ഗ്രീസിലെ ഒരു പുരാതന ട്രോയ് നഗരത്തില്‍ നിന്ന് കണ്ടെത്തിയ നിധി ശേഖരം പുരാവസ്തു ഗവേഷകര്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി. വിസ്്മൃതിയിലായ ടെനിയന്‍ നഗരത്തില്‍ നടത്തിയ ഖനനത്തിലാണ് അമൂല്യമായ പുരാവസ്തുക്കള്‍ കണ്ടെത്തിയത്. വിളക്കുകള്‍, നാണയങ്ങള്‍, ആഭരണങ്ങള്‍, ശില്‍പങ്ങള്‍, കുളിപ്പുരകള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പെടുന്നു.  

2013 ല്‍  ഈ പ്രദേശത്ത് ഉദ്ഖനനം തുടങ്ങിയിരുന്നുവെങ്കിലും ഇത് പുരാതന നഗരമായ ടെനിയയാണ് എന്ന് സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷമാണ് ഇവിടം ടെനിയന്‍ നഗരമാണ് എന്ന് സ്ഥിരീകരിച്ചത്. അന്നുമുതല്‍ അവ വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. 670 മീറ്റര്‍ വിസ്തൃതിയുള്ള വീടുകളുടെ നിരയും സ്വര്‍ണ്ണവും വെള്ളിയു നിറച്ച ശവകുടീരങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നു.

പുരാതന ഐതീഹ്യങ്ങള്‍ അനുസരിച്ച് ട്രോയ് യുദ്ധത്തിന് ശേഷമുള്ള യുദ്ധത്തടവുകാരെ പാര്‍പ്പിക്കാനാണ് ടെനിയന്‍ നഗരം നിര്‍മിച്ചത്. റോമന്‍ കാലഘട്ടത്തില്‍ ഇവിടം സമ്പന്നത നിറഞ്ഞയിടമായിരുന്നു. ടെനിയയുടെ സമ്പദ്‌സമൃതിയുടെ തെളിവ് നല്‍കുന്നവയാണ് അവിടെ നിന്നും കണ്ടെത്തിയ വിലയേറിയ കരകൗശല വസ്തുക്കള്‍. എന്നാല്‍ ഈ നഗരം ഉപേക്ഷിക്കപ്പെട്ടത് എങ്ങനെയാണ് എന്നത് അജ്ഞാതമായി തുടരുകയാണ്. 

2013 ല്‍ ഉദ്ഖനനം തുടങ്ങി അഞ്ച് വര്‍ഷത്തോളം ഇത് ടെനിയന്‍ നഗരമാണെന്ന് സ്ഥിരീകരിക്കാന്‍ പുരാവസ്തു ഗവേഷകര്‍ക്ക് സാധിച്ചില്ല. അതിന് വ്യക്തമായ തെളിവുകള്‍ വേണമായിരുന്നു. ഇവിടെ നിന്നും ഇനിയുമേറെ കണ്ടെത്താനുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ടെനിയ ഉപേക്ഷിക്കപ്പെട്ടത് സംബന്ധിച്ച് ഗവേഷകര്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ സിദ്ധാന്തങ്ങളുണ്ട്. 

അക്കാലത്ത് സ്ലാവുകള്‍ ഈ പ്രദേശം കയ്യടക്കിയതായി നമുക്കറിയാം. ആ സമയത്ത് ടെനിയന്‍ ജനങ്ങള്‍ നഗരമുപേക്ഷിച്ച് കടന്നതാവാം എന്നാണ് കരുതുന്നതെന്ന് ഗവേഷകനായ കോണ്‍സ്റ്റാന്റിനോസ് ലാഗോസ് പറഞ്ഞു. ഈ സംഭവത്തിന് 200 വര്‍ഷങ്ങള്‍ക്ക് ശേഷം ആളുകള്‍ ഇവിടെയ്ക്ക് തിരികെ പോന്നതായി തെളിവുകളുണ്ട് പക്ഷെ സമ്പത്തെല്ലാം നശിച്ച ഈ നഗരത്തിന് പിന്നീട് വളരാന്‍ കഴിഞ്ഞില്ലെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. 

പല ഗ്രീക്ക് ഐതീഹ്യ കഥകളിലും ടെനിയയെ സംബന്ധിച്ച പരാമര്‍ശമുണ്ട്. അതില്‍ പ്രശസ്തമായ ഒന്നാണ് ഈഡിപ്പസിന്റെ കഥ. മാതാവിനെ വിവാഹം ചെയ്യാന്‍ സ്വന്തം അച്ഛനെ വധിച്ച ഈഡിപ്പസിന്റെ കഥ നിങ്ങള്‍ക്ക് പരിചയമുണ്ടാവും. ഈഡിപ്പസ് ടെനിയയിലാണ് ജനിച്ചത് എന്ന് പറയപ്പെടുന്നുണ്ട്. 

ഇവിടെ ഉദ്ഘനനത്തിന് അനുമതി ലഭിക്കും മുമ്പ് 2010ല്‍ കള്ളക്കടത്തുകാര്‍ ഇവിടെ നിന്നും ആറാം നൂറ്റാണ്ടിലെ മാര്‍ബിള്‍ ശില്‍പങ്ങള്‍ കുഴിച്ചെടുക്കുകയും അത് വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇന്ന് നിരവധി സ്ഥാപനങ്ങള്‍ ഇവിടെ ഉദ്ഖനനം നടത്തുന്നുണ്ട്. ഇത് ഇപ്പോള്‍ ശക്തമായ സംരക്ഷണത്തിലാണ്. 

Content Highlights: Ancient treasures from lost Greek city tenea