ഇന്ത്യയുടെ ബഹിരാകാശ പരിപാടിക്ക് നാന്ദി കുറിച്ചുകൊണ്ട് തിരുവനന്തപുരത്തെ തുമ്പയില്‍ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിച്ചത് 1963 നവംബര്‍ 21 നാണ്

Nike-Apache Rocket
തുടക്കം: 1963 നവംബര്‍ 21 ന് തുമ്പയില്‍ നിന്നു കുതിച്ചുയര്‍ന്ന  'നൈക്ക്-അപാഷേ റോക്കറ്റ്'. ചിത്രം: ISRO

 

തുമ്പയെന്ന കടലോര ഗ്രാമത്തില്‍ നാലു നൂറ്റാണ്ടിലേറെ ചരിത്രമുള്ള സെന്റ് മേരി മഗ്ദലേന കത്തോലിക്ക പള്ളിയില്‍ നിന്നാണ് ഇന്ത്യന്‍ ബഹിരാകാശ പരിപാടിയുടെ ചരിത്രം ആരംഭിച്ചത്. 1963 നവംബര്‍ 21 ന് ചെറിയൊരു അമേരിക്കന്‍ നിര്‍മിത 'നൈക്ക്-അപാഷെ റോക്കറ്റ്' അവിടെ നിന്ന് കുതിച്ചുയര്‍ന്നതോടെ പുതിയ ചരിത്രം ആരംഭിച്ചു. 

മേരി മഗ്ദലേന പള്ളിയും അടുത്തുള്ള ബിഷപ്പ് ഹൗസും 'തുമ്പ ഇക്വറ്റേറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്‌റ്റേഷന്‍' (TERLS) ആയി മാറി. അവിടുത്തെ ഗ്രാമവാസികളായ മത്സ്യത്തൊഴിലാളികള്‍ക്കും പള്ളിക്കാര്‍ക്കും ഏതാനും കിലോമീറ്റര്‍ അകലെ പള്ളിത്തുറയില്‍ പുതിയ ഗ്രാമം നിര്‍മിച്ചുകൊടുത്തു. 

ആദ്യ റോക്കറ്റ്' കൂട്ടിയോജിപ്പിച്ചത് പള്ളിയിലെ അള്‍ത്താരയ്ക്ക് മുമ്പില്‍ വെച്ചാണ്. സമീപത്തെ ബിഷപ്പ് ഹൗസ്, വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസായി. പള്ളിക്കു മുന്നിലെ തെങ്ങിന്‍തോപ്പിലായിരുന്നു വിക്ഷേപണത്തറ. അടുത്തുള്ള പ്രൈമറി സ്‌കൂള്‍ കെട്ടിടം ആദ്യം ലോഞ്ച് ഓഫീസായും, പിന്നീട് ടെക്‌നിക്കല്‍ ലൈബ്രറിയായും രൂപംമാറി. അവിടുത്തെ പഴയൊരു കാലിത്തൊഴുത്ത് സ്‌പേസ് ലാബായി (ഇന്ത്യയിലെ ആദ്യ സ്‌പേസ് ലാബ്്!). 

ഓര്‍ക്കുക, ഇന്ത്യന്‍ ബഹിരാകാശവകുപ്പോ, ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ.എസ്.ആര്‍.ഒ. യോ അന്നില്ല. റോക്കറ്റ് വിക്ഷേപിച്ച് പരിചയമുള്ള വിദഗ്ധരും രാജ്യത്തുണ്ടായിരുന്നില്ല. അമേരിക്കയിലെ നാസയില്‍ അയച്ച് ധൃതിയില്‍ പരിശീലനം നല്‍കിയ ഏതാനും എന്‍ജിനിയര്‍മാരുടെ സാന്നിധ്യവും വിക്രം സാരാഭായി പോലൊരാളുടെ കരുത്തുറ്റ നേതൃത്വവും അചഞ്ചലമായ ആത്മവിശ്വാസവും മാത്രമേ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനായി വിയര്‍പ്പൊഴുക്കിയവര്‍ക്ക് കൂട്ടുണ്ടായിരുന്നുള്ളു. 

'സൗണ്ടിങ് റോക്കറ്റു'കളുടെ ഗണത്തില്‍ പെട്ടതായിരുന്നു ആ നൈക്ക്-അപാഷെ റോക്കറ്റ് (Nike-Apache Rocket). ഡി. ഈശ്വര്‍ദാസ് റോക്കറ്റ് അസംബിള്‍ ചെയ്തു. സുരക്ഷാചുമതല വഹിച്ചത് പില്‍ക്കാലത്ത് രാഷ്ട്രപതിയായി സ്ഥാനമേറ്റ എ.പി.ജെ.അബ്ദുള്‍ കലാമും! ഭൂമിയുടെ കാന്തികമധ്യരേഖ (മാഗ്നെറ്റിക് ഇക്വേറ്റര്‍) കടന്നു പോകുന്ന സ്ഥലമായതുകൊണ്ടാണ് തുമ്പയെ റോക്കറ്റ് വിക്ഷേപണകേന്ദ്രമായി നിശ്ചയിച്ചത്. അന്തരീക്ഷത്തിന്റെ മേല്‍ഭാഗത്തെക്കുറിച്ച് പഠിക്കുകയാണ്, 'സൗണ്ടിങ് റോക്കറ്റുകളു'പയോഗിച്ച് അക്കാലത്ത് ചെയ്തിരുന്നത്. 

Thumba Church
തുമ്പയിലെ മേരി മഗ്ദലേന പള്ളി: ഇവിടെ
നിന്നായിരുന്നു തുടക്കം. കടപ്പാട്: VSSC, ISRO

ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ അങ്ങേയറ്റം ലളിതവും നാടകീയവുമായ തുടക്കമാണ് ഇന്ത്യയിലെ റോക്കറ്റ് വിക്ഷേപണ ചരിത്രത്തിനുള്ളതെന്ന് കാണാം. ആ ചരിത്രം 55 വര്‍ഷത്തിന് ശേഷം എവിടെ എത്തി എന്നറിയാന്‍, കഴിഞ്ഞ നവംബര്‍ 14-ന് ശ്രീഹരിക്കോട്ടയില്‍ നടന്ന ജിസാറ്റ് വിക്ഷേപണം പരിശോധിച്ചാല്‍ മതി. ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും വലിയ ഉപഗ്രഹമാണ് 'ജിസാറ്റ്-29' ഭാരം 3423 കിലോഗ്രാം! ഐ.എസ്.ആര്‍.ഒ.യുടെ മുപ്പത്തിമൂന്നാം കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹമാണിത്. പ്രവര്‍ത്തനകാലയളവ് 10 വര്‍ഷം. 

നാലു ടണ്ണിലേറെ ഭാരമുള്ള ഉപഗ്രഹം വിക്ഷേപിക്കാന്‍ കഴിഞ്ഞത്, ഐ.എസ്.ആര്‍.ഒ.യുടെ പുതിയ പടക്കുതിരയായ 'ജി.എസ്.എല്‍.വി മാര്‍ക് 3-ഡി2' (GSLV Mk III-D2) റോക്കറ്റിന്റെ വിജയമാണ്. 43 മീറ്റര്‍ പൊക്കവും 640 ടണ്‍ ഭാരവുമുള്ള മൂന്നുഘട്ട റോക്കറ്റാണ് 'ജി.എസ്.എല്‍.വി മാര്‍ക്ക് 3'. ഇന്ത്യ വികസിപ്പിച്ച ക്രയോജനിക് വിദ്യ ഈ റോക്കറ്റിന്റെ മൂന്നാംഘട്ടത്തില്‍ പ്രയോജയപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത വിക്ഷേപണവാഹനമായി മാറിയ പി.എല്‍.എല്‍.വി.ക്കും, ചന്ദ്രനിലേക്കും ചൊവ്വായിലേക്കും പേടകമയയ്ക്കാന്‍ രാജ്യത്തിന് തുണയായ ജി.എസ്.എല്‍.വി.ക്കും ശേഷം, പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാനായി ഐ.എസ്.ആര്‍.ഒ. രൂപപ്പെടുത്തിയ ഭീമന്‍ റോക്കറ്റാണ് 'ജിയോ-സിങ്ക്രണസ് സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3' (ജി.എസ്.എല്‍.വി.മാര്‍ക്ക് 3). മനുഷ്യനെ സ്‌പേസിലെത്തിക്കാനും, പുതിയ ഗോളാന്തരപര്യവേക്ഷണ ദൗത്യങ്ങള്‍ക്കും ഇനി രാജ്യത്തിന് തുണയാവുക ഈ പുതിയ റോക്കറ്റാകും. 

എന്നാല്‍, ഗോളാന്തര പര്യവേക്ഷണമൊന്നും തുടക്കത്തില്‍ ഇന്ത്യന്‍ ബഹിരാകാശ പരിപാടിയുടെ ലക്ഷ്യമായിരുന്നില്ല. 1957 ഒക്ടോബര്‍ നാലിന് 'സ്പുട്‌നിക്-1' എന്ന കൃത്രിമോപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചുകൊണ്ട് സോവിയറ്റ് യൂണിയനാണ് ബഹിരാകാശയുഗത്തിന് നാന്ദി കുറിച്ചത്. ശീതയുദ്ധത്തിന്റെ നാളുകളായിരുന്നു അത്. 1958 ജനുവരി 31 ന് സ്വന്തം ഉപഗ്രഹമായ 'എക്‌സ്‌പ്ലോറര്‍ ഒന്ന്' വിക്ഷേപിച്ചുകൊണ്ട് അമേരിക്ക സോവിയറ്റ് യൂണിയന് മറുപടി നല്‍കി. 

ഇന്ത്യ ഈ മുന്നേറ്റങ്ങളെ ആകാംക്ഷയോടെയാണ് കണ്ടത്. പ്രത്യേകിച്ചും ആണവോര്‍ജ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചിരുന്ന ഹോമി ഭാഭ. അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ ആണവോര്‍ജ വകുപ്പിന് (DAE) കീഴില്‍ 1961-ല്‍ തുടങ്ങിയ 'സ്‌പേസ് റിസര്‍ച്ച് ഡിവിഷ'നില്‍ നിന്നാണ് ഇന്ത്യയില്‍ ബഹിരാകാശ പരിപാടിയുടെ തുടക്കം. ബഹിരാകാശ പരിപാടിക്ക് ചുക്കാന്‍ പിടിക്കാന്‍ ഭാഭ കണ്ടെത്തിയതാണ് വിക്രം സാരാഭായി എന്ന ഗവേഷകനെ. ആണവോര്‍ജ വകുപ്പിന് കീഴിലായിരുന്ന സ്‌പേസ് പ്രോഗ്രാം, 1969-ല്‍ 'ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍' (ISRO) നിലവില്‍ വന്നതോടെ സ്വതന്ത്രമായി. 

Vikram Sarabhai
വിക്രം സാരാഭായി. ചിത്രം: ISRO

'രാഷ്ട്രപുരോഗതിക്ക് സഹായിക്കുക എന്നതാകണം ബഹിരാകാശ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം'-ഇതായിരുന്നു സാരാഭായിയുടെ കാഴ്ചപ്പാട്. വാര്‍ത്താവിനിമയം, റിമോട്ട് സെന്‍സിങ് എന്നീ രണ്ടുലക്ഷ്യങ്ങളില്‍ ഊന്നി വേണം ഇന്ത്യന്‍ ബഹിരാകാശ പരിപാടി പുരോഗമിക്കാനെന്ന് സാരാഭായി വിഭാവനം ചെയ്തു. കമ്മ്യൂണിക്കേഷന്‍ രംഗത്തിന് കരുത്തുപകരാന്‍ 'ഇന്ത്യന്‍ നാഷണല്‍ സാറ്റ്‌ലൈറ്റ് പ്രോഗ്രാമും' (ഇന്‍സാറ്റ്-INSAT), വിഭവപഠനം മുന്‍നിര്‍ത്തി 'ഇന്ത്യന്‍ റിമോട്ട് സെന്‍സിങ്' (IRS) ഉപഗ്രഹ സംവിധാനവും പില്‍ക്കാലത്ത് നിലിവില്‍ വന്നത് സാരാഭായിയുടെ ആശയങ്ങളുടെ തുടര്‍ച്ചയായാണ്. 

ടെലിവിഷന്‍ സംപ്രേക്ഷണത്തിനും, റിമോട്ട് സെന്‍സിങിനും, രാജ്യത്തിന്റെ വിദൂരകോണുകളില്‍ സാധാരണക്കാര്‍ക്ക് ടെലിമെഡിസിന്‍ പോലുള്ള സേവനങ്ങള്‍ എത്തിക്കാനും, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും, കാലാവസ്ഥാ പ്രവചനത്തിനും, ചുഴലിക്കൊടുങ്കാറ്റുകളുടെ പാത മുന്‍കൂട്ടി മനസിലാക്കി ദുരന്തം ഒഴിവാക്കാനും, വിദൂരവിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കുമെല്ലാം ഇന്ന് ബഹിരാകാശ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. 

കൃത്രിമോപഗ്രഹങ്ങളുടെ രൂപകല്‍പ്പന, നിര്‍മാണം, പ്രവര്‍ത്തനം തുടങ്ങിയവ നേരിട്ടു മനസിലാക്കാന്‍ ഒരു പരീക്ഷണോപഗ്രഹം ഇന്ത്യ സ്വന്തമായി നിര്‍മിക്കണമെന്ന ആശയവും സാരാഭായിയുടേതായിരുന്നു. അതാണ് പിന്നീട് 'ആര്യഭട്ട' എന്ന് നാമകരണം ചെയ്യപ്പെട്ട ഇന്ത്യയുടെ പ്രഥമ കൃത്രിമോപഗ്രഹം. 

ഇതൊന്നും യാഥാര്‍ഥമാകുന്നത് കാണാന്‍ പക്ഷേ, സാരാഭായിക്കായില്ല. കോവളത്തെ ഗസ്റ്റ്ഹൗസില്‍ ബഹിരാകാശ പദ്ധതിയുമായി ബന്ധപ്പെട്ട് തിരക്കിട്ട ചര്‍ച്ചകള്‍ക്ക് ശേഷം വൈകി ഉറങ്ങാന്‍ കിടന്ന സാരാഭായിയെ, 1971 ഡിസംബര്‍ 30-ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ ബഹിരാകാശ പരിപാടിക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമായി സാരാഭായിയുടെ മരണമെങ്കിലും, ബഹരാകാശ പരിപാടിയെ അത് തളര്‍ത്തിയില്ല. അത്രയ്ക്ക് ഊര്‍ജം അതിനകം സാരാഭായി ആ സംരംഭത്തിന് പകര്‍ന്നുനല്‍കിയിരുന്നു. 1972-ല്‍ രാജ്യത്ത് സ്‌പേസ് കമ്മീഷന്‍ നിലവില്‍ വന്നു. കേന്ദ്രത്തില്‍ പ്രത്യേകം ബഹിരാകാശ വകുപ്പും (DoS) പ്രവര്‍ത്തനം തുടങ്ങി. 

GSLV Mark 3
പുതിയ തുടക്കം:  GSLV Mk III-D2 റോക്കറ്റ് ജിസാറ്റിനെയും വഹിച്ച് 2018 നവംബര്‍ 14 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നപ്പോള്‍. ചിത്രം: ISRO 

 

തുമ്പയില്‍ നിന്ന് ആദ്യ സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ച് 17 വര്‍ഷം കഴിഞ്ഞ്, 1980 ജൂലൈ 18 ന് ഇന്ത്യന്‍ നിര്‍മിത റോക്കറ്റായ എസ്.എല്‍.വി-3 ഉപയോഗിച്ച് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചുകൊണ്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഉപഗ്രഹവിക്ഷേപണ ശേഷി കൈവരിച്ച ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. 1992 മെയ് 20 ന് പി.എസ്.എല്‍.വി.യുടെ വിജയകരമായ ആദ്യ വിക്ഷേപണം നടന്നു. 2001 ഏപ്രില്‍ 18 നായിരുന്നു ജി.എസ്.എല്‍.വി.യുടെ ആദ്യ വിക്ഷേപണം. ഇപ്പോള്‍ 'ജി.എസ്.എല്‍.വി മാര്‍ക്ക് 3' യും വിജയകരമായി വിക്ഷേപിച്ചിരിക്കുന്നു!

മികവിന്റെ കാര്യത്തില്‍ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്‌പേസ് പ്രോഗ്രാം. എന്നാല്‍, ചെലവിന്റെ കാര്യത്തിലോ, പിന്‍നിരയിലും! അതിനാല്‍, കുറഞ്ഞ ചെലവില്‍ ഉപഗ്രഹവിക്ഷേപണം നടത്താന്‍ കൂടുതല്‍ രാജ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ.യെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്തിന് കോടികള്‍ കിട്ടുന്ന ഏര്‍പ്പാടായി ബഹിരാകാശ പരിപാടി മാറുന്നു എന്നര്‍ഥം!

സാരാഭായി വിഭാവനം ചെയ്തതു പോലെ രാജ്യപുരോഗതി ലക്ഷ്യമാക്കി ബഹിരാകാശ പദ്ധതി മുന്നേറുമ്പോള്‍ തന്നെ, ഗോളാന്തരപര്യവേക്ഷണങ്ങള്‍ നടത്താന്‍ പാകത്തില്‍ ഇന്നത് വളര്‍ന്നിരിക്കുന്നു. 2008 ല്‍ ചന്ദ്രയാന്‍ ഒന്ന് ദൗത്യവും, 2014-ല്‍ ചൊവ്വാദൗത്യമായ മംഗള്‍യാനും വിജയിപ്പിച്ച് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ചൊവ്വയിലേക്ക് വിജയകരമായി പേടകമയച്ച ആദ്യ ഏഷ്യന്‍രാജ്യമായി മാറി ഇന്ത്യ. മാത്രമല്ല, സ്വന്തമായി ബഹിരാകാശ ടെലസ്‌കോപ്പുള്ള രാജ്യംകൂടിയാണ് ഇപ്പോള്‍ ഇന്ത്യ. 2015-ല്‍ വിക്ഷേപിച്ച 'അസ്‌ട്രോസാറ്റ്' (AstroSat) ഇന്ത്യന്‍ ജ്യോതിശാസ്ത്രരംഗത്തിന് പുതിയ ഉണര്‍വ്വു പകര്‍ന്നിരിക്കുന്നു. വിദേശ ഗവേഷകര്‍ പോലും അസ്‌ട്രോസാറ്റിന്റെ സഹായം തേടിയെത്തുന്നു!

തുമ്പയിലെ 'കാലിത്തൊഴുത്തില്‍ പിറന്ന' ഇന്ത്യന്‍ ബഹിരാകാശ പരിപാടി, മൗലികശാസ്ത്ര ഗവേഷണത്തിന്റെ മഹത്തായ അള്‍ത്താരയിലേക്ക് പ്രവേശിക്കുകയാണ് ഇപ്പോള്‍! ഇച്ഛാശക്തിയും കഠിനാധ്വാനവും സമ്മാനിച്ച വിജയം!

അവലംബം -

* ISRO: A Personal History (2017). By R. Aravamudan & Gita Aravamudan. HarperCollins, New Delhi. 
* A Brief History of Rocketry in ISRO (2012). By P.V. Manoranjan Rao & P. Radhakrishnan. University Press, Hyderabad. 
* 'Dr Vikram Sarabahai - The Light that Leads the Indian Space Program'. By K. Kasturirangan. Resonance, December 2001.
* GSLV Mk III-D2 / GSAT-29 Mission. Department of Space Indian Space Research Organisation, Nov 14, 2018. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: ISRO first Rocket, Vikram Sarabhai, Space Programme of India, Thumba, TERLS, ISRO History, Nike-Apache Rocket