ചൊവ്വായുടെ വലിപ്പമുള്ള വസ്തുവും ഭൂമിയുമായുണ്ടായ അതിശക്തമായ കൂട്ടിയിടിയുടെ ഫലമായി ചന്ദ്രന്‍ രൂപപ്പെട്ടത് 447 കോടി വര്‍ഷം മുമ്പാണെന്ന് പുതിയൊരു പഠനം. കമ്പ്യൂട്ടര്‍ മാതൃകാപഠനത്തിനൊപ്പം, പ്രാചീന ഉത്ക്കാശിലകളെ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 

സൗരയൂഥത്തില്‍ ഭൂമി രൂപപ്പെട്ടത് 450 കോടി വര്‍ഷം മുമ്പായിരുന്നുവെന്നാണ് ശാസ്ത്രത്തിന്റെ നിഗമനം. അധികം വൈകാതെ ഉപഗ്രഹമായ ചന്ദ്രന്‍ രൂപപ്പെട്ടു. പ്രാഥമികാവസ്ഥയിലുള്ള രണ്ട് ഗ്രഹങ്ങള്‍ തമ്മില്‍ അതിശക്തമായി കൂട്ടിയിടിച്ചതിന്റെ ഫലമായിരുന്നു ചന്ദ്രന്റെ ആവിര്‍ഭാവമെന്ന നിഗമനം മുമ്പ് തന്നെ പലരും മുന്നോട്ടുവെച്ചിട്ടുണ്ട്. 

കൂട്ടിയിടിച്ചതില്‍ ഒരെണ്ണം ആദിമഭൂമിയായിരുന്നു; രണ്ടാമത്തേത് ചൊവ്വായുടെ വലിപ്പമുള്ള 'തീയ' ( Theia ) എന്ന പ്രാചീനഗ്രഹവും. ആ കൂട്ടിയിടിയില്‍ തീയ നശിച്ചു. കൂട്ടിയിടിയുടെ അവശിഷ്ടങ്ങള്‍ കൂടിച്ചേര്‍ന്ന് ചന്ദ്രന്‍ രൂപപ്പെട്ടു.

Moon foramation Computer simulation

'ചന്ദ്രനെ മനസിലാക്കാന്‍ നമുക്ക് ഭൂമിയുമായുണ്ടായ ആ പ്രാചീന കൂട്ടിയിടിയുടെ കഥയും പറയാം' - പഠനത്തിന് നേതൃത്വം നല്‍കിയ വില്ല്യം ബോട്ട്‌കെ പറഞ്ഞു. കോളറാഡോയിലെ ബൗള്‍ഡറിലുള്ള സൗത്ത്‌വെസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിലെ ജ്യോതിശാസ്ത്രജ്ഞനാണ് ബോട്ട്‌കെ. 

ചന്ദ്രന്റെ പിറവിയുമായി ബന്ധപ്പെട്ട കൂട്ടിയിടി സിദ്ധാന്തം നിലവിലുണ്ടെങ്കിലും, ആ കൂട്ടിയിടി എന്നാണ് നടന്നതെന്ന കാര്യം വ്യക്തമല്ലായിരുന്നു. അക്കാര്യത്തില്‍ ശാസ്ത്രലോകത്ത് തര്‍ക്കം തുടരുകയായിരുന്നു. അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന ശിലകള്‍ പോലും ആ തര്‍ക്കത്തിന് അറുതി വരുത്തിയില്ല. 

ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍, ആ ഭീമന്‍ കൂട്ടിയിടിയുടെ കമ്പ്യൂട്ടര്‍ മാതൃകാപഠനമാണ് ബോട്ട്‌കെയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയത്. ആ കൂട്ടിയിടിയുടെ ഫലമായി അവശിഷ്ടങ്ങളുടെയും ധൂളീപടലങ്ങളുടെയും ഒരു വലയം ഭൂമിക്ക് ചുറ്റും രൂപപ്പെട്ടു. ആ അവശിഷ്ടങ്ങള്‍ കൂടിച്ചേര്‍ന്നാണ് ചന്ദ്രനുണ്ടായത്.

Moon Formation

അതോടൊപ്പം, വലിയ തോതില്‍ അവശിഷ്ടങ്ങള്‍ സ്‌പേസിലേക്ക് ചിതറിത്തെറിച്ചതായും പഠനത്തില്‍ കണ്ടു. 1.6 കിലോമീറ്റര്‍ വരെ വിസ്താരമുള്ള ലക്ഷക്കണക്കിന് അവശിഷ്ടങ്ങള്‍ സൗരയൂഥത്തില്‍ ചൊവ്വായ്ക്കും വ്യാഴത്തിനുമിടയ്ക്കുള്ള ആസ്റ്ററോയിഡ് ബെല്‍റ്റില്‍ (ക്ഷുദ്രഗ്രഹ ബല്‍റ്റ്) ചെന്ന് പെട്ടതായും ഗവേഷകര്‍ കണ്ടു. 

അന്നത്തെ കൂട്ടിയിടിയുടെ ഫലമായുണ്ടായ ഉത്ക്കാശിലകളില്‍ ചിലത് ഇപ്പോള്‍ ഭൂമിയില്‍ തിരികെ പതിക്കുന്നുണ്ട്. അത്തരം ചില ഉല്‍ക്കാശിലകള്‍ വിശകലനം ചെയ്താണ് കൂട്ടിയിടി നടന്നത് 447 വര്‍ഷം മുമ്പാണെന്ന നിഗമനത്തില്‍ ഗവേഷകരെത്തിയത്. പുതിയ ലക്കം 'സയന്‍സ്' ജേര്‍ണലിലാണ് പഠനവിവരം പ്രസിദ്ധീകരിച്ചിട്ടുള്ളത്.