ന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കുക, ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിരസാന്നിധ്യമുറപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ട്രംപ് ഭരണകൂടം ആവിഷ്‌കരിച്ച ആര്‍തെമിസ് പദ്ധതി വൈകാന്‍ സാധ്യത. 2024-ല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായിരുന്നു നാസയുടെ പദ്ധതി. എന്നാല്‍ പുതിയതായി ചുമതലയേറ്റ ബൈഡന്‍ ഭരണകൂടത്തിന് ആര്‍തെമിസ് മിഷനോട് താല്‍പര്യക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലൂണാര്‍ ലാന്റര്‍ കരാര്‍ നല്‍കുന്നത് നാസ വൈകിപ്പിച്ചതോടെയാണ് പദ്ധതിയുടെ അനിശ്ചിതാവസ്ഥ ചര്‍ച്ചയാവുന്നത്. 

ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതിനായുള്ള ലൂണാര്‍ ലാന്ററുകള്‍ വികസിപ്പിക്കുന്നതിന് സ്‌പേസ് എക്‌സ്, ബ്ലൂ ഒറിജിന്‍, ഡൈനറ്റിക്‌സ് എന്നീ കമ്പനികളെ നാസ തിരഞ്ഞെടുത്തിരുന്നു. ലാന്റര്‍ വികസിപ്പിക്കാന്‍ മൂന്ന് കമ്പനികള്‍ക്കുമായി 96.7 കോടി ഡോളര്‍ ഫണ്ട് അനുവദിക്കുകയും ചെയ്തു. ഈ മൂന്ന് കമ്പനികളില്‍നിന്നും ഫെബ്രുവരിയോടെ രണ്ട് കമ്പനികളെ തിരഞ്ഞെടുത്ത് കരാര്‍ നല്‍കാനായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ പദ്ധതി. 

കരാര്‍ നല്‍കുന്നത് വൈകുമെന്ന് നാസ കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. കമ്പനികളുടെ പ്രൊപ്പോസലുകള്‍ വിശദമായി വിലയിരുത്താന്‍ കൂടുതല്‍ സമയം വേണമെന്നതിനാലാണിതെന്നാണ് നാസ പറയുന്നത്. ചിലപ്പോള്‍ ഇത്രയും സമയം വേണ്ടിവരില്ലെന്നും നാസ പറയുന്നു.

എന്നാല്‍, ബഹിരാകാശ ഗവേഷണ രംഗത്ത് ബൈഡന്‍ ഭരണകൂടം ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. കാലാവസ്ഥാ വ്യതിയാനം, പകര്‍ച്ചാവ്യാധി തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. 

ആര്‍തെമിസ് പദ്ധതിയ്ക്ക് ആരംഭം കുറിച്ച നാസ മേധാവി ജിം ബ്രൈഡെന്‍സ്റ്റിന്‍ ബൈഡന്‍ ഭരണകൂടം അധികാരമേറ്റതോടെ രാജിവെച്ചിരുന്നു. പുതിയ നാസ അഡ്മിനിസ്‌ട്രേറ്ററെ ബൈഡന്‍ തിരഞ്ഞെടുത്തിട്ടുമില്ല. സ്റ്റീവ് ജര്‍സൈക് ആണ് ഇപ്പോള്‍ താല്‍കാലിക ചുമതല വഹിക്കുന്നത്.

Content Highlights: biden administration focusing on national issues uncertainity on nasa artemis mission