ആമ്പറിന്റെ സുവര്‍ണഹൃദയത്തില്‍ ചരിത്രം സമാധിയിലാണ്, കാലം നിശ്ചലമാക്കപ്പെട്ടിരിക്കുന്നു. ആമ്പറില്‍ കുടുങ്ങിയ ജീവികള്‍ ശാസ്ത്രത്തെ പ്രാചീനകാലത്തേക്ക് കൈപ്പിടിച്ച് നടത്തുന്നു

Amber
ആമ്പറിനുള്ളില്‍ കുടുങ്ങി സൂക്ഷിക്കപ്പെട്ട കൊതുക്

 

ത്തുകോടി വര്‍ഷം മുമ്പ് മരപ്പശയില്‍ വീണ് ചത്ത ഒരു പക്ഷിക്കുഞ്ഞ് അടുത്തയിടെ ലോകമെങ്ങുമുള്ള വാര്‍ത്താമാധ്യമങ്ങളില്‍ ഇടംനേടി. മ്യാന്‍മറില്‍ നിന്ന് കിട്ടിയ ഒരു ആമ്പറിനുള്ളില്‍ അതിന്റെ ശരീരം സൂക്ഷിക്കപ്പെട്ടിരിക്കുകയായിരുന്നു. ദിനോസറുകള്‍ ഭൂമുഖത്ത് മേഞ്ഞുനടന്ന കാലത്താണ് ആ പക്ഷിക്കുഞ്ഞിന്റെ ജനനം. മുട്ടവിരിഞ്ഞ് പുറത്തുവന്ന് അധികം വൈകാതെ അത് എങ്ങനെയോ പശക്കുഴിയില്‍ വീഴുകയും, ടാറുപോലുള്ള പശയില്‍ മുങ്ങിക്കുടുങ്ങുകയും ആയിരുന്നു എന്നാണ് ഗവേഷകര്‍ കരുതുന്നത്. മരപ്പശ ഉണങ്ങി കട്ടപിടിച്ച് ക്രമേണ ആമ്പറായി മാറി. 

പക്ഷിക്കുഞ്ഞിനെ സംബന്ധിച്ചിടത്തോളം കാലം അവിടെ നിശ്ചലമാക്കപ്പെട്ടു. പത്തുകോടി വര്‍ഷത്തിനിപ്പുറം ആമ്പര്‍ക്കട്ടയില്‍ ഫോസിലായി കണ്ടെത്തുമ്പോഴും ആ ജീവിയുടെ തൂവലും മാംസഭാഗങ്ങളും നഖവുമെല്ലാം കേടുകൂടാതെയിരുന്നു. 

'ഇതുവരെ കണ്ടെത്തിയിട്ടുള്ള ഫോസിലുകളില്‍ ഏറ്റവും പൂര്‍ണതയുള്ളത്' എന്നാണ്, അതെപ്പറ്റി പഠനം നടത്തിയ കാനഡയിലെ 'റോയല്‍ സസ്‌കെച്ചവാന്‍ മ്യൂസിയ'ത്തിലെ ഗവേഷകന്‍ റയാന്‍ മക്‌കെല്ലര്‍ പറയുന്നത് (പഠനറിപ്പോര്‍ട്ട്  'ഗോണ്ട്വാനാ റിസര്‍ച്ച്' ജേര്‍ണലില്‍). പ്രചീനപക്ഷിയിനങ്ങളെപ്പറ്റി വിലപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ ഈ കണ്ടെത്തലിന് കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. 

ഇത്രയും വായിക്കുമ്പോള്‍ രണ്ട് സംശയങ്ങള്‍ വായനക്കാര്‍ക്കുണ്ടാകാം. പത്തുകോടി വര്‍ഷം ആ പക്ഷിക്കുഞ്ഞിന്റെ ശരീരം കേടുകൂടാത സൂക്ഷിച്ച ആമ്പര്‍ എന്ന സംഗതി എന്താണ്? പക്ഷിക്കുഞ്ഞിന്റെ ഡി.എന്‍.എ.വീണ്ടെടുത്ത് പുതിയ ജനിതകവിദ്യകള്‍ വഴി അതിനെ വീണ്ടും സൃഷ്ടിച്ചുകൂടേ?  

bird in Amber
ആമ്പറില്‍ കുടുങ്ങിയ പക്ഷിക്കുഞ്ഞ്. പത്തുകോടി വര്‍ഷം പഴക്കമുണ്ട് ഇതിന്. ഫോട്ടോ കടപ്പാട്: ഷിങ് ലിഡ 

 

സ്റ്റീവന്‍ സ്പില്‍ബര്‍ഗ് സംവിധാനം ചെയ്ത 1993ലെ 'ജുറാസിക് പാര്‍ക്ക്' എന്ന സിനിമയായിരിക്കും ഇതില്‍ രണ്ടാമത്തെ ചോദ്യത്തിന് പലരെയും പ്രേരിപ്പിച്ചിരിക്കുക. ചലച്ചിത്രരംഗത്തെ സംബന്ധിച്ചിടത്തോളം ഡിജിറ്റല്‍ സാങ്കേതികതയുടെ പുത്തന്‍യുഗത്തിനാണ് ആ ചിത്രം തുടക്കം കുറിച്ചതെങ്കില്‍, ശാസ്ത്രലോകത്തിന് വന്യസങ്കല്‍പ്പങ്ങളുടെ ഭ്രമകല്‍പ്പനകള്‍ നിറഞ്ഞ ഭാവിയാണ് ആ സിനിമ തുറന്നുകൊടുത്തത്. 

ദിനോസറിന്റെ രക്തംകുടിച്ച ശേഷം ആമ്പറിനുള്ളില്‍ കുടുങ്ങി കോടിക്കണക്കിന് വര്‍ഷം സൂക്ഷിക്കപ്പെട്ട കൊതുക്. അതിന്റെ വയറ്റില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ദിനോസര്‍ ഡി.എന്‍.എ. അതുപയോഗിച്ച് ദിനോസറുകളെ പുനസൃഷ്ടിക്കുന്നതായിരുന്നു 'ജുറാസിക് പാര്‍ക്കി'ന്റെ പ്രമേയം. ആമ്പറും അതിനുള്ളില്‍ കുടുങ്ങിയ ജീവികളും മറ്റൊരു കാലത്തുമില്ലാത്ത വിധം ശാസ്ത്രശ്രദ്ധ നേടാന്‍ ആ സിനിമ വഴിവെച്ചു. അത്തരം ഫോസിലുകളില്‍ നിന്ന് ഡി.എന്‍.എ.വീണ്ടെടുത്ത് മണ്‍മറഞ്ഞുപോയ ജീവിവര്‍ഗങ്ങളെ വീണ്ടും സൃഷ്ടിക്കുന്നത് പലരും സ്വപ്‌നം കണ്ടു. ഒട്ടേറെ ഗവേഷകര്‍ ആമ്പര്‍ ഫോസിലുകളില്‍ നിന്ന് പ്രാചീന ജീവികളുടെ ഡി.എന്‍.എ.വേര്‍തിരിച്ചെടുത്തതായി അവകാശപ്പെട്ടു. 1990 കളിലെ ആവേശം പക്ഷേ, അധികകാലം നീണ്ടില്ല. ആമ്പറിനുള്ളില്‍ നിന്ന് ഡി.എന്‍.എ.സാമ്പിളുകള്‍ വേര്‍തിരിച്ചെടുക്കല്‍ സിനിമയിലേതുപോലെ അത്ര എളുപ്പമല്ലെന്ന് ഇപ്പോള്‍ ഗവേഷകര്‍ക്കറിയാം. അതുകൊണ്ട്, മ്യാന്‍മറില്‍ നിന്ന് കണ്ടെടുത്ത ആമ്പറിലെ പക്ഷിക്കുഞ്ഞും പുരാവസ്തുശാസ്ത്രത്തിന്റെ മുതല്‍ശേഷിപ്പ് മാത്രമായി തുടരാണ് സാധ്യത. കാഴ്ചയ്ക്ക് കേടുകൂടാത്ത പക്ഷിക്കുഞ്ഞാണെങ്കിലും, ആമ്പറിനുള്ളില്‍ അതിന്റെ ശരീരം ശുദ്ധകാര്‍ബണായി ഇതിനകം വിഘടിച്ചു കഴിഞ്ഞിട്ടുണ്ടാകുമെന്ന് ഗവേഷകര്‍ കരുതുന്നു. 

Jurassic Park
'ജുറാസിക് പാര്‍ക്കി'ലെ ഒരു രംഗം

 

ഡി.എന്‍.എ.വേര്‍തിരിച്ചെടുക്കുക ബുദ്ധിമുട്ടാണെങ്കിലും, പ്രാചീനലോകത്തെ കുറിച്ച് വിലപ്പെട്ട വിവരങ്ങള്‍ ആമ്പര്‍ ഫോസിലുകള്‍ നല്‍കാറുണ്ട്. ഒരുപക്ഷേ, മറ്റ് മാര്‍ഗങ്ങള്‍ വഴി ഫോസിലാകാന്‍ സാധ്യതയില്ലാത്ത ജീവികളും സസ്യങ്ങളുമാണ് ആമ്പറുകളില്‍ നിന്ന് ഫോസില്‍രൂപത്തില്‍ ലഭിച്ചിട്ടുള്ളത്. ഉദാഹരണത്തിന്, 2014ല്‍ അമേരിക്കയിലെയും ജര്‍മനിയിലെയും ഗവേഷകര്‍ കണ്ടെത്തിയ ആമ്പര്‍ ഫോസില്‍ പത്തുകോടി വര്‍ഷം പഴക്കമുള്ള ഒരു പൂങ്കുലയുടേതായിരുന്നു. ക്രിറ്റേഷ്യസ് യുഗത്തില്‍ ഇവിടെ വളര്‍ന്നിരുന്ന സസ്യത്തിന്റെ 18 പൂക്കളാണ് അങ്ങനെ ആമ്പറില്‍ സൂക്ഷിക്കപ്പെട്ടത്. പുഷ്പിതസസ്യങ്ങളിലെ ലൈംഗിക പ്രത്യുത്പാദനത്തിന് ശാസ്ത്രലോകത്തിന് ലഭിക്കുന്ന ഏറ്റവും പഴക്കമേറിയ തെളിവായി അത് മാറി. ആമ്പറിനുള്ളില്‍ കുടുങ്ങിയ പ്രാചീനകാലത്തെ പാറ്റയെ കിട്ടിയതും 2014ല്‍ ആണ്. പരസ്പരം മല്ലടിക്കുന്ന വേളയില്‍ ആമ്പറില്‍ കുടുങ്ങിപ്പോയ ഒരു ജോഡി ചിലന്തികളെ ഗവേഷകര്‍ 2012ല്‍ കണ്ടെത്തുകയുണ്ടായി. ദിനോസറിന്റെ തൂവല്‍ പോലും ആമ്പറില്‍ സൂക്ഷിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്! ശരിക്ക് പറഞ്ഞാല്‍ ആമ്പറിന്റെ സുവര്‍ണഹൃദയത്തില്‍ ചരിത്രം സമാധിയിലാണ്, കാലം നിശ്ചലമാക്കപ്പെട്ടിരിക്കുന്നു. ആമ്പറില്‍ കുടുങ്ങിയ ജീവികള്‍ ശാസ്ത്രത്തെ പ്രാചീനകാലത്തേക്ക് കൈപ്പിടിച്ച് നടത്തുന്നു!

flower in Amber
ആമ്പറില്‍ നിന്ന് ലഭിച്ച പ്രാചീന പുഷ്പം. ഫോട്ടോ കടപ്പാട്: ഒറിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി 

 

ഫോസിലാക്കപ്പെട്ട മരപ്പശയാണ് ആമ്പര്‍. മരങ്ങളുടെ ഒടിഞ്ഞ കൊമ്പില്‍ നിന്നോ മറ്റോ ടാര്‍ പോലെ ഒഴുകിയെത്തുന്ന ചുവപ്പ് നിറമുള്ള മരപ്പശ ഉണങ്ങി കട്ടപിടിച്ച് അനുകൂലമായ സാഹചര്യങ്ങളില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് ആമ്പര്‍ (amber) ആയി രൂപപ്പെടുന്നു (ഈ പ്രക്രിയയുടെ രസതന്ത്രം ഇപ്പോഴും ശരിക്ക് മനസിലാക്കാനായിട്ടില്ല). പണ്ടുമുതലേ ആഭരണങ്ങളുണ്ടാക്കാന്‍ ആമ്പര്‍ കഷണങ്ങള്‍ ഉപയോഗിക്കാറുണ്ട്. ആമ്പറില്‍ കുടുങ്ങിയ ഏതെങ്കിലും ജീവിയെ കണ്ടെത്തുമ്പോഴാണ് പുരാവസ്തുശാസ്ത്രത്തിന് അത് മുതല്‍ക്കൂട്ടാകുന്നത്. മരത്തടിയില്‍ നിന്ന് ഒഴുകിയെത്തുന്ന പശയില്‍ ചിലപ്പോള്‍ ജീവികള്‍ കുടുങ്ങുന്നു. പശ അവയെ പെട്ടന്ന് മൂടും. ക്രമേണ പശ ഉറച്ച് കട്ടപിടിക്കുന്നു. പശക്കട്ടകള്‍ക്ക് മുകളില്‍ മണ്ണും മറ്റ് വസ്തുക്കളും വീണ് അതിന് സമ്മര്‍ദ്ദമേറ്റും. സമ്മര്‍ദ്ദവും താപനിലയും അനുകൂലമായാല്‍, പശ മെല്ലെ അര്‍ധഫോസിലായ കോപ്പല്‍ (copal) ആയി രൂപപ്പെടുന്നു. കോപ്പല്‍ ആണ് ആമ്പറായി പരിണമിക്കുക. എത്രകാലംകൊണ്ട് ആമ്പറായി മാറും എന്നത് തര്‍ക്കവിഷയമാണ്. ഇരുപത് ലക്ഷം വര്‍ഷമെങ്കിലും വേണം അതിനെന്ന് ചില ഗവേഷകര്‍ പറയുന്നു. 

Amber ornament
ആമ്പര്‍ ആഭരണം

 

ലോകത്തേറ്റവും കൂടുതല്‍ ആമ്പര്‍ സാമ്പിളുകള്‍ ലഭിച്ചിട്ടുള്ളത് റഷ്യന്‍ ഫെഡറേഷന്റെ ഭാഗമായ ബാള്‍ട്ടിക് തീരത്തെ കലിനിന്‍ഗ്രാഡ് ഒബ്ലാസ്റ്റ് (Kaliningrad Oblast) പ്രദേശത്തുനിന്നാണ്. 1979ല്‍ പ്രവര്‍ത്തനം തുടങ്ങിയ അവിടുത്തെ 'കലിനിന്‍ഗ്രാഡ് ആമ്പര്‍ മ്യൂസിയ'ത്തില്‍ 14,000 ആമ്പര്‍ സാമ്പിളുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ലഭിച്ചിട്ടുള്ളതില്‍ 90 ശതമാനം ആമ്പറും ആ പ്രദേശത്തു നിന്നാണ് കണ്ടെടുത്തിട്ടുള്ളതെങ്കിലും, ഏറ്റവും പഴക്കമേറിയ ആമ്പര്‍ ഫോസില്‍ ലഭിച്ചിട്ടുള്ളത് വടക്കുകിഴക്കന്‍ ഇറ്റലയില്‍ നിന്നാണെന്ന് വിക്കിപീഡിയ പറയുന്നു. അവിടുന്ന് കണ്ടെടുത്ത ചാഴിയുടെ ആമ്പര്‍ ഫോസിലിന് 23 കോടി വര്‍ഷം പഴക്കമുണ്ട്. 

അവലംബം -
1. 'How amber locks history in its golden tomb', By Brian Palmer, Washington Post, January 20, 2014
2. 'Amber', Wikipedia 
3. 'Amber fossil reveals ancient reproduction in flowering plants', Oregon State University, February 1, 2014
4. 'A mid-Cretaceous enantiornithine (Aves) hatchling preserved in Burmese amber with unusual plumage', Gondwana Research, Volume 49, September 2017, Pages 264–277