ദിവസവും ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നതിന് പകരം, 16 വര്‍ഷത്തേക്ക് ഒറ്റ ഗുളിക കഴിക്കുന്ന കാര്യം ആലോചിച്ചു നോക്കൂ! അത്തരമൊരു സാധ്യത തുറക്കുകയാണ് 'ഗേറ്റ്‌സ് ഫൗണ്ടേഷന്‍'. 2018 ഓടെ 'സ്മാര്‍ട്ട് പില്‍' വിപണിയിലെത്തിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ അറിയിച്ചു.

ദിവസവുമുള്ള ഗുളികയ്ക്ക് പകരം ഒരു 'സ്മാര്‍ട്ട് ഗുളിക' കഴിക്കുക. അത് രോഗിയുടെ രക്തത്തിലേക്ക് ആവശ്യമുള്ള തോതില്‍ ദിവസവും ഗര്‍ഭനിരോധ ഹോര്‍മോണ്‍ പുറത്തുവിടുന്നു. 16 വര്‍ഷം ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 'സ്മാര്‍ട്ട് ഗുളിക'യ്ക്കുള്ള സാധ്യതയാണ് ഗവേഷകര്‍ തുറന്നിരിക്കുന്നത്.

ഒരു ചെറു കമ്പ്യൂട്ടര്‍ചിപ്പാണ് സ്മാര്‍ട്ട് ഗുളികയുടെ നട്ടെല്ല്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ് ചിപ്പ്. ഒരിക്കല്‍ സ്മാര്‍ട്ട് ഗുളിക ശരീരത്തിലെത്തിയാല്‍, ഡോക്ടര്‍മാര്‍ക്ക് ഏത് സമയത്ത് വേണമെങ്കിലും അതിന്റെ പ്രവര്‍ത്തനം റിമോട്ട് കണ്‍ട്രോള്‍വഴി നിര്‍ത്താനാകും.

ബില്‍ ഗേറ്റ്‌സ് നേതൃത്വം നല്‍കുന്ന ഈ പ്രോജക്ടാണിത്. പ്രോജക്ടിന്റെ ഭാഗമായി മസാച്യൂസെറ്റ്‌സിലെ ഗവേഷകര്‍ രൂപപ്പെടുത്തിയ ചെറുചിപ്പ്, ഒരു സ്ത്രീയുടെ ചര്‍മത്തിനടിയില്‍ സ്ഥാപിച്ചപ്പോള്‍, ചെറിയ ഡോസില്‍ 'ലെവനോര്‍ജെസ്‌ട്രെല്‍' ( levonorgestrel ) ഹോര്‍മോണ്‍ അത് ദിവസവും രക്തത്തില്‍ കലര്‍ത്താനാരംഭിച്ചു. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നത് വയര്‍ലെസ്സ് ആയി നിര്‍ത്താനും കഴിഞ്ഞു.

20 മില്ലീമീറ്റര്‍ ത 20 മില്ലീമീറ്റര്‍ ത 7 മില്ലീമീറ്റര്‍ ആണ് 'സ്മാര്‍ട്ട് ഗുളിക'യടുടെ വലിപ്പം. അതില്‍ 15 മില്ലീമീറ്റര്‍ വിസ്താരമുള്ള സ്ഥലത്താണ് ഹോര്‍മോണ്‍ സ്ഥിതിചെയ്യുക. ചെറിയ തോതിലുള്ള ഇലക്ട്രിക് ചാര്‍ജ് പ്രയോഗിച്ചാണ് ഹോര്‍മോണിനെ പൊതിഞ്ഞിരിക്കുന്ന അതിലോലമായ സീല്‍ ഉരുക്കി 30 മൈക്രോഗ്രാം ഹോര്‍മോണ്‍ വീതം രക്തത്തില്‍ കലര്‍ത്തുക.

വയര്‍ലെസ്സായി ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാനും അണയ്ക്കാനും കഴിയുമെന്നത് ഒരു അധികനേട്ടമാണ്. കുടുംബാസൂത്രണം ആഗ്രഹിക്കുന്നവര്‍ക്ക് ഈ സവിശേഷത ഏറെ പ്രയോജനം ചെയ്യും - മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ഡോ.റോബര്‍ട്ട് ഫാര പറഞ്ഞു.

അടുത്ത വര്‍ഷത്തോടെ പുതിയ സങ്കേതത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മുന്‍ഘട്ടം അമേരിക്കയില്‍ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. അത് വിജയമായാല്‍ ആവശ്യമായ പരീക്ഷണനിരീക്ഷണങ്ങള്‍ക്ക് ശേഷം 2018 ല്‍ സ്മാര്‍ട്ട് ഗുളിക വിപണിയിലെത്തുമെന്ന് കരുതുന്നു.

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ശരീരത്തിനുള്ളില്‍ 'സ്മാര്‍ട്ട് ഗുളിക'യുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സംവിധാനം ഇപ്പോള്‍ ഗര്‍ഭനിരോധത്തിനുള്ള സാധ്യതയാണ് തുറന്നിട്ടുള്ളതെങ്കിലും, ഭാവിയില്‍ അതിന് കൂടുതല്‍ ഉപയോഗം ഉണ്ടാകും. പ്രമേഹരോഗികള്‍ക്കും മറ്റും ഇത് വലിയ അനുഗ്രഹമായേക്കും.