![]() |
ഫിലേ പേടകം വാല്‍നക്ഷത്രത്തിന്റെ പ്രതലത്തില്‍ - ചിത്രകാരന്റെ ഭാവന |
പാരീസ്: ലോകം കാത്തിരിക്കുന്ന ബഹിരാകാശ പരീക്ഷണത്തിന് തിയ്യതി കുറിച്ചു. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ വാല്‍നക്ഷത്ര ദൗത്യമായ റോസറ്റയിലെ 'ഫിലേ' എന്ന ചെറുപേടകം നവംബര്‍ 12 ന് വാല്‍നക്ഷത്രത്തിലിറങ്ങും.
ഔദ്യോഗികമായി '67പി' എന്ന് പേരുള്ള 'ചുര്യുമോവ് - ഗരാസിമെന്റോ' വാല്‍നക്ഷത്രത്തിലെ നിശ്ചയിച്ച സ്ഥലത്താണ്, റോസറ്റയിലുള്ള 'ഫിലേ' എന്ന ചെറുപേടകം ഇറങ്ങുക. 20 കിലോമീറ്റര്‍ മുകളില്‍നിന്നാണ് 100 കിലോഗ്രാം ഭാരമുള്ള ഫിലേ പേടകം വാല്‍നക്ഷത്ര പ്രതലത്തിലേക്ക് 'സോഫ്റ്റ് ലാന്‍ഡിങ്' നടത്തുക.
വാല്‍നക്ഷത്രത്തിന്റെ പ്രതലം തുരന്ന് പരീക്ഷണങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഫിലേ ഒരു ചെറുറോബോട്ടാണ്. മനുഷ്യനിര്‍മിതമായ ഇത്തരമൊരു പേടകം ഒരു വാല്‍നക്ഷത്രത്തിലിറങ്ങി പരീക്ഷണം നടത്തുന്നത് ആദ്യമായിട്ടാകും. വാല്‍നക്ഷത്രത്തിന്റെ ശിരസ്സില്‍ 'J' എന്ന് പേരുള്ള സ്ഥലമാണ് പേടകത്തിന് ഇറങ്ങാനായി നിശ്ചയിച്ചിട്ടുള്ളത്
വന്‍വെല്ലുവിളിയാണ് ഈ ഉദ്യമം നേരിടുന്നതെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ) അറിയിച്ചു. സാധാരണ സഞ്ചരിക്കുന്നതിന്റെ ഇരട്ടി ഉയരത്തില്‍ പറക്കുന്ന ഒരു വിമാനത്തില്‍നിന്ന് ഒരു ഫ്രിഡ്ജ്, ലണ്ടനിലെ റീജന്റ്‌സ് പാര്‍ക്കില്‍ കൃത്യമായി പതിപ്പിക്കുന്ന കാര്യം ചിന്തിച്ചുനോക്കുക. ഓര്‍ക്കുക, ഇവിടെ താഴെയുള്ള പാര്‍ക്കും അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത്രയ്ക്ക് വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് നവംബര്‍ 12 ന് നിശ്ചയിച്ചിട്ടുള്ളത്.
![]() |
67പി വാല്‍നക്ഷത്രത്തില്‍ പേടകം ഇറങ്ങാനൊരുങ്ങുന്ന പ്രദേശത്തിന്റെ ദൃശ്യം |
വാല്‍നക്ഷത്രത്തില്‍നിന്ന് ഫിലേ കുഴിച്ചെടുക്കുന്ന സാമ്പിളുകള്‍ ദൃശ്യപ്രകാശത്തിലും സമീപ താപരശ്മികളിലും (Nearinfrared light ) വിശകലനം ചെയ്യപ്പെടും. വാല്‍നക്ഷത്രത്തിലെ മൂലകങ്ങളെയും ധാതുക്കളുടെ വിതരണത്തെയും സംബന്ധിക്കുന്ന കൃത്യതയുള്ള ഒരു രാസമാപ്പ് അതിലൂടെ ലഭ്യമാകുമെന്നാണ് പ്രത്യാശിക്കുന്നത്.
വാല്‍നക്ഷത്രത്തിലിറങ്ങുന്ന ഫിലേ കൂടാതെ. റോസറ്റയില്‍ വേറെ പത്ത് ശാസ്ത്രീയ ഉപകരണങ്ങള്‍ക്കൂടി ഉണ്ട്. ഉയര്‍ന്ന അപഗ്രഥനശേഷിയുള്ള ആ ക്യാമറകളും സ്‌പെക്ട്രോമീറ്ററുകളും വാല്‍നക്ഷത്രത്തെ സൂക്ഷ്മമാപ്പിങിന് വിധേയമാക്കാന്‍ പോന്നവയാണ്.
ഭൂമിയില്‍നിന്ന് 50.9 കോടി കിലോമീറ്റര്‍ ദൂരത്താണ് നാല് കിലോമീറ്റര്‍ വ്യാസമുള്ള വാല്‍നക്ഷത്രം. അവിടെനിന്ന് റേഡിയോ സന്ദേശം ഭൂമിയിലെത്താന്‍ 28 മിനിറ്റും 20 സെക്കന്‍ഡുമെടുക്കും.
![]() |
'J' എന്ന് നാമകരണം ചെയ്തിട്ടുള്ള സ്ഥലത്താണ് ഫിലേ പേടകം ഇറങ്ങുക |
കഴിഞ്ഞയാഴ്ചയാണ് വാല്‍നക്ഷത്രത്തിന് സമീപം 20 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ റോസറ്റ പ്രവേശിച്ചത്. പത്തുവര്‍ഷവും അഞ്ചുമാസവും നാലുദിവസവും സഞ്ചരിച്ച് ആഗസ്ത് ആറിന് റോസറ്റ ധൂമകേതുവിന്റെ 100 കിലോമീറ്റര്‍ അടുത്തെത്തി.
2004-ല്‍ വിക്ഷേപിച്ച റോസറ്റയുടെ നിയന്ത്രണം ജര്‍മ്മനിയിലെ കേന്ദ്രത്തിലാണ്. 10656 കോടിരൂപയാണ് റോസറ്റ ദൗത്യത്തിന്റെ ചെലവ്. (ചിത്രങ്ങള്‍ കടപ്പാട്: ESA )