രണ്ടു ചോദ്യങ്ങള്‍ക്കാണ് തമ്പുരാന് ഉത്തരം അറിയേണ്ടത്.
ചോദ്യം നമ്പര്‍ ഒന്ന് : ഞാന്‍ ആര്?
ചോദ്യം നമ്പര്‍ രണ്ട് : കോവിലകം എന്തിനു വാങ്ങി?

1997 ല്‍ കുളപ്പുള്ളി അപ്പന്റെ ഒന്നാമത്തെ ചോദ്യത്തിന് ആറാം തമ്പുരാനായ ജഗന്നാഥന് പ്രത്യേകിച്ച് ഉത്തരമൊന്നും ഉണ്ടായിരുന്നില്ല. ബുദ്ധനും ശങ്കരനും തേടിയത് ഇതേ ചോദ്യത്തിനുള്ള ഉത്തരമാണെന്നും ഈ ചോദ്യത്തിനുത്തരം തേടാനുള്ള നിയോഗം ആണ് എല്ലാ മനുഷ്യജന്മവും എന്നൊക്കെ പറഞ്ഞ് തടിതപ്പി ജഗന്നാഥന്‍ പത്തിരി കഴിക്കാന്‍ പോയി.

ജഗന്നാഥനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ജനിതകശാസ്ത്രത്തില്‍ നിര്‍ണ്ണായകമായ കണ്ടുപിടുത്തങ്ങള്‍ നടന്നത് അടുത്തയിടയ്ക്കാണ്. 2010 മുതലാണ് നാഷണല്‍ ജ്യോഗ്രഫിക് 'ഞാന്‍ ആര്' എന്ന ചോദ്യത്തിന് ഉത്തരം ശാസ്ത്രീയമായി കൊടുത്തു തുടങ്ങിയത്. സങ്കീര്‍ണമായ ഡിഎന്‍എ പരിശോധന വഴിയാണ് അതിവിദൂര ഭൂതകാലതുനിന്ന് 'ഞാനി'ലേക്കുള്ള യാത്ര നാഷണല്‍ ജ്യോഗ്രഫിക്കിലെ ശാസ്ത്രജ്ഞന്‍മാര്‍ നമുക്ക് പറഞ്ഞുതരുന്നത്. 

ഇതിന്റെ ഉത്തരം കിട്ടാന്‍ ഒരു മനുഷ്യജന്‍മമൊന്നും ഇപ്പോള്‍ വേണ്ട, പക്ഷെ കുറച്ചു കാശുചെലവുണ്ട്. കഴിഞ്ഞ മെയ് മാസം അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ഞാനെന്റെ സമ്പൂര്‍ണ്ണ ജനിതക രഹസ്യം കണ്ടെത്തി. ലക്ഷക്കണക്കിന് വര്‍ഷം നീണ്ട ആ യാത്രയുടെ കഥയാണ് ഈ ലേഖനത്തിന്റെ വിഷയം.

Human migration

എന്താണീ ജനിതകപൈതൃക യാത്ര? ഓരോ മനുഷ്യനും സ്വന്തം അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും ആണല്ലോ അവരുടെ അടിസ്ഥാന ജനിതകനിര്‍മാണ വസ്തുക്കള്‍ സ്വീകരിക്കുന്നത്. നമ്മുടെ അച്ഛനമ്മമാര്‍ അവരുടെ അച്ഛനമ്മമാരില്‍ നിന്നും എന്നിങ്ങനെ. അങ്ങനെ പോകുമ്പോള്‍ പ്രകൃതിയിലെ ആദ്യത്തെ മനുഷ്യനുമായി നമുക്കൊരു ജനിതക ബന്ധമുണ്ട്. 

പക്ഷെ, ഒന്നാമത്തെ ആണിന്റെയോ പെണ്ണിന്റെയോ മാത്രം ജീനുകളല്ല നമുക്കുള്ളത്. ജനിതക ആദമില്‍ നിന്നും ഹവ്വയില്‍ നിന്നും നമ്മിലെക്കുള്ള യാത്രക്കിടക്ക് അച്ഛന്‍ വഴിയിലും അമ്മ വഴിയിലും ചില ഉള്‍പ്പിരിവുകള്‍ (മ്യൂട്ടേഷനുകള്‍) ഒക്കെ സംഭവിക്കും. ഇത് സംഭവിച്ചത് ലോകത്തിന്റെ ഏതെങ്കിലും കോണില്‍ ആയിരിക്കുകയും ചെയ്യും. അങ്ങനെയുണ്ടാകുന്ന മാറ്റങ്ങള്‍ ജനിതകവഴിയിലെ നാഴികക്കല്ലുകളാണ്. 

അപ്പോള്‍ നമ്മുടെ ഡിഎന്‍എ പരിശോധിച്ചാല്‍ ജനിതക ആദമില്‍ നിന്നും ഹവ്വയില്‍ നിന്നും നാം ഏതു വഴിക്കൊക്കെ യാത്ര ചെയ്താണ് നമ്മിലേക്ക് എത്തിയതെന്ന് കൃത്യമായി മനസ്സിലാക്കാം. നമ്മളുമായി ജനിതകപാരമ്പര്യം പങ്കിടുന്ന മനുഷ്യര്‍ ലോകത്ത് മറ്റെവിടെയൊക്ക ഉണ്ടെന്നും ഈ പരിശോധനയില്‍ നിന്ന് കണ്ടുപിടിക്കാം.

എന്റെ യാത്ര: മനുഷ്യന്‍ ദൈവത്തെ സൃഷ്ടിക്കുന്നതിനും ഏതാണ്ട് രണ്ടുലക്ഷം വര്‍ഷം മുമ്പാണ് എന്റെ ജനിതകയാത്ര തുടങ്ങുന്നത്. ആഫ്രിക്കയിലെ റിഫ്ട്‌വാലിയിലെ ഓള്‍ഡ്‌വൈ ഗര്‍ത്തത്തിലാണ് മനുഷ്യനായുള്ള എന്റെ പൂര്‍വ്വികന്‍മാരുടെ പിറവി. ലോകത്ത് ഇന്നുള്ള മനുഷ്യര്‍ എല്ലാവരും ഈ ഗര്‍ത്തത്തില്‍നിന്നും പുറത്ത് എത്തിയവരാണെന്നാണ് ലക്ഷക്കണക്കിന് ആളുകളുടെ ജനിതകപരിശോധനക്കുശേഷം ശാസ്ത്രലോകം അംഗീകരിച്ചിരിക്കുന്നുത്. രണ്ടുലക്ഷം വര്‍ഷത്തിനു മുന്‍പേയുള്ള ജനിതക അടയാളങ്ങള്‍ എന്റെ ഡിഎന്‍എയില്‍ ഉള്ളതിനാല്‍ ഒരു കാര്യം വ്യക്തം. നാലായിരം വര്‍ഷം മുന്‍പ് വെള്ളിയാഴ്ച ദിവസം ദൈവം കളിമണ്ണ് കുഴച്ച് ഉണ്ടാക്കിയ കൂട്ടത്തില്‍നിന്നല്ല എന്റെ തുടര്‍ച്ച. 

അച്ഛന്റെ യാത്ര: ഓള്‍ഡ്‌വൈ ഗര്‍ത്തത്തില്‍നിന്നും വെങ്ങോലയിലേക്ക് ഏതാണ്ട് 8127 കിലോമീറ്റര്‍ ആകാശദൂരമുണ്ട്. വിമാനം ഉണ്ടാക്കിയ എന്റെ പൂര്‍വികരുടെ കഥ വരുന്നത് ഏതാണ്ട് അയ്യായിരം വര്‍ഷം മുന്‍പാണ്. അതുകൊണ്ടുതന്നെ ആഫ്രിക്കയിലെ അപ്പൂപ്പന് വെങ്ങോലയിലെത്താന്‍ പുഷ്പകം പോയിട്ട് കാളവണ്ടിപോലും ഉണ്ടായിരുന്നില്ല. കര വഴി മാത്രം പോന്നാല്‍ ഏതാണ്ട് പതിനയ്യായിരം കിലോമീറ്റര്‍ വരും ഈ യാത്ര. കടലിടുക്കുകള്‍ ചാടിയാല്‍ അല്‍പ്പം ലാഭമൊ ക്കെ കിട്ടും. അപ്പോള്‍ എന്തിനാണ്, ഏതു വഴിയിലാണ്, ഏതു വാഹനത്തിലാണ് അപ്പൂപ്പന്‍മാര്‍ ആഫ്രിക്ക താണ്ടി കേരളത്തില്‍ എത്തിയത്?

Human migration

ഇപ്പോള്‍ ലോകത്തുള്ള എല്ലാ മനുഷ്യരുടെയും പൂര്‍വികനായി ശാസ്ത്രലോകം അംഗീകരിക്കുന്നത് 'വൈ ക്രോമസോം ആദം' ( Y-Chromosomal Adam ) എന്ന് ശാസ്ത്രജ്ഞന്‍മാര്‍ വിളിക്കുന്ന ഒരു മുതുമുത്തച്ഛനെയാണ്. ഏതാണ്ട് മൂന്നുലക്ഷം വര്‍ഷം മുമ്പാണ് ഇദ്ദേഹം ജീവിച്ചിരുന്നത് എന്നാണ് ശാസ്ത്രം. ഇതിന്റെ അര്‍ഥം ഭൂമിയിലെ ആദ്യത്തെ മനുഷ്യന്‍ ഇദ്ദേഹം ആയിരുന്നു എന്നല്ല. പക്ഷെ ഇദ്ദേഹത്തിനു മുമ്പ് ജനിതക ഉള്‍പിരിവുകള്‍ ഉണ്ടായിട്ടില്ല. ആദ്യത്തെ ജനിതക പിരിവായ 'പി 305' ഉണ്ടാകുന്നത് ഏതാണ്ട് ഒരുലക്ഷം വര്‍ഷം മുമ്പാണ്. അവിടം മുതലാണ് മനുഷ്യകുലം പല വഴിക്കുള്ള യാത്ര തുടങ്ങുന്നത്. 

ആഫ്രിക്കയില്‍നിന്ന് ഏതാണ്ട് 70,000 വര്‍ഷം മുമ്പ് എന്റെ മൂത്ത അപ്പൂപ്പന്‍ യാത്ര തുടങ്ങി. ലോകമുത്തച്ഛനില്‍നിന്നും മൂന്നാമത്തെ ഉള്‍പരിവര്‍ത്തനമാണ് ( mutation ) 'പി 143' എന്ന എന്റെ സഞ്ചാരി മുത്തച്ഛന്റേത്. 

രണ്ടു കാരണങ്ങളാലാണ് അന്ന് ആളുകള്‍ നാടുവിടുന്നത്. ഒന്നാമത് ഭക്ഷണം കമ്മിയാകുമ്പോള്‍, രണ്ടാമത് മറ്റാരെങ്കിലോടും വഴക്കു കൂടുമ്പോള്‍. എന്റെ മുത്തച്ഛന്‍ നേരെ വടക്കോട്ട് നടന്നത് ഇതില്‍ എന്തു കാരണം കൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമല്ല. കാരണം എന്താണെങ്കിലും 70,000 വര്‍ഷം മുമ്പ് പുള്ളിക്കാരന്‍ കടലു കാണുന്നതുവരെ നടന്നു (പല തലമുറ കൊണ്ടാണ് കേട്ടോ. ഒരു അപ്പൂപ്പന്‍ ആണ് ഈ 1500 കിലോമീറ്റര്‍ നടന്നതെന്ന് വിചാരിക്കരുത്. പറയാന്‍ സൗകര്യത്തിന് ഞാന്‍ സകലമാന അപ്പൂപ്പന്മാരെയും അപ്പൂപ്പന്‍ എന്ന കോമണ്‍നാമത്തില്‍ വിളിക്കുന്നതാണ്). 

ഏഷ്യയും ആഫ്രിക്കയും തമ്മില്‍ വിഭജിക്കുന്ന ചെങ്കടല്‍ അന്നും ഉണ്ട്. ഇപ്പോഴതിന് 300 കിലോമീറ്റര്‍വരെ വീതിയുണ്ട്. അതു മറികടക്കാനുള്ള സംവിധാനം ഒന്നും അക്കാലത്ത് മനുഷ്യകുലത്തിന് ആയിട്ടില്ല. പക്ഷെ 70,000 വര്‍ഷം മുമ്പ് ചെങ്കടലിന്റെ ആഴം ഇപ്പോഴത്തേക്കാള്‍ ഏതാണ്ട് 70 മീറ്റര്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ ചില ഭാഗങ്ങളില്‍ വീതി ഇപ്പോഴത്തെ അത്ര ഇല്ല. നല്ല ദിവസം ആണെങ്കില്‍ നോക്കിയാല്‍ അക്കര കാണുകയും ചെയ്യാം. അതുകൊണ്ട് തന്നെ നല്ല കാരണം വല്ലതും ഉണ്ടെങ്കില്‍ അപ്പുറം ചാടാന്‍ ഒരു കൈ നോക്കാം. 

കോതമംഗലത്ത് എന്ജിനീയറിംഗ് കോളേജില്‍ അടി നടക്കുന്ന സമയത്ത് പേടിച്ചു ഞാനും അജിത്തും പാടവരമ്പില്‍ കൂടി പോലും അംബാസ്സഡര്‍ ഓടിച്ചിട്ടുണ്ട്. അപ്പോള്‍ നല്ല അടി പുറകില്‍ ഉണ്ടെങ്കില്‍ എന്റെ അപ്പൂപ്പന്‍ 'ഇതും ഇതിലപ്പുറവും ചാടിക്കടന്നിട്ടുണ്ട്' എന്ന് പറഞ്ഞ പോലെ നീന്തി ആണെങ്കില്‍ പോലും അക്കരെ താണ്ടി കാണണം. 

Human migration

തുടരുന്ന യാത്ര: ഹരിതാഭമായ ആഫ്രിക്കയില്‍നിന്നും കടല്‍കടന്ന അപ്പൂപ്പന് ഒരു അക്കിടി പറ്റി. അറേബ്യന്‍ പെനിന്‍സുല ( Arabian Peninsula ) എന്നു നാം ഇപ്പോള്‍ വിളിക്കുന്ന സ്ഥലങ്ങളില്‍ കൂടുതലും അന്നും മരുഭൂമിയാണ്. ജീവിക്കാന്‍ വലിയ സാദ്ധ്യതയൊന്നുമില്ല. പക്ഷെ ചാടിക്കടന്ന കടലിലാകട്ടെ വെള്ളം കൂടിയും വന്നു. അപ്പോള്‍ ഒരു കോപത്തിന് ഇങ്ങോട്ടു ചാടിയ വല്യപ്പന് കോപം ആയാലും താപം ആയാലും തിരിച്ചുപോകാന്‍ പറ്റിയില്ല. മുന്നോട്ടു പോവുകതന്നെ.

അങ്ങനെ ഭക്ഷണം തേടി അറേബ്യയും കടന്ന് അപ്പൂപ്പന്‍ ഇറാക്കില്‍ എത്തി. യൂഫ്രട്ടീസ് ടൈഗ്രീസ് നദികളുടെ ഒഴുക്കിനാല്‍ കാലാകാലങ്ങളായി ഫലഭൂയിഷ്ഠമാണ് ഇറാക്ക്. അവിടെ അങ്ങനെ താമസിക്കേണ്ട കാര്യമേ ഉള്ളൂ. വേണമെങ്കില്‍ കുവൈറ്റില്‍ വന്നും താമസിക്കാമായിരുന്നു (എന്നാല്‍ ഇന്ന് ഞാന്‍ ഷേക്ക് !). പക്ഷെ എന്റെ പൂര്‍വികര്‍ അടിസ്ഥാനമായി സഞ്ചാരികള്‍ ആണെന്നു തോന്നുന്നു. ഇന്നും നിലക്കാത്ത പ്രവാസം ആണല്ലോ. ഇറാക്കില്‍നിന്നും ഇറാന്‍വഴി അപ്പൂപ്പനും സംഘവും ഇന്ത്യയുടെ വടക്ക് ഇപ്പോള്‍ അഫ്ഗാനിസ്താനും ചൈനയും കൂട്ടിമുട്ടുന്ന സ്ഥലത്തെത്തി. ഇപ്പോഴത്തെ കാലം ആണെങ്കില്‍ കാബൂളില്‍ വന്ന് വിമാനത്തില്‍ കയറി നേരെ ഡല്‍ഹിയില്‍ എത്തി കേരള എക്‌സ്പ്രസ്സ് പിടിച്ചു കൊച്ചിയില്‍ എത്തേണ്ട കാര്യമേ എന്റെ അപ്പൂപ്പന് ഉണ്ടായിരുന്നുള്ളൂ. ഏറിയാല്‍ മൂന്നു ദിവസം. 

പക്ഷെ കാര്യങ്ങള്‍ അങ്ങനെയല്ല പോയത്. അടുത്ത 40,000 വര്‍ഷം എന്റെ അപ്പൂപ്പന്‍മാര്‍ ഏഷ്യയില്‍ കിടന്നു കറങ്ങി. വിയറ്റ്‌നാം പോലുള്ള തെക്കുകിഴക്കേ ഏഷ്യമുതല്‍ കസാക്കിസ്ഥാന്‍വരെയുള്ള മധ്യേഷ്യയില്‍ ആയിരുന്നു അപ്പൂപ്പന്‍മാര്‍ ഇക്കാലമത്രയും. കാലാവസ്ഥ, ഭക്ഷണം ഒക്കെയായിരുന്നിരിക്കണം ഇതിനുള്ള പ്രചോദനം. 

ഇടയ്ക്ക് അല്‍പ്പം ചുറ്റിക്കളി: നാഷണല്‍ ജ്യോഗ്രഫിക്കിന്റെ ജനിതക പരീക്ഷണത്തില്‍ എന്നെ ഏറ്റവും ആഹ്ലാദിപ്പിച്ചത് എന്റെ ജനറ്റിക് പാരമ്പര്യത്തില്‍ കണ്ട 2.4 ശതമാനം ഡെനിസോവ ( Denisovan ) ന്റെ ജീനുകള്‍ ആണ്. 

ആരായിരുന്നു ഈ ഡെനിസോവന്‍മാര്‍? സത്യം പറഞ്ഞാല്‍ ഇവര്‍ മനുഷ്യരല്ലായിരുന്നു. പക്ഷെ അക്കാലത്ത് നമുക്ക് നിയാന്‍ഡെര്‍ത്തല്‍ ( Neanderthal ) എന്നും ഡെനിസോവന്‍ എന്നും രണ്ട് ഹോമിനിന്‍ ( Hominin ) ബന്ധുക്കള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ചൈനയും മംഗോളിയയും റഷ്യയും ഒക്കെ ചേര്‍ന്നുകിടക്കുന്ന പ്രദേശത്താണ് പ്രസിദ്ധമായ ഡെനിസോവ് ഗുഹ. ഇവിടെ 21-ാം നൂറ്റാണ്ടിലാണ് നമ്മുടെ ജനിതകപാരമ്പര്യ ആശയങ്ങളെ മാറ്റിമറിച്ച ഡെനിസോവ് അമ്മായിയുടെ ചെറുവിരല്‍ കണ്ടുപിടിക്കപ്പെട്ടത്. 30,000 വര്‍ഷം മുമ്പുതന്നെ ഇവര്‍ ഭൂലോകത്തുനിന്നും ഇല്ലാതായിക്കഴിഞ്ഞിരുന്നു. 

പറഞ്ഞുവരുന്നത് 30,000 വര്‍ഷം മുമ്പുതന്നെ എന്റെ അപ്പൂപ്പന്‍മാര്‍ വളരെ ഫോര്‍വാര്‍ഡ് ആയിരുന്നു എന്നാണ്. കഴിഞ്ഞ മുന്നൂറു വര്‍ഷമായി എന്റെ അപ്പുപ്പന്‍മാരൊന്നും നായരല്ലാതെ വേറെയാരെയും കല്യാണം കഴിച്ചിട്ടില്ല. പക്ഷെ 40,000 വര്‍ഷം മുമ്പ് എന്റെ മൂത്ത അപ്പൂപ്പന്‍ കുലംവിട്ട് ഡെനിസോവനും ആയി ഒരു ചുറ്റിക്കളി നടത്തിയതിന്റെ ബാക്കിപത്രം 2.4 ശതമാനം ഡിഎന്‍എ ആയി തുമ്മാരുകുടിയില്‍ ബാക്കി കിടക്കുന്നു. ഇപ്പോഴത്തെ കാലം ആണെങ്കില്‍ പ്രകൃതിവിരുദ്ധം ആണെന്നും പറഞ്ഞു അപ്പൂപ്പന്‍ ജയിലില്‍ ആയേനെ! ജനിതക ചരിത്രം എല്ലാം അവിടെ തീര്‍ന്നേനെ!

Human migration

എന്നിട്ട്: ഇനി അച്ഛന്റെ ജനിതകചരിത്രം ഒന്നും അത്രയധികം പറയാനില്ല. മധ്യേഷ്യയില്‍നിന്ന് പന്തീരായിരം വര്‍ഷംമുമ്പ് 'എം 17' എന്ന നാഴിക്കക്കല്ലും ആയി എന്റെ അടുത്ത അപ്പൂപ്പന്‍ വീണ്ടും ദക്ഷിണേഷ്യയില്‍ എത്തി. പിന്നെ ഇപ്പോഴും ഇവിടെയൊക്കെ കിടന്നു കറങ്ങുന്നു. എന്റെ ഏറ്റവും അടുത്ത ബന്ധുക്കള്‍ പോയത് ഐസ്‌ലാന്റിലേക്കും യുക്രൈനിലേക്കും കിര്‍ഗിസ്ഥാനിലേക്കും പിന്നെ ബംഗ്ലാദേശിലേക്കുമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ കൂടുതല്‍ ബംഗ്ലാദേശികള്‍ വരുമ്പോള്‍ ഞാന്‍ അധികം പരാതി പറയരുത്. ജനിതകംവെച്ച് നോക്കിയാല്‍ എന്റെ സ്വന്തക്കാരായിരിക്കില്ല അവരെന്ന് ആര്‍ക്കറിയാം!

അമ്മത്തായ്‌വഴി: ഞാനൊരു നായരായതുകൊണ്ട് സാമൂഹ്യമായി ഞാന്‍ അമ്മത്തായ്‌വഴി ആണ് ശ്രദ്ധിക്കേണ്ടത്. തുമ്മാരുകുടി എന്ന വീട്ടുപേരുപോലും അമ്മവഴിക്കാണ്. അപ്പോള്‍ ഈ തുമ്മാരുകുടിയിലെ അമ്മ ആഫ്രിക്കയില്‍നിന്ന് എങ്ങനെ എത്തിപ്പറ്റി.

ശാസ്ത്രജ്ഞരുടെ ഭാഷയിലെ മൈറ്റോക്കോണ്‍ഡ്രിയല്‍ ഹവ്വ ( Mitochondrial Eve ) 180,000 വര്‍ഷം മുമ്പ് കിഴക്കേ ആഫ്രിക്കയിലാണ് ജീവിച്ചിരുന്നത്. അവിടെനിന്നും ഉള്‍പരിവര്‍ത്തനം വന്ന 'എല്‍ 3' എന്ന അമ്മൂമ്മയാണ് തായ്‌വഴിയിലെ യാത്ര തുടങ്ങിയത്. 

'എല്‍ 3' വംശത്തിന്റെ യാത്ര തുടങ്ങുന്നത് ഏതാണ്ട് 67,000 വര്‍ഷം മുമ്പാണ്. കിഴക്കേ ആഫ്രിക്കയില്‍നിന്ന് നേരെ വടക്കുപടിഞ്ഞാറേക്ക് ഇപ്പോള്‍ സഹാറ മരുഭൂമിയുള്ള സ്ഥലത്തേക്കാണ് അമ്മൂമ്മയും കൂട്ടരും നീങ്ങിയത്. ഫലഭൂയിഷ്ഠമായ റിഫ്ട്‌വാലിയില്‍നിന്നും കൊടുംമരുഭൂമിയിലേക്ക് പോകാന്‍ എന്തായിരിക്കും അമ്മൂമ്മയെ പ്രേരിപ്പിച്ചത്?

ഇവിടെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഒരു കളി. 50,000 വര്‍ഷംമുമ്പ് യൂറോപ്പ് ചെറുഹിമയുഗത്തില്‍ (മിനി ഐസ് ഏജ്) നിന്ന് ഉണരുകയാണ്. യൂറോപ്പിനെ മൂടിയ മഞ്ഞുപാളികള്‍ ഉരുകുന്നു. ഇത് ആഫ്രിക്കയില്‍ അല്‍പ്പം നനവുള്ള കാലാവസ്ഥ സൃഷ്ടിക്കുന്നു. അഗമ്യമായ സഹാറാ മരുഭൂമി കുറച്ചുകാലത്തേക്ക് പുല്‍പ്രദേശമാകുന്നു. വേട്ടയാടി നടന്നിരുന്ന 'എല്‍ 3 അമ്മൂമ്മ'യുടെ ഗോത്രം, വന്യമൃഗങ്ങള്‍ സഹാറയിലേക്ക് നീങ്ങിയതു നോക്കി അതിന്റെ പുറകേ വച്ചുപിടിക്കുന്നു.

പക്ഷെ സഹാറയിലെ നല്ലകാലം അധികം നീണ്ടില്ല. ചൂടുകൂടി, പൊടിക്കാറ്റ് വര്‍ധിച്ച് പുല്‍മേടുകളൊക്കെ അപ്രത്യക്ഷമായി. സഹാറ മരുപ്രദേശമായി. അന്നും ഇന്നും സഹാറയിലൂടെ ഒരു തിരിച്ചുപോക്ക് സാധ്യമല്ല. അപ്പോള്‍ പിന്നെ അപ്പൂപ്പനെ പോലെ അമ്മൂമ്മയും കൂട്ടരും കിഴക്കോട്ടു നടന്ന് നൈല്‍ നദീതടങ്ങളില്‍ എത്തി (ഞാന്‍ ഫറവോന്റെ ഒക്കെ ബന്ധു ആണ് ചേട്ടാ..!). പക്ഷെ അവിടെയും പിടിച്ചു നില്‍ക്കാന്‍ പറ്റാത്തതിനാല്‍ 'അവിടന്നും മെല്ലെ നടന്നാനമ്മ' ഇപ്പോഴത്തെ ജിബൂട്ടിയില്‍ കടല്‍ തീരത്ത് എത്തി. ഇവിടെ ആണ് ചെങ്കടലിന് ഏറ്റവും വീതി കുറവ് (ബാബ് അല്‍ മന്‍ദെപ്). അന്നവിടെ കടലിടുക്കിന് പത്തുകിലോമീറ്റര്‍ ദൂരമേ ഉള്ളൂ. അപ്പോള്‍ ഒരു കട്ടമരത്തിന്റെ മീതെയിരുന്നെങ്കിലും തുഴഞ്ഞാല്‍ ഇക്കരെ എത്തുകയും പറ്റും. അങ്ങനെ അമ്മൂമ്മ കടല്‍ കടന്ന് യമനില്‍ എത്തി. 

വിവാദ ഭൂമിയിലെ അമ്മൂമ്മ: ചരിത്രം ഒക്കെ അന്വേഷിച്ചു പോയാലുള്ള ഒരു കുഴപ്പം നമുക്ക് ഇഷ്ടമില്ലാത്ത ചില ഭൂതകാലം നമുക്കുണ്ടായി എന്നുവരും എന്നതാണ്. ഉദാഹരണത്തിന് നമ്മുടെ അപ്പൂപ്പനോ അതിന്റെ അപ്പനോ ഒക്കെ കള്ളനോ കൊലപാതകിയോ ഒക്കെ ആയിരുന്നിരിക്കാം. അടുത്തയിടെ പ്രശസ്ത അമേരിക്കന്‍ നടനും സംവിധായകനും ആയ ബെന്‍ അഫ്‌ലെക്കിന് ഒരു പറ്റുപറ്റി. കുടുംബചരിത്രം അന്വേഷിച്ച് അദ്ദേഹം എത്തിയത് അടിമക്കച്ചവടം നടത്തിയ ഒരു കുടുംബത്തില്‍. അതു പിന്നെ മറച്ചുവെക്കാന്‍ പുള്ളി ഒരു ശ്രമം ഒക്കെ നടത്തി, ആകെ ചളമായി.

Human migration

ജനിതകവഴിയിലെ എന്റെ അടുത്ത നാഴികക്കല്ല് നില്‍ക്കുന്നത് അല്‍പ്പം കുഴപ്പം പിടിച്ച സ്ഥലത്താണ്. ഇപ്പോഴത്തെ പാകിസ്താനില്‍. 40,000 വര്‍ഷം പഴയ കാര്യമാണ്. അന്ന് ഭൗതികമായ അതിര്‍വരമ്പുകള്‍ അല്ലാതെ ഭൂപടത്തില്‍ വരയും ഭൂമിയില്‍ വേലിയുംവെച്ച് ദേശപ്രേമികളായ മനുഷ്യര്‍ ലോകത്തെ വെട്ടിമുറിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അക്കാലത്ത് എന്റെ അമ്മൂമ്മ പാകിസ്താന്‍ പ്രദേശത്ത് ആയിരുന്നു എന്നത് എന്റെ കുറ്റവും അല്ല. പക്ഷെ ഇക്കാലത്ത് ഒരു ബീഫ് ഫ്രൈ അടിച്ചാല്‍ പോലും പാകിസ്താനിലേക്ക് പൊക്കോ എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നതുകൊണ്ട് ആ ചരിത്രം ഞാന്‍ മായ്ച്ചുകളയാനുള്ള ശ്രമത്തില്‍ ആണ്. പക്ഷെ ഒന്ന് ഞാന്‍ പറയാം, ഈ പഴയ കഥയും പറഞ്ഞ് ആരെങ്കിലും എന്നെ ഓടിക്കാന്‍ വന്നാല്‍ ഈ വരുന്നവരുടെ എല്ലാം ജനിതകം നോക്കി അവര്‍ എവിടെ നിന്ന് വന്നു എന്ന് കണ്ടുപിടിച്ച് അവരെയും കൊണ്ടേ ജഗന്നാഥന്‍ ഈ മണ്ണ് വിട്ടു പോകൂ. അപ്പൊ ലവന്മാര്‍ എല്ലാം സൗദിയില്‍ ആണോ റഷ്യയില്‍ ആണോ ചെന്ന് പെടുന്നതെന്ന് ഒരു ഉറപ്പും വേണ്ട. ജനിതകം പറയുന്നത് ഇപ്പോഴത്തെ ദക്ഷിണ പാകിസ്താനിലെ 50 ശതമാനം ആളുകള്‍ക്കും എനിക്ക് സമാനമായ ചില ജീനുകള്‍ ഉണ്ടെന്നാണ്. ചുമ്മാതല്ല വടക്കേ ഇന്ത്യയില്‍ ജോലി ചെയ്ത കാലത്ത് എനിക്ക് ഒരു സിന്ധിപ്പെണ്ണിനോടൊരു 'ഇത്' തോന്നിയത്. വകയില്‍ അമ്മാവന്റെ മകള്‍ വല്ലതും ആയിരുന്നിരിക്കണം. ജാത്യാലുള്ളത് തൂത്താല്‍ പോകുമോ!

ദക്ഷിണപാകിസ്താനില്‍നിന്നും അമ്മൂമ്മയും കൂട്ടരും എക്കാലത്ത് കേരളത്തില്‍ എത്തി എന്നതിന്റെ ജനിതകലക്ഷ്യങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. പക്ഷെ സഹാറ മരുഭൂമിയും യമന്‍ മലനിരകളും ഒക്കെ താണ്ടിവന്ന എന്റെ അമ്മൂമ്മയുടെ കുലത്തിന് ഗുജറാത്ത് വഴി കേരളത്തില്‍ എത്തുകയെന്നത് 'കേവലം പൂ പറിക്കുന്നതുപോലെയേ ഉള്ളൂ എന്ന് കുട്ടിക്ക് അറിയാമല്ലോ'.

അങ്ങനെ ആഫ്രിക്ക വിട്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ കരയും കടലും താണ്ടി പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ ജനിതക പാരമ്പര്യവും ആയിട്ടാണ് എന്റെ അച്ഛനും അമ്മയും തുമ്മരുകുടിയില്‍ കണ്ടുമുട്ടുന്നത്. ശേഷം ഞാനെന്ന സംഭവം.

ഒരുലക്ഷം വര്‍ഷത്തെ ജനിതകചരിത്രം നോക്കുമ്പോള്‍ രാജ്യ, മത, വര്‍ഗ, വര്‍ണ്ണ അതിരുകളുടെ അര്‍ത്ഥശൂന്യതയാണ് എന്നെ ഏറ്റവും അമ്പരപ്പിക്കുന്നത്. ലോക മുത്തച്ഛന്റെ കാലത്ത് ലോകം വെറും ഭൂമിയും കടലും ആയിരുന്നു. ആര്‍ക്കും എവിടെയും പോകാം, പാസ്‌പോര്‍ട്ട് വേണ്ട, വിസ വേണ്ട, അതിരില്ല, പട്ടാളം ഇല്ല. മനുഷ്യര്‍ എല്ലാം ബന്ധുക്കളും ബന്ധംസ്ഥാപിക്കാന്‍ പറ്റുന്നവരും. 

ഇപ്പോള്‍ വെങ്ങൊലയില്‍ നിന്നും ഓള്‍ഡ്‌വൈ ഗര്‍ത്തത്തിലേക്ക് പുനര്‍യാത്ര നടത്തണമെങ്കില്‍ എത്ര രാജ്യം കടക്കണം. അതില്‍ നമ്മുടെ രാജ്യത്തിന്റെ ശത്രുക്കള്‍ എന്ന് നാം കരുതുന്നവര്‍ എത്ര. പട്ടാളവും തോക്കുകളും ഉള്ള അതിരുകള്‍ ഒരുവശത്ത്, മനുഷ്യരെ കഴുത്തറുത്തു കൊല്ലുന്ന തീവ്രവാദികള്‍ മറുവശത്ത്. വെറും ആയിരം മനുഷ്യരാണ് ആഫ്രിക്ക വിട്ട് ഏഷ്യയില്‍ എത്തി ഇക്കണ്ട ശതകോടി ഒക്കെ ആയത് എന്ന് ശാസ്ത്രം പറയുന്നു. 

ഇപ്പോള്‍ പാസ്‌പോര്‍ട്ടും വിസയും തോക്കും പീരങ്കിയും ഒന്നുമില്ലാതെ ഒരു ആയിരം പേരും ആയി ഞാന്‍ തിരിച്ചു നടന്നാല്‍ ആഫ്രിക്കയില്‍ എത്താന്‍ എത്രപേര്‍ ബാക്കിയുണ്ടാകും? ആഫ്രിക്കയില്‍നിന്ന് യൂറോപ്പിലേക്ക് ആളുകള്‍ വരുന്നത് തടയാന്‍ കപ്പലും വിമാനവും ഉപഗ്രഹങ്ങളും ആയി യൂറോപ്പ്യന്‍ രാജ്യക്കാര്‍ വലവിരിച്ചു നില്‍ക്കുന്നു. പക്ഷെ ഈ യൂറോപ്പുകാരുടെ എല്ലാം ജനിതക പാരമ്പര്യം എത്തി നില്‍ക്കുന്നതും ഇതേ ആഫ്രിക്കയില്‍ തന്നെ. അപ്പോള്‍ ഒരുലക്ഷം വര്‍ഷം പിന്നിട്ടു വെങ്ങോലയില്‍ എത്തി നില്‍ക്കുമ്പോള്‍ മനുഷ്യന്‍ പുരോഗതിയുടെ പാതയില്‍ ആണോ എന്ന ചിന്ത എന്നെ ഇപ്പോള്‍ അലട്ടാറുണ്ട്. 

പിന്നെ ഈ കോവിലകം എന്തിനു വാങ്ങി?

ഇനി കഥ ഒന്ന് മാറ്റി പറയാം. പത്തു നാല്‍പ്പതു വര്‍ഷം പഴയ കഥയാണ്. നാലാംക്ലാസ് വിട്ടുവന്ന എന്നോട് അമ്മ പറഞ്ഞു - 'പുത്തന്‍പുരയില്‍ ഒരു ചാറകിട്ടി'. 

പുത്തന്‍പുര എന്നാല്‍ ഞങ്ങളുടെ അയല്‍പക്കം ആണ്. ചാറ എന്നാല്‍ എന്താണെന്ന് എനിക്കറിയില്ല. 

'ചൂരല്‍ക്കാടിനടുത്തുള്ള കല്ലുവെട്ടാം മടയിലാണ് ചാറ' - അമ്മ പറഞ്ഞു. 

ചാറ എന്താണെങ്കിലും കണ്ടിട്ടുതന്നെ കാര്യം! ഞാനും ചേട്ടനും വടക്കോട്ട് ഓടി. അവിടെ അപ്പോള്‍തന്നെ ചെറിയ ആള്‍കൂട്ടം ഉണ്ട്. 

Archaeology

കല്ലുവെട്ടുന്ന കുഴിക്കകത്ത് വലിയ ഒരു ഭരണി. ഭരണിയുടെ മൂടി എല്ലാം പൊട്ടിക്കിടക്കുന്നു. ഭരണിയുടെ ഭിത്തികള്‍ വെട്ടുകല്ലുമായി വേറിടാന്‍ പറ്റാത്തവിധം ചേര്‍ന്നിരിക്കുകയാണ്. ഭരണിക്കകത്ത് മുടി, നഖം, പിന്നെ കുറച്ച് ഉമി. 

'പണ്ട് ആളെ കുഴിച്ചിട്ടുകൊണ്ടിരുന്ന ചാറയാണ് ഇത്' - പറഞ്ഞത് സോമന്‍ ചേട്ടനാണ്. വലിയമ്മയുടെ മകന്‍!. 

'ഇതിനി എന്തു ചെയ്യും'-കല്ല് വെട്ടുന്ന കൃ!ഷ്ണന്‍ ചോദിച്ചു.

'അതങ്ങു മൂടിക്കളയാം. ഇതിനി ആ പുരാവസ്തുക്കാര്‍ വല്ലതും കണ്ടാല്‍ അവര്‍ വന്നു കുഴിച്ച് കല്ലും പോകും സ്ഥലവും പോകും'. 

അങ്ങനെ ചാറ കല്ലിട്ടു മൂടി പുരാവസ്തുക്കാരെ ഞങ്ങള്‍ പുറത്തുനിര്‍ത്തി. വല്ലപ്പോഴും ഒക്കെ ചില പൊട്ടും പൊടികളും കിട്ടുന്നതല്ലാതെ ചാറയെ പറ്റി ഞങ്ങള്‍ ഓര്‍ക്കാറില്ല.

പില്‍ക്കാലത്ത് കേരളത്തില്‍ പലയിടത്തും ഇത്തരം ഭരണികള്‍ കിട്ടിയതായി ഞാന്‍ വായിച്ചു. ചരിത്രഗവേഷകര്‍ ഇതിന് നന്നങ്ങാടി എന്നാണ് പറയുന്നത്. പുരാതന ശിലായുഗകാലത്ത് (ബി.സി. 500 മുതല്‍ പിന്നോട്ട്) ആണ് കേരളത്തില്‍ നന്നങ്ങാടികളിലുള്ള മറവു ചെയ്യല്‍ സാധാരണമായിരുന്നത്. 

നാല്‍പ്പത് വര്‍ഷത്തേക്ക് പിന്നെ ഞാനീ ചാറയെപ്പറ്റി ചിന്തിച്ചില്ല. പക്ഷെ കഴിഞ്ഞ വര്‍ഷം ഈ ചാറയിരുന്ന സ്ഥലം വില്‍ക്കാന്‍ അപ്പോഴത്തെ ഉടമസ്ഥനായ ഗോപിച്ചേട്ടന്‍ താല്പര്യം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ ചാടിവീണു. 

'ആ ചാറ ഒന്നു കുഴിച്ചുനോക്കണം. പിന്നെ കുഴിച്ചു നോക്കുമ്പോള്‍ വല്ല ബോണസും കിട്ടിയാലോ, അല്ല. അങ്ങനെയൊക്കെ ചരിത്രം ഉണ്ടായിട്ടുണ്ട്', ഇതായിരുന്ന എന്റെ ചിന്ത. 

എന്റെ ആശയം, എന്റെ സുഹൃത്തും പട്ടണം പര്യവേഷണം നയിക്കുന്ന കേരള ചരിത്രഗവേഷണ കൗണ്‍സിലിന്റെ മേധാവിയുമായ പി.ജെ.ചെറിയാനെ അറിയിച്ചു. അദ്ദേഹമാണെങ്കില്‍ പട്ടണം എന്ന തുറമുഖ നഗരത്തിലേക്ക് വ്യവഹാരവസ്തുക്കള്‍ എവിടെനിന്നും വന്നിരുന്നു, അതിനെ പിന്തുണച്ച ഒരു നദീതട സംസ്‌കാരം അടുത്തെവിടെ ഉണ്ടായിരുന്നു എന്നൊക്കെ ഗവേഷണം ചെയ്യാനുള്ള പുറപ്പാടിലും ആയിരുന്നു. അപ്പോള്‍ ഇതൊരു വിന്‍വിന്‍ സഹചര്യം ആയി. 

പട്ടണം ഗവേഷണത്തിനിടക്ക് ഒരു ദിവസം ചെറിയാന്‍ സാറും അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സംഘവും വെങ്ങോലയില്‍ എത്തി. പണ്ട് ചാറ കണ്ട സ്ഥലത്തെപ്പറ്റിയുള്ള ഒരൂഹം വെച്ച് രണ്ടു സ്ഥലം കുഴിച്ചു നോക്കി. അവിടെ ചാറയുമില്ല, ഉമിയും ഇല്ല ഒരു മലരും ഇല്ല (സത്യം, ഞാന്‍ 'പ്രേമം' സിനിമ കണ്ടിട്ടില്ല) . പക്ഷെ ഭാഗ്യത്തിന് മൂന്നാമത് കുഴിച്ച സ്ഥലത്ത് മുന്‍പ് കണ്ട നന്നങ്ങാടിയുടെ അടിഭാഗം ഞങ്ങള്‍ക്ക് കാണാന്‍ പറ്റി. 

Archaeology

പക്ഷെ ഒരു ശവക്കുഴി മാത്രം അല്ല ഞങ്ങള്‍ക്ക് അവിടെ കിട്ടിയത്. പുരാതന ശിലായുഗകാലത്ത് വെട്ടുകല്ലിലെ ഇരുമ്പ് ശുദ്ധിചെയ്‌തെടുക്കുന്ന സാങ്കേതികവിദ്യ വെങ്ങോലക്കാര്‍ക്ക് അറിയാമായിരുന്നുവത്രെ. അങ്ങനെ വെട്ടുകല്ല് തിളപ്പിച്ച് ഇരുമ്പ് ഉരുക്കിയെടുക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന കീടക്കല്ലിന്റെ അനവധി കഷണങ്ങള്‍ പറമ്പില്‍ എവിടെയും. ചരിത്രഗവേഷകരുടെ അനുമാനപ്രകാരം ഏതാണ്ട് 2500 വര്‍ഷം പഴക്കം വരും ഈ സംവിധാനങ്ങള്‍ക്ക്.

Archaeology