കിഴക്കന്‍ ആഫ്രിക്കയില്‍ രണ്ടുലക്ഷം വര്‍ഷംമുമ്പ് പ്രത്യക്ഷപ്പെട്ട ആധുനിക മനുഷ്യവര്‍ഗം, ഏതാണ്ട് ഒരുലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയ്ക്ക് പുറത്തേക്ക് കുടിയേറ്റം ആരംഭിച്ചു എന്നാണ് നിലവിലെ നിഗമനം. ഇസ്രായേലില്‍ നിന്നും മൊറോക്കയില്‍ നിന്നും കണ്ടെടുത്ത മനുഷ്യഫോസിലുകള്‍ ഈ നിഗമനത്തിന് വെല്ലുവിളിയാകുന്നു

Misliya Cave fossil, Israel, Archaeology, Anthropology, Homo Sapiens
ഇസ്രായേലില്‍ നിന്ന് കണ്ടെത്തിയ പ്രാചീന മനുഷ്യന്റെ താടിയെല്ലിന്റെ ത്രിമാന ദൃശ്യം. ചിത്രം കടപ്പാട്: Israel Hershkovitz, Tel Aviv Universtiy

 

നുഷ്യവര്‍ഗത്തിന്റെ ആദിമ ചരിത്രം തേടി ഭൂമിയുടെ ഏത് കോണില്‍ നിന്ന് യാത്ര തുടങ്ങിയാലും നമ്മളെത്തുക ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാകും. കാരണം മനുഷ്യന്റെ ആദിഗേഹം ആഫ്രിക്കയാണ്. 'മനുഷ്യവര്‍ഗത്തിന്റെ ഉദയം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലാണെ'ന്ന് 1871ല്‍ ചാള്‍സ് ഡാര്‍വിന്‍ പ്രവചിക്കുമ്പോള്‍ കാര്യമായ ഒരു തെളിവും ആ വാദത്തിന് പിന്തുണയേകാന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ആ പ്രവചനം എത്ര വലിയ സത്യമായി ഭവിച്ചു എന്ന് ഫോസില്‍ തെളിവുകളും ജനിതക തെളിവുകളും പില്‍ക്കാലത്ത് ശാസ്ത്രലോകത്തെ ബോധ്യപ്പെടുത്തി. 

പല തവണ പുനപ്പരിശോധിക്കേണ്ടി വന്ന കഥയാണ് മനുഷ്യവംശത്തിന്റേത്. പുതിയ തെളിവുകള്‍ കിട്ടുമ്പോള്‍ അതിനിയും പരിഷ്‌ക്കരിക്കപ്പെടും. തെളിവുകള്‍ക്ക് അനുസരിച്ച് നവീകരിക്കപ്പെടുക എന്നതാണ് ശാസ്ത്രത്തിന്റെ രീതി. പുതിയ തെളിവുകള്‍ പുതിയ ചോദ്യങ്ങളുയര്‍ത്തും, പുതിയ ഉത്തരങ്ങളും.

ഉദാഹരണത്തിന്, ഇസ്രായേലിലെ 'മിസ്‌ലിയ ഗുഹ' (Misliya Cave) യില്‍ നിന്ന് 2002ല്‍ കണ്ടെടുത്ത പ്രാചീനമനുഷ്യന്റെ താടിയെല്ലിന്റെയും ശിലായുധങ്ങളുടെയും കാര്യം പരിഗണിക്കുക. നരവംശശാസ്ത്രജ്ഞനായ ഇസ്രായേല്‍ ഹെര്‍ഷ്‌കോവിറ്റ്‌സിന്റെ നേതൃത്വത്തില്‍ ടെല്‍ അവീവ്, ബിന്‍ഹാംടണ്‍ സര്‍വകലാശാലകളിലെ ഗവേഷകര്‍ അവയെ അടുത്തയിടെ സ്‌കാന്‍ ചെയ്ത് പഠിച്ചപ്പോള്‍ വ്യക്തമായ സംഗതി ഇതാണ്: ആഫ്രിക്കയില്‍ നിന്ന് പുറംലോകത്തേക്കുള്ള ആധുനിക മനുഷ്യന്റെ നിലവിലെ കുടിയേറ്റചരിത്രം തിരുത്തേണ്ടി വരും! 

Evolution of Man, Misliya Cave fossil, Israel
പ്രാചീന മനുഷ്യന്റെ താടിയെല്ല് കണ്ടെടുത്ത മിസ്‌ലിയ ഗുഹ. ചിത്രം കടപ്പാട്: Mina Weinstein-Evron, Haifa University

 

ജീവിവര്‍ഗങ്ങളില്‍ ആള്‍ക്കുരങ്ങുകള്‍ക്കൊപ്പമാണ് പരിണാമശാസ്ത്രജ്ഞര്‍ നരവംശത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 120-150 ലക്ഷം വര്‍ഷം മുമ്പ് പരസ്പരം വേര്‍പിരിഞ്ഞു എന്ന് കരുതുന്ന രണ്ട് തായ്‌വഴികളില്‍പെട്ട ആള്‍ക്കുരങ്ങുകള്‍ ഇപ്പോള്‍ ഭൂമിയിലുണ്ട്. ഏഷ്യയിലെയും ആഫ്രിക്കയിലെയും ആള്‍ക്കുരങ്ങുകളാണ് ആ രണ്ട് വിഭാഗങ്ങള്‍. ഏഷ്യന്‍ ആള്‍ക്കുരങ്ങുകള്‍ രണ്ടിനമുണ്ട്-ഒറാങ്ങൂട്ടന്‍, ഗിബണ്‍ എന്നിവ. ആഫ്രിക്കന്‍ ആള്‍ക്കുരങ്ങുകള്‍ പ്രധാനമായും മൂന്നിനങ്ങളാണ്-ഗൊറില്ല, ചിമ്പാന്‍സി, മനുഷ്യന്‍ എന്നിവ. 

പരിണാമവഴിയില്‍ ആഫ്രിക്കന്‍ ആള്‍ക്കുരങ്ങുകളുടെ പൊതുപൂര്‍വികനില്‍ നിന്ന് ഗൊറില്ല ആദ്യം വേര്‍പിരിഞ്ഞു. പിന്നീട് ചിമ്പാന്‍സികളും മനുഷ്യനും രണ്ട് ശാഖകളായി പരിണമിച്ചു. ഡി.എന്‍.എ.തെളിവുകള്‍ വ്യക്തമാക്കുന്നത് 50-80 ലക്ഷം വര്‍ഷം മുമ്പ് പൊതുപൂര്‍വികനില്‍ നിന്ന് വേര്‍പെട്ട് ഗൊറില്ലകളും നരവംശവും രണ്ടായി എന്നാണ്. 

പ്രാചീന നരവംശത്തില്‍ നിന്ന് ഏതാണ്ട് രണ്ടുലക്ഷം വര്‍ഷം മുമ്പ് ആധുനിക മനുഷ്യവര്‍ഗ്ഗം, എന്നുവെച്ചാല്‍ നമ്മുടെ വര്‍ഗ്ഗം-ഹോമോ സാപ്പിയന്‍സ്-ആഫ്രിക്കയുടെ എത്യോപ്യന്‍ മേഖലയില്‍ ആദ്യം പ്രത്യക്ഷപ്പെട്ടു എന്നാണ് ഇതുവരെ ലഭിച്ച ഫോസില്‍ / ഡി.എന്‍.എ.തെളിവുകള്‍ പറയുന്നത്. ഭൂമിയെ അടക്കിവാഴാന്‍ ആധുനിക മനുഷ്യനെ പ്രാപ്തമാക്കിയത് മസ്തിഷ്‌ക്ക വളര്‍ച്ചയാണ്. മറ്റ് നരവംശങ്ങളില്‍ നിന്നും ജീവികളില്‍ നിന്നും ഹോമോ സാപ്പിയന്‍സുകളെ വ്യത്യസ്തമാക്കുന്നതും ബുദ്ധിവികാസമാണ്. 60 കിലോഗ്രാം ശരീരഭാരമുള്ള സാധാരണ സസ്തനികളുടെ തലച്ചോറിന്റെ ശരാശരി വലുപ്പം 200 ഘനസെന്റീമീറ്റര്‍ മാത്രമാണ്. 25 ലക്ഷം വര്‍ഷം മുമ്പത്തെ പ്രാചീന നരവംശത്തിലെ അംഗങ്ങളുടെ തലച്ചോര്‍ ഏതാണ്ട് 600 ഘനസെന്റീമീറ്റര്‍ ആയിരുന്നു. ആധുനിക മനുഷ്യന്റേതിന് 1200 മുതല്‍ 1400 വരെ ഘനസെന്റീമീറ്ററും!

ഏതാണ്ട് ഒരുലക്ഷം വര്‍ഷം മുമ്പ് ആധുനിക മനുഷ്യന്‍ ആഫ്രിക്കയ്ക്ക് പുറത്തേക്ക് കുടിയേറി തുടങ്ങി എന്നതാണ് നിലവിലെ ചരിത്രം. ആദ്യഘട്ടത്തില്‍ ചെറുഗ്രൂപ്പുകള്‍ ആയിട്ടായിരുന്നു കുടിയേറ്റം, ഏതാണ്ട് 50,000 വര്‍ഷം മുമ്പ് അത് വന്‍തോതിലായി.  

ഈ ചരിത്രത്തിന് വെല്ലുവിളിയാവുകയാണ് മിസ്‌ലിയ ഫോസില്‍. ആ ഫോസിലിന്റെയും ഒപ്പം ലഭിച്ച ശിലായുധങ്ങളുടെയും പഴക്കം ഏതാണ്ട് 180,000 വര്‍ഷമാണെന്ന് 'സയന്‍സ്' ജേര്‍ണലില്‍ അടുത്തയിടെ ഹെര്‍ഷ്‌കോവിറ്റ്‌സും സംഘവും പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ആധുനിക മനുഷ്യന്റെ കാര്യത്തില്‍ ഇതുവരെ ആഫ്രിക്കയ്ക്ക് പുറത്ത് കണ്ടെത്തിയ ഏറ്റവും പഴക്കമേറിയ ഫോസിലാണ് മിസ്‌ലിയയില്‍ നിന്ന് കിട്ടിയത്. ഇതു പ്രകാരം, കരുതിയതിലും 50,000 വര്‍ഷം മുമ്പ് ആധുനിക മനുഷ്യന്‍ ആഫ്രിക്കയ്ക്ക് പുറത്തേക്ക് കുടിയേറ്റം ആരംഭിച്ചിരിക്കണം! 

മനുഷ്യകുടിയേറ്റത്തിന്റെ നിലവിലെ ചരിത്രത്തിന് വെല്ലുവിളിയാകുന്ന, സമാനമായ ഒരു കണ്ടെത്തല്‍ 2017 ജൂണില്‍ ആഫ്രിക്കയിലെ മൊറോക്കോയില്‍ നിന്നുണ്ടായി. അവിടെ 'ജിബല്‍ ഇര്‍ഹൂദ്' (Jebel Irhoud) എന്ന സ്ഥലത്ത് കണ്ടെത്തിയ ഫോസിലുകളുടെയും ശിലായുധങ്ങളുടെയും പ്രായം കണക്കാക്കിയപ്പോള്‍, ആധുനിക മനുഷ്യവംശത്തിന് 350,000 വര്‍ഷം പഴക്കുമുണ്ടെന്ന സൂചനയാണ് ലഭിച്ചത്.

stone tools, evolution of human
മൊറോക്കോയില്‍ നിന്ന് 2017ല്‍ കണ്ടെടുത്ത, മൂന്നുലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള ശിലായുധങ്ങള്‍. ചിത്രം കടപ്പാട്: Mohammed Kamal, MPI EVA Leipzig

 

എന്നുവെച്ചാല്‍, ഹോമോ സാപ്പിയന്‍സ് രണ്ടുലക്ഷം വര്‍ഷം മുമ്പല്ല, അതിന് മുമ്പേ പ്രത്യക്ഷപ്പെടുകയും ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു എന്നര്‍ഥം. മൊറോക്കോയിലെ ആ കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് ഇസ്രായേലില്‍ നിന്ന് ലഭിച്ച തെളിവ്. 

പ്രാചീന മനുഷ്യന്റെ താടിയെല്ലിന്റെ ഒരു ഭാഗമാണ് ഇസ്രായേലില്‍ നിന്ന് കിട്ടിയത്, പല്ലുകളുമുണ്ട്. കുറെ ശിലായുധങ്ങളും കിട്ടി. താടിയെല്ലും, ശിലായുധങ്ങളും വെവ്വേറെ നിലയ്ക്ക് കാലഗണന നടത്തിയപ്പോള്‍, രണ്ടും എതാണ്ട് ഒരേ പഴക്കമുള്ളതാണെന്ന് കണ്ടു. ഏത് നരവംശത്തിന്റേതാണ് ഫോസില്‍ എന്നറിയാല്‍, ഗവേഷകര്‍ അതിന്റെ മൈക്രോ-സി.ടി.സ്‌കാന്‍ (micro-CT scan) നടത്തുകയും, ത്രിമാന മാതൃകകള്‍ സൃഷ്ടിക്കുകയും ചെയ്തു. അതു പ്രകാരം നിയാണ്ടെത്തല്‍ മനുഷ്യരില്‍ പ്രകടമായി കാണാറുള്ള ചില സവിശേഷതകര്‍ അതിലില്ല എന്ന് മനസിലായി. അതേസമയം, ആധുനിക മനുഷ്യലുള്ള ഫീച്ചറുകള്‍ ഉണ്ടെന്നും കണ്ടു. 

നരവംശത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് നമ്മളാണെങ്കിലും, ഒരുലക്ഷം വര്‍ഷം മുമ്പ് സ്ഥിതി വ്യത്യസ്തമായിരുന്നു. അക്കാലത്ത് ഹോമോ സാപ്പിയന്‍സ് ഉള്‍പ്പടെ അഞ്ച് നരവംശ സ്പീഷീസുകള്‍ ഇവിടെയുണ്ടായിരുന്നു. പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്, കരുതിയതിലും നേരത്തെ  ഹോമോ സാപ്പിയന്‍സ് ആഫ്രിക്കയ്ക്ക് പുറത്തേക്ക് കുടിയേറി എന്നു മാത്രമല്ല, കൂടുതല്‍ കാലം മറ്റ് നരവംശങ്ങളുമായി നമ്മുടെ വര്‍ഗ്ഗം സഹവസിച്ചു എന്നുമാണ്. 'സംസ്‌കാരികമായും ജീവശാസ്ത്രപരമായും കൂടുതല്‍ കൊടുക്കല്‍വാങ്ങലുകള്‍ക്ക് ഇത് അവസരമൊരുക്കിയിട്ടുണ്ട്-പഠനസംഘത്തിലെ റോള്‍ഫ് ക്വാം പറയുന്നു.

അവലംബം -

1. The earliest modern humans outside Africa, Science 26 Jan 2018
2. Oldest human fossil found outside Africa rewrites migration timeline. Michael Irving, January 29th, 2018. New Atlas
3. Oldest Homo sapiens bones ever found shake foundations of the human story. Ian Sample, Jun 7, 2017. The Gurdian
4. What Evolution is, by Ernst Mayr (Basic Books: New York, 2001)

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്