New Scorpion Species

 

കോഴിക്കോട്: പശ്ചിമഘട്ടത്തില്‍നിന്ന് പുതിയൊരിനം തേള് കൂടി. കേരളത്തിലെ ചിന്നാര്‍ വന്യജീവി സങ്കേതം ഉള്‍പ്പെടുന്ന പ്രദേശത്തുനിന്നാണ് പുതിയ സ്പീഷിസ് തേളിനെ ഗവേഷകര്‍ കണ്ടെത്തിയത്. 'ബുത്തോസ്‌കോര്‍പ്പിയോ ചിന്നാറെന്‍സിസ്' ( Buthoscorpio chinnarensis ) എന്നാണ് പുതിയയിനം തെളിന്റെ പേര്.  

 

സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ( ZSI ) കോഴിക്കോട് മേഖലാകേന്ദ്രത്തിലെ ഗവേഷണ വിദ്യാര്‍ഥിനിയായ അശ്വതി, സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ.പി.എം. സുരേഷന്‍, പാരീസിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. വില്‍സണ്‍ ലോറന്‍ സോ എന്നിവര്‍ ചേര്‍ന്നാണ് ഈ പുതിയയിനം തേളിനെ തിരിച്ചറിഞ്ഞത്. ഇന്‍ഡൊനീഷ്യ യൂണിവേഴ്‌സിറ്റിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന 'ടപ്രോബാനിക്ക' ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനറിപ്പോര്‍ട്ടുള്ളത്. 

 

ചിന്നാര്‍ വന്യമൃഗസങ്കേതത്തിലെ ചുരുളിപ്പെട്ടി പ്രദേശത്തെ മുള്‍ക്കാടുകളാണ് തേളിന്റെ ആവാസ വ്യവസ്ഥ. പാറക്കല്ലുകള്‍ക്കിടയില്‍ ചെറിയ വണ്ടുകളെപ്പോലെ കാണപ്പെടുന്ന ഇവയ്ക്ക് തിളങ്ങുന്ന കറുപ്പുനിറവും മൂന്ന് മുതല്‍ നാല് സെന്റീമീറ്റര്‍ വരെ വലുപ്പവുമുണ്ട്. 

 

'തടിച്ച വാല്‍ഭാഗം വയറിന്റെ മുകളില്‍ കയറ്റി വെയ്ക്കുന്നതിനാല്‍ ഇവയെ പെട്ടന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്' - സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കോഴിക്കോട് കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

 

ബുത്തോസ്‌കോര്‍പ്പിയോ വിഭാഗത്തില്‍പ്പെടുന്ന തേളുകള്‍ അപൂര്‍വമായി ഇന്ത്യയിലും ശ്രീലങ്കയിലുമാണ് കണ്ടുവരുന്നത്. ഇന്ത്യയില്‍ മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍നിന്ന് ഈ വിഭാഗത്തിലെ അഞ്ച് സ്പീഷിസുകള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 

 

New Scorpion Species

 

2005 ല്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട്, പുണെ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞര്‍ മലയാറ്റൂര്‍ കാടുകളില്‍ നിന്ന് റൂഗോ ഡെന്റസ് എന്ന ഒരു അപൂര്‍വ തേളിനത്തിനെ കണ്ടെത്തിയതിനുശേഷമുണ്ടാകുന്ന പ്രധാന കണ്ടുപിടിത്തമാണിത്.

 

ലോകത്താകമാനം ഏകദേശം 2000 തേളിനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ 113 ഇനങ്ങള്‍ ഇന്ത്യയില്‍നിന്നുള്ളതാണ്. 22 ഇനങ്ങള്‍ കേരളത്തിലും കണ്ടെത്തിയിട്ടുണ്ട്. 

 

കേരളത്തിലെ തേള്‍വര്‍ഗങ്ങളെ പൊതുവെ കരിന്തേളുകള്‍, മണിത്തേളുകള്‍, പാറത്തേളുകള്‍, തടിവാലന്‍ തേളുകള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. ഇവയില്‍ കരിന്തേളുകളാണ് കൂടുതലായി കാണപ്പെടുന്നത്.

 

എല്ലാ തേളുകള്‍ക്കും വിഷമുണ്ടെങ്കിലും മനുഷ്യരെ കൊല്ലാനുള്ള ശേഷി ഇന്ത്യയിലെ ഒരു തേളിനുമില്ലെന്ന് വാര്‍ത്താക്കുറിപ്പ് പറയുന്നു. 

 

കീടങ്ങളെയും മണ്ണിലെ ക്ഷുദ്രജീവികളെയും നശിപ്പിക്കുന്ന തേളുകള്‍ മനുഷ്യര്‍ക്ക് ഉപകാരിയാണ്. പക്ഷേ, പരിസര മലിനീകരണവും വര്‍ധിച്ച നിര്‍മാണപ്രവര്‍ത്തനങ്ങളും വനനശീരകണവും കീടനാശികളുടെ അമിതോപയോഗവുമൊക്കെ മറ്റ് ഒട്ടേറെ ജീവിവര്‍ഗങ്ങളെപ്പോലെ തേളുകളുടെയും നിലനില്‍പ്പ് അപകടത്തിലാക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു (ചിത്രങ്ങള്‍: ZSI, Kozhikode )