ഒരു പ്രാചീന നരവംശത്തെക്കൂടി ഗവേഷകര്‍ തിരിച്ചറിഞ്ഞു. ആഫ്രിക്കയില്‍ എത്യോപ്യയിലെ അഫാര്‍ മേഖലയില്‍നിന്ന് കണ്ടെടുത്ത ഫോസില്‍ അവശിഷ്ടങ്ങളില്‍നിന്നാണ് ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന നരവംശത്തെ തിരിച്ചറിഞ്ഞത്. 

33 ലക്ഷം വര്‍ഷത്തിനും 35 ലക്ഷം വര്‍ഷത്തിനുമിടയ്ക്ക് പഴക്കം വരുന്ന താടിയെല്ലും പല്ലുകളുമാണ് പുതിയ നരംവംശത്തിന്റെ തെളിവായി മാറിയതെന്ന്, 'നേച്ചര്‍' ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. 

'ഓസ്ട്രലോപിത്തക്കസ് ഡെയ്‌റെമേദ' ( Australopithecus deyiremeda ) എന്ന് പേരിട്ടിട്ടുള്ള പുതിയ വര്‍ഗം, മറ്റ് പല ഹോമിനിഡുകള്‍ക്കും (പ്രാചീന നരവംശങ്ങളെയാണ് 'ഹോമിനിഡുകള്‍' എന്ന് വിളിക്കുന്നത്) ഒപ്പം ആഫ്രിക്കന്‍ സമതലങ്ങളില്‍ ജീവിച്ചിരുന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.

Australopithecus deyiremeda, hominid
 'ഓസ്ട്രലോപിത്തക്കസ് ഡെയ്‌റെമേദ'യുടെ പല്ലും താടിയെല്ലിന്റെ ഭാഗവും. എത്യോപ്യയിലെ അഫാര്‍ മേഖലയില്‍നിന്ന് കണ്ടെടുത്തത്. ചിത്രം കടപ്പാട്: Laura Dempsey / Cleveland Museum of Natural History

എത്യോപ്യയില്‍നിന്ന് 1974 ല്‍ ഗവേഷകര്‍ കണ്ടെത്തിയ 32 ലക്ഷം വര്‍ഷം പഴക്കമുള്ള ഫോസില്‍ 'ലൂസി'യെന്ന പേരിലാണ് അറിയപ്പെടുന്നത്. ആധുനിക മനുഷ്യവര്‍ഗമായ 'ഹോമോ സാപ്പിയന്‍സി'ന്റെ നേര്‍പിന്‍ഗാമിയാകാം ലൂസിയെന്നും, അതിനാല്‍ 'മനുഷ്യവര്‍ഗത്തിന്റെ ആദിമാതാവാ'ണ് ലൂസിയെന്നും അക്കാലത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ലൂസിയെ കണ്ടെത്തിയ സ്ഥലത്ത് ഏതാണ്ട് അതേകാലത്ത് ജീവിച്ചിരുന്ന പുതിയ വര്‍ഗത്തെയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.  

'അഫാര്‍ എന്നറിയപ്പെടുന്ന മേഖലയില്‍ ജീവിച്ചിരുന്നത് ലൂസി ഉള്‍പ്പെടുന്ന 'ഓസ്ട്രലോപിത്തക്കസ് അഫാറന്‍സിസ്' ( Australopithecus afarensis ) വര്‍ഗം മാത്രമല്ലെന്നാണ് പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്' - അമേരിക്കയില്‍ ക്ലീവ്‌ലന്‍ഡ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകനായ യോഹാന്നസ് ഹെയ്ല്‍-സെലാസീ പറയുന്നു. 

Australopithecus deyiremeda, hominid
ക്ലീവ്‌ലന്‍ഡ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി ടീം അംഗങ്ങള്‍ അഫാറിലെ ബര്‍ട്ടീല്‍ പ്രദേശത്തെ വരണ്ട മണ്ണില്‍നിന്നാണ് പ്രാചീന നരവംശത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. ചിത്രം കടപ്പാട്: Yohannnes Haile-Selassie / Cleveland Museum of Natural History

മനുഷ്യന്റെയും കുരങ്ങുവര്‍ഗങ്ങളുടെയും സവിശേഷതകളടങ്ങിയ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. ഒരേ വര്‍ഗത്തിലെ നാല് ജീവികളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തവയില്‍ പെടുന്നു.  

2011 മാര്‍ച്ചില്‍ ആദിസ് അബ്ബാബയില്‍നിന്ന് 500 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള അഫാറിലെ ബര്‍ട്ടീല്‍ പ്രദേശത്തുനിന്നാണ് ഫോസിലുകള്‍ കണ്ടെത്തിയത്. ലൂസിയുടെ അവശിഷ്ടങ്ങള്‍ കിട്ടിയ ഹാദറില്‍നിന്ന് 35 കിലോമീറ്റര്‍ വടക്കാണ് ഈ സ്ഥലം. 

കണ്ടെത്തിയ കീഴ്താടിയെല്ലുകളുടെയും പല്ലുകളുടെയും രൂപഘടനയും ശരീരശാസ്ത്രവും ആഴത്തില്‍ വിശകലനം ചെയ്താണ്, അത് ഇതുവരെ അറിയപ്പെടാത്ത വര്‍ഗത്തിന്റേതാണെന്ന നിഗമനത്തിലെത്തിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഹെയ്ല്‍-സെലാസീ പറഞ്ഞു. 

Yohannnes Haile-Selassie, Australopithecus deyiremeda
പഠനസംഘത്തിന് നേതൃത്വം നല്‍കിയ ക്ലീവ്‌ലന്‍ഡ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ നരവംശശാസ്ത്രജ്ഞന്‍ യോഹാന്നസ് ഹെയ്ല്‍-സെലാസീ. ചിത്രം കടപ്പാട്: Laura Dempsey / Cleveland Museum of Natural History

അഫാറിലെ പ്രാദേശിക ഭാഷയില്‍ 'അടുത്ത ബന്ധു' ( 'close relative' ) എന്നര്‍ഥം വരുന്ന 'ഡെയ്‌റെമേദ' ( 'deyiremeda' ) എന്ന പേര് പുതിയ വര്‍ഗത്തിന് ഗവേഷകര്‍ നല്‍കുകയായിരുന്നു.  

ആധുനിക മനുഷ്യവര്‍ഗത്തിന്റെ നേര്‍ പിന്‍ഗാമിയെന്ന് മുമ്പ് കരുതിയിരുന്ന ലൂസി ജീവിച്ചിരുന്നത് 38 ലക്ഷം വര്‍ഷം മുമ്പ് മുതല്‍ 29 ലക്ഷം വര്‍ഷം മുമ്പ് വരെയുള്ള കാലഘട്ടത്തിലാണ്. 

Australopithecus deyiremeda, hominid
പര്യവേക്ഷണം നടന്ന അഫാര്‍ പ്രദേശത്തുനിന്ന് കണ്ടെടുത്ത ഫോസിലുകളിലൊന്ന്. ചിത്രം കടപ്പാട്: Yohannnes Haile-Selassie / Cleveland Museum of Natural History 

ഏതാണ്ട് അതേ കാലയളവില്‍ ജീവിച്ചിരുന്ന 'കെനിയന്ത്രോപ്പസ് പ്ലാറ്റിയോപ്‌സ്' ( Kenyanthropus platyops ) എന്ന പ്രാചീന നരവര്‍ഗത്തെ 2001 ല്‍ കെനിയയില്‍നിന്ന് കണ്ടെത്തിയിരുന്നു. സമകാലീനരെന്ന് കരുതാവുന്ന മറ്റൊരു വര്‍ഗത്തെ ചാഡില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്; 'ഓസ്ട്രലോപിത്തക്കസ് ബഹ്രെല്‍ഘാസലി' ( Australopithecus bahrelghazali  ) എന്ന വര്‍ഗത്തെ. 

അതേ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മറ്റൊരു വര്‍ഗത്തെക്കൂടി ഇപ്പോള്‍ കണ്ടെത്തിയതോടെ, മനുഷ്യപരിണാമ ചരിത്രത്തില്‍ ലൂസിക്ക് അങ്ങനെ സവിശേഷമായി അവകാശപ്പെടാവുന്ന പ്രത്യേകതയൊന്നുമില്ലെന്ന് വന്നിരിക്കുകയാണ്. 

ഓസ്ട്രലോപിത്തക്കസ് ബഹ്രെല്‍ഘാസലിയെ പുതിയ വര്‍ഗമായി പരിഗണിക്കാമോ എന്ന് സംശയിക്കുന്ന ഗവേഷകരുണ്ട്. ഏതായാലും, മനുഷ്യന്റെ ഉത്ഭവചരിത്രം താരതമ്യേന സങ്കീര്‍ണമാണെന്ന് പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നതായി ഹെയ്ല്‍-സെലാസീ അഭിപ്രായപ്പെട്ടു.