ഉത്തരാഖണ്ഡില്‍ 1.3 കോടി വര്‍ഷം പഴക്കമുള്ള കുരങ്ങിന്റെ മൃതദേഹം കണ്ടെടുത്തു. അന്താരാഷ്ട്ര ഗവേഷകരടങ്ങുന്ന സംഘമാണ് ഫോസില്‍ കണ്ടെത്തിയത്. ഇന്ന് കാണുന്ന ഗിബ്ബണ്‍ കുരങ്ങുകളുടെ പിന്‍ഗാമികളില്‍ ഏറ്റവും പഴക്കമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ജേണല്‍ പ്രൊസീഡിങ്‌സ് ഓഫ് റോയല്‍ സൊസൈറ്റി ബിയില്‍ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തല്‍ ഗിബ്ബണ്‍ കുരങ്ങുകളുടെ കുടിയേറ്റത്തെ കുറിച്ചുള്ള പുതിയ തെളിവാണ്. ആഫ്രിക്കയില്‍ നിന്നും ഏഷ്യയിലേക്ക് ഗിബ്ബണ്‍ കുരങ്ങുകള്‍ കുടിയേറിയെത്തിയ കാലത്തെ കുറിച്ച് വ്യക്തമായ ധാരണകളില്ലായിരുന്നു. ഒന്നര കോടി വര്‍ഷത്തിനടുത്ത് പഴക്കമുള്ള ഫോസില്‍ കണ്ടെത്തിയതോടെ ഇത് സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കാന്‍ ശാസ്ത്രലോകത്തിനാവും.
ഒരു കുരങ്ങിന്റെ അണപ്പല്ലാണ് ഇപ്പോള്‍ കണ്ടെത്തിയത്. യുഎസിലെ അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ചണ്ഡിഗഡിലെ പനാജ് യൂണിവേഴ്‌സിറ്റി എന്നിവയുള്‍പ്പെടെയുള്ള ഗവേഷകര്‍ ഒരു വര്‍ഷം മുമ്പ് കുരങ്ങിന്റെ താടിയെല്ല് കണ്ടെത്തിയ കുന്നിന്‍ പ്രദേശത്തുകൂടി പോവുന്നതിനിടയിലാണ് ഇത് കണ്ടത്. അത് ഒരു കുരങ്ങിന്റേതാണ് എന്ന് മനസിലായെന്നും എന്നാല്‍ മുമ്പ് ആ പ്രദേശത്ത് നിന്നും കണ്ടെത്തിയ പല്ലുകളെ പോലെ ആയിരുന്നില്ല അതെന്നും ഗവേഷകസംഘത്തിലുണ്ടായിരുന്ന ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ സി. ഗില്‍ബര്‍ട്ട് പറഞ്ഞു.
ഇതുവരെ കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള ഗിബ്ബണ്‍ ഫോസിലിന് ഏകദേശം 50 ലക്ഷം പഴക്കമാണുണ്ടായിരുന്നത്. എന്നാല്‍ പുതിയ ഫോസില്‍ ഈ റോക്കോര്‍ഡ് ഭേദിക്കുന്നു. 13 ദശലക്ഷം വര്‍ഷത്തോളം പഴക്കമുള്ള ഫോസിലിന്റെ പ്രായം അറിയപ്പെടുന്ന വലിയ കുരങ്ങന്‍ ഫോസിലുകളുടെ പ്രായത്തിന് തുല്യമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
ഒറാംഗുട്ടാന്റെ പൂര്‍വ്വികര്‍ ഉള്‍പ്പെടെയുള്ള വലിയ കുരങ്ങുകളുടെയും ആഫ്രിക്കയില്‍ നിന്ന് ഏഷ്യയിലേയ്ക്കുള്ള കുരങ്ങുകളുടെയും കുടിയേറ്റം ഒരേ സമയത്തും ഒരേ സ്ഥലങ്ങളിലൂടെയുമാണ് നടന്നതെന്ന് ഈ തെളിവുകള്‍ വ്യക്തമാക്കുന്നു.
Content Highlights: 1.3 crore-year-old gibbon fossil tooth discovered in Uttarakhand