വാഷിങ്ടണ്‍: സൂര്യഗ്രഹണത്തിന്റെ ഇന്നേവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വ്യക്തമായ ചിത്രം പിറന്നു. നാസയുടെ ക്യൂരിയോസിറ്റി പേടകമാണ് ചൊവ്വാഗ്രഹത്തില്‍നിന്ന് ഈ അപൂര്‍വചിത്രങ്ങള്‍ പകര്‍ത്തിയത്.

ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ഫോബസ് സൂര്യനെ മറയ്ക്കുന്ന ദൃശ്യങ്ങളാണിത്. ക്യൂരിയോസിറ്റിയിലെ ടെലിഫോട്ടോ ലെന്‍സ് ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.

മൂന്ന് സെക്കന്‍ഡുകള്‍ക്കിടയിലുള്ള മൂന്ന് മനോഹര ചിത്രങ്ങളാണ് ഇവ. സൂര്യന്റെ മധ്യഭാഗത്ത് ഫോബസ് കടക്കുമ്പോഴുള്ള ചിത്രങ്ങളാണ് ക്യൂരിയോസിറ്റി പകര്‍ത്തിയത്. അതുകൊണ്ടുതന്നെ ചിത്രംകണ്ടാല്‍ മോതിരം ആണെന്നേ തോന്നൂ.

ഫോബസിന്റെ തൊട്ടടുത്തുനിന്നുള്ള ചിത്രമായതുകൊണ്ടാണ് ഇത്ര വ്യക്തത ലഭിച്ചതെന്ന് ക്യൂരിയോസിറ്റി ദൗത്യം നിരീക്ഷിക്കുന്ന ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ലെമ്മോന്‍ പറഞ്ഞു.