Musthafa O T, photo battery
പ്രകാശംകൊണ്ട് ചാര്‍ജാകുന്ന ബാറ്ററി

 

കോഴിക്കോട്: സോളാര്‍ പാനലിന്റെ സഹായമില്ലാതെ പ്രകാശംകൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയെക്കുറിച്ച് ആലോചിച്ചു നോക്കൂ. ബാറ്ററിരംഗത്ത് അത് പുത്തന്‍ വിപ്ലവം സൃഷ്ടിക്കുമെന്നതില്‍ സംശയം വേണ്ട. മലയാളി ഗവേഷകനായ ഡോ.മുസ്തഫ ഒ.ടി. നടത്തിയ കണ്ടെത്തല്‍ ബാറ്ററി വിപ്ലവത്തിന് തിരികൊളുത്തിയേക്കാം.

 

പ്രകാശം തട്ടുമ്പോള്‍ 30 സെക്കന്‍ഡുകൊണ്ട് സ്വയംചാര്‍ജ് ചെയ്യപ്പെടുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്ന നൂതന ബാറ്ററിയാണ് ഡോ.മുസ്തഫയും സംഘവും വികസിപ്പിച്ചത്. 'ഫോട്ടോ ബാറ്ററി'യെന്ന് പേരിട്ടിട്ടുള്ള ഈ സങ്കേതം, സൂര്യപ്രകാശമുള്‍പ്പടെ ഏത് പ്രകാശസ്രോതസ്സില്‍നിന്നും സുരക്ഷിതമായി ഊര്‍ജമുത്പാദിപ്പിക്കാന്‍ വഴി തുറക്കുന്നു.

 

പൂണെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.മുസ്തഫയും സംഘവും നടത്തിയ മുന്നേറ്റം, പുതിയ ലക്കം 'ജേര്‍ണല്‍ ഓഫ് ഫിസിക്കല്‍ കെമിസ്ട്രി സി'യിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 

 

ഭാവിയില്‍ സോളാര്‍ സെല്ലുകള്‍ക്ക് ബദലായേക്കാവുന്ന വിദ്യയാണിത്. സോളാര്‍ പാനലുകളുടെ സഹായത്തോടെ സൂര്യപ്രകാശം വൈദ്യുതിയാക്കി മാറ്റുകയും അത് ബാറ്ററികളില്‍ സംഭരിച്ച് സൂക്ഷിക്കുകയുമാണ് സോളാര്‍ സെല്ലുകളില്‍ ചെയ്യുന്നത്. വലിയ ചെലവും, പരിസ്ഥിതി പ്രശ്‌നങ്ങളും, സൗകര്യക്കുറവും, ആയുസ്സില്ലായ്മയും ഒക്കെയാണ് സോളാര്‍ സെല്ലുകള്‍ നേരിടുന്ന പരിമിതികള്‍. 

 

Musthafa Ottakam Thotiyl, Musthafa O T
ഡോ.മുസ്തഫ ഒ.ടി.

 

ഇത്തരം പരിമിതികള്‍ മറികടക്കാനും സുരക്ഷിതമായ ഊര്‍ജോത്പാദനത്തിനുള്ള മാര്‍ഗമായി മാറാനും 'ഫോട്ടോ ബാറ്ററി'കള്‍ക്ക് ഭാവിയില്‍ കഴിയുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 'സോളാര്‍ സെല്ലിലെ പാനലില്ലാതെ എങ്ങനെ പ്രകാശമുപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാമെന്ന ആലോചനയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്', ഡോ.മുസ്തഫ അറിയിച്ചു. വയനാട് ജില്ലയില്‍ മീനങ്ങാടിയിലെ ഒറ്റക്കംതൊടിയില്‍ വീട്ടില്‍ ഒ.ടി.അബൂബക്കറുടെയും വി. ഫാത്തിമയുടെയും മകനാണ് മുസ്തഫ.  

 

സാധാരണ ബാറ്ററികളില്‍ സോഡിയം, ലിഥിയം എന്നീ ലോഹങ്ങള്‍ തീവ്രമായ രാസപ്രവര്‍ത്തനത്തിലേര്‍പ്പെടാറാണ് പതിവ്. പരിസ്ഥിതി മലിനീകരണത്തിന് ഇത് കാരണമാകുന്നു. മാത്രമല്ല, ഈ ലോഹങ്ങള്‍ രാസപ്രവര്‍ത്തനവേളയില്‍ സ്വയംനശിക്കുകയും ചെയ്യും. അതിനാല്‍ ബാറ്ററിക്ക് ആയുസ്സ് കുറയുന്നു. 

 

ഇത്തരം പ്രശ്‌നങ്ങളൊന്നും പുതിയ ബാറ്ററിക്കില്ല. പ്രകാശം പതിക്കുമ്പോള്‍ ഇലക്ട്രോണുകള്‍ പുറപ്പെടുവിക്കുന്ന ടൈറ്റാനിയം നൈട്രൈഡ് ആണ് പുതിയ ബാറ്ററിയുടെ ഋണഇലക്ട്രോഡ് (ആനോഡ്) ആയി ഡോ.മുസ്തഫയും സംഘവും ഉപയോഗിച്ചത്. 

 

'തുരുമ്പിക്കലൊഴിവാക്കാന്‍ മറ്റ് വസ്തുക്കള്‍ക്ക് മേല്‍ പൂശുന്ന രാസവസ്തുവാണ് ടൈറ്റാനിയം നൈട്രൈഡ്. ഡയമണ്ട് കഴിഞ്ഞാല്‍ ഏറ്റവും കാഠിന്യമേറിയ വസ്തുവും ഇതാണ്'-ഡ.മുസ്തഫ അറിയിച്ചു. 'ഇലക്ട്രോലൈറ്റുമായി ഇത് രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുകയേ ഇല്ല. അതിനാല്‍ ഇത് നശിക്കാതെ റെക്കാലം നിലനില്‍ക്കും'. 

 

ചെറിയ വെളിച്ചത്തില്‍ പോലും ചാര്‍ജ് ചെയ്യപ്പെടുന്ന ഫോട്ടോ ബാറ്ററികൊണ്ട് എല്‍.ഇ.ഡി.ലൈറ്റുകള്‍ കത്തിക്കാമെന്നും ചെറുഫാനുകള്‍ കറക്കാമെന്നും ഗവേഷകര്‍ തെളിയിച്ചു. സോളാര്‍ സെല്ലുകളെ അപേക്ഷിച്ച് ചെലവു കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ബാറ്ററികള്‍ ഭാവിയില്‍ നിര്‍മിക്കാന്‍ വഴി തുറക്കുന്നതാണ് ഈ മുന്നേറ്റം (കടപ്പാട്: ഡോ.എ.സുജിത്, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കെമിസ്ട്രി, നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോജി, കോഴിക്കോട്)