ബഹിരാകാശത്തിന്റെ രഹസ്യങ്ങള്‍ തേടിയുള്ള മനുഷ്യ സഞ്ചാര പദ്ധതികള്‍ക്ക് കനത്ത വെല്ലുവിളിയാവുന്ന കണ്ടെത്തലുമായി നാസയിലെ ശാസ്ത്രജ്ഞര്‍. ബഹിരാകാശ സഞ്ചാരികളില്‍ രക്തം കട്ടപിടിക്കുന്നുണ്ടെന്നും രക്തത്തിന്റെ ഒഴുക്ക് വിപരീത ദിശയിലാവുന്നുണ്ടെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.
ദീര്‍ഘനാള്‍ പൂജ്യം ഗുരുത്വാകര്‍ഷണ അവസ്ഥില്‍ കഴിയേണ്ടിവരുന്ന ബഹിരാകാശ സഞ്ചാരികള്‍ക്കുള്ള മുന്നറിയിപ്പാണ് ഇത്. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയിൽ മനുഷ്യൻ ദീർഘനാൾ ചിലവഴിച്ചാൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വ്യക്തമായ നിരീക്ഷണങ്ങൾ ഇനിയിമുണ്ടായിട്ടില്ല.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിച്ച ആരോഗ്യവാന്മാരായ 11 ബഹിരാകാശ സഞ്ചാരികളില്‍ നടത്തിയ പീരിയോഡിക് അള്‍ട്രാസൗണ്ട് പരീക്ഷണങ്ങളിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍.
ഇതില്‍ ഏഴ് അംഗങ്ങളുടെ തലച്ചോറില്‍ നിന്നും ഹൃദയത്തിലേക്ക് രക്തം തിരികെയെത്തിക്കുന്ന കഴുത്തിന് ഇടത് വശത്തുള്ള രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുകയോ രക്തത്തിന്റെ ഒഴുക്ക് വിപരീത ദിശയിലാവുകയോ ചെയ്തിട്ടുണ്ട്. ഭൂമിയില്‍ തിരികെയെത്തിയ രണ്ട് പേരില്‍ രക്തം കട്ടപിടിച്ചതും ഭാഗികമായി രക്തം കട്ടപിടിക്കുന്നതും കണ്ടെത്തി. ജാമ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പേപ്പറിലാണ് ഈ വിവരങ്ങളുള്ളത്.
ഇത് ഒരു അപ്രതീക്ഷിത കണ്ടെത്തലാണ് എന്ന് നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്റര്‍ മാനേജറും പേപ്പറിന്റെ മുതിര്‍ന്ന ഏഴുത്തുകാരനുമായ മൈക്കല്‍ സ്‌റ്റെഞ്ചര്‍ പറഞ്ഞു.
രക്തത്തിന്റെ സ്തംഭനവും പിന്നോട്ടുള്ള ഒഴുക്കും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. അത് അസാധാരണമാണ്. ഭൂമിയില്‍ നിങ്ങള്‍ക്ക് വലിയ രക്ത തടസമോ മുഴയോ അങ്ങനെ എന്തെങ്കിലും ഉണ്ടായേക്കാം. അത് ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കിയേക്കാം.