അമേരിക്കൻ ബഹിരാകാശ സഞ്ചാരികളും അന്യഗ്രഹ ജീവികളും തമ്മിൽ കരാർ ഉണ്ടാക്കിയതായി ഇസ്രായേലിന്റെ മുൻ ബഹിരാകാശ സുരക്ഷാ മേധാവി ഹെയിം ഇഷദ്. പ്രസിഡന്റ് ട്രംപിന് ഇക്കാര്യം അറിയാമെന്നും അദ്ദേഹം പറയുന്നു. ഇസ്രായേലിലെ യെദിയോത്ത് അഹ്രോനോത്ത് എന്ന ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വിചിത്രമായ വാദങ്ങൾ ഉന്നയിച്ചത്.

അമേരിക്കൻ ഭരണകൂടവും അന്യഗ്രഹ ജീവികളുടെ 'ഗാലക്ടിക് ഫെഡറേഷനും' തമ്മിൽ ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഇഷദ് പറയുന്നത്. പ്രപഞ്ചത്തിന്റെ രൂപകൽപനയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായാണ് ഈ കരാർ. മനുഷ്യരെ കുറിച്ച് പഠിക്കാൻ അന്യഗ്രഹജീവികൾക്കും ജിജ്ഞാസയുണ്ട് എന്നും അദ്ദേഹം പറയുന്നു. മൂന്ന് ദശാബ്ദക്കാലം ഇസ്രായേലിന്റെ സ്പേസ് സെക്യൂരിറ്റി പ്രോഗ്രാമിന്റെ മേധാവിയായിരുന്നു ഇഷദ്.

കരാറിന്റെ ഭാഗമായി തങ്ങൾ ഇവിടെയുണ്ടെന്ന കാര്യം മനുഷ്യരോട് വെളിപ്പെടുത്തരുതെന്ന നിബന്ധനയും അന്യഗ്രഹ ജീവികൾ മുന്നോട്ട് വെച്ചിട്ടുണ്ടത്രെ .

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇക്കാര്യം അറിയാമെന്ന വെളിപ്പെടുത്തലാണ് ഇതിൽ ഏറെ ശ്രദ്ധേയം. ട്രംപിന് അന്യഗ്രഹ ജീവികളെ കുറിച്ച് അറിയാം. ഈ ആശ്ചര്യകരമായ കാര്യം അദ്ദേഹം വെളിപ്പെടുത്താനിരുന്നതാണ്. എന്നാൽ ജനങ്ങളെ ഭീതിയിലാക്കാതിരിക്കാൻ അത് ചെയ്യരുതെന്ന നിർദേശം ലഭിക്കുകയായിരുന്നു.

ഇപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾ അഞ്ച് വർഷം മുമ്പ് പറഞ്ഞിരുന്നെങ്കിൽ ഞാൻ ആശുപത്രിയിലായേനേ എന്നും ഇഷദ് പറഞ്ഞു. ദി യൂണിവേഴ്സ് ബിയോണ്ട് ദി ഹൊറൈസൺ എന്ന തന്റെ പുസ്തകത്തിലും അദ്ദേഹം ഇതേ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്.

ഈ വാദങ്ങളെ കുറിച്ച് അമേരിക്ക പ്രതികരിച്ചിട്ടില്ല. എന്തായാലും ഇഷദിന്റെ വിചിത്രമായ വാദങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തിട്ടുണ്ട്.

Content Highlights:  aliens and American astronauts have signed agreement says Ex-Israeli Space Chief