കോട്ടയം: ചെമ്പുകമ്പി മികച്ച വൈദ്യുതിവാഹിയാണെന്ന് ശാസ്ത്രത്തിന്റെ ബാലപാഠമറിയുന്നവര്‍ക്കെല്ലാം അറിയാം. എന്നാല്‍ അതേ ചെമ്പുകമ്പി വൈദ്യുതി ശേഖരിച്ചുവയ്ക്കുന്ന ബാറ്ററിയാക്കാനും കഴിഞ്ഞാലോ?

നിലവില്‍ ശാസ്ത്രം അസാധ്യമെന്നു കരുതുന്ന ഇക്കാര്യം സാധ്യമാണെന്ന്, കോട്ടയം കാഞ്ഞിരപ്പാറ സ്വദേശിയും അമേരിക്കന്‍ സര്‍വകലാശാലയില്‍ നാനോടെക്‌നോളജി ശാസ്ത്രജ്ഞനുമായ ഡോ. ജയന്‍ തോമസ് പറയുന്നു. താന്‍ നടത്തിയ കണ്ടുപിടിത്തം ഭാവിയില്‍ ചെമ്പുകമ്പികളെ ബാറ്ററിയാക്കാന്‍ സഹായിച്ചേക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

ചെമ്പുകമ്പികള്‍ ബാറ്ററിയാക്കാന്‍ താന്‍ കണ്ടെത്തിയ മാര്‍ഗം താരതമ്യേന ലളിതമാണെന്ന് ഡോ. തോമസ് പറയുന്നു. ചെമ്പുകമ്പികളെ ചൂടാക്കി അതിന്റെ പ്രതലത്തില്‍ പതുപതുത്ത 'നാനോനാരുകളു'ടെ പാളി ( fuzzy 'nano-whiskers' ) സൃഷ്ടിക്കുകയാണ് ആദ്യപടി. സ്വാഭാവിക ചെമ്പ് ഓക്‌സൈഡുകൊണ്ട് അത് ഇന്‍സുലേറ്റ് ചെയ്യപ്പെടുന്നു.

നാനോനാരുകളുടെ പാളി രൂപപ്പെടുന്നതോടെ, വൈദ്യുതി സംഭരിക്കാന്‍ പാകത്തില്‍ ചെമ്പ് കമ്പിയുടെ പ്രതലവിസ്തീര്‍ണം വന്‍തോതില്‍ വര്‍ധിക്കുന്നു. അതൊരു ഇലക്ട്രോഡായി പ്രവര്‍ത്തിക്കും.

അടുത്തതായി, പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നനോനാരുകളുടെ പുതിയ പാളി സൃഷ്ടിക്കുന്നു. അത് രണ്ടാമത്തെ ഇല്‌ക്ടോഡായി മാറും. സാധാരണ ബാറ്ററിയുടെ നെഗറ്റീവ്, പോസീറ്റീവ് വശങ്ങള്‍പോലെ അത് പ്രവര്‍ത്തിക്കും-ഡോ.തോമസ് വിവരിച്ചു.

ഡോ.ജയന്‍ തോമസ്

സെന്‍ട്രല്‍ ഫ് ളോറിഡ സര്‍വകലാശാല (യു.സി.എഫ്) ഈ കണ്ടുപിടിത്തത്തിന് പ്രൊവിഷനല്‍ പേറ്റന്റും നല്‍കി. പുതിയ ലക്കം 'നേച്ചര്‍ ജേര്‍ണലി'ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ കണ്ടുപിടത്തം, 'അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്' ജേര്‍ണലിന്റെ ജൂണ്‍ 30 ലക്കത്തിലെ കവര്‍‌സ്റ്റോറിയാണ്.

ഒരേസമയം വൈദ്യുതി കടത്തിവിടാനും വൈദ്യുതി ശേഖരിച്ചുവയ്ക്കാനും ചെമ്പുകമ്പിക്ക് സാധിച്ചാല്‍ അത് വലിയ മുന്നേറ്റങ്ങള്‍ക്കു വഴിയൊരുക്കുമെന്നതാണ് ഈ കണ്ടുപിടിത്തത്തിന്റെ മൂല്യം. ഉദാഹരണത്തിന്, വൈദ്യുതി കാറുകളില്‍ വൈദ്യുതി ശേഖരിച്ചുവയ്ക്കുന്നതിന് ഇപ്പോള്‍ ഉപയോഗിക്കുന്ന ബാറ്ററികളും അത് അപഹരിക്കുന്ന സ്ഥലവും ലാഭിക്കാം. ഒരേസമയം സ്ഥലവും പണവും ലാഭമെന്നര്‍ഥം. പകരം വേണ്ടത്, നീളമുള്ള ചെമ്പുകമ്പികളടങ്ങുന്ന കേബിളുകള്‍മാത്രം.

സോളാര്‍ വൈദ്യുതിയുടെ കാര്യത്തിലും ഈ കണ്ടുപിടിത്തത്തിന് വന്‍ പ്രാധാന്യമുണ്ടെന്ന് ഡോ. തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. സോളാര്‍ വൈദ്യുതി ബാറ്ററികളില്‍ ശേഖരിച്ചുവയ്ക്കുന്ന നിലവിലുള്ള രീതിക്ക് അസൗകര്യവും െചലവുമേറെയാണ്.

മൊബൈല്‍ േഫാണുകളിലെ ബാറ്ററികള്‍ക്കും പുതിയ കണ്ടുപിടിത്തം ബദലാകും. ബാറ്ററി വയ്ക്കാനുള്ള സ്ഥലത്തോടൊപ്പം ഭാരവും കുറയ്ക്കാന്‍ വഴിയൊരുങ്ങും. മൊബൈല്‍ േഫാണുകളുടെ ഭാരവും വലിപ്പവും കുറയ്ക്കാന്‍ മത്സരിക്കുന്ന കമ്പനികള്‍ക്ക് ഇത് പുതിയ സാധ്യതകള്‍ തുറക്കും.

കാനം സി.എം.എസ്. സ്‌കൂളിലും കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്‌കൂളിലും സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കിയ ജയന്‍ തോമസ്, ചങ്ങനാശ്ശേരി എസ്.ബി.കോളേജില്‍നിന്നാണ് ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്. തുടര്‍ന്ന് കൊച്ചിന്‍ സര്‍വകലാശാലയില്‍ ഗവേഷണം.

കെമിസ്ട്രിക്കൊപ്പം ഫോട്ടോണിക്‌സിലും ഇരട്ടഗവേഷണയോഗ്യതയുടെ മികവില്‍ അരിസോണ സര്‍വകലാശാലയില്‍ അധ്യാപകനായി നിയമനം കിട്ടി. മൂന്നുവര്‍ഷംമുമ്പാണ് ലോകത്തെതന്നെ മികച്ച ഗവേഷണസ്ഥാപനങ്ങളിലൊന്നായ സെന്‍ട്രല്‍ ഫ്‌ലോറിഡ സര്‍വകലാശാലയിലേക്കു മാറിയത്. നിലവില്‍ സെന്‍ട്രല്‍ ഫ് ളോറിഡ സര്‍വകലാശാലയിലെ 'നാനോസയന്‍സ് ടെക്‌നോളജി സെന്ററി'ലെ അധ്യാപകനും ഗവേഷകനുമാണ് ഡോ.തോമസ്.