37,00 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതും പൈഥഗോറസ് സിദ്ധാന്തം രൂപപ്പെടുന്നതിനും സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ത്രികോണമിതിയില്‍ അഗ്രഗണ്യനായൊരു ഗണിതശാസ്ത്ര പ്രതിഭ ജീവിച്ചിരുന്നു എന്നു പറഞ്ഞാല്‍ ആര്‍ക്ക് വിശ്വസിക്കാനാവും? എന്നാല്‍ അങ്ങനെയൊരു ഒരു ബാബിലോണിയന്‍ ഗണിത ശാസ്ത്രജ്ഞനെകുറിച്ചുള്ള തെളിവുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍.

കൊളംബിയന്‍ സര്‍വകലാശാലയുടെ ശേഖരത്തിലുള്ള 3,700 വര്‍ഷം പഴക്കമുള്ള ഒരു കളിമണ്‍ഫലകത്തിലെ രഹസ്യങ്ങളാണ് ശാസ്ത്രജ്ഞന്‍ വായിച്ചെടുത്തത. അജ്ഞാതനായ ഒരു ബാബിലോണിയന്‍ പ്രതിഭ, കളിമണ്‍ ഫലകത്തില്‍ ചൂരല്‍ പേനകൊണ്ട് ഇത് കുറിച്ചിട്ട ഈ ലിഖിതം പൈഥഗോറിയന്‍ സിദ്ധാന്തം പോലെയല്ല. എന്നാല്‍ ഇന്ന് ലഭ്യമായതിനേക്കാള്‍ എത്രയോ കൃത്യമായ ത്രകോണമിതി പട്ടികകളാണ് ഈ ലിഖിതത്തിലുള്ളതെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നു. 

ക്ഷേത്രങ്ങളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ഈ കണക്കുകള്‍ ഉപയോഗിച്ചിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇടത് ഭാഗം പൊട്ടിപ്പോയ ഈ ലിഖിതത്തില്‍ ആറ് നിരകളും 38 വരികളും ഉണ്ടായിരുവെന്നും ലിഖിതത്തിന്റെ ഉപയോഗമെന്തായിരുന്നുവെന്ന് കണ്ടെത്തിയ സിഡ്‌നിയിലെ യുണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വേയ്ല്‍സിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.

ത്രികോണമിതിയുമായി ബന്ധപ്പെട്ട അസാധാരണമായ അളവുകളാണ് ഈ ലിഖിതത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അത് തീര്‍ച്ചയായും ഒരു അതുല്യ പ്രതിഭയുടെ സൃഷ്ടിയാണ്, ഗവേഷകര്‍ പറയുന്നു. 

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ത്രകോണമിതി പട്ടിക മാത്രമല്ല, ലഭ്യമായതില്‍ ഏറ്റവും കൃത്യമായ പട്ടിക കൂടിയാണ് ഇത്. കാരണം, ഗണിതശാസ്ത്രത്തിലും ജ്യാമിതിയിലുമുള്ള ബാബിലോണിയന്‍ ശൈലി ഇതില്‍ കാണാം, പഠനസംഘത്തിലെ ഡോ. ഡാനിയേല്‍ മാന്‍സ്ഫീല്‍ഡ് പറയുന്നു. 

ബാബിലോണിയന്‍ ഗണിതശാസ്ത്ര പാരമ്പര്യത്തിന്റെ തെളിവായി കണക്കാക്കപ്പെടുന്ന ഈ കളിമണ്‍ ലിഖിതത്തിന് പ്ലിംടണ്‍ 322 എന്നാണ് പേര്.  ഈ ലിഖിതം 1800 ബിസിയില്‍ എഴുതപ്പെട്ടതെന്ന് കരുതപ്പെടുന്നു. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇറാഖില്‍ നിന്നുമാണ് ഈ ലിഖിതം പുരാവസ്തു ശാസ്ത്രജ്ഞനും വില്‍പനക്കാരനുമായ എഡ്ജര്‍ ബാങ്ക്‌സ് കണ്ടെത്തുന്നത്. ഇദ്ദേഹത്തില്‍ നിന്നും അമേരിക്കക്കാരനായ ജോര്‍ജ് ആര്‍തര്‍ പ്ലിംടണ്‍ വാങ്ങിയ ഈ ലിഖിതം ഇപ്പോള്‍ കൊളംബിയന്‍ സര്‍വ്വകലാശാലയിലെ പുരാവസ്തു ശേഖരത്തിലാണുള്ളത്.

Source: UNSW.edu.au