നുഷ്യന്റെ വസ്ത്രധാരണ ചരിത്രവുമായി ബന്ധപ്പെട്ട് നാഴികക്കല്ലാകുന്ന പുതിയ കണ്ടെത്തല്‍. മോറോക്കോയില്‍ നടന്ന ഉദ്ഖനനത്തിലാണ് അറ്റ്‌ലാന്റിക് തീരത്ത് ജീവിച്ചിരുന്ന പ്രാചീന മനുഷ്യര്‍ ഒരു ലക്ഷത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃഗത്തോലുകൊണ്ടും രോമംകൊണ്ടുമുള്ള വസ്ത്രങ്ങള്‍ ധരിച്ചിരുന്നതിന്റെ തെളിവുകള്‍ കണ്ടെത്തിയത്. 

മോറോക്കോയിലെ അറ്റലാന്റിക് തീരത്തുള്ള കോണ്‍ട്രബാന്റിയേഴ്‌സ് ഗുഹയില്‍ നിന്നും കണ്ടെത്തിയ ഒരു കൂട്ടം എല്ലുകളാണ് പുതിയ കണ്ടെത്തലിന് വഴിവെച്ചത്. ഇത് പ്രാചീന മനുഷ്യന്റെ ആഹാരാവശിഷ്ടങ്ങളാണെന്നായിരുന്നു ഗവേഷകര്‍ ആദ്യം കരുതിയിരുന്നത്. തുടര്‍ന്ന് ഇവിടുത്തെ പ്രാചീന മനുഷ്യന്റെ ഭക്ഷണ രീതികളെക്കുറിച്ചറിയാന്‍ ഗവേഷകര്‍ എല്ലുകളില്‍ വിശദപരിശോധന നടത്തുകയായിരുന്നു.

എന്നാല്‍ തങ്ങള്‍ കണ്ടെത്തിയ എല്ലുകള്‍ മനുഷ്യന്റെ ഭക്ഷണാവശിഷ്ടങ്ങള്‍ അല്ലെന്നും അത് വസ്ത്രം നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ ആയിരുന്നുവെന്നും അവര്‍ തിരിച്ചറിഞ്ഞു. ഐ സയന്‍സ് എന്ന ജേണലില്‍ സെപ്റ്റംബര്‍ 16 നാണ് ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്. മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി സയന്‍സ് ഓഫ് ഹ്യൂമന്‍ ഹിസ്റ്ററിയിലെ ഗവേഷകയായ ഹാല്ലെറ്റും സംഘവുമാണ് ഗവേഷണത്തിന് പിന്നില്‍.

കണ്ടെത്തിയ ഈ അസ്ഥി ഉപകരണങ്ങള്‍ക്ക് പ്രത്യേക ആകൃതിയും അടയാളങ്ങളുമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വസ്ത്രത്തിനായുള്ള തുകല്‍ ഒരുക്കുന്നതിനാണ് അവ ഉപയോഗിച്ചിരുന്നത്. രോമമെടുക്കുന്നതിനും തുകല്‍ ഉരച്ച് മയപ്പെടുത്തുന്നതിനുമെല്ലാമാണ് ഇത് ഉപയോഗിച്ചിരുന്നതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു 

കുടിയേറ്റക്കാരായ പ്രാചീന മനുഷ്യര്‍ എങ്ങനെയാണ് പുതിയ സാഹചര്യങ്ങളെ അതിജീവിച്ചിരുന്നത് എന്നും മനുഷ്യ പരിണാമ ചരിത്രം പഠിക്കുന്ന ഗവേഷകരുടെ പഠന വിഷയമാണ്. കേവലം ഭക്ഷണവും പാര്‍പ്പിടവും മാത്രമായിരുന്നില്ല. വിവിധ കാലാവസ്ഥകളെ നേരിടാനുള്ള വസ്ത്രവും അവര്‍ക്ക് ആവശ്യമായിരുന്നു. 

കോണ്ട്രെബാന്റിയേഴ്‌സ് ഗുഹയിലെ മനുഷ്യര്‍ കമ്പിളിയുണ്ടാക്കുന്നതിനും മറ്റ് വസ്ത്രഭാഗങ്ങളുണ്ടാക്കുന്നതിനുമായി എല്ലുകളില്‍ രൂപമാറ്റം വരുത്തുകയായിരുന്നു. അതിന് വേണ്ടി അവ മൃഗങ്ങളെ വകവരുത്തി. അവയുടെ തന്നെ എല്ലുപയോഗിച്ച് ഉപകരണങ്ങളുണ്ടാക്കുകയും ആ മൃഗങ്ങളുടെ തൊലിയും രോമവും വസ്ത്രത്തിനായി മയപ്പെടുത്തുകയും ചെയ്തു. 60 എല്ലുകളാണ് കണ്ടെത്തിയത്. അവയെല്ലാ പ്രത്യേക രീതിയില്‍ ആകൃതി വരുത്തിയിട്ടുള്ളതും മൂര്‍ച്ചകൂട്ടിയതുമായിരുന്നു. കുറുക്കന്‍, കാട്ടുപൂച്ചകള്‍, സ്വര്‍ണക്കുറുനരി എന്നിവയുടെയെല്ലാം അവശിഷ്ടങ്ങള്‍ കണ്ടെത്തിയിവയിലുണ്ട്.