ഷം മുമ്പുവരെയുള്ള കാലത്ത്) മനുഷ്യന്‍ വൂളി മാമത്തുകളെ വ്യാപകമായി വേട്ടയാടി.

Woolly Mammoth Cave painting
ഫ്രാന്‍സില്‍ റൂഫിനാക് ഗുഹയിലെ വൂളി മാമത്ത് ചിത്രം. Pic credit: Mammoth Genome Project.

വേട്ടയാടാനുള്ള പ്രലോഭനം ചെറുതായിരുന്നില്ല. എട്ടു ടണ്‍ വരെ ഭാരമുള്ള ജീവികളാണ് മാമത്തുകള്‍. വേട്ടയാടിയും പെറുക്കിയും കഴിഞ്ഞ ശിലായുഗ മനുഷ്യരുടെ സംഘങ്ങള്‍ക്ക് ആഴ്ചകളോളം സുലഭമായി കഴിക്കാന്‍ ഒരു മാമത്തിന്റെ ഇറച്ചി ധാരാളം. ഹിമയുഗം ആയതിനാല്‍ മാംസം കേടുകൂടാതെ സൂക്ഷിക്കാനും അത്ര ബുദ്ധിമുട്ട് നേരിട്ടിരിക്കില്ല. നമ്മളിപ്പോള്‍ ആടുമാടുകളെ എന്തിനാണോ വളര്‍ത്തുന്നത് അതിന് സമാനമായിരുന്നു പ്രാചീനമനുഷ്യര്‍ക്ക് വൂളി മാമത്തുകള്‍! തുകലും എല്ലും ഇറച്ചയും ഒക്കെ കിട്ടും. 

ഗുഹാചിത്രങ്ങളിലൂടെയും, കൊമ്പുകളില്‍ കൊത്തിയുണ്ടാക്കിയ പ്രാചീനശില്പങ്ങള്‍ വഴിയും മാമത്തിന്റെ സ്മരണ മനുഷ്യന്‍ അണയാതെ സൂക്ഷിച്ചു. ഹിമയുഗം അവസാനിച്ചതോടെ മാമത്ത് വര്‍ഗ്ഗം അസ്തമിച്ചു. കാലാവസ്ഥാമാറ്റം അവയുടെ ആവാസവ്യവസ്ഥകള്‍ ശോഷിപ്പിച്ചു, ഭക്ഷ്യശൃംഖല നശിപ്പിച്ചു. ഒപ്പം മനുഷ്യന്റെ വേട്ടയാടലും കൂടിയായപ്പോള്‍ പതിനായിരം വര്‍ഷം മുമ്പ് മാമത്തുകളുടെ കഥ അവസാനിച്ചു.

വൂളി മാമത്തുകളുടെ കഥയുടെ ആദ്യ എപ്പിസോഡാണ് മുകളില്‍ പറഞ്ഞത്. ഇപ്പോള്‍, ജനിതക എന്‍ജിനീയറിങിന്റെ പിന്തുണയോടെ ആ കഥയ്ക്ക് രണ്ടാം എപ്പിസോഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ശാസ്ത്രലോകം. വൂളി മാമത്തിന്റെ ജിനോം കണ്ടെത്താനുള്ള പദ്ധതി 2015-ല്‍ പൂര്‍ത്തിയായതിന്റെ പിന്‍ബലത്തില്‍, ആ ജീവിവര്‍ഗ്ഗത്തെ പുനര്‍ജനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലോകത്ത് പലയിടത്തും ഊര്‍ജിതമാണ്. അതില്‍ വിജയകരമായ ആദ്യ ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് ജപ്പാനിലെ ഗവേഷകര്‍.

സൈബീരിയയിലെ ഹിമമണ്ണില്‍ (permafrost) പൂണ്ടുകിടന്ന പൂര്‍ണരൂപത്തിലുള്ള ഒരു വൂളി മാമത്തിനെ റഷ്യന്‍ ഗവേഷകര്‍ 2010-ല്‍ കണ്ടെത്തുകയുണ്ടായി. 28,000 വര്‍ഷം മുമ്പ് ചത്തടിഞ്ഞ ആ വൂളി മാമത്ത്, ജപ്പാനിലെ ലബോറട്ടറിയില്‍ എലിയുടെ കോശത്തിനുള്ളില്‍ ഒന്നു 'മൂരിനിവര്‍ന്നു' എന്ന വാര്‍ത്ത ആവേശത്തോടെയാണ് ലോകമെങ്ങുമുള്ള ഗവേഷകര്‍ ഏറ്റുവാങ്ങിയത്. 'യുക' (Yuka) എന്ന് ഗവേഷകര്‍ പേരിട്ട ആ മാമത്തിന്റെ പേശികളില്‍ നിന്ന് ശേഖരിച്ച ജനിതകദ്രവ്യം എലികളുടെ കോശത്തില്‍ കടത്തിവിട്ടായിരുന്നു പരീക്ഷണം. 

Mammoth Yuka
സൈബീരിയയില്‍ നിന്ന് കണ്ടെത്തിയ യുക മാമത്ത്, 28000 വര്‍ഷം പഴക്കമുള്ളത്. Pic Credit: Wikimedia Commons.

ഒസാക്കയില്‍ കിന്‍ഡെയ് സര്‍വകലാശാലയിലെല ഗവേഷകരാണ് ഈ മുന്നേറ്റം നടത്തിയത്. വൂളി മാമത്തിന്റെ ജനിതകദ്രവ്യം എലിയുടെ അണ്ഡത്തില്‍ ചില ജൈവപ്രവര്‍ത്തനങ്ങള്‍ നടത്തിയ കാര്യം, നേച്ചര്‍ ഗ്രൂപ്പിന്റെ 'സയന്റിഫിക് റിപ്പോര്‍ട്ട്‌സ്' ജേര്‍ണലില്‍ (മാര്‍ച്ച് 11, 2019) ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. കോശവിഭജനത്തിന് മുന്നോടിയായുള്ള ചില ഘടനാമാറ്റങ്ങളാണ് മാമത്തിന്റെ ജനിതകദ്രവ്യം സന്നിവേശിപ്പിച്ചപ്പോള്‍ ബാക്ടീരിയ കോശത്തില്‍ പ്രത്യക്ഷപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു.

'വൂളി മാമത്തുകളെ തിരികെ കൊണ്ടുവരാനുള്ള അര്‍ഥവത്തായ ഒരു ചുവടുവെപ്പ്' എന്നാണ്, പഠനസംഘത്തില്‍ പെട്ട കീ മിയാമോട്ടോ പ്രതികരിച്ചത്. 'ഇനിയും ഏറെ ദൂരം താണ്ടാനുണ്ട്.....കോശവിഭജനം സാധ്യമാകുന്ന ഘട്ടത്തിലേക്ക് പഠനം കൊണ്ടുപോകാനാണ് ഞങ്ങളുടെ ഇപ്പോഴത്തെ ശ്രമം', അദ്ദേഹം പറഞ്ഞു. 

മാത്രമല്ല, റഷ്യന്‍ ഗവേഷകരുടെ പങ്കാളിത്തത്തോടെ വൂളി മാമത്തിനെ ക്ലോണ്‍ ചെയ്യാനുള്ള പദ്ധതിയും ജപ്പാന്‍ ടീമിനുണ്ട്. 1996-ല്‍ ഡോളി എന്ന ചെമ്മരിയാടിന് രൂപം നല്‍കിയ സാങ്കേതികവിദ്യ ('സൊമാറ്റിക് സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്ഫര്‍'-SCNT) ഉപയോഗിച്ച് ക്ലോണ്‍ ചെയ്യാനാണ് പദ്ധതി. മര്‍മം അഥവാ ന്യൂക്ലിയസ് നീക്കം ചെയ്ത ഒരു അണ്ഡകോശത്തിലേക്ക്, ഒരു ജീവിയുടെ കോശമര്‍മം സന്നിവേശിപ്പിച്ച്, അതിനെ ഭ്രൂണമായി വളര്‍ത്തിയെടുത്ത് ജീവിയുടെ തനിപ്പകര്‍പ്പ് സൃഷ്ടിക്കുന്ന സങ്കേതമാണിത്.

വൂളി മാമത്തിനെ പുനര്‍സൃഷ്ടിക്കാന്‍ പോകുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടിലേറെയായി. 'പുലി വരുന്നേ, പുലി....' എന്ന് വിളിച്ച ഇടയബാലന്റെ കഥ പോലെ പിന്നീട് ഈ വിഷയത്തില്‍ ഉയരുന്ന അവകാശവാദങ്ങളെ പലരും കണ്ടു. എന്നാല്‍, ഇത്തവണ കഥ വ്യത്യസ്തമാണ്. കാരണം, ഡിഎന്‍എ വിദ്യകള്‍ അത്രയേറെ വളര്‍ന്നിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഡിഎന്‍എയുടേതാണെന്ന വാദം സ്വാര്‍ഥകമാക്കാന്‍ പാകത്തിലാണ് ഇപ്പോള്‍ നടക്കുന്ന മുന്നേറ്റങ്ങള്‍. 

സൈബീരിയന്‍ പുല്‍പ്പരപ്പുകളില്‍ വൂളി മാമത്ത് വീണ്ടും മേഞ്ഞു നടക്കുന്ന കാലം വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നു സാരം! 

അവലംബം - 

* Signs of biological activities of 28,000-year-old mammoth nuclei in mouse oocytes visualized by live-cell imaging. Scientific Reports, volume 9, Article number: 4050. Published: 11 March 2019.
* Scientists Revive 28,000-Year-Old Woolly Mammoth Cells in Mice. By Joel Hruska. Extreme Tech, March 14, 2019.
* Mammoth DNA Briefly 'Woke Up' Inside Mouse Eggs. But Cloning Mammoths Is Still a Pipe Dream.By Laura Geggel.  Live Science, March 14, 2019.  
* Mammoth Genome Project, Pennsylvania State University. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Bringing the Woolly Mammoth back, Woolly Mammoth, Extinct Animal, DNA technology, Ice Age, Mammoth Yuka, Pleistocene epoch, Genetic Engineering