നുഷ്യഭാവനയെ ഇത്രയ്ക്ക് സ്വാധീനിച്ച മറ്റേതെങ്കിലും സംഗതി ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഭൂമിയില്‍ നിന്ന് 384,400 കിലോമീറ്റര്‍ അകലെ ചന്ദ്രനില്‍ മനുഷ്യന്റെ പാദമുദ്ര പതിഞ്ഞിട്ട് ഇന്ന് 50 വര്‍ഷം തികയുന്നു. അതോടെ 'ഗോളാന്തര ജീവി'യായി മനുഷ്യന്‍ മാറി!

മനുഷ്യചരിത്രത്തിലെ ഉജ്ജ്വലമായ വിജയമുഹൂര്‍ത്തമായിരുന്നു അത്. 1969 ജൂലായ് 20-ന്, ഭൂമിയില്‍ കോടിക്കണക്കിന് പേരുടെ ആകാംക്ഷയുടെ പാരമ്യത്തില്‍, നീല്‍ ആംസ്‌ട്രോങും പിന്നാലെ എഡ്വിന്‍ ആല്‍ഡ്രിനും ചാന്ദ്രപ്രതലത്തിലിറങ്ങി. ഭൂമിക്ക് വെളിയില്‍ മറ്റൊരു ഗോളത്തില്‍ മനുഷ്യന്‍ ആദ്യമായി എത്തുകയായിരുന്നു. 

ആപ്പോളോ 11 ലെ ലൂണാര്‍ മോഡ്യൂളായ 'ഈഗിളി'ലാണ്, ചന്ദ്രനില്‍ 'പ്രശാന്തിയുടെ താഴ്‌വര' എന്നു പേരിട്ട സ്ഥലത്ത് അവര്‍ ഇറങ്ങിയത്. ജേതാക്കളായി അവര്‍ തിരികെ എത്തുന്നതും കാത്ത്, 96 കിലോമീറ്റര്‍ മുകളില്‍ ചന്ദ്രനെ വലംവെക്കുന്ന 'കൊളംബിയ'എന്ന മുഖ്യപേടകത്തില്‍ മൈക്കല്‍ കോളിന്‍സ് ഉല്‍ക്കണ്ഠയോടെ സമയം ചെലവിട്ടു.

Moon Landing, Eagle
ചന്ദ്രനിലിറങ്ങിയ ഈഗിള്‍ പേടകം. Pic Credit: NASA

ഈഗിള്‍ വാഹനം ചന്ദ്രനിലിറങ്ങി ആറു മണിക്കൂറും 39 മിനുറ്റും കഴിഞ്ഞാണ് ആംസ്‌ട്രോങ് പുറത്തിറങ്ങിയത്, 19 മിനുറ്റ് കഴിഞ്ഞ് ആല്‍ഡ്രിനും. വാഹനത്തിന് വെളിയില്‍, ചാന്ദ്രപ്രതലത്തില്‍ രണ്ടേകാല്‍ മണിക്കൂര്‍ ചിലവിട്ട അവര്‍, 21.5 കിലോഗ്രാം പാറയും മണ്ണും ഭൂമിയിലെത്തിക്കാനായി ശേഖരിച്ചു. 

1969 ജൂലായ് 16-ന് യാത്ര തിരിച്ച അപ്പോളോ 11 യാത്രികള്‍, ദൗത്യം പൂര്‍ത്തീകരിച്ച് ആ മാസം 24-ന് ഭൂമിയില്‍ തിരിച്ചെത്തിയത് ഏറ്റവും വലിയ യുദ്ധം ജയിച്ച പോരാളികളെപ്പോലെയാണ്. അപ്പോളോ ദൗത്യത്തിന് പിന്നില്‍ പത്തുവര്‍ഷം വിയര്‍പ്പൊഴുക്കിയ നാലുലക്ഷം പേരുടെ കൂടി വിജയമായിരുന്നു അത്! 

കഥ അവിടെ അവസാനിച്ചില്ല. 1972-ല്‍ അപ്പോളോ പദ്ധതി അവസാനിക്കുമ്പോഴേക്കും ആംസ്‌ട്രോങിനും ആല്‍ഡ്രിനും പിന്നാലെ പത്ത് അമേരിക്കന്‍ ബഹിരാകാശയാത്രികര്‍ കൂടി ചന്ദ്രനിലിറങ്ങിയിരുന്നു. മൊത്തം 12 പേര്‍. 

Edwin Aldrin on Moon
ചന്ദ്രനില്‍ കാല്‍കുത്തിയ ആദ്യയാത്രികളിലൊരാളായ എഡ്വിന്‍ ആല്‍ഡ്രിന്റെ ദൃശ്യം, ആംസ്‌ട്രോങ് പകര്‍ത്തിയത്. Pic Credit: NASA

1961-ലാരംഭിച്ച അപ്പോളോ പദ്ധതിക്കായി 2540 കോടി ഡോളറാണ് അമേരിക്ക ചെലവിട്ടത്. അന്നത്തെ യു.എസ്. മൊത്തം ഉത്പാദനത്തിന്റെ (ജിഡിപി) 2.5 ശതമാനം വരുമിത്.

ശീതയുദ്ധത്തിന്റെ സന്തതി 

ശരിക്കു പറഞ്ഞാല്‍, രണ്ടാംലോകമഹായുദ്ധത്തിന് ശേഷം അമേരിക്കന്‍, സോവിയറ്റ് ചെരികള്‍ തമ്മിലുണ്ടായ ശക്തമായ ശീതയുദ്ധത്തിന്റെ സന്തതിയാണ് അപ്പോളോ പദ്ധതി. 

മനുഷ്യനിര്‍മിതമായ കൃത്രിമോപഗ്രഹം 'സ്പുട്‌നിക് 1' സ്‌പേസിലെത്തിച്ചുകൊണ്ട് 1957 ഒക്ടോബര്‍ 4-ന് സോവിയറ്റ് യൂണിയന്‍ ബഹിരാകാശ യുഗത്തിന് തുടക്കം കുറിച്ചു. 1961 ഏപ്രില്‍ 12-ന് ആദ്യമായി ഒരു മനുഷ്യനെ സ്‌പേസിലെത്തിച്ചുകൊണ്ട് സോവിയറ്റ് യൂണിയന്‍ വീണ്ടും ഗോളടിച്ചു. യൂറി ഗഗാറിന്‍ ആയിരുന്നു ബഹിരാകാശത്ത് ഭൂമിയെ വലംവെച്ച ആദ്യ മനുഷ്യന്‍.

സ്വാഭാവികമായും ബഹിരാകാശ കിടമത്സരം ശക്തിപ്പെട്ടു. സോവിയറ്റ് ചേരിയോട് കണക്കു തീര്‍ക്കാനാണ് 1961-ല്‍ അമേരിക്ക അപ്പോളോ പദ്ധതി ആരംഭിക്കുന്നത്. പത്തുവര്‍ഷത്തിനകം മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയായിരുന്നു ലക്ഷ്യം.

Apollo 11, Neil Armstrong, Edwin Aldrin, Michael Collins
അപ്പോളോ 11 ലെ യാത്രികര്‍. ഇടത്തുനിന്ന് മൈക്കല്‍ കോളിന്‍സ്, നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍. Pic Credit: NASA 

ആദ്യമായി മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ 1969 ജൂലായ് 20, അപ്പോളോ പദ്ധതിയുടെ വിജയമുഹൂര്‍ത്തം മാത്രമായിരുന്നില്ല. ശീതയുദ്ധത്തിന്റെ ഭാഗമായ ബഹിരാകാശ കിടമത്സരത്തിന്റെ അന്ത്യം കൂടിയായിരുന്നു. അമേരിക്കയുടെ സമാനതകളില്ലാത്ത വിജയം അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നതായിരുന്നു അപ്പോളോ 11 ദൗത്യം.  

ചന്ദ്രനിലേക്ക് വീണ്ടും 

ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയിട്ട് 50 വര്‍ഷം തികയുമ്പോഴും, സൗരയൂഥത്തെയും വിശാല പ്രപഞ്ചത്തെയും സംബന്ധിച്ച ജിജ്ഞാസകള്‍ക്കോ അന്വേഷണങ്ങള്‍ക്കോ കുറവില്ല. 

ചന്ദ്രനെ കീഴടക്കാന്‍ നമുക്ക് സാധിച്ചത് വലിയ ആത്മവിശ്വാസം നല്‍കി. സൗരയൂഥത്തിന്റെ വിദൂരകോണില്‍, ഭൂമിയില്‍ നിന്ന് 750 കോടി കിലോമീറ്റര്‍ അകലെ പ്ലൂട്ടോയിലേക്ക് വരെ നമ്മുടെ പര്യവേക്ഷണങ്ങള്‍ നീളുന്നു. വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന നാലായിരത്തിലേറെ അന്യഗ്രഹങ്ങളെ മനുഷ്യന്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.

1972-ല്‍ അപ്പോളോ 17-ലെ യാത്രികര്‍ക്ക് ശേഷം, മനുഷ്യന്‍ ഇതുവരെ ചന്ദ്രനില്‍ പോയിട്ടില്ല. അരനൂറ്റാണ്ടിനിപ്പുറം നാസ വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ശ്രമത്തിലാണ്. യു.എസ്.വൈസ്പ്രസിഡന്റെ മൈക്ക് പെന്‍സ് ഇക്കാര്യം കഴിഞ്ഞ മാര്‍ച്ച് 26-ന് പ്രഖ്യാപിച്ചു. 2024-ഓടെ ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ പറയുന്നു.

എന്നാല്‍, ഇത്തവണ തികച്ചും വ്യത്യസ്തമായ ലക്ഷ്യമാണ് ചന്ദ്രനില്‍ മനുഷ്യരെ എതിക്കാനുള്ള പദ്ധതിക്കുള്ളത്. അവിടെ മനുഷ്യനെ പാര്‍പ്പിക്കുകയാണ് ഉദ്ദേശം. ഒപ്പം, ചൊവ്വായിലേക്കും മറ്റുമുള്ള ഭാവിയാത്രകള്‍ക്ക് ഇടത്താവളമാക്കി ചന്ദ്രനെ മാറ്റുക.

നാസ മാത്രമല്ല ഇപ്പോള്‍ രംഗത്തുള്ളത്. മറ്റ് രാജ്യങ്ങളും സ്വകാര്യ കമ്പനികളും ചാന്ദ്രയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. വിനോദസഞ്ചാരികളെ ചന്ദ്രനിലെത്തിക്കാന്‍ പദ്ധതിയിടുകയാണ് 'സ്‌പേസ് എക്‌സ്' (SpaceX) കമ്പനി. 2029-ഓടെ ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു പോകുകയാണ് ജപ്പാന്‍. ചാന്ദ്രപ്രതലത്തില്‍ സഞ്ചരിക്കാനുള്ള വാഹനത്തിന്റെ ഡിസൈന്‍ തയ്യാറാക്കുന്ന തിരിക്കിലാണ് ടൊയോട്ടോ കമ്പനി!

Moon Landing at 50, Apollo 11
ചന്ദ്രോപരിതലത്തിലെ 'പ്രശാന്തിയുടെ താഴ്‌വര'യില്‍ എഡ്വിന്‍ ആല്‍ഡ്രിന്‍. Pic Credit: NASA

ചൈനയുടെ 'ചാങ് 4' (Chang'e 4) പേടകം, ചന്ദ്രനിലിറങ്ങിയത് 2019 ജനുവരി മൂന്നിനാണ്. ചന്ദ്രന്റെ ഇരുണ്ട വശത്ത് ഇറങ്ങുന്ന ആദ്യവാഹനമാണത്. ചൈനീസ് ലൂണാര്‍ എക്‌സ്‌പ്ലൊറേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായുള്ള അടുത്ത പേടകം അധികം വൈകാതെ യാത്രതിരിക്കും.

നമ്മള്‍ ഇന്ത്യക്കാര്‍ക്കും പ്രധാനപ്പെട്ട സമയമാണിത്. ഇന്ത്യയെ സംബന്ധിച്ച് മനുഷ്യന്‍ ചന്ദ്രനില്‍ ആദ്യമിറങ്ങിയതിന്റെ മാത്രമല്ല, 'ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍' (ഐ.എസ്.ആര്‍.ഒ) നിലവില്‍ വന്നതിന്റെ അമ്പതാംവാര്‍ഷികം കൂടിയാണിത്. 1969-ലാണ് ഐ.എസ്.ആര്‍.ഒ.സ്ഥാപിതമായത്.

രാജ്യപുരോഗതിക്കു വേണ്ടിയാകണം ബഹിരകാശ ഗവേഷണം എന്ന നിലപാട് മുറുകെ പിടിക്കുമ്പോള്‍ തന്നെ, മൗലികമായ ശാസ്ത്രമുന്നേറ്റങ്ങളിലേക്കും ഇന്ത്യന്‍ ബഹിരാകാശ പരിപാടി ചുവടുവെയ്ക്കുകയാണ് ഇപ്പോള്‍. ഈ നിലപാട് മാറ്റത്തിന്റെ തുടക്കം 'ചന്ദ്രയാന്‍ ഒന്ന്' (2008) ദൗത്യത്തോടെയായിരുന്നു. 

ചൊവ്വാദൗത്യമായ 'മംഗള്‍യാനും' (2014), അസ്‌ട്രോസാറ്റ് (2015) എന്ന ബഹിരാകാശ ടെലസ്‌കോപ്പും അതിന്റെ തുടര്‍ച്ചയായി. 'ചന്ദ്രയാന്‍-രണ്ടി'ന്റെ മാറ്റിവെച്ച വിക്ഷേപണം നടത്താനുള്ള അവസാന തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ ഇന്ത്യ. (കടപ്പാട്: NASA, ISRO, Space.com).

('ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങി 50 വര്‍ഷം. സമാനതകളില്ലാത്ത പാദസ്പര്‍ശം' എന്ന പേരില്‍ മാതൃഭൂമി എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ചത്)