
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ) ഭൗമഗുരുത്വാകര്‍ഷണ മണ്ഡലത്തെക്കുറിച്ച് പഠിക്കാനയച്ച കൃത്രിമോപഗ്രഹം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കും. ഒരു ടണ്‍ ഭാരമുള്ള ഉപഗ്രഹമാണ് നവംബര്‍ 10 നുള്ളില്‍ ഭൂമിയില്‍ പതിക്കുകയെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോട്ടുചെയ്തു.
നാലുവര്‍ഷം മുമ്പ് ഭൂമിയുടെ ഗുരുത്വാകര്‍ഷണ മണ്ഡലം മാപ്പ് ചെയ്യാനയച്ച 'ഗോസ്' ( Gravity Field and Steady-State Ocean Circulation Explorer - GOCE ) ഉപഗ്രഹം ദൗത്യം പൂര്‍ത്തിയാക്കിയതായും, ഭൂമിയിലേക്ക് തിരികെ പ്രവേശിക്കുമെന്നും ഇ.എസ്.എ.കഴിഞ്ഞ മാസം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
ഉപഗ്രഹത്തിലെ ഇന്ധനം തീര്‍ന്നതായും അതിനുമേലുള്ള നിയന്ത്രണം നഷ്ടപ്പെട്ടതായുമാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. നവംബര്‍ പത്തിനകം ഭൂമിയില്‍ എവിടെ വേണമെങ്കിലും ഉപഗ്രഹം പതിക്കാമെന്നതാണ് സ്ഥിതി.
25 മുതല്‍ 45 കഷണങ്ങളായിട്ടാകും അത് ഭൂമിയില്‍ പതിക്കുക. അതില്‍ ഏറ്റവും വലിയ കഷണത്തിന് 90 കിലോഗ്രാം ഭാരമുണ്ടാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഭൗമാന്തരീക്ഷത്തില്‍ എവിടെയാകും ഗോസ് ഉപഗ്രഹം തിരികെ പ്രവേശിക്കുകയെന്ന് പ്രവചിക്കുക അസാധ്യമാണെന്ന്, ഇ.എസ്.എ യില്‍ ഗോസ് ദൗത്യത്തിന്റെ മിഷന്‍ മാനേജര്‍ റ്യൂണ്‍ ഫ് ളോബര്‍ഗ്ഹാഗന്‍ അറിയിച്ചു.
ദിവസവും ശരാശരി നാലുകിലോമീറ്റര്‍ വീതം ഉപഗ്രഹം താഴേക്ക് നീങ്ങുകയാണെന്ന് ഇ.എസ്.എ.അധികൃതര്‍ അറിയിച്ചു. നിലവില്‍ ഭൂമിയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് ഉപഗ്രഹം.
ഭൗമഗുരുത്വാകര്‍ഷണ മണ്ഡലം മാപ്പു ചെയ്യാന്‍ 2009 മാര്‍ച്ചിലാണ് ഗോസ് ഉപഗ്രഹം വിക്ഷേപിച്ചത്. (ചിത്രം കടപ്പാട് : ESA )