വീണാല്‍ പൊട്ടാത്ത, കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന, വില കുറഞ്ഞ മൊബൈല്‍ ടച്ച്‌സ്‌ക്രീനുകള്‍ നിര്‍മിക്കാനുള്ള വിദ്യ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍ 

Smart Phone Screen
വീഴ്ചയില്‍ പൊട്ടില്ലെന്നു മാത്രമല്ല, പുതിയ സങ്കരപദാര്‍ഥമുപയോഗിച്ച് നിര്‍മിക്കുന്ന സ്‌ക്രീന്‍ വളച്ചാലും അതിന്റെ വൈദ്യുത ചാലകശേഷിയില്‍ വ്യത്യാസം വരുന്നില്ല. ചിത്രം കടപ്പാട്: ഡോ.മാത്യു ലാര്‍ജ്.

 

 

സ്മാര്‍ട്ട്‌ഫോണ്‍ യുഗം ആരംഭിക്കുന്നത് 2007ല്‍ ആപ്പിള്‍ കമ്പനി ഐഫോണ്‍ അവതരിപ്പിച്ചതോടെയാണ്. മനുഷ്യചരിത്രത്തിലെ ഏറ്റവും വ്യാപകവും ഉപയോഗക്ഷമവുമായ ഗാഡ്ജറ്റായി സ്മാര്‍ട്ട്‌ഫോണ്‍ മാറുന്നതിനാണ് പിന്നീട് ലോകം സാക്ഷിയായത്. സ്മാര്‍ട്ട്‌ഫോണുകളെ കൂടുതല്‍ സ്മാര്‍ട്ടാക്കുന്ന ഒട്ടേറെ മുന്നേറ്റങ്ങള്‍ ഈ പത്തുവര്‍ഷത്തിനിടെ ഉണ്ടായി. രണ്ട് ഘടകങ്ങളുടെ കാര്യത്തില്‍ മാത്രം സ്മാര്‍ട്ട്‌ഫോണുകള്‍ പക്ഷേ, അധികം മുന്നോട്ട് പോയിട്ടില്ല-സ്‌ക്രീനുകളുടെ കാര്യത്തിലും ബാറ്ററിയുടെ കാര്യത്തിലും. തറയില്‍ വീണാല്‍ പൊട്ടാത്ത സ്‌ക്രീന്‍, ദിവസങ്ങളോളം ആയുസ്സുള്ള ബാറ്ററി-ഇത് രണ്ടും ഇപ്പോഴുമില്ല!

പത്തുവര്‍ഷം മുമ്പ് ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍ ശാപമോഷം കിട്ടിയ ഒന്നായിരുന്നു കോണിംഗ് ഗറില്ല ഗ്ലാസ്. അമേരിക്കന്‍ കമ്പനിയായ 'കോണിംഗ് ഗ്ലാസ്' 1960കളില്‍ ഗറില്ല ഗ്ലാസ് നിര്‍മിക്കാനുള്ള രാസവിദ്യ കണ്ടെത്തിയെങ്കിലും, വിപണിയില്‍ ആവശ്യക്കാരില്ലാത്തതിനാല്‍ അത് മറവിയിലാണ്ടു പോയി. പോറല്‍ വീഴാത്ത, പൊടിയും അഴുക്കും പിടിക്കാത്ത ഗ്ലാസ് ആകണം ഐഫോണിന്റെ സ്‌ക്രീന്‍ എന്ന അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ ദൃഡനിശ്ചയമാണ് ഗറില്ല ഗ്ലാസിന് പുനര്‍ജന്‍മം നല്‍കിയത്. പിന്നീട് കോണിംഗ് കമ്പനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

കോണിംഗ് ഗറില്ല ഗ്ലാസിന്റെ സംരക്ഷണമുള്ള ഡിസ്‌പ്ലേയാണ് തങ്ങളുടെ ഫോണിലേത് എന്ന് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ അവകാശപ്പെട്ടാലും, വശമിടിച്ച് ഫോണ്‍ കുത്തനെ തറയില്‍ വീണാലറിയാം കാര്യങ്ങളുടെ കിടപ്പ്. കോഴിക്കോട് നഗരത്തില്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ സര്‍വീസിങ് കേന്ദ്രത്തിലെ യുവാവ് അടുത്തയിടെ ഈ ലേഖകനോട് പറഞ്ഞത്, 'റിപ്പയറിങിന് എത്തുന്ന ഫോണുകളില്‍ ഭൂരിപക്ഷവും തറയില്‍ വീണ് ടച്ച്‌സ്‌ക്രീന്‍ പൊട്ടിയവയാണ്' എന്നാണ്. പൊട്ടിയ സ്‌ക്രീനിന് പകരം പുതിയ ഡിസ്‌പ്ലേ വെയ്ക്കാന്‍ വലിയ ചിലവും വരും. 

ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടനിലെ സസക്‌സ് സര്‍വകലാശാലാ ഗവേഷകര്‍ നടത്തിയ പുതിയ മുന്നേറ്റം പ്രതീക്ഷയേകുന്നത്. വീണാല്‍ പൊട്ടാത്ത, കുറഞ്ഞ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ടച്ച്‌സ്‌ക്രീനുകള്‍ നിര്‍മിക്കാനുള്ള നൂതനമാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് സസക്‌സിലെ പ്രൊഫ. അലന്‍ ഡാല്‍ട്ടനും സംഘവും. പുതിയ വിദ്യ പ്രായോഗികതലത്തില്‍ എത്തിയാല്‍, ടച്ച്‌സ്‌ക്രീനുകളുടെ വില നന്നായി കുറയും. 

സ്മാര്‍ട്ട്‌ഫോണുകളില്‍ മള്‍ട്ടിടച്ച് സംവിധാനം പ്രവര്‍ത്തിക്കുന്നത് നമ്മുടെ വിരല്‍സ്പര്‍ശത്തെ കൃത്യമായ വൈദ്യുതസ്പന്ദനങ്ങളാക്കി മാറ്റിക്കൊണ്ടാണ്. അതിന് ടച്ച്‌സ്‌ക്രീനുകളില്‍ ഗ്ലാസ് പാളികള്‍ക്കൊപ്പം, ഇലക്ട്രോഡുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും വേണം. നിലവിലെ ടച്ച്‌സ്‌ക്രീനുകളുടെ ഒരു പ്രധാന പ്രശ്‌നം, അവയില്‍ ഇലക്ട്രോഡുകളായി 'ഇന്‍ഡിയം ടിന്‍ ഓക്‌സൈഡ്' (indium tin oxide) ഉപയോഗിക്കേണ്ടി വരുന്നു എന്നതാണ്. ഇത് എളുപ്പം പൊട്ടും, വിലയാണെങ്കിലോ വളരെ കൂടുതലും. അപൂര്‍വ്വ ലോഹമാണ് ഇന്‍ഡിയം. വേര്‍തിരിച്ചെടുക്കുമ്പോള്‍ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുകയും ചെയ്യുന്നു. പകരം വേണമെങ്കില്‍ വെള്ളി ഉപയോഗിക്കാം. എന്നാല്‍, വെള്ളിയും വിലയേറിയ ലോഹമാണ്.

സസക്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ ഇക്കാര്യത്തിന് ചിലവു കുറഞ്ഞ ഒരു സങ്കരപദാര്‍ഥം രൂപപ്പെടുത്തുകയാണ് ചെയ്തത്. സില്‍വര്‍ നാനോവയറുകള്‍ ഗ്രാഫീനുമായി സമ്മേളിപ്പിച്ചാണ് അത് സാധിച്ചതെന്ന്  'ലാങ്മ്യൂര്‍' ( Langmuir ) ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ഒരു ആറ്റത്തിന്റെ മാത്രം കനമുള്ള കാര്‍ബണ്‍ പാളിയാണ് ഗ്രാഫീന്‍. പുതിയ സങ്കരപദാര്‍ഥം ദൃഡമാണ്, എളുപ്പം പൊട്ടില്ല. എന്നുവെച്ചാല്‍ പൊട്ടുന്ന മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകളെന്നത് അധികം വൈകാതെ പഴങ്കഥയാകാന്‍ സാധ്യത.

'ടച്ച്‌സ്‌ക്രീനുകളില്‍ സില്‍വര്‍ നാനോവയറുകള്‍ മുമ്പ് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍, ഗ്രാഫീനമായി ചേര്‍ത്ത് അതുപയോഗിക്കാന്‍ ഇതുവരെ ആരും ശ്രമിച്ചിട്ടില്ല'-സസക്‌സ് യൂണിവേഴ്‌സിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ അലന്‍ ഡാല്‍ട്ടന്‍ പറഞ്ഞു. 'വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഗ്രാഫീന്‍ പാളിയെ റബ്ബര്‍ സ്റ്റാമ്പുപയോഗിച്ച് ('പൊട്ടറ്റോ സ്റ്റാമ്പ്' വിദ്യ പോലെ) പൊക്കിയെടുത്ത്, ഏത് പാറ്റേണിലാണോ ആവശ്യം, ആ പാറ്റേണില്‍ സില്‍വര്‍ നാനോവയര്‍ ഫിലിമിന് മുകളില്‍ സ്ഥാപിക്കുന്നു'. 

ഇങ്ങനെ സൃഷ്ടിക്കുന്ന 'ഗ്രാഫീന്‍-സില്‍വര്‍ നാനോവയര്‍ നെറ്റ്‌വര്‍ക്കിന്റെ വൈദ്യുതി കടത്തിവിടാനുള്ള ശേഷി (വൈദ്യുത ചാലകശേഷി) വളരെ കൂടുതലാണ്. പഴയ സ്‌ക്രീനുകളില്‍ എത്ര വെള്ളി ഉപയോഗിച്ചാലാണോ ആവശ്യത്തിന് വൈദ്യുതചാലകശേഷി ലഭിക്കുക, അത്രയും ചാലകശേഷി കിട്ടാന്‍ അതിന്റെ ചെറിയൊരംശം വെള്ളികൊണ്ട് പുതിയ പദാര്‍ഥത്തില്‍ സാധിക്കും. കുറഞ്ഞ ഊര്‍ജം മതി ഈ പദാര്‍ഥത്തിന്. മൊബൈല്‍ സ്‌ക്രീനുകള്‍ കൂടുതല്‍ റെസ്‌പോണ്‍സീവ് ആകും എന്നര്‍ഥം. മാത്രമല്ല, ഇത്തരം സ്‌ക്രീനുകളുള്ള സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററിയുടെ ആയുസ്സ് വര്‍ധിക്കുകയും ചെയ്യും. 

പുതിയ സങ്കരപദാര്‍ഥത്തിന്റെ മറ്റൊരു മേന്‍മ, അതുകൊണ്ടുള്ള ഫിലിം വളച്ചാലും ചുരുട്ടിയാലും അതിന്റെ വൈദ്യുത ചാലകശേഷിയില്‍ മാറ്റമൊന്നും സംഭവിക്കുന്നില്ല എന്നതാണെന്ന് പഠനസംഘത്തിലെ പ്രധാനിയായ ഡോ.മാത്യു ലാര്‍ജ് അറിയിക്കുന്നു. എന്നുവെച്ചാല്‍, തികച്ചും ഫ്‌ളെക്‌സിബിള്‍ ആയ (വളയ്ക്കാന്‍ കഴിയുന്ന) ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ വഴിതുറക്കുന്നതാണ് പുതിയ കണ്ടുപിടുത്തം. 

അവലംബം -

1. Selective Mechanical Transfer Deposition of Langmuir Graphene Films for High-Performance Silver Nanowire Hybrid Electrodes, Langmuir 
2. Sussex physicists have breakthrough on brittle smartphone screens.
3. How it works: The technology of touch screens 

* മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്