മുന്‍കേന്ദ്രമന്ത്രിയും ലോകസഭാംഗവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമാണെന്ന് വ്യക്തമാക്കി പോലീസ് കേസെടുത്തതോടെ ചില സംഗതികള്‍ പ്രസക്തമാകുന്നു. സുനന്ദ കൊലചെയ്യപ്പെട്ടത് എങ്ങനെ? എന്ത് നിഗൂഢ മാര്‍ഗമാണ് അതിന് അവലംബിക്കപ്പെട്ടത്? പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അരാഫത്തിന്റെ മരണത്തില്‍ വില്ലനായി ആരോപിക്കപ്പെട്ട പൊളോണിയം 210 ആണോ സുന്ദയുടെയും ജീവനെടുത്തത്?

ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ഇനിയും അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലില്ല. പ്രാഥമികമായ ചില നിഗമനങ്ങള്‍ മാത്രമേയുള്ളൂ. ഏതായാലും സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ചില സൂചനകള്‍ നല്‍കുന്നുണ്ട്.

മരണത്തിന് കാരണമാകാന്‍ സാധ്യതയുള്ള താലിയം, പൊളോണിയം 210, നീറിയം ഒലിയാര്‍, പാമ്പിന്‍ വിഷം, ഫോട്ടോലൈബില്‍ വിഷങ്ങള്‍, ഹെറോയിന്‍ തുടങ്ങി ആറ് വിഷങ്ങളെ കുറിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇതില്‍ പൊളോണിയത്തിനാണ് സാധ്യത കൂടുതല്‍ എന്ന നിലപാടിലാണ് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. സുനന്ദയുടെ മരണത്തിന് കാരണമായി പൊളോണിയം 210 നെ സംശയിക്കുന്നതായി ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസ്സി ആണ് അറിയിച്ചത്.

1898 ല്‍ മേരീ ക്യൂരിയും പിയറി ക്യൂറിയും ചേര്‍ന്നാണ് പൊളോണിയം കണ്ടുപിടിച്ചത്. ഒരു ആപൂര്‍വ്വ റോഡിയോ ആക്ടീവ് മൂലകമാണ് പോളോണിയം. വെള്ളിനിറത്തിലുള്ള പൊളോണിയം യുറേനിയം അയിരുകളിലാണ് കണ്ടുവരുന്നത്.

പാലസ്തീന്‍ നേതാവായിരുന്ന യാസര്‍ അരാഫത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പൊളോണിയം 210 ആദ്യം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. 2004 ലായിരുന്നു അരാഫത്തിന്റെ മരണം. പൊളോണിയം 210 നല്‍കി അരാഫത്തിനെ ഇസ്രയേല്‍ തന്ത്രപൂര്‍വ്വം വധിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന സ്വിറ്റ്‌സര്‍ലാന്‍ഡിലെ ശാസ്ത്രജ്ഞന്മാരുടെ റിപ്പോര്‍ട്ടുകള്‍ 2012 ല്‍ പുറത്തുവന്നിരുന്നു.

2006 ല്‍ മരിച്ച റഷ്യന്‍ ചാരന്‍ അലക്‌സാണ്ടര്‍ ലിറ്റ്‌വിനെന്‍കോയുടെ മരണത്തിന് കാരണമായതും പൊളോണിയം ആണെന്ന് പല കേന്ദ്രങ്ങളും കരുതുന്നു.

138 ദിവസമാണ് പൊളോണിയത്തിന്റെ അര്‍ധായുസ്സ്. ഈ മൂലകം ശരീരത്തിലെത്തിയാല്‍ 50-90 ശതമാനവും ശരീരവിസര്‍ജ്യത്തിലൂടെ പുറത്തുപോകുമെന്ന് ന്യൂക്ലിയര്‍- മെഡിക്കല്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ശേഷിക്കുന്നത് രക്തപ്രവാഹത്തിലെത്തും. റേഡിയോ ആക്ടീവ് മൂലകമാകയാല്‍, പൊളോണിയത്തിന് അപചയം സംഭവിക്കുമ്പോള്‍ പുറത്തുവരുന്ന ആല്‍ഫാ കണങ്ങള്‍ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുന്നതിന്റെ ഫലമായി ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവും. ഡിഎന്‍എ, പ്രതിരോധ വ്യൂഹം എന്നിവയെയും ഇത് ദോഷകരമായി ബാധിക്കും.

ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെയും മണപ്പിച്ചും മുറിവുകള്‍ വഴിയും പൊളോണിയം ശരീരത്തിലെത്തിക്കാന്‍ സാധിക്കും. ഒരാളെ വധിക്കാന്‍ ഒരു ഗ്രാമില്‍ (0.04 ഔണ്‍സ്) താഴെയുള്ള പൊളോണിയം 210 ധാരാളമാണ്. ഒരു ഗ്രാം പൊളോണിയം 210 ന് 140 വാട്ട് താപോര്‍ജ്ജം പുറപ്പെടുവിക്കാനുള്ള കഴിവുണ്ടെന്ന് യു.എസിലെ ജെഫേഴ്‌സണ്‍ ലാബ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അത്യധികം റേഡിയോ ആക്ടീവായ പൊളോണിയം ശരീരത്തിലെത്തുന്നതോടെ കീമോതെറാപ്പിക്ക് വിധേയരാകുന്ന കാന്‍സര്‍രോഗികളെ പോലെ തൊലി ചുക്കിചുളിയുകയും മുടികൊഴിയുകയും ചെയ്യും. ഒപ്പം നിര്‍ത്താതെയുള്ള ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും. പൊളോണിയം ഉള്ളില്‍ചെന്ന വ്യക്തിയെ മരണം തേടിയെത്തുന്നത് ചിലപ്പോള്‍ ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞിട്ടായിരിക്കും. പൊളോണിയമാണ് ശരീരത്തില്‍ എത്തിയതെന്ന് തിരിച്ചറിയുക അത്ര എളുപ്പമല്ല.

പൊളോണിയത്തെ ഒരു മാതൃകാവിഷം എന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. യു.എസ് ന്യൂക്ലിയര്‍ റെഗുലേറ്റി കമ്മീഷന്റെ കണക്കെടുപ്പ് പ്രകാരം പ്രതിവര്‍ഷം വെറും 100 ഗ്രാം പൊളോണിയം മാത്രമാണ് ലോകത്തെമ്പാടുമായി ഉല്പാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പൊളോണിയം 210 കൈക്കലാക്കുന്നത് അത്ര എളുപ്പമല്ല.

സുനന്ദ കൊല്ലപ്പെട്ടിട്ട് വര്‍ഷം ഒന്നു തികയുമ്പോള്‍ അവശേഷിക്കുന്ന ചോദ്യം ഇതാണ്. മരണകാരണം പൊളോണിയം 210 ആണോ. ആണെങ്കില്‍, അതെങ്ങനെ പ്രയോഗിച്ചവര്‍ക്ക് കിട്ടി?