നാല്‍പ്പത് വര്‍ഷം പൊടിപിടിച്ചു കിടന്ന പുരാവസ്തുശേഖരത്തില്‍ നിന്നാണ് പച്ചകുത്താനുള്ള രണ്ടായിരം വര്‍ഷം പഴക്കമുള്ള ഉപകരണം കണ്ടെത്തിയത് 

ടക്കേ അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിലനിന്ന പ്രാചീന പെയ്‌ബ്ലോ സംസ്‌കാരം, അവിടുള്ളവര്‍ നിര്‍മിച്ചിരുന്ന മനോഹരമായ കുട്ടകളുടെ പേരിലാണ് മുഖ്യമായും അറിയപ്പെടുന്നത്. ആ സംസ്‌കാരത്തിന്റെ മൂവായിരം മുതല്‍ രണ്ടായിരം വര്‍ഷം മുമ്പുവരെയുള്ള ശേഷിപ്പുകളില്‍ നിന്ന് ഗവേഷകര്‍ക്ക് കിട്ടിയിട്ടുള്ളതില്‍ കൂടുതലും കുട്ടകളാണ്. അതിനാല്‍ 'ബാസ്‌കറ്റ്‌മേക്കര്‍ പീരിയിഡ്' (Basketmaker period) എന്നാ കാലയളവ് അറിയപ്പെടുന്നു! 

പെയ്‌ബ്ലോ സംസ്‌കാരത്തിന്റെ ആ കാലയളവിനെ പക്ഷേ, കുട്ടകള്‍ കൊണ്ടുമാത്രം അളക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ്, അമേരിക്കയില്‍ വാഷിങ്ടണ് സ്റ്റേറ്റ് സര്‍വകലാശാലയിലെ നരവംശശാസ്ത്ര വിദ്യാര്‍ഥി ആന്‍ഡ്രൂ ഗില്‍റീത്ത്-ബ്രൗണ്‍ നടത്തിയ കണ്ടെത്തല്‍. 2000 വര്‍ഷം പഴക്കമുള്ള ഒരു ടാറ്റൂ പേനയാണ് തികച്ചും യാദൃച്ഛികമായി ആ യുവഗവേഷകന്‍ കണ്ടെത്തിയത്. 

യു.എസിലെ തെക്കുകിഴക്കന്‍ ഉത്തായില്‍ പ്രാചീന പെയ്‌ബ്ലോ ജനത (Ancestral Pueblo people) പാര്‍ത്തിരുന്ന മേഖലയില്‍ നിന്ന് 1972-ല്‍ ശേഖരിച്ച പുരാവസ്തുക്കള്‍ പരിശോധിക്കുകയായിരുന്നു ആ പി.എച്ച്.ഡി. വിദ്യാര്‍ഥി. നാലുപതിറ്റാണ്ടിലേറെ പൊടിയടിച്ചു കിടന്ന ആ പുരാവസ്തുക്കളുടെ പട്ടിക തയ്യാറാക്കുക ആയിരുന്നു ഉദ്ദേശം. അസ്ഥികഷണങ്ങള്‍, രോമങ്ങള്‍, കല്‍ക്കരിത്തുണ്ടുകള്‍, ജീവികളുടെ ഉണങ്ങിയ കാട്ടങ്ങള്‍ ഒക്കെയുണ്ടായിരുന്നു അതില്‍.

Ancestral Pueblo people
യു.എസില്‍ ഉത്തായ്ക്ക് സമീപത്തെ പ്രാചീന പാര്‍പ്പിടകേന്ദ്രം. Pic Credit: Wikimedia Commons

അക്കൂട്ടത്തില്‍ അത്ര പരിചയമില്ലാത്ത ഒരു ഉപകരണം ആ ഗവേഷകന്റെ ശ്രദ്ധയില്‍ പെട്ടു. വള്ളി ചുറ്റിയ മരംകൊണ്ടുള്ള പിടിയും അതില്‍ നീളമുള്ള രണ്ട് മുള്ളുകളും! 'സൂചികളുടെ അഗ്രം കറുത്തിരിക്കുന്നത് ശ്രദ്ധിച്ചപ്പോള്‍ എനിക്ക് ആവേശമായി. പച്ചകുത്തലാണ് എന്റെ മനസിലേക്ക് എത്തിയത്', ഗില്‍റീത്ത്-ബ്രൗണ്‍ പറഞ്ഞു. ആ ഉപകരണത്തെ കുറിച്ച് വിശദമായി പഠിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പ്രാചീന ജനതകളുടെ പച്ചകുത്തലിനെ കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള ആരോണ്‍ ഡിറ്റര്‍-വൂള്‍ഫ് അതിന് തന്റെ സുഹൃത്തായ ഗില്‍റീത്ത്-ബ്രൗണിനെ പ്രോത്സാഹിപ്പിച്ചു.

ആധുനിക വിദ്യകളുടെ സാധ്യതകളുപയോഗിച്ച് ഗില്‍റീത്ത്-ബ്രൗണ്‍ ആ പ്രാചീന ഉപകരണത്തെ പഠിച്ചു. ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് വഴി സ്‌കാന്‍ ചെയ്തു, എക്‌സ്‌റേ ഫ്‌ളൂറസെന്‍സ്, സ്‌പെക്ട്രോപ്പി പഠനം ഒക്കെ നടത്തി. മാത്രമല്ല, ആ ടാറ്റൂ പേനയുടെ മാതൃക സൃഷ്ടിച്ച് അതുപയോഗിച്ച് പന്നിയുടെ ത്വക്കില്‍ പല പാറ്റേണുകളില്‍ പച്ചകുത്തുകയും ചെയ്തു. 

'ജേര്‍ണല്‍ ഓഫ് ആര്‍ക്കയോളജിക്കല്‍ സയന്‍സ്: റിപ്പോര്‍ട്ട്‌സി'ല്‍ (ഫെബ്രുവരി 28, 2019) ഗില്‍റീത്ത്-ബ്രൗണ്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍, ആ പ്രാചീന ടാറ്റൂ പേനയുടെ വിവരങ്ങള്‍ വിശദീകരിച്ചു. 'സ്‌കന്‍ക്ബുഷ്' (Rhus trilobata) എന്ന കുറ്റിച്ചെടിയുടെ മൂന്നരയിഞ്ച് നീളമുള്ള തടി കൊണ്ടുള്ളതാണ് ടാറ്റൂ പേനയുടെ പിടി, ഒരിനം കള്ളിച്ചെടിയുടെ മുള്ളുകള്‍ സൂചികളായും ഉപയോഗിച്ചിരിക്കുന്നു. ഈ രണ്ടു ഭാഗവും പരസ്പരം കൈതയില ചുറ്റി ബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  

Oldest Tattooing tool
ണ്ടായിരം വര്‍ഷം പഴക്കമുള്ള ടാറ്റൂ പേന. Pic Credit: Bob Hubner/WSU
 

ടാറ്റൂ പേനയുടെ അറ്റത്തെ കറുപ്പ് നിറം കാര്‍ബണ്‍കൊണ്ടുള്ളതാണ്. പൊതുവെ പച്ചകുത്താന്‍ ഉപയോഗിച്ചിരുന്നത് കാര്‍ബണ്‍ ആണ്. തീകത്തിച്ച് കാര്‍ബണ്‍ ഉണ്ടാക്കിയതാവണം. അതുപയോഗിച്ചുള്ള പച്ചകുത്തല്‍ അല്‍പ്പം 'വേദനാജനകം തന്നെയായിരിക്കണം' എന്ന് ഗില്‍റീത്ത്-ബ്രൗണ്‍ പറയുന്നു. അല്ലാതെ ഇന്നത്തെ ടാറ്റൂ കുത്തല്‍ പോലെ അനായാസം ആയിരുന്നിരിക്കില്ല. 

ഇതിനു മുമ്പ് വടക്കേ അമേരിക്കയില്‍ നിന്നൊരു ടാറ്റൂ പേന കണ്ടെത്തുന്നത് ന്യൂമെക്‌സിക്കോയില്‍ നിന്നാണ്. ഏതാണ്ട് ആയിരം വര്‍ഷമായിരുന്നു അതിന്റെ പഴക്കം. ഒരിനം കള്ളിച്ചെടിയുടെ മുള്ളുകളായിരുന്നു അതിലും ഉപയോഗിച്ചിരുന്നത്, പിടിയായി ഈറ്റ തണ്ടും. എന്നാല്‍, ഗില്‍റീത്ത്-ബ്രൗണ്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞത് 500 ബി.സി.ക്കും 500 എ.ഡി.ക്കും ഇടയിലുള്ളതാണ്. ആ മേഖലയില്‍ നിന്ന് കണ്ടെത്തുന്ന ഏറ്റവും പഴക്കമുള്ള ടാറ്റൂ പേനയാണിതെന്ന് സാരം.

മനുഷ്യശരീരം ക്യാന്‍വാസാക്കിയുള്ള കലാരൂപമാണ് പച്ചകുത്ത്. പ്രാചീനകാലം മുതല്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ പച്ചകുത്തല്‍ നിലനിന്നിരുന്നു. എന്നാണിത് തുടങ്ങിയതെന്നോ, എന്തിനാണിത് തുടങ്ങിയതെന്നോ പക്ഷേ, ഇപ്പോഴും വ്യക്തമല്ല. ഗവേഷകര്‍ക്ക് ഉറപ്പിച്ചു പറയാവുന്ന ഏക സംഗതി, 5000 വര്‍ഷം മുമ്പേ ഇത് നിലനിന്നിരുന്നു എന്നതാണ്. 

Oldest Tattooing tool
ആന്‍ഡ്രൂ ഗില്‍റീത്ത്-ബ്രൗണ്‍. Credit: Bob Hubner/WSU

ഇക്കാര്യത്തില്‍ ഏറ്റവും പഴക്കമുള്ള തെളിവ് ലഭിച്ചത് യൂറോപ്പിലെ നവശിലായുഗത്തിന്റെ പ്രതിനിധിയായ യേറ്റ്‌സി (Ötzi) എന്ന ഹിമമനുഷ്യനില്‍ നിന്നാണ്. 5300 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന യേറ്റ്‌സിയുടെ ശരീരം, 1991-ല്‍ ആല്‍പ്‌സിലെ ഹിമപാളികള്‍ക്കിടയില്‍ നിന്നാണ് കണ്ടെത്തിയത്. യേറ്റ്‌സിയുടെ ശരീരത്തില്‍ 61 പച്ചകുത്തുകള്‍ കണ്ടെത്തിയത് ഗവേഷകരെ തെല്ലൊന്നുമല്ല വിസ്മയിപ്പിച്ചത്. അയ്യായിരം വര്‍ഷം പഴക്കമുള്ള രണ്ട് ഈജിപ്ഷ്യന്‍ മമ്മികളുടെ ശരീരത്തില്‍ ചിത്രരൂപത്തില്‍ പച്ചകുത്തിയിട്ടുള്ള കാര്യം ബ്രിട്ടീഷ് മ്യൂസിയത്തിലെ ഗവേഷകര്‍ കണ്ടെത്തിയത് 2018-ലാണ്. 

തെക്കുപടിഞ്ഞാറന്‍ യു.എസിലെ പ്രാചീനമനുഷ്യര്‍ ടാറ്റൂ ചെയ്തിരുന്നു എന്നതിന് നേരിട്ടു തെളിവൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. അവിടുന്ന് പ്രാചീന മനുഷ്യരുടെ ശരീരഭാഗങ്ങളൊന്നും കിട്ടിയിട്ടില്ല എന്നതാണ് കാരണം. അതിനാല്‍ 2000 വര്‍ഷം പഴക്കമുള്ള ടാറ്റൂ പേനയുടെ കണ്ടെത്തല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഉത്താ പ്രദേശത്ത് 2000 വര്‍ഷംമുമ്പ് ജീവിച്ചിരുന്ന പ്രാചീന മനുഷ്യരെപ്പറ്റി വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതാണ് പുതിയ കണ്ടെത്തലെന്ന് ഗില്‍റീത്ത്-ബ്രൗണ്‍ വിലയിരുത്തുന്നു. 

അവലംബം -

* Redefining the age of tattooing in western North America: A 2000-year-old artifact from Utah. By Andrew Gillreath-Brown, et al. Journal of Archaeological Science: Reports, February 28, 2019. 
* Oldest tattoo tool in western North America discovered. Washington State University, February 28, 2019.  
* World's earliest figural tattoos revealed. The British Museum, Press Release. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Oldest Tattooing tool, Archaeology, Anthropology, Tattooing, Tattoo